ഇങ്ങനെയൊക്കെ മതിയോ?

ഇങ്ങനെയൊക്കെ മതിയോ?

കാലവര്‍ഷം തുടങ്ങി. ഇടിയും മിന്നലും ആര്‍ത്തലച്ചു പെയ്യുന്ന മഴയും മനസ്സിലേക്കു കൊണ്ടുവരുന്ന തീക്ഷ്ണഭാവങ്ങളുണ്ട്, ബിംബങ്ങളുണ്ട്, ഓര്‍മകളുണ്ട്. കടല്‍ അത്തരത്തിലൊരു പ്രതീകമാണ്.

മഴക്കാലം വായനയുടെ കാലമായതിനാല്‍ കടലിനെക്കുറിച്ചൊരു പുസ്തകമാണ് ആദ്യം തിരഞ്ഞത്. വായിക്കാതെ മാറ്റിവച്ച പഴയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ സാറാ തോമസിന്‍റെ വലക്കാര്‍ എന്ന നോവല്‍. ബഹളം വയ്ക്കുകയോ ആഘോഷിക്കുകയോ മാധ്യമങ്ങള്‍ക്കു സെന്‍സേഷനലായി വേണ്ടത് എറിഞ്ഞുകൊടുക്കുകയോ ചെയ്യാത്ത എഴുത്തുകാരിയായതിനാല്‍ സാറാ തോമസിനു വായനാസമൂഹത്തില്‍ വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല. അവരുടെ കൃതികള്‍ ബുക്ക് ഷെല്‍ഫിന്‍റെ ഓരത്തേയ്ക്കു മാറിപ്പോകുന്നതിന്‍റെ ഒരു കാരണമതാണ്.

തകഴിയുടെ ചെമ്മീന്‍ എന്ന നോവലില്‍ ഉള്ളതിനേക്കാള്‍ കടപ്പുറത്തിന്‍റെ പ്രശ്നങ്ങള്‍ ആവിഷ്കരിക്കുന്ന നോവലാണു 'വലക്കാര്‍'. കടപ്പുറത്തെ ഒരു മിത്തിലും അരുതാത്ത പ്രണയബന്ധത്തിലും കേന്ദ്രീകരിച്ചിരിക്കുന്നു 'ചെമ്മീനെ'ങ്കില്‍ കാലഘട്ടത്തിന്‍റെ പ്രശ്നങ്ങള്‍ 'വലക്കാരി'ല്‍ നിറയുന്നുണ്ട്. പ്രണയവും അതിന്‍റെ പരാജയവും 'വലക്കാരി'ലും ഉണ്ട്. പക്ഷേ, അതിനപ്പുറം കടപ്പുറത്തെ പാവപ്പെട്ട മനുഷ്യരുടെ ജീവിതപ്രശ്നങ്ങളും ട്രോളിംഗ് നിരോധനത്തിലേക്കു നയിച്ച സംഘര്‍ഷങ്ങളുടെ ഉരുണ്ടുകൂടലും കത്തോലിക്കാ വൈദികരുടെ നേതൃത്വവുമെല്ലാം 'വലക്കാര്‍' പറഞ്ഞുവയ്ക്കുന്നുണ്ട്.

നമ്മുടെ കടപ്പുറത്തു നടന്ന വൈദികരുടെ നേതൃത്വവും കന്യാസ്ത്രീകളുടെ സേവനപ്രവര്‍ത്തനങ്ങളും കേരളീയ സമൂഹചരിത്രത്തിന്‍റെ ഭാഗമാണിന്ന്. എന്നാല്‍ അതേക്കുറിച്ചുള്ള ചിത്രീകരണങ്ങള്‍ 'വലക്കാരി'ല്‍ വരുന്നില്ല! 1994-ല്‍ ആദ്യപതിപ്പിറങ്ങിയ ഒരു നോവലില്‍ എന്താണ് അങ്ങനെ സംഭവിച്ചതെന്നതു മനസ്സിലാകുന്നില്ല!! എണ്‍പതുകളിലാണു കേരളത്തെ പിടിച്ചുകുലുക്കിയ സമരങ്ങള്‍ ഫാ. തോമസ് കോച്ചേരിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നത്. സഭാനേതൃത്വവും ഫാ. കോച്ചേരിയും തമ്മില്‍ രൂപപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണോ നോവലിസ്റ്റിനെ പിന്നോക്കം വലിച്ചത്? പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സര്‍ഗാത്മകരചന നടത്തുന്നയാള്‍ക്കു കൈവിറയ്ക്കാന്‍ പാടില്ല. എഴുത്തുകാരി എന്ന നിലയില്‍ സാറാ തോമസിന്‍റെ വളര്‍ച്ചയ്ക്കു വിഘാതമായത് ഇത്തരം കൈവിറകളാകണം. ഈ കൈവിറയാണു തുളസിയുടെ 'ദ്വീപി'നെയും ബാധിച്ചത്. 1966-ല്‍ ആദ്യപതിപ്പ് ഇറങ്ങിയ നോവലാണത്. അതില്‍ ആവിഷ്കൃതമാകുന്നതു ലക്ഷദ്വീപും മുസ്ലീം സമുദായവുമാണ്.

