Latest News
|^| Home -> Pangthi -> ഉള്ളിലുള്ളത് -> അതിര്‍ത്തികള്‍ മായ്ക്കുന്ന ചിരി

അതിര്‍ത്തികള്‍ മായ്ക്കുന്ന ചിരി

മാണി പയസ്

മുളയം മേരിമാതാ മേജര്‍ സെമിനാരിയിലെ തിയോളജി വി ഭാഗം ഡീന്‍ ആയിരുന്ന ഫാ. ടോണി നീലങ്കാവിലിന് 2012-’14 കാലഘട്ടത്തില്‍ വനപ്രദേശത്തോടു ചേര്‍ന്നുള്ള നടാംപാടം സബ് സ്റ്റേഷന്‍ പള്ളിയുടെ ചുമതലയുണ്ടായിരുന്നു. ശനിയും ഞായറും സേവനം ചെയ്താല്‍ മതിയായിരുന്നുവെങ്കിലും രണ്ടു ദിവസം കൂടുമ്പോള്‍ അച്ചന്‍ അവിടെ ചെല്ലും. എത്ര ചെറിയ പള്ളിയാണെങ്കിലും ഒരു വൈദികന് എല്ലാ ദിവസവും ചെയ്യാനുള്ള ജോലികള്‍ ഉണ്ടെന്നാണ് അച്ചന്‍റെ ബോദ്ധ്യം.

ഒരു ചായിപ്പിനു പള്ളിയുടെ രൂപഭാവങ്ങള്‍ നല്കിയിരിക്കുകയാണ്. പള്ളിയില്‍ത്തന്നെയാണു വൈദികന്‍ താമസിക്കുന്നതും. നിലത്തു പായ വിരിച്ചു കിടക്കും. താഴ്ന്ന ജനാലയാണ്. ശിരസ്സ് ജനാലയോടു ചേര്‍ന്നായിരിക്കും.

ഒരു ദിവസം പാതിരാത്രി കഴിഞ്ഞു കാണും. ചായിപ്പ് ഇടിഞ്ഞു താഴേയ്ക്കു വീഴുന്നതുപോലെ, പട പടേന്നു ശബ്ദം. ചാടിയെണീറ്റു. എന്താണു കാര്യമെന്നു മനസ്സിലായില്ല, പിറ്റേ ദിവസമാണ് അറിഞ്ഞതു പത്തു നാല്പതു കാട്ടുപന്നികള്‍ ഓടിപ്പോയതാണ്. പുലിയും ആനയും ഇറങ്ങുന്ന സ്ഥലമായിരുന്നു അത്. അച്ചന്‍ പുലിയെ കണ്ടിട്ടില്ലെങ്കിലും പള്ളിപ്പറമ്പിനടുത്തു കാട്ടാന ഇറങ്ങിനില്ക്കുന്നതു കണ്ടിട്ടുണ്ട്.

2003 മുതല്‍ രണ്ടര വര്‍ഷം പട്ടിക്കാടു കണ്ണാറയ്ക്കടുത്തുള്ള മഞ്ഞക്കുന്ന് സബ് സ്റ്റേഷന്‍ പള്ളിയുടെ ചുമതലയും ഫാ. ടോണി നിര്‍വഹിച്ചിട്ടുണ്ട്. കപ്പേളപോലും ഇല്ലാതിരുന്ന സ്ഥലത്തു പള്ളി പണിതതു ഫാ. ജോര്‍ജ് വടക്കേത്തലയുടെ ദീര്‍ഘദൃഷ്ടിയോടെയുള്ള ശ്രമഫലമായിരുന്നു. ടോണിയച്ചന്‍ സേവനം ആരംഭിക്കുമ്പോള്‍ 55 വീട്ടുകാരായിരുന്നു, ഇന്ന് 110 വീട്ടുകാരായിരിക്കുന്നു.

