Latest News
|^| Home -> Pangthi -> ഉള്‍പ്പൊരുള്‍ -> നാടിനെയും നാട്ടുകാരെയും വിഴുങ്ങാന്‍ കേംബ്രിജ് അനലിറ്റിക്കയും ഫെയ്സ് ബുക്കും

നാടിനെയും നാട്ടുകാരെയും വിഴുങ്ങാന്‍ കേംബ്രിജ് അനലിറ്റിക്കയും ഫെയ്സ് ബുക്കും

ഫാ. സേവ്യര്‍ കുടിയാംശേരി

സോഷ്യല്‍ മീഡിയാ വളര്‍ന്നു കയറി മനുഷ്യരെ വിഴുങ്ങിയതിന്‍റെ കഥയാണ് ഇപ്പോള്‍ കേംബ്രിജ് അനലിറ്റിക്കയും ഫെയ്സ് ബുക്കും പറയുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗിക്കാന്‍ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി. രംഗത്ത്. സാമൂഹിക മാധ്യമങ്ങളില്‍നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന കേംബ്രിജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസ്സ് ധാരണയുണ്ടാക്കിയെന്നും ഇതു നിയമവിരുദ്ധമാണെന്നും കേന്ദ്ര ഐ.ടി. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. രാജ്യത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് ഫെയ്സ്ബുക്കിനും മന്ത്രി മുന്നറിയിപ്പു നല്‍കി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പി.എ.യുടെ സാമൂഹിക മാധ്യമതന്ത്രങ്ങള്‍ മെനയാന്‍ രാഹുല്‍ഗാന്ധി കേംബ്രിജ് അനലിറ്റിക്ക എന്ന വിദേശകമ്പനിയുമായി ധാരണയുണ്ടാക്കിയെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രി ആരോപണമുന്നയിച്ചത്. തങ്ങളല്ല ബി.ജെ.പി.യാണ് കേംബ്രിജ് അനലിറ്റിക്കയുടെ സഹായം തേടിയതെന്ന് കോണ്‍ഗ്രസ്സ് തിരിച്ചടിച്ചു. ഇറാക്കില്‍ 39 ഇന്ത്യാക്കാര്‍ മരിക്കാനിടയായ സംഭവത്തിലെ പരാജയത്തെ മൂടിവയ്ക്കാന്‍ ഇത്തരം തെറ്റായ വിവരങ്ങളുമായി രംഗത്തെത്തിയതാണെന്നു കോണ്‍ഗ്രസ്സിന്‍റെ ഡിജിറ്റല്‍ മീഡിയാ ചീഫ് ദിവ്യസ്പന്ദന ട്വിറ്റ് ചെയ്തു. സമീപകാലത്ത് രാഹുല്‍ഗാന്ധിയെ ട്വിറ്ററില്‍ പിന്‍തുടരുന്നവരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. അത് ഈ കമ്പനിയുടെ ശ്രമഫലമാണെന്നും ഇതുമൂലം വ്യാജ ജനപ്രീതി ഉണ്ടാക്കിയിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. മുന്‍ റിസേര്‍ച്ച് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വൈലി തന്നെ വെളിപ്പെടുത്തിയിട്ടുള്ള വിവരമാണിത്. കോണ്‍ഗ്രസ്സോ രാഹുലോ ഇത്തരത്തില്‍ ഒരു കമ്പനിയുമായും ഒരു ധാരണയുമുണ്ടാക്കിയിട്ടില്ല. 2010ല്‍ ഈ കമ്പനിയുടെ സഹായം ബി.ജെ.പി.-ജെ.ഡി.യു. സഖ്യം ഉപയോഗിച്ചു എന്നതിനു രേഖകളുണ്ടെന്ന് കോണ്‍ഗ്രസ്സ് പറഞ്ഞു. കേംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യന്‍ പങ്കാളിയായ ഒ.ബി.ഐ. നടത്തുന്നത് ബി.ജെ.പി. സഖ്യകക്ഷി എം.പി.യുടെ മകനാണ്. 2009 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതാവ് രാജ്നാഥ്സിങ്ങ് ഈ സ്ഥാപനത്തിന്‍റെ സഹായം ഉപയോഗിച്ചതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.

