കൊറോണാ ചലഞ്ച്

കൊറോണ വൈറസ്സിന്‍റെ പുതിയ പതിപ്പാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണു നമ്മള്‍ നോവല്‍ കൊറോണ എന്നു വിളിക്കുന്നത്. WHO അതിനൊരു പുതിയ പേരു നല്‍കി. COVID 19 – Corona virus disease 2019. ഇതിന്‍റെ വ്യാപനം അനിയന്ത്രിതമാണ്. അതിനാല്‍ മനുഷ്യരാശിക്കുതന്നെ ഭീഷണിയായിത്തീര്‍ ന്നിരിക്കുന്നു. മിക്ക രാജ്യങ്ങളിലും curfew അല്ലെങ്കില്‍ lock down പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്‍ഡ്യ 21 ദിവസത്തെ lock down ആണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്‍റെ സാമൂഹിക വ്യാപനം തടയാന്‍ ആളുകള്‍ പുറത്തിറങ്ങാതെ വീടിനുള്ളില്‍ത്തന്നെ കഴിയണം എന്നാണ് ഭരണാധികാരികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിന്‍റെ ഫലമായി സാമൂഹിക ജീവിതം തകരാറിലായിരിക്കുന്നു. സര്‍ക്കാരോഫീസുകള്‍ പൂട്ടി, ആരാധനാലയങ്ങള്‍ പൂട്ടി. വിനോദ മേഖലകളും എല്ലാം അടഞ്ഞു കിടക്കുന്നു.

ആദ്യമേ നമ്മുടെ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും ആരോഗ്യവകുപ്പു മന്ത്രിയേയും ധനമന്ത്രിയേയും ഭക്ഷ്യവകുപ്പു മന്ത്രിയേയും നമിക്കുന്നു. അവരുടെ ആത്മാര്‍ത്ഥതയ്ക്കു മുന്നില്‍ നമോവാകം.

ഈ മഹാമാരിയെ നാം എങ്ങനെ നേരിടണം എന്ന വിഷയത്തെക്കുറിച്ച് ആലപ്പുഴയിലെ റേഡിയോ നെയ്തലില്‍ വിവിധ മേഖലകളിലുള്ള ഡോക്ടേഴ്സിനെ സംഘടി പ്പിച്ചുകൊണ്ടു നടത്തിയ ചര്‍ച്ചയിലെ ചില കാര്യങ്ങള്‍ ഇവിടെ ക്രോഡീകരിക്കുകയാണ്. അലോപ്പതി വിധിപ്രകാരം ഇതിനു മരുന്നു കണ്ടെത്തിയിട്ടില്ല. പലരും ഈ രംഗത്തു ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. വ്യക്തമായ പ്രതിരോധ മരുന്നുകളും ഇല്ല. എച്ച്.ഐ.വി.ക്കുള്ള മരുന്നുകള്‍ പലരിലും പരീക്ഷിച്ചു വിജയിച്ചുവരുന്നു. ആയൂര്‍വ്വേദത്തില്‍ ഇതിനു മരുന്നുണ്ട്. രാജ്യത്തൊട്ടാകെ അതു പരീക്ഷിക്കുന്ന സമ്പ്രദായത്തിലേക്കു വന്നിട്ടില്ല. ആയൂര്‍വ്വേദവും പരീക്ഷിക്കും എന്നൊക്കെയുള്ള രാഷ്ട്രീയ പ്രഖ്യാപനങ്ങളേ ഉണ്ടായിട്ടുള്ളു. ആയൂര്‍ വേദത്തിലെന്നപോലെ ഹോമിയോയിലും വ്യക്തിയെയാണു ചികിത്സിക്കുക, രോഗത്തെയല്ല. ഹോമിയോപ്പതിയില്‍ പ്രിവന്‍റീവ് സംവിധാനങ്ങളുണ്ട്. അത് ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ത്തന്നെ ലഭ്യമാണ്. കൃത്യമായ പ്രതിരോധ മരുന്നുകളുണ്ട്. പ്രകൃതി ചികിത്സാ വിധി പ്രകാരം പ്രതിരോധത്തിനും ചികിത്സിച്ചു സുഖപ്പെടുത്താനും വഴികളുണ്ടെന്ന് ആ മേഖലയിലുള്ളവര്‍ അവകാശപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ പ്രകൃതി ചികിത്സാ വിധിപ്രകാരമുള്ള ആരോഗ്യ ജീവിതശൈലി പ്രോത്സാഹിപ്പിക്കാവുന്നതാണ്. ഹോമിയോക്കാര്‍ അവകാശപ്പെടുന്ന പ്രതിരോധ മരുന്നുകളും പ്രയോജനപ്പെടുത്താം. അസുഖം ബാധിച്ചവര്‍ക്ക് ആയൂര്‍വ്വേദവിധിപ്രകാരമുള്ള മരുന്നുകൊടുക്കാവുന്നതാണ്. അലോപ്പതി പ്രകാരം ആളുടെ ഫിസിക്കല്‍ സ്റ്റാറ്റസ് സ്റ്റേബിളായി നിലനിര്‍ത്താനും സാധിക്കും. അങ്ങനെ നോക്കിയാല്‍ പരിഹാര വഴികള്‍ ഒന്നുമില്ലാത്തവരല്ല നമ്മള്‍.