അജപാലനസംബന്ധമായ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ആദ്യാവസരമായാണ് ഇവിടത്തെ സേവനത്തെ അച്ചന്‍ കണ്ടത്. വികാരി ഇടവക ജനങ്ങളുടെ ഇടയില്‍ മാത്രം സേവനം ചെയ്യേണ്ട ആളല്ല, ഇടവക നിലകൊള്ളുന്ന പ്രദേശത്തിന്‍റെ മുഴുവന്‍ സേവകനാണ്. ജാതി, മത, വര്‍ഗ, വര്‍ണവ്യത്യാസം അതിലില്ല. ആ നാട്ടിലെ എല്ലാ നല്ല പ്രവര്‍ത്തനങ്ങളുമായും അച്ചന്‍ സഹകരിക്കുമായിരുന്നു. പുതിയ പള്ളിയായിരുന്നെങ്കിലും വൈദികനു താമസിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഇല്ലായിരുന്നു. സങ്കീര്‍ത്തി വലുതായിരുന്നു. അവിടെ ബെഞ്ചുകള്‍ പിടിച്ചിട്ടു കിടക്കും.

ഷെവലിയര്‍ എന്‍.എ. ഔസേഫിന്‍റെ ഈ മകന്‍ ചെറുപ്പത്തിലേതന്നെ ആദര്‍ശവാദിയായിരുന്നു. 45 വര്‍ഷം മുമ്പാണു ഷെവലിയര്‍ തൃശൂര്‍ ബിഷപ്സ് ഹൗസിനടുത്ത് ഇപ്പോള്‍ താമസിക്കുന്ന വീടു പണിതത്. അവിടെ താമസം തുടങ്ങി അധികം താമസിയാതെ മൂത്ത മകന്‍ ടോണിയെയുംകൊണ്ട് ഒരു ചേരി സന്ദര്‍ശിക്കുവാന്‍ പോയി. അവിടത്തെ കുടിലുകളും ദരിദ്രമായ അന്തരീക്ഷവും ടോണിയെ വ ല്ലാതെ സ്പര്‍ശിച്ചു. അന്ന് അത്താ ഴം കഴിഞ്ഞുള്ള ഗൃഹസദസ്സില്‍ ടോണി പറഞ്ഞു: “അപ്പച്ചാ, നമുക്കീ വീടു വിറ്റ് ആ പാവപ്പെട്ടവര്‍ക്കു മൂന്നുനാലു വീടു പണിതു കൊടുക്കാം. നമുക്ക് ഒരു ചെറിയ വീടും വയ്ക്കാം.”

ഷെവലിയര്‍ എന്‍.എ. ഔസേഫിന്‍റെ “വചനവഴിയേ…” എന്ന ഗ്രന്ഥത്തിന്‍റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് എന്ന നിലയില്‍ ഈ ലേഖകന്‍ ‘വചനവീഥിയിലെ നിറനിലാവ്’ എന്ന ജീവചരിത്രഭാഗം തയ്യാറാക്കാന്‍ ഇന്‍റര്‍വ്യൂ ചെയ്ത അവസരത്തിലാണു ഷെവലിയര്‍ ഇക്കാര്യം അനുസ്മരിച്ചത്. തന്‍റെ ജീവിതത്തിലെ വിപ്ലവകരമായ വെല്ലുവിളിയായിരുന്നു മകന്‍റെ വാക്കുകള്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇന്നു കാറില്‍ നടക്കുന്ന ഞാന്‍ അന്നത്തെ ചൈതന്യത്തില്‍ നിന്നു പിന്നാക്കം പോയോ” എന്നായിരുന്നു ജീവചരിത്രത്തിലെ ഈ ഭാഗം വായിച്ചുകൊണ്ടു ഫാ. ടോണി പറഞ്ഞ കമന്‍റ്. ചെറിയ കാര്യത്തില്‍പ്പോലുമുള്ള സ്വയംവിമര്‍ശനം ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

