പാലം അപകടത്തില്‍, യാത്രക്കാര്‍ സൂക്ഷിക്കുക?

പാലം അപകടത്തില്‍, യാത്രക്കാര്‍ സൂക്ഷിക്കുക?

ഭരണഘടനയ്ക്കു പ്രാധാന്യമുള്ള നാടാണ് ഇന്ത്യ. ലെജിസ്ലേറ്റീവ്, ജുഡീഷ്യറി, എക്സിക്യൂട്ടീവ്, മാധ്യമങ്ങള്‍ എന്നിവയാണ് നമ്മുടെ രാജ്യത്തിന്‍റെ നാലു നെടുംതൂണുകള്‍. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്നതും ഈ നാലു നെടുംതൂണുകളാണ്. ഇവയെല്ലാം സ്വതന്ത്രവും പരസ്പര പൂരകങ്ങളുമായി പ്രവര്‍ത്തിക്കേണ്ടവയുമാണ്. അതിരു കടക്കാതെയും ജനാധിപത്യത്തെ താങ്ങിനിര്‍ത്തിയും നമ്മെ നയിക്കാന്‍ ചെക്ക് ആന്‍റ് ബാലന്‍സായി പ്രവര്‍ത്തിക്കേണ്ടവയാണ് ഇവയെല്ലാം.

എന്നാല്‍ നമ്മുടെ ഭരണകൂടം ജുഡീഷ്യറിയെ വിഴുങ്ങുന്ന അവസ്ഥയാണിപ്പോഴുള്ളത്. എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും രാഷ്ട്രീയക്കാരാണ്. ജനങ്ങള്‍ക്കു നീതികിട്ടാന്‍ ആകെ ആശ്രയിക്കാനുള്ളതാണ് ജുഡീഷ്യറി. സ്വതന്ത്രമായ ജുഡീഷ്യറിയാണ് ജനാധിപത്യത്തിന്‍റെ ആണിക്കല്ല്. അതു തകര്‍ക്കപ്പെട്ടാല്‍ ജനാധിപത്യം ഏകാധിപത്യത്തിനു വഴിമാറും. രാജ്യഭരണം ഏകാധിപത്യത്തിലേക്കു നീങ്ങുന്നതിന്‍റെ സൂചനകള്‍ ഇപ്പോഴത്തെ കേന്ദ്രഭരണം തുടങ്ങിയപ്പോഴേ പ്രകടമായിരുന്നു. പ്ലാനിങ്ങ് കമ്മീഷനെ തകര്‍ത്തത് അതിന്‍റെ സൂചനതന്നെയായിരുന്നു. പിന്നീടിങ്ങോട്ട് ജനങ്ങള്‍ എന്തു ഭക്ഷിക്കണം എന്തു ബിസിനസ്സ് നടത്തണം എന്നുവരെ സര്‍ക്കാര്‍ തീരുമാനിക്കാന്‍ തുടങ്ങി. ജനാധിപത്യ വിരുദ്ധമായി നടപ്പാക്കിയ നോട്ടു നിരോധനവും ജി.എസ്.റ്റി. നടപ്പാക്കലുമെല്ലാം അധികാരത്തിന്‍റെ വഴിവിട്ട നടത്തിപ്പിനെ അടയാളപ്പെടുത്തുന്നു. എക്സിക്യൂട്ടീവിന്‍റെ ആജ്ഞാനുവര്‍ത്തികളായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പാവജുഡീഷ്യറിയെ രൂപപ്പെടുത്തുന്ന അവസ്ഥയാണിപ്പോഴുള്ളത്. ദുര്‍ബ്ബലരായ മനുഷ്യര്‍ക്കു സംരക്ഷണം നല്‍കാനുള്ള രണ്ടു പ്രത്യേക നിയമങ്ങളിലാണ് അടുത്തകാലത്ത് വെള്ളം ചേര്‍ത്തത്. ഒന്ന് വിവാഹിതരായ സ്ത്രീകള്‍ക്കെതിരെ ഭര്‍ത്താവോ ഭര്‍തൃവീട്ടുകാരോ അതിക്രമം നടത്തുന്നതിനെതിരേയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമം. രണ്ട് പട്ടികജാതി പട്ടികവര്‍ഗങ്ങളിലുള്ളവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള വകുപ്പ്. പരാതി കിട്ടിയാല്‍ ഉടനെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ജാമ്യമില്ലാത്ത വകുപ്പുകളില്‍ അറസ്റ്റു ചെയ്തു നടപടികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കുന്നതാണു രണ്ടു നിയമങ്ങളുടെയും പ്രത്യേകത. അന്വേഷണം എന്ന പേരില്‍ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാനുള്ള സാധ്യത ഒഴിവാക്കപ്പെട്ടിരുന്നു. ഈ നിയമങ്ങളിലെ സുപ്രധാന ഘടകങ്ങളാണ് സുപ്രീം കോടതി എടുത്തു കളഞ്ഞത്. പ്രാഥമികാന്വേഷണം നടത്താന്‍ പൊലീസിനു സാവകാശം നല്‍കിയും പട്ടികജാതി പട്ടികവര്‍ഗ അതിക്രമനിരോധന നിയമത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനു പ്രതിക്ക് അവസരം നല്‍കിയും സുപ്രീംകോടതി ഭേദഗതി വരുത്തി. സുപ്രീംകോടതിയെത്തന്നെ ഭരണകൂടം ചട്ടുകങ്ങളാക്കുന്ന കാഴ്ചയാണു നാം കാണുക. ജുഡീഷ്യറിയിലുളള കൈകടത്തല്‍ അപകടാവസ്ഥയിലേക്കു നീങ്ങുന്നു എന്നു വന്നപ്പോഴാണ് സുപ്രീംകോടതിയിലെ നാലു ജഡ്ജസ് പുറത്തുവന്നു പത്രക്കാരെ കണ്ടത്. ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത്ഷായ്ക്കെതിരേയുള്ള കേസ് പ്രതീക്ഷിക്കുന്ന വിധി കിട്ടാന്‍ പാകത്തില്‍ അലോട്ടു ചെയ്യുന്നതുകണ്ടു മനസ്സാക്ഷി നൊന്താണ് ജഡ്ജസ് കോടതി വിട്ടിറങ്ങിവന്നു പത്രക്കാരെ കണ്ടത്. ആ ന്യായാധിപന്മാര്‍ ചെയ്തത് ആത്മഹത്യാപരമായ വെളിപ്പെടുത്തലായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം.