ഡോ. ജേക്കബ് വടക്കഞ്ചേരി നിര്‍ദ്ദേശിച്ചത് ഒരു സമഗ്രസമീപനമാണ്. ആത്മീയം, മാനസീകം, ശാരീരികം എന്നീ നിലകളില്‍ വേണം ഈ വിഷയത്തെ നേരിടേണ്ടത്. അത് അങ്ങേയറ്റം പ്രയോജനപ്പെടുത്തേണ്ടതാണ്.

ആത്മീയം: മനുഷ്യന്‍ ശരീരം മാത്രമല്ല. ആത്മീയമായ ഉണര്‍വു നിലനിര്‍ത്തിയാല്‍ അസുഖങ്ങളുണ്ടാകാതിരിക്കാനുള്ള സാധ്യത ഏറെയാണ്. ഇപ്പോള്‍ പള്ളിയിലും ക്ഷേത്രത്തിലും മോസ്ക്കിലുമൊന്നും പോകാനാവില്ല എന്നത് ആളുകളില്‍ അല്പം അസ്വസ്ഥത ഉളവാക്കിയിട്ടുണ്ട്. എല്ലാ മതങ്ങളും തുടങ്ങിയതും നിലനിന്നതും പള്ളിയിലും ക്ഷേത്രത്തിലുമായിരുന്നില്ല, വീട്ടിലായിരുന്നു. കേരളത്തിലെ കൊന്തയും നാമജപങ്ങളും കേരളിയര്‍ മറന്നിട്ടില്ല. വീട്ടു മാമ്മോദീസായും വീടുകളിലെ കല്യാണങ്ങളും ഓര്‍ത്തെടുക്കുക. വീടുകളില്‍നിന്ന് അച്ചന്മാര്‍ പള്ളിയിലേക്കു വിളിച്ചു കൊണ്ടുപോയതാണ്. ഇപ്പോള്‍ തിരിച്ചു വീട്ടിലാക്കാനുള്ള അവസരമാണ്. ആചാരങ്ങള്‍ക്കപ്പുറമുള്ള ആത്മീയതയുടെ കാലമാണിത്. മനുഷ്യന്‍റെ സൗഖ്യം പ്രാണനിലൂടെയാണ്. ദൈവവും നമ്മളും തമ്മിലുള്ള ബന്ധമാണു പ്രധാനം.

മാനസികം: ഇതൊരു യുദ്ധമാണ്. മനക്കരുത്തില്ലെങ്കില്‍ ഒരു യുദ്ധവും ജയിക്കില്ല. ഭയപ്പെടാതിരിക്കുക. പ്രതീക്ഷയും പ്രത്യാശയമുള്ളവരായിരിക്കുക. മനുഷ്യര്‍ തമ്മിലുള്ള നല്ല ബന്ധമാണു മനസ്സിനു ശക്തിപകരുക. ഭയപ്പെടരുത്. ധൈര്യമായിട്ടിരിക്കുക, മലയാളം റ്റി.വി. ചാനലുകള്‍മാത്രം കണ്ടുകൊണ്ടിരുന്നാല്‍ ഭയപ്പെടാന്‍ സാധ്യതയുണ്ട്. ഭയപ്പെടാതിരിക്കുക ഒരു പ്രധാനഘടകമാണ്. നമ്മള്‍ മനുഷ്യരു തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തുക. ആരോടും വെറുപ്പും വഴക്കും തോന്നാതിരിക്കുക. 81 ശതമാനം പേര്‍ക്കും ചെറിയ ഒരു ഇന്‍ഫെക്ഷന്‍ ഉണ്ടാകുകയും അതു പോകുകയും ചെയ്യും എന്നറിയുമ്പോഴും ധൈര്യം ലഭിക്കും.