കേംബ്രിജ് അനലിറ്റിക്കാ ഒരു ഡാറ്റാ അനലിറ്റിക് ഫേം ആണ്.ഇതു സ്ഥാപിച്ചത് ഡൊണാള്‍ഡ് ട്രമ്പിന്‍റെ ഭരണകാര്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനനാണ്. അലക്സാണ്ടര്‍ നിക്സ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. 2003-ലാണ് ഫെയ്സ് ബുക്കില്‍നിന്നുള്ള ഡാറ്റാ ഉപയോഗിച്ച് കേംബ്രിജ് അനലിറ്റിക്കായ്ക്കുവേണ്ടി പ്രവര്‍ത്തനമാരംഭിക്കുന്നത്. അദ്ദേഹം ബ്രെക്സിറ്റിനുവേണ്ടിയും ട്രമ്പിനുവേണ്ടിയും ഡാറ്റാ പ്രയോജനപ്പെടുത്തി എന്നാണ് ആരോപണം. കേംബ്രിജ് അനലിറ്റിക്കാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി അമേരിക്കക്കാരായ 50 ലക്ഷം പേരുടെ വിവരങ്ങള്‍ പ്രയോജനപ്പെടുത്തി എന്നു പറയുമ്പോള്‍ ഇത് എപ്രകാരം ഒരു രാജ്യത്തിന്‍റെ നിലനില്പിനെത്തന്നെ ബാധിക്കുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സാമൂഹിക മാധ്യമ കമ്പനികള്‍ ആളുകളെ പരസ്യങ്ങള്‍ക്കായി വിറ്റ് കാശാക്കുന്നു എന്നതാണു പ്രശ്നം. അങ്ങനെ വരുമ്പോള്‍ നമ്മള്‍ കൊണ്ടുനടക്കുന്ന മൊബൈല്‍ നമ്മുടെ പോക്കറ്റിലിരുന്ന് നമുക്കെതിരെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള സാറ്റലൈറ്റ് ചാരനാകുന്നു. ഫെയ്സ് ബുക്കില്‍ നിന്നും മറ്റും ശേഖരിക്കുന്ന വിവരങ്ങള്‍ പഠിച്ചും ചില മെസ്സേജുകള്‍ക്ക് വ്യക്തികള്‍ പ്രതികരിക്കുന്നതു വിലയിരുത്തിയും വ്യക്തികളെ പല ഗ്രൂപ്പുകളായി വേര്‍തിരിക്കുന്നു. തുടര്‍ന്ന് സെക്സ്, അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍, ഭീഷണികള്‍ എന്നിവ ഫെയ്സ് ബുക്കിലൂടെയും മറ്റും ഉപയോഗിച്ച് വോട്ടര്‍മാരെ വലയിലാക്കുന്നു. ഇതുവഴി ആര്‍ക്കനുകൂലമായോ പ്രതികൂലമായോ വ്യക്തികളെക്കൊണ്ടു തീരുമാനമെടുപ്പിക്കുകയും അതു വോട്ടാക്കി മാറ്റുകയും ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ നരേന്ദ്രമോദി ആപ്പിലെ വ്യക്തിവിവരങ്ങള്‍ ഉപയോക്താക്കളുടെ അനുമതിയില്ലാതെ വിദേശകമ്പനിയുമായി പങ്കുവയ്ക്കുന്നതായി വെളിപ്പെടുത്തല്‍. ഫ്രഞ്ചു സൈബര്‍ സുരക്ഷാവിദഗ്ധനെന്നു വിശേഷിപ്പിക്കുന്ന എലിയറ്റ് ആല്‍ഡേഴ്സണാണ് ആപ്പിനെതിരെ രംഗത്തെത്തിയത്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന പേര്, പ്രൊഫൈല്‍ചിത്രം, ഇ-മെയില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യു.എസ്.വെബ് വിശകലനമായ ക്ലെവര്‍ട്രാപ്പിനു കൈമാറുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഗൂഗിള്‍ പ്ലേസ്റ്റോറിലെ നിയമം അനുസരിച്ച് മുന്‍കൂര്‍ അനുമതി വാങ്ങാതെ വ്യക്തിഗതവിവരങ്ങള്‍ കൈമാറാന്‍ പാടില്ല. വിവരം പങ്കുവയ്ക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് അതില്ലാതെ മുന്നോട്ടുപോകാന്‍ സൗകര്യമുണ്ടാകണമെന്നും വ്യവസ്ഥയുണ്ട്. യൂറോപ്യന്‍ നിയമം അനുസരിച്ച് അനുമതിയില്ലാതെ വ്യക്തിവിവരം കൈമാറുന്നതു ശിക്ഷാര്‍ഹമാണ്. ഇന്‍ഫൊര്‍മേഷന്‍ കമ്മീഷണേഴ്സ് ഓഫീസില്‍നിന്ന് കേംബ്രിജ് അനലിറ്റിക്കാ ഓഫീസില്‍ അന്വേഷണം നടത്തി. വരാനിരിക്കുന്ന വളരെ വലിയ ഒരു അന്വേഷണത്തിന്‍റെ തുടക്കമെന്ന നിലയിലാണ് ഇപ്പോള്‍ അന്വേഷണം നടത്തിയത്. കിട്ടിയ വിവരങ്ങള്‍ വച്ച് കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നവര്‍ പറഞ്ഞു. ഡൊണാള്‍ഡ് ട്രമ്പിന്‍റെ ഇലക്ഷന്‍ പ്രചാരണത്തില്‍ സഹായിച്ചു എന്നാണ് ആരോപണം. ഫെയ്സ് ബുക്കിലെ ലക്ഷക്കണക്കിനാളുകളുടെ ഡാറ്റാ പ്രയോജനപ്പെടുത്തി എന്ന ആരോപണം ഫെയ്സ്ബുക്കിനെ ഇപ്പോള്‍ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നു.അതിന്‍റെ ചീഫ് എക്സിക്യൂട്ടീവ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പൊതുവായി മാപ്പു പറഞ്ഞിരിക്കുകയാണ്. സി.എ. വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഫെയ്സ്ബുക്കിന്‍റെ അറിവോടുകൂടിയല്ലെന്നാണവര്‍ പറയുന്നത്. പ്രോ-ബ്രക്സിറ്റ് എന്ന ലക്ഷ്യത്തിനുവേണ്ടിയും ഇതു പ്രയോജനപ്പെടുത്തിയെന്നാണു പരാതി.

