Latest News
|^| Home -> Pangthi -> ഉള്ളിലുള്ളത് -> അരികില്‍ നീ ഉണ്ടായിരുന്നിട്ടും…

അരികില്‍ നീ ഉണ്ടായിരുന്നിട്ടും…

മാണി പയസ്

അന്തര്‍ദേശീയ നാടകോത്സവത്തിന്‍റെ സമാപനപിറ്റേന്ന് സായാഹ്നത്തില്‍ ആളൊഴിഞ്ഞ അരങ്ങിനു മുന്നിലെ വൃക്ഷത്തണലില്‍ ഇരിക്കുകയായിരുന്നു ഞാന്‍. ഒരു മന്ദ്രസ്വരം കേട്ടു; “മകനേ, നീ ഇവിടെ എന്ത് ചെയ്യുകയാണ്? കുറേ നേരമായല്ലോ ഒന്നും ചെയ്യാതെ ഇരിക്കാന്‍ തുടങ്ങിയിട്ട്?”

ഞാന്‍ ചുറ്റിലും നോക്കി. ആരെയും കാണാനില്ല, വീണ്ടും ശബ്ദം മുഴങ്ങി. “ഒന്നും ചെയ്യാനില്ലെങ്കില്‍ നിനക്കു പ്രാര്‍ത്ഥിച്ചുകൂടേ. അപ്പോള്‍ എനിക്കു ബോറടിക്കാതെ ഇരിക്കാമല്ലോ.” അത് ഈശോയു ടെ ശബ്ദമാണ്.

“ഈശോയേ, ഞാന്‍ ജീവിതമാകുന്ന നാടകത്തെപ്പറ്റിയും മനുഷ്യരുടെ വേഷങ്ങളെപ്പറ്റിയുമൊക്കെ ചിന്തിക്കുകയായിരുന്നു.”

“എന്നിട്ടെന്ത് തോന്നി?”

“സംവിധായകനായ ദൈവത്തിന്‍റെ മനസ്സറിഞ്ഞു നടിക്കുന്നവന്‍ അഥവാ ജീവിക്കുന്നവനാണു നല്ല നടനെന്നു മനസ്സിലായി. നല്ല നടിയും അതുപോലെതന്നെ.”

“മകനേ, നീ ചിന്തിക്കുന്ന സമയത്ത് എനിക്കു ബോറടിക്കുകയായിരുന്നു.”

“ഈശോയേ അങ്ങ് കേള്‍ക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് മനുഷ്യരുടെ പ്രാര്‍ത്ഥനയുടെ മധുരസ്വരമാണെന്ന കാര്യം എനിക്കറിയാം. എങ്കിലും മനുഷ്യന് ഇടയ്ക്കു ചിന്തകളില്‍ മുഴുകാതിരിക്കാന്‍ കഴിയില്ലല്ലോ.” “അതു മനുഷ്യരുടെ സ്വാതന്ത്ര്യത്തിന്‍റെയും തെരഞ്ഞെടുപ്പിന്‍റെയും പ്രശ്നമാണ്. പിതാവായ ദൈവം മനുഷ്യനെ സ്വതന്ത്രനായിട്ടാണു സൃഷ്ടിച്ചിരിക്കുന്നത്. ആ സ്വാതന്ത്ര്യംകൊണ്ട് എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടതും അതിന്‍റെ ഫലം ഏറ്റുവാങ്ങേണ്ടതും മനുഷ്യന്‍തന്നെ.”

“മനുഷ്യന്‍ സ്വതന്ത്രനാവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു എന്നാണോ ഈശോയേ?”

“ദൈവം മനുഷ്യനെ ശപിക്കുകയോ ശിക്ഷിക്കുകയോ അല്ല, രക്ഷിക്കുകയാണെന്ന് ഇത്ര കാലമായിട്ടും നിനക്കു മനസ്സിലായില്ലേ?”

“ഉവ്വ് ഈശോയേ ഉവ്വ്. അങ്ങ് എന്നോടൊപ്പം ഉള്ളതാണ് ഏറ്റവും വലിയ രക്ഷ എന്നു ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു.”