ശാരീരികം: ശുദ്ധ ജലം, ജ്യൂസ് തുടങ്ങിയവ കുടിക്കുക. ശരീര ശ്രവങ്ങളിലൂടെയാണ് ഇതു പടരുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ചു ശ്രവങ്ങള്‍ പുറത്തു വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. പൊതുനിരത്തുകളില്‍ തുപ്പാതിരിക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതാണ്. ആറടി ദൂരമാണു നല്ലത്. വൈറസ് ഏറ്റവും ചെറിയ ജീവിയാണ്. ശ്വാസകോശത്തില്‍ ചെന്നുചേരുമ്പോള്‍ അണു വര്‍ദ്ധിക്കും. അടച്ചിരിക്കുന്ന വീട്ടിലാണ് എല്ലാവര്‍ക്കും പടരുന്നത്. തുറന്നിട്ടാല്‍ അന്തരീക്ഷത്തിലൂടെ പോകും. എ.സി. യുള്ള റൂമില്‍ ഇരിക്കരുത്. അടച്ചിട്ടുള്ള മുറിയില്‍ ഇരിക്കാതിരിക്കുക. ചെറിയ തോതിലുള്ള പനി തോന്നിയാല്‍ വീട്ടില്‍ ഒതുങ്ങുക. റെസ്റ്റു ചെയ്യുക. പാരസെറ്റമോള്‍ കഴിക്കരുത്. ശരീരത്തില്‍ അണു വരുമ്പോള്‍ ഫൈറ്റു ചെയ്യുന്നതിന്‍റെ ചൂടാണ്. പാരസെറ്റമോള്‍ കഴിച്ചാല്‍ ശരീര ഊഷ്മാവും താഴും. ഉടനെ അണു വര്‍ദ്ധിക്കും. പ്രശ്നങ്ങള്‍ ഇരട്ടിക്കും.

ഇന്‍ഡ്യയില്‍ സാമൂഹിക വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല എന്നാണു ഭരണാധികാരികള്‍ പറയുക. Social distancing ആണ് ഇതിനുള്ള ഏക ഫലപ്രദമായ മാര്‍ഗം. അതുകൊണ്ടാണ് എല്ലാവരും വീട്ടില്‍ത്തന്നെ ഇരിക്കണം എന്നാവശ്യപ്പെടുന്നത്. അതുകൊണ്ടാണ് വിദേശരാജ്യങ്ങളില്‍ നിന്നു വന്നവരും രോഗമുള്ളവരുമായി ബന്ധപ്പെട്ടിട്ടുള്ളവരും quarantine പാലിക്കണമെന്നു പറയുന്നത്. അസുഖം സംശയിക്കുന്നവരെ Home quarantine ലേക്കാണു വിടുക. അതെന്തുമാത്രം ഫലപ്രദമാണെന്നു പരിശോധിക്കേണ്ടതുണ്ട്. അങ്ങനെയുള്ളവരുടെ പരിശോധനയില്‍ പോസിറ്റീവാണെന്നു തെളിഞ്ഞാല്‍ ആ വീട്ടിലുള്ള എല്ലാവര്‍ക്കും വ്യാപിച്ചിരിക്കാന്‍ സാധ്യതയേറെയാണ്. സംശയിക്കുന്നവരെ മുഴുവന്‍ Hospital
quarantine നു വിടാനുള്ളത്ര ആശുപത്രി സൗകര്യങ്ങള്‍ ഒരു രാജ്യത്തും ഉണ്ടാവില്ല. മറ്റെന്തെങ്കിലും സൗകര്യം കണ്ടെത്താനായാല്‍ നന്നായിരിക്കും.

ക്വാറന്‍റൈന്‍ എന്ന വാക്ക് ആവൃതിക്കുള്ളില്‍ പ്രവേശിച്ചു ജീവിക്കുന്നതിനെ സൂചിപ്പിക്കുന്നു എന്ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ പറയുന്നു. ഈ വാക്കിന് ഒരു വലിയ സഭാച്ചുവയുണ്ട്. കുറാന്ത അഥവാ 40 ദിവസം എന്ന പദത്തില്‍നിന്നാണ് ഇതു രൂപം കൊണ്ടിരിക്കുന്നത്. സഭ തപസ്സുകാലം ആചരിക്കുന്ന ഈ വേളയില്‍ നാം ഓരോരുത്തരും ആത്മിയമായ തപസ്സിന്‍റെ ആവൃതിയിലേക്കു പ്രവേശിക്കുകയാണെന്ന് ബിഷപ് വ്യാഖ്യാനിക്കുന്നു. എന്തായാലും ഭയപ്പെടേണ്ട. എന്നാല്‍ ജാഗ്രത വേണം.

മനുഷ്യരുടെ ചരിത്രത്തില്‍ ഇതാദ്യമല്ല. ഇതിലും രൂക്ഷമായിരുന്നല്ലോ പ്ലേഗിന്‍റെ കാലം. കാലം അതിനെ അതിജീവിച്ചു. നമ്മളും ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കുകതന്നെ ചെയ്യും. പണ്ടു ലെനിന്‍ പറഞ്ഞതോര്‍ക്കുക. രണ്ടു ചുവടു മുന്നോട്ടു നടക്കണമെങ്കില്‍ ഒരു ചുവടു പിന്നോട്ടു വയ്ക്കേണ്ടി വന്നേക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org