കേംബ്രിജ് അനലിറ്റിക്കാവിവാദം ഡാറ്റാ പ്രൊട്ടക്ഷന്‍ സംബന്ധി ച്ച് ജാഗ്രത വേണമെന്നും ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ നിയമനിര്‍മ്മാണം വേണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതു നമ്മള്‍ ശ്രദ്ധിക്കേണ്ട അനേകം വിഷയങ്ങള്‍ നമ്മുടെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നു. കമ്പനികള്‍ ഡാറ്റാകള്‍ കളക്റ്റു ചെയ്യുകയും അതു വിപണനം നടത്തുകയും ചെയ്യുന്നു. ഇതു രാഷ്ട്രീയവും തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്നു. ലക്ഷക്കണക്കിനാളുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവരുടെ അറിവുപോലുമില്ലാതെ ഉപയോഗിക്കുന്നു എന്ന ഭയാനകമായ ഒരവസ്ഥ വന്നു ചേര്‍ന്നിരിക്കുന്നു. അതുകൊണ്ടാണു ആധാറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി വിവരങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയത്. ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, സന്ദേശങ്ങള്‍, ചാറ്റുകള്‍, ബ്ലോഗുകള്‍, ചിത്രങ്ങള്‍, വീഡിയോ ഷെയറിങ്ങ് എല്ലാം പബ്ളിക് ഡൊമയിനിലാണെന്ന് ഓര്‍മ്മ വേണം. ആര്‍ക്കും ഏതുതരത്തിലും ശരിയായോ തെറ്റായോ ഉപയോഗപ്പെടുത്താം.

Leave a Comment

*
*