തകഴിയും സാറാ തോമസും തുളസിയുമൊന്നും കടപ്പുറത്തു ജന്മംകൊണ്ട എഴുത്തുകാരല്ല. കടലും കടപ്പുറവും അവരുടെ നിരീക്ഷണവസ്തുക്കള്‍ മാത്രമായിരുന്നു; ജീവിതപരിസരമോ സാംസ്കാരികമേഖലയോ ആയിരുന്നില്ല. കടപ്പുറത്തുനിന്നു സെബാസ്റ്റ്യനുംമറ്റും പ്രത്യക്ഷപ്പെട്ടപ്പോഴാണ് ആ നില മാറിയത്. അവര്‍ റൊമാന്‍റിക്കായി, പ്രാക്ടിക്കലായി കടലിനെ കാണാനും അവതരിപ്പിക്കാനും തുടങ്ങി.

കടലിനു തനതായ ഭാഷയും പ്രത്യേകമായ വൈകാരികതയുമുണ്ട്. കടലിന്‍റെ കാവ്യാത്മകതയ്ക്കും ഭംഗിക്കുമൊക്കെ അപ്പുറത്താണത്. അനന്തതയുടെ കണ്ണാടി, കാണപ്പെടാത്തതിന്‍റെ സിംഹാസനം എന്നൊക്കെയാണു ലോര്‍ഡ് ബൈറണ്‍ കടലിനെ വിശേഷിപ്പിച്ചിട്ടുള്ളത്. കടലിനെയും അഗാധതയെയും അവതരിപ്പിക്കുവാന്‍ പുതിയ വാക്കുകളും വിശേഷണപദങ്ങളും വേണമെന്നാണു വില്യം ബീബ് എഴുതിയിട്ടുള്ളത്. അവരുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്ര ഗൗരവത്തിലുള്ള രചനകള്‍ മലയാളത്തില്‍ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു. ഭാഷയുടെ കാര്യത്തില്‍ കുറച്ചൊക്കെ മുന്നേറി എന്നതു മാത്രമാണ് ആശ്വാസം.

മഴക്കാലത്തെ കേരളം, പ്രത്യേകിച്ചു കടപ്പുറങ്ങളും കായലോരങ്ങളും എങ്ങനെയിരിക്കുമെന്നു കാണുവാന്‍ ഈയുള്ളവന്‍ എന്നും ആഗ്രഹിച്ചിട്ടുണ്ട്. അതിനു തുടക്കം കുറിക്കാന്‍ പണ്ടു മഴക്കാലത്തു തിരുവനന്തപുരത്തെ കടപ്പുറത്തു ചെന്നു തിരിച്ചുവന്നപ്പോള്‍ കടുത്ത പനിയായിരുന്നു കൂട്ട്. പിന്നെ അതിനു തുനിഞ്ഞിട്ടില്ല. ഇന്നു മഴ കണ്ടു യാത്ര ചെയ്യാതെ വീട്ടിലിരുന്നാല്‍ തന്നെ അസുഖം വരുന്ന അവസ്ഥയാണ്. കേരളം മാലിന്യകൂമ്പാരമായതിന്‍റെ പരിണിത ഫലം. 'നിപ്പ' വന്നു, പുതിയ ദുരന്തം; തികച്ചും അപരിചിതമായത്. 'ഡെങ്കി'യും മറ്റും കാത്തിരിക്കുന്നു; പേടിപ്പിക്കാനും ദുരന്തം വിതയ്ക്കാനും.

മഴക്കാലംപോലും സ്വസ്ഥതയോടെ ജീവിക്കുവാന്‍ അനുവദിക്കാത്ത നാടായി കേരളം മാറിയിരിക്കുന്നു. അതിനേക്കാള്‍ അസ്വസ്ഥതപ്പെടുത്തുന്ന കേരളീയ കത്തോലിക്കാ പള്ളികളില്‍ അരങ്ങേറുന്ന നിര്‍മ്മാണ ഔത്സുക്യങ്ങള്‍. എയര്‍കണ്ടീഷന്‍ഡ് പള്ളിയും മറ്റും വ്യാപകമാകുന്ന കാലം വിദൂരമല്ല.

മലബാറിലും വയനാട്ടിലും ഹൈറേഞ്ചിലും മറ്റും ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ചു സഭയ്ക്കു നിലനില്പും സഭാംഗങ്ങള്‍ക്കു പുതുജീവിത സാഹചര്യങ്ങളും ഒരുക്കിക്കൊടുത്ത വൈദികര്‍ ഇന്നു വിസ്മൃതരായിരിക്കുന്നു. അങ്ങനെയുള്ള മാതൃകകള്‍ ഇന്ന് ആരെയും പ്രചോദിപ്പിക്കുന്നില്ല എന്നാണോ? വലിയ പള്ളിയുടെ കുറവു മാത്രമേ ഇടവകകളില്‍ ഇന്നുള്ളോ? ഇടവകജനങ്ങള്‍ക്കു പൊതുവിലും ഒറ്റയ്ക്കൊറ്റയ്ക്കും ഒരു പ്രശ്നവുമില്ലെന്നാണോ? പാവപ്പെട്ടവരും അവശരും ആവശ്യക്കാരുമായി ആരുമില്ലേ? പണ്ടാരോ പാടിയതുപോലെ "ഒന്നുമില്ലെന്നുമില്ലൊന്നുമില്ല" എന്നു പാടിനടന്നാല്‍ അകത്തും പുറത്തും ഒന്നുമില്ലാത്ത സമൂഹമായി നമ്മള്‍ മാറും.

-manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org