ഇല്ലാത്ത ശത്രുവും അറിയാത്ത രക്ഷകനും

C.P. Cavafy, Waiting for the Barbarians എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട്. ഇന്നു ബാർബേര്യൻസ് വരുമെന്നു വിചാരിച്ച് നിയമ നിർമ്മാണ സഭയായ സെനറ്റ് വെറുതേയിരിക്കുന്നു. പ്രസംഗകർ പ്രസംഗിക്കുന്നില്ല, കാരണം ബാർബേറിയൻസ് വന്നാൽ അവർ എല്ലാം കീഴടക്കും അവർ അവരുടേതായ നിയമങ്ങൾ നിർമ്മിക്കും. അതിനാൽ എല്ലാവരും കാത്തിരിക്കുന്നു, വരാനിരിക്കുന്ന ഒരു ദുരന്ത ഭൂതത്തെ. ഒടുവിൽ ഇരുട്ടായി, എല്ലാവരും വീട്ടിലേക്കു പോയി, നമുക്കിനി എന്തു സംഭവിക്കുമെന്നറിയില്ല. പിന്നീടാണറിയുന്നത് ബാർബേര്യൻസ് വരില്ല, കാരണം അങ്ങനെ ആരും ഇല്ല. ഇല്ലാത്ത എന്തോ ഒന്ന്, ഏതോ കലാപകാരികൾ വന്ന് എല്ലാം തച്ചുടയ്ക്കും എന്നു പേടിച്ചു കഴിഞ്ഞ കാലം. ഇല്ലാത്ത എന്തോ ഒന്നിന്റെ പേരിൽ സ്വയം പേടിച്ച് എല്ലാം നഷ്ടപ്പെട്ട ഒരു സമൂഹം. ഇൗ കവിതയുടെ പശ്ചാത്തലത്തിൽ സച്ചിദാനന്ദൻ ഒരു കവിത എഴുതിയിട്ടുണ്ട്, കവിതയുടെ പേര് "മുട്ടാളന്മാർ.'

"അവർ വരുമെന്നു നമുക്കുറപ്പായിരുന്നു' എന്നു പറഞ്ഞാണ് കവിത ആരംഭിക്കുന്നത്. അവർക്ക് എതിർ നിൽക്കുമായിരുന്നവരുടെ വിഗ്രഹങ്ങൾ നാം ഒന്നൊന്നായി എറിഞ്ഞുടച്ചു. അവരെ എതിരേൽക്കാൻ കുഞ്ഞുങ്ങളുടെ രക്തം നിറച്ച പാനപാത്രങ്ങളുമായി നാം തലസ്ഥാനത്തു കാത്തു നിന്നു, ഉടുപ്പുകൾ ഉൗരി മരവുരികളണിഞ്ഞു ചരിത്രസ്മാരകങ്ങൾക്കു തീ കൊളുത്തി യാഗങ്ങൾക്ക് അഗ്നിയൊരുക്കി രാജവീഥികളുടെ പേരുകൾ മാറ്റി നമ്മുടെ ഗ്രന്ഥപ്പുരകൾ അവരെ അരിശം പിടിപ്പിച്ചാലോ എന്നു ഭയന്ന് അവ ഇടിച്ചു നിരത്തി. ദുർമന്ത്രവാദം നടത്താനുള്ള താളിയോലകൾ മാത്രം സംരക്ഷിച്ചു എന്നു പറഞ്ഞിട്ടു പറയുകയാണ് പക്ഷേ അവർ വന്നത് നാം അറിഞ്ഞതു പോലുമില്ല നമ്മുടെതന്നെ വിഗ്രഹങ്ങൾ ഉയർത്തിപ്പിടിച്ച് നമ്മുടെ പതാകയെ വന്ദിച്ച് നമ്മുടെ വസ്ത്രങ്ങളണിഞ്ഞ് നമ്മുടെ നിയമപുസ്തകം കയ്യിലേന്തി നമ്മുടെതന്നെ മന്ത്രങ്ങൾ ഉരുക്കഴിച്ച് നമ്മുടെ ഭാഷ സംസാരിച്ച് രാജസഭയുടെ കൽപ്പടവുകൾ തൊട്ടുവന്ദിച്ചാണ് അവർ കയറിവന്നത്. ഒടുവിൽ അവർ കിണറുകളിൽ വിഷം കലക്കാനും കുഞ്ഞുങ്ങളുടെ ഭക്ഷണം തട്ടിപ്പറിക്കാനും ചിന്തകളുടെ പേരിൽ മനുഷ്യനെ എയ്തു വീഴ്ത്താനും തുടങ്ങിയപ്പോഴാണ് നമുക്കു മനസ്സിലായത് അവർ നമുക്കിടയിൽ, നമുക്കുള്ളിൽതന്നെയായിരുന്നുവെന്ന്. ഇപ്പോൾ നാം അങ്ങോട്ടുമിങ്ങോട്ടും നോക്കി സംശയത്തോടെ ചോദിക്കുന്നു നീയാണോ മുട്ടാളൻ. മറുപടിക്കു പകരം നമ്മുടെ ഭാവിയിൽ മുഴുക്കെ പുകപടർത്തി തീ ആളിപ്പിടിക്കുന്നതുമാത്രം നാം കാണുന്നു, നമ്മുടെ ഭാഷ മരണത്തിന്റേതാകുന്നതും. ഇപ്പോൾ നമുക്കു പറ്റിയതെന്താ, നമുക്കു നമ്മളെ മനസ്സിലായില്ല, നമ്മുടെ ചുറ്റുപാടുകളിൽ വന്ന മാറ്റങ്ങൾ നാം തിരിച്ചറിഞ്ഞില്ല. ശത്രുക്കൾ കടന്നുകൂടിയതു നാം അറിഞ്ഞില്ല. കാരണമുണ്ട്. അവർ നമ്മുടെ തന്നെ വേഷം ധരിച്ചിരുന്നു, നമ്മുടെ ഭാഷ സംസാരിച്ചിരുന്നു. ഒടുവിൽ നമ്മുടെ കുടിവെള്ളത്തിൽ അവർ വിഷം കലർത്തിയപ്പോഴാണു നാം ചെറുതായി മനസ്സിലാക്കി തുടങ്ങയത്. അപ്പോഴാകട്ടെ എല്ലാം കൈവിട്ടു പോയിരുന്നു. ഇപ്പോൾ നാം നഗരചത്വരത്തിൽ രക്ഷകരെ കാത്തു നിൽക്കുന്നു. അവരും മറ്റാരോ ആണെന്നപോലെ. കിഴക്കുനിന്ന് പടിഞ്ഞാറുനിന്നും നമ്മെ രക്ഷിക്കാൻ ആരും വരാനില്ല. നമുക്കു വേറെ രക്ഷകരില്ല, നമുക്കു നമ്മളേയുള്ളൂ. നമ്മെ രക്ഷിക്കേണ്ടതു നമ്മൾ തന്നെ.