പിന്നീട് ഈശോ ഒന്നും മിണ്ടിയില്ല. ഞാന്‍ മെല്ലെ അവിടെനിന്ന് എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി.

മനുഷ്യന് എപ്പോഴും ഉണ്ടാകേണ്ടതു ദൈവത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. “ഈശോയേ, നല്ലകാലത്ത് അങ്ങയെ ഓര്‍ക്കാത്തവന്‍ ആപത്തുകാലത്തു കരഞ്ഞുവിളിക്കുമ്പോള്‍ അവിടുത്തേയ്ക്കു ചിരി വരാറുണ്ടോ?”

“അങ്ങനെ ചിരിക്കാനല്ലല്ലോ, മനുഷ്യന്‍റെ പാപങ്ങള്‍ ഏറ്റെടുത്തു ഞാന്‍ കുരിശില്‍ മരിച്ചതും ഉയിര്‍ത്തെണീറ്റതും സ്വര്‍ഗത്തിലേക്കു കരേറി പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത് ഉപവിഷ്ഠനായതും.”

“ഈ വാക്കുകള്‍ക്കു മുന്നില്‍ പാപിയായ ഞാന്‍ എന്തു പറയാനാണ്…” – എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്‍റെ അരികിലുണ്ടായിരുന്ന ഈശോയെ തിരിച്ചറിയാന്‍ വളരെ വൈകി. തിരിച്ചറിഞ്ഞപ്പോള്‍ വലിയ ആഹ്ലാദം, നിറഞ്ഞ സമാധാനം, തികഞ്ഞ സുരക്ഷിതത്വം.

ഈശോയെ തിരിച്ചറിയാന്‍ ആദ്യം ചെയ്യേണ്ടതു ജീവിതത്തിന്‍റെ വേഗം കുറയ്ക്കുകയാണ്. പല കാര്യങ്ങളിലുള്ള വ്യഗ്രതയും ഈശോയുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതിനു തടസ്സമാണ്. മാര്‍ത്തയോട് അവിടുന്ന് അതു വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഇന്നു മനുഷ്യന്‍റെ വ്യഗ്രതകള്‍ സെല്‍ഫോണിലും കമ്പ്യൂട്ടറിലും ടിവിയിലും തൊഴിലിലുമായി ചങ്ങലക്കണ്ണികള്‍പോലെ നീണ്ടുപോകുന്നതാണ്.

ചുറ്റിലും ഈശോയെ വീക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവിതം മാറുന്നതായി അനുഭവപ്പെടും. പ്രഭാതത്തിലെ പക്ഷികളുടെ ചിലയ്ക്കല്‍ വെറും ചിലയ്ക്കലായി തോന്നുകയില്ല. ആദ്യത്തെ കപ്പ് ചായ മുന്‍ ദിവസങ്ങളിലേതുപോലെ എന്നെ മടുപ്പിക്കുന്ന തോന്നല്‍ ഉണ്ടാവുകയില്ല. പുറത്തേയ്ക്കിറങ്ങുമ്പോള്‍ ആദ്യം കാണുന്ന അപരിചിതനായ വ്യക്തിയുടെ മുഖത്ത് ഉദിക്കുന്ന ചിരിക്കു പകരം ചിരിക്കാതിരിക്കാന്‍ കഴിയില്ല. ദൈവികമായ ഈ അനുഭവങ്ങളിലൂടെ ദൈവത്തിലേക്കെത്തുവാന്‍ അധികം ദൂരമില്ല. സാധാരണ കാര്യങ്ങളില്‍ അസാധാരണത്വം കണ്ടുതുടങ്ങാന്‍ പിന്നെ വൈകില്ല.

