Latest News
|^| Home -> Pangthi -> ഉള്ളിലുള്ളത് -> വിശ്വസിച്ചാലും ഇല്ലെങ്കിലും…

വിശ്വസിച്ചാലും ഇല്ലെങ്കിലും…

മാണി പയസ്

മുറിവു വച്ചുകെട്ടിയ വൃദ്ധ യാചകന്‍ ഭിക്ഷ യാചിക്കുകയാണ്. ആരാധനാലയങ്ങള്‍ക്കു മുന്നില്‍ മാത്രമല്ല ബാറുകള്‍ക്കു മുന്നിലും ഇത്തരക്കാര്‍ ഇരിപ്പിടം കണ്ടെത്തിയിരിക്കുന്നു. പലപ്പോഴും ഇവരുടെ വച്ചുകെട്ടിയ മുറിവുകള്‍ വ്യാജമായിരിക്കും. കിട്ടിയ കളക്ഷന്‍ രാത്രി ആ ബാറില്‍ത്തന്നെ ചെലവഴിച്ചാകും മടക്കം.

മുറിവുകള്‍ വേദനിപ്പിക്കുന്നതാണെങ്കില്‍ മുഖത്തു പ്രതിഫലിക്കും. വഴിയരികിലെ ഈ യാചകരില്‍ വേദനയേക്കാള്‍ അക്ഷമയുടെ ശബ്ദഘോഷമാണു മുന്നിട്ടുനില്ക്കുന്നത്. “ഇല്ലാത്ത മുറിവിന്‍റെ പേരില്‍ ഭിക്ഷ യാചിക്കുന്ന ഇത്തരക്കാര്‍ക്ക് അസഹ്യമായ വേദന ജനിപ്പിക്കുന്ന യഥാര്‍ത്ഥ മുറിവുണ്ടായാല്‍ എന്തു സംഭവിക്കും?” – ഞാന്‍ യേശുവിനോടു ചോദിച്ചു.

മനസ്സില്‍ പറന്നിറങ്ങിയ അരി പ്രാവ് മൊഴിഞ്ഞു: “മറ്റാരെയുംപോലെ അവര്‍ കരയും, കണ്ണീര്‍ വാര്‍ക്കും. രക്ഷിക്കണമേയെന്നു ദൈവത്തോട് അപേക്ഷിക്കും. ആ കണ്ണീര്‍ വ്യാജമല്ല. ആ പ്രാര്‍ത്ഥന തട്ടിപ്പുമല്ല. അതിനാല്‍ ആ കണ്ണീര്‍ ദൈവത്തിനു കാണാതിരിക്കാനാവില്ല.”

“മനുഷ്യന്‍റെ മറവി അവന് അനുഗ്രഹമാണ്. അതുപോലെ ദൈവത്തിന്‍റെ മറവിയും മനുഷ്യന് അനുഗ്രഹമാകുകയാണല്ലോ, ഈശോയേ.”

“ദൈവം മറക്കുകയല്ല, ഓര്‍ക്കാതിരിക്കുകയാണ്. അതുകൊണ്ടാണു കൊടുംപാപിയുടെ പ്രാര്‍ത്ഥനപോലും അവിടുന്നു കേള്‍ക്കുന്നത്. പ്രാര്‍ത്ഥിക്കുന്നതു പാപിയാണോ എന്നല്ല, പ്രാര്‍ത്ഥിക്കുന്നുണ്ടോ എന്നതാണു പ്രധാനം. അതിനാലാണു ചുങ്കക്കാരന്‍റെ പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കുന്നത്.”

“ദൈവനീതി സങ്കീര്‍ണമാണെന്നാണോ? സാധാരണ മനുഷ്യനു മനസ്സിലാക്കാന്‍ പ്രയാസമുള്ളത്.”

“ദൈവനീതി സ്വാഭാവികമാണ്. അതിനെ സങ്കീര്‍ണമാക്കുന്നതു മനുഷ്യനാണ്. ഒരു പുഴ ഒഴുകുന്നു. അതിന്‍റെ കരകള്‍ ഫലഭൂയിഷ്ഠമാകുന്നു. അണക്കെട്ടുണ്ടാക്കി അതിനെ തിരിച്ചുവിട്ട് സ്വാഭാവികതയില്‍ ഇടപെടുന്നത് ആരാണ്, മനുഷ്യനല്ലേ, അതുപോലെ.”

“മനുഷ്യന്‍റെ കര്‍മ്മങ്ങളില്‍ ഇടപെടുവാന്‍ പിതാവായ ദൈവം തയ്യാറല്ലെന്നോ? അതുകൊണ്ടല്ലേ ഇത്രയും അക്രമങ്ങളും കൊലപാതകങ്ങളും മനുഷ്യന്‍ നടത്തുന്നത്?”

“മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതുകൊണ്ടാണു ദൈവം നേരിട്ട് ഇടപെടാത്തത്. സ്വര്‍ഗം വേണോ, നരകം വേണോ എന്നു തീരുമാനിക്കേണ്ടതു മനുഷ്യനാണ്.”

“മനുഷ്യന്‍ സ്വതന്ത്രനാവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു, എന്നാണോ?”

“ദൈവം മനുഷ്യനെ ഒരിക്കലും ശപിച്ചിട്ടില്ല. സ്വന്തം ഛായയില്‍ സൃഷ്ടിക്കുകയും വലിയ വിലകൊടുത്തു വീണ്ടെടുക്കുകയും ചെയ്ത മനുഷ്യനെ ശപിക്കുവാന്‍ ദൈവത്തിനു കഴിയില്ല. തന്നില്‍നിന്ന് അകലുന്ന മനുഷ്യനെ നോക്കി ആര്‍ദ്രമായി ചിരിക്കുകയാണു ദൈവം. ധൂര്‍ത്തപുത്രനെപ്പോലെ അവന്‍ തിരിച്ചുവരുമ്പോള്‍ ഏറ്റവും ആഹ്ലാദിക്കുന്നതും അവിടുന്നാണ്.”

“ഇത്രമാത്രം മനുഷ്യനെ സ്നേഹിക്കുന്ന ദൈവം എന്തിനാണ് അവനു സഹനങ്ങള്‍ സമ്മാനിക്കുന്നത്? രോഗം അഭിനയിച്ചു മനുഷ്യരെ വഞ്ചിക്കുന്നവനോടു കാരുണ്യം കാണിക്കുന്ന ദൈവം നിരപരാധികള്‍ക്ക് എന്തിനു മഹാരോഗങ്ങള്‍ നല്കുന്നു?”

“പിതാവായ ദൈവം എന്തിനാണു പുത്രന് ആകാശത്തോളം തീവ്രമായ സഹനം നല്കിയത്. പാപികളായ മനുഷ്യരെ രക്ഷിക്കാനല്ലേ? അങ്ങനെ രക്ഷിക്കപ്പെട്ട മനുഷ്യന്‍ സ്വര്‍ഗോന്മുഖമായി ജീവിക്കാന്‍ കടപ്പെട്ടിരിക്കുന്നു. എന്നിട്ടും എത്രപേര്‍ അതു മനസ്സിലാക്കി ജീവിക്കുന്നു.”

“വളരെ കുറവാണ് ഈശോയേ.”

“അതിനാല്‍ തനിക്കു പ്രിയപ്പെട്ടവരെ അക്കാര്യം ഓര്‍മ്മിപ്പിക്കാനാണു ദൈവം സഹനങ്ങള്‍ കൊടുക്കുന്നത്.”

“ദൈവത്തിന് ഇഷ്ടപ്പെട്ടവര്‍ക്കുള്ള സമ്മാനങ്ങളാണു സഹനങ്ങളെന്നോ?”

“തീര്‍ച്ചയായും.”

“അതറിഞ്ഞുകൊണ്ടാണോ ചില വിശുദ്ധന്മാര്‍, ഞങ്ങള്‍ക്കു സഹനങ്ങള്‍ തരൂ, ഇല്ലെങ്കില്‍ മരണം തരൂ എന്നു പ്രാര്‍ത്ഥിക്കുന്നത്?”

“യേശുവേ, ഞാന്‍ വിശുദ്ധിയുടെ പുറമ്പോക്ക് പടിയില്‍പ്പോലും കാലുകുത്തിയിട്ടില്ലെന്ന് അവിടുത്തേയ്ക്കറിയാമല്ലോ. സഹനങ്ങള്‍, രോഗങ്ങള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ പേടിയാണ്. സഹനങ്ങളിലൂടെയാണു ഞാന്‍ ചരിക്കുന്നതെന്ന് അവിടുത്തയ്ക്ക് അറിയാമല്ലോ.”

ഈശോ അതിനു മറുപടി പറയുംമുമ്പ് എന്നെ ഉറക്കത്തില്‍ നിന്നു തട്ടി എഴുന്നേല്പിക്കുവാന്‍ പത്നി എത്തി, അപ്പോഴാണ് എല്ലാം സ്വപ്നമായിരുന്നുവെന്നു മനസ്സിലായത്. അതു സ്വപ്നമല്ലാതിരുന്നെങ്കില്‍ എന്ന് മനസ്സ് അപ്പോള്‍ ആഗ്രഹിച്ചു.

manipius59@gmail.com

Leave a Comment

*
*