രണ്ടു കവിതകളും ചേർത്തു വായിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും. പുറത്തുനിന്നു നമുക്കു ശത്രുക്കൾ വരാനില്ല. നമ്മുടെ ശത്രുക്കൾ അകത്തുതന്നെയാണ്. പുറത്തുനിന്നു ശത്രുക്കൾ വരാനില്ലാത്തതുപോലെതന്നെ രക്ഷകരും വരാനില്ല. നമ്മുടെ ശത്രുക്കൾ അകത്തുള്ളവരായിരിക്കുന്നതുപോലെതന്നെ രക്ഷകരും അകത്തുനിന്നുതന്നെ. ചുരുക്കി പറഞ്ഞാൽ ശത്രുക്കളും രക്ഷകരും നമ്മൾതന്നെ. ശത്രക്കളെ നാം അറിയുന്നില്ല. നമ്മൾ പരസ്പരം ചോദിക്കുകയാണ് നീയാണോ മുട്ടാളൻ. ശത്രുക്കളെ അറിയാത്തതുപോലെതന്നെ രക്ഷകരെയും നാം തിരിച്ചറിയുന്നില്ല. ആർ.എസ്.എസ്. പിടിയലമർന്നിരിക്കുന്നു ബി.ജെ.പി.മൃദുഹിന്ദുത്വസമീപനം സ്വീകരിക്കുന്ന കമ്യൂണിസ്റ്റു പാർട്ടിയും കോൺഗ്രസ്സും ഒപ്പത്തിനൊപ്പം നിൽക്കുന്നില്ലേ. ആരാണു ശത്രു, ആരാണു മിത്രം. പൗരന്മാരുടെ ജാഗ്രതയാണു പ്രധാനം.

കാലം വല്ലാണ്ടു വഷളായിരിക്കുന്നു. "വീട്ടിലെ മൗനം അയൽ വീട്ടിലെ മൗനത്തോടു മിണ്ടുന്ന ഒരു ഭാഷയുണ്ടായിരുന്നു' നമുക്ക്. നമ്മുടെ മൗനങ്ങളും സംഭാഷണങ്ങളും നഷ്ടപ്പെട്ടിട്ടു കാലമെത്രയായി? ഇക്കാലത്തു ജീവിക്കേണ്ട വിവേകവും വിജ്ഞാനവും നമുക്കുണ്ടോ. നമ്മുടെ രാഷ്ട്രീയം നമ്മെ രക്ഷിക്കുന്നോ തകർക്കുന്നോ? നേതാക്കളുടെ മക്കളുയർത്തുന്ന കലാപങ്ങൾ നാടിനെ കുട്ടിച്ചോറാക്കുമെന്നായിരിക്കുന്നു. സുനാമിയായാലും ഒാഖിയായാലും ഇരകളാരാണെന്നും എവിടെ നിന്നാണെന്നും നോക്കിയേ ശുശ്രൂഷിക്കൂ എന്നു വന്നാൽ മുട്ടാളന്മാർ പിടിമുറുക്കിയിരിക്കുന്നു എന്നുറപ്പായില്ലേ. ഒരു പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org