പത്നിയോടൊപ്പം ആലുവായ്ക്കടുത്തുള്ള ആശുപത്രിയില്‍ പോകാനിറങ്ങിയതാണു ഞാന്‍. തൃശൂരില്‍നിന്ന് ശബരി എക്സ്പ്രസ്സില്‍ കയറി. എക്സ്പ്രസ്സ് ആയതിനാല്‍ ആലുവായില്‍ നിര്‍ത്തുമെന്ന് 100 ശതമാനം ഉറപ്പ് മനസ്സിലുണ്ടായിരുന്നു. പക്ഷേ, ട്രെയിന്‍ ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും അങ്കമാലിയിലും നിര്‍ത്താതെ പാഞ്ഞപ്പോള്‍ ഉള്ളം പിടച്ചു. ഇനി ആലുവായില്‍ സ്റ്റോപ്പുണ്ടെന്നു ചിന്തിക്കാന്‍ മനസ്സ് വിസമ്മതിച്ചു. എറണാകുളം നോര്‍ത്തിലോ സൗത്തിലോ ചെന്നിറങ്ങി ടാക്സി വിളിക്കാമെന്നു മനസ്സിലുറപ്പിച്ചു. അപ്പോഴതാ ട്രെയിന്‍ ആലുവായില്‍ നിന്നു; ഈശോയേ എന്തൊരാശ്വാസം.

ഡിസ്ചാര്‍ജ് ചെയ്തശേഷം ബില്ലുകള്‍ തയ്യാറാക്കി ഇന്‍ഷൂറന്‍സിന് അയച്ച ആശുപത്രി ജീവനക്കാര്‍ മുന്നറിയിപ്പ് നല്കി, “ഇന്ന് അഞ്ചുമണിയോടെ ഇന്‍ഷൂറന്‍സ് കമ്പനി ബില്‍ തുക പാസ്സാക്കി തന്നില്ലെങ്കില്‍ മുഴുവന്‍ കാശും അടയ്ക്കണം, ഇല്ലെങ്കില്‍ ബ്ലാങ്ക് ചെക്ക് നല്കണം.” ഇന്‍ഷൂറന്‍സ് കമ്പനി ഓഫീസില്‍ ആരെങ്കിലും പരിചയക്കാര്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ടു കാര്യങ്ങള്‍ വേഗത്തിലാക്കുന്നതു നല്ലതായിരിക്കും എന്നു നിര്‍ദ്ദേശിക്കാനും അവര്‍ മറന്നില്ല.

അവിടെ എനിക്കു പരിചയക്കാര്‍ ആരുമില്ല. അപ്പോള്‍ പ്രപഞ്ചത്തിന്‍റെ ആധാരകേന്ദ്രമായ ഓഫീസിലെ അടുപ്പക്കാരനെ മനസ്സിലോര്‍ത്തു: ഈശോയേ, അങ്ങ് തന്നെ രക്ഷ. പതിവിലും നേരത്തെ ബില്‍ തുക പാസ്സായി വന്നപ്പോള്‍ ആശുപത്രി ജീവനക്കാര്‍ക്ക് അത്ഭുതം.

മരുമകന്‍ യൂബര്‍ ടാക്സി ബുക്ക് ചെയ്യാന്‍ നോക്കിയിട്ടു കിട്ടുന്നില്ല. അതു കിട്ടിയാല്‍ മറ്റു ടാക്സികളില്‍ നിന്നു കുറഞ്ഞതു 350 രൂപയോളം വ്യത്യാസമുണ്ടാകും. കുറേക്കഴിഞ്ഞ് ഇനി യൂബറും പ്രതീക്ഷിച്ചിരുന്നിട്ടു കാര്യമില്ലെന്നു വിചാരിച്ച് ആശുപത്രിയുടെ മുന്നിലേക്കു നോക്കിയപ്പോള്‍ പുതിയ ഒരു ടാക്സി. നല്ല വലിപ്പം, ഉറപ്പും ഉണ്ട്. യാത്ര ഇതില്‍ മതിയെന്ന് ഈശോ നിര്‍ദ്ദേശിച്ചതുപോലെ. അതില്‍ കയറി. സാധാരണ മനുഷ്യര്‍ അനുദിനജീവിതത്തില്‍ ഈശോയുടെ സാന്നിദ്ധ്യം ഇങ്ങനെയൊക്കെയല്ലേ അറിയുന്നത്. വളരെ വലിയ നിലവാരത്തിലുള്ള കാര്യങ്ങളിലേ ഈശോയെ തിരിച്ചറിയാന്‍ തയ്യാറാകൂ എന്നു ശഠിക്കുന്നത് അഹങ്കാരമല്ലേ; അഹങ്കരിക്കാന്‍ മനുഷ്യനെന്താണുള്ളത്?

Leave a Comment

*
*