ഈ വൈദികന്‍റെ അലങ്കാരങ്ങളാണു മുഖത്തെ പുഞ്ചിരിയും ഉള്ളിലെ വിനയവും. തൃശൂര്‍ അതിരൂപതയുടെ ഈ നിയുക്ത സഹായമെത്രാന് ഇവ നാളത്തെ ശക്തി രൂപങ്ങളാകും. ചിരിക്ക് അപരനെ ആകര്‍ഷിക്കാന്‍ മാത്രമല്ല നിരായുധനാക്കാനും കഴിയും; വിനയത്തിന് അതിര്‍ത്തികള്‍ മായ്ച്ചുകയാനും. അപ്പോള്‍ അപരിചിതത്വത്തിന്‍റെ മഞ്ഞുരുകും. സൗഹൃദത്തിന്‍റെ കാറ്റ് വീശും.

മേരിമാതാ മേജര്‍ സെമിനാരിയുടെ തിയോളജി വിഭാഗം ഡീനായി 13 വര്‍ഷം പ്രവര്‍ത്തിച്ചു. സാധാരണഗതിയില്‍ മൂന്നു വര്‍ഷം വീതമുള്ള രണ്ടു ടേമാണ് ഒരു വ്യക്തിക്കു കിട്ടുക. ഇക്കാലയളവില്‍ ലുവൈന്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തു സഭാ ഡിഗ്രിയോടൊപ്പം സെക്കുലര്‍ ഡിഗ്രിയും കൊടുക്കുന്ന നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു.

ദൈവശാസ്ത്രരംഗത്തു നല്‍കിയ സംഭാവനകളോടൊപ്പം ‘പറോക്ക്’ ((PAROC)) എന്ന സാമൂഹിക അജപാലന ഗവേഷണകേന്ദ്രം കൂട്ടായ്മയില്‍ ഊന്നി സ്ഥാപിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. Pastoral Animation Res-earch Outreach Centre എന്നാണു ‘PAROC’ ന്‍റെ പൂര്‍ണരൂപം. സാമൂഹിക ശാസ്ത്രത്തിന്‍റെ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഇടവക അജപാലനത്തെ നവീകരിക്കാന്‍ സാധിക്കുമോയെന്ന അന്വേഷണമാണു ‘പറോക്കി’ന്‍റെ പ്രവര്‍ത്തനങ്ങളുടെ കാതല്‍. തിരുവനന്തപുരം ലൊയോള കോളജിലെ സോഷ്യോളജി വിഭാഗം തലവനായിരുന്ന ഫാ. ഇ.ജെ. തോമസ് ‘പറോക്കി’ന്‍റെ രൂപവത്കരണത്തില്‍ ടോണിയച്ചനെ സഹായിച്ചു. ഫാ. തോമസിന്‍റെ നേതൃത്വത്തില്‍ ലൊയോള കോളജിലെ സോഷ്യോളജി വിഭാഗമാണു ‘കുടുംബശ്രീ’ എന്ന ആശയത്തിന് അടിത്തറ പാകിയത്.

‘പറോക്ക് ശൈലി’ എന്ന പ്രയോഗം തന്നെ തൃശൂര്‍ അതിരൂപതയില്‍ പ്രചാരത്തില്‍ വന്നിട്ടുണ്ട്. ത്രിത്വൈക ദൈവശാസ്ത്രത്തിലാണു മാര്‍ ടോണി നീലങ്കാവില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ളത്. ദൈവത്തിലുള്ള ഈ ഒന്നിപ്പ് സമൂഹത്തില്‍ സൃഷ്ടിക്കുകയാണു വൈദികന്‍റെ ധര്‍മ്മമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒട്ടേറെ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സഭയില്‍ ഒന്നിപ്പ് അനിവാര്യമാണ്. “ത്രിത്വൈക ദൈവത്തിനും അവിടുത്തെ ജനത്തിനും” എന്നതാണു നിയുക്ത സഹായമെത്രാന്‍റെ ആ പ്തവാക്യം.

Leave a Comment

*
*