സുപ്രീംകോടതിയെ കേസുകളില്‍ ഏതു കേസ് ഏതു കോടതി കേള്‍ക്കണമെന്നു തീരുമാനിക്കുന്നതു ചീഫ് ജസ്റ്റീസാണ് എന്നത് സ്വന്തം ഇഷ്ട പ്രകാരമാകാമോ എന്നതു ചര്‍ച്ചാവിഷയമായി. തുല്യരില്‍ പ്രഥമനാണു ചീഫ് ജസ്റ്റീസെന്നും സുപ്രീംകോടതിയിലെ ഓരോ കേസും ആരു കേള്‍ക്കണമെന്ന തീരുമാനം ചീഫ് ജസ്റ്റീസിന്‍റേതു മാത്രമാണെന്ന് ചീഫ് ജസ്റ്റീസ് റൂള്‍ ചെയ്തിട്ടുണ്ട്. കേസ് അലോട്ടു ചെയ്യുന്ന കാര്യത്തില്‍ തുല്യരില്‍ പ്രഥമനെന്ന നിലയില്‍ ചീഫ്ജസ്റ്റീസിനുണ്ടെങ്കിലും അതു പൊതുവായി രൂപീകരിക്കപ്പെട്ട നിബന്ധനകള്‍ക്കു വിധേയമാകണമെന്നാണു പൊതുവേ കരുതപ്പെടുക. മാത്രമല്ല ജഡ്ജ് നിയമനത്തില്‍ കൊളീജിയത്തിന്‍റെ ശിപാര്‍ശ വച്ചു താമസിപ്പിച്ചു കൊളീജിയത്തെ നോക്കുകുത്തിയാക്കുന്നതില്‍ അപാകതകള്‍ കാണാത്ത ചിഫ്ജസ്റ്റീസ് എക്സിക്യൂട്ടീവ് വിഴുങ്ങിയ അവസ്ഥയിലാണു പ്രവര്‍ത്തിക്കുക. കൊളീജിയത്തിന്‍റെശിപാര്‍ശയില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയോട് പ്രതികരിച്ചില്ലെങ്കില്‍ ചരിത്രം മാപ്പു നല്‍കില്ലെന്നും സുപ്രീംകോടതിയുടെ അസ്തിത്വവും നിലനില്‍പുംതന്നെ ഭീഷണിയാകുമെന്നും പറഞ്ഞാണ് ജസ്റ്റീസ് കുര്യന്‍ ജോസഫ് ചീഫ്ജസ്റ്റീസ് ദീപക് മിശ്രയ്ക്കു കത്തെഴുതിയത്.സാധാരണഗതിയിലുള്ള സമയപരിധിക്കപ്പുറത്തേയ്ക്ക് കൊളീജിയത്തിന്‍റെ ശിപാര്‍ശയില്‍ തീരുമാനം വൈകുന്നത് നീതിന്യായവ്യവസ്ഥയുടെ അന്തസ്സും ബഹുമാന്യതയും ദിനംപ്രതി താഴേക്കു പോകാനിടയാക്കും.

താന്‍ ഏതു നിമിഷവും ബലാത്സംഗത്തിനിരയായേക്കാമെന്നും കൊല്ലപ്പെട്ടേക്കാമെന്നും തുറന്നു പറഞ്ഞ് കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കുവേണ്ടി കേസ് വാദിക്കുന്ന അഭിഭാഷക ദീപികാസിങ്ങ് രജാവിത്തിന്‍റെ ഭയം നിറഞ്ഞ വാക്കുകള്‍ മാത്രം മതി നമ്മുടെ നാട് ഇപ്പോള്‍ എവിടെ എത്തിനില്ക്കുന്നു എന്നു മനസ്സിലാക്കാന്‍. ഏറ്റവും ഒടുവിലിതാ മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ് ഉള്‍പ്പടെ അഞ്ചു പ്രതികളെയും വിട്ടയച്ചതിനു പിന്നാലെ വിധി പറഞ്ഞ ഭീകരവിരുദ്ധ സ്പെഷ്യല്‍കോടതി ജഡ്ജി കെ. രവിന്ദര്‍ റെഡ്ഡി നാടകീയമായി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണു രാജി എന്നു പറഞ്ഞിട്ടുണ്ടെങ്കിലും എന്തൊക്കെയോ അപകടങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നു എന്നൂഹിക്കാന്‍ കൂടുതല്‍ പഠനങ്ങളൊന്നും ആവശ്യമില്ല. രാജ്യം വ്യവസ്ഥാപിതമായ പ്രതിസന്ധിയെ നേരിടുന്നു. ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ശരിക്കു പറഞ്ഞാല്‍ നമ്മുടെ നാട്ടുപാലം അപകടത്തിലാണ്, യാത്രക്കാര്‍ സൂക്ഷിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org