മഴ പറയുന്നു, മതം ജീവിക്കേണ്ടതെങ്ങനെയെന്ന്

മഴ പറയുന്നു, മതം ജീവിക്കേണ്ടതെങ്ങനെയെന്ന്

മഴ പറയുന്നു, മതം ജീവിക്കേണ്ടതെങ്ങനെയെന്ന്. കലാകൗമുദി ആഴ്ചപ്പതിപ്പില്‍ ത്രിമാനം എന്ന പംക്തിയില്‍ മഴയെക്കുറിച്ച് സത്യമൂര്‍ത്തി ഒരു കുറിപ്പെഴുതിയിട്ടുണ്ട്. അതിന്‍റെ തലക്കെട്ട് മതമില്ലാത്ത മഴയെന്നാണ്. യഥാര്‍ത്ഥത്തില്‍ മതമില്ലാത്ത മഴയെയല്ല, മതജീവിതമെങ്ങനെയെന്നാണ് സത്യമൂര്‍ത്തി പറഞ്ഞു വയ്ക്കുന്നത്. ഇവിടെ മഴ വന്നത്, പ്രളയമുണ്ടായത് ഒക്കെ മതം നോക്കിയായിരുന്നില്ല. മഴയേയും പ്രളയത്തേയുമെല്ലാം കേരളം നേരിട്ടതും മതംനോക്കാതെയായിരുന്നു. നിപ്പവയറസ്സ് ദുരന്തത്തെ നാം അഭിമുഖീകരിച്ചത് ലോകശ്രദ്ധ പിടിച്ചുപറ്റിയ സംഭവമാണ്. അതുപോലെതന്നെ കേരളം കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ദര്‍ശിച്ചിട്ടില്ലാത്ത അത്ര ഭീകരവും പ്രശ്നസങ്കീര്‍ണവുമായ ദുരന്തത്തെയാണ് ആരേയും അമ്പരപ്പിക്കുന്ന മാതൃകയില്‍ അതിജീവിക്കുന്നത്. പത്തനംതിട്ടയില്‍ കെട്ടിടങ്ങളുടെ മുകളില്‍ കയറിനിന്ന് രക്ഷിക്കണേ എന്നു നിലവിളിക്കുന്ന തരത്തിലുള്ള കാഴ്ചകള്‍ കേരളത്തില്‍ നടാടെയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും കളക്ടര്‍മാരുമുള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും സൈന്യവും നാട്ടുകാരും ചേര്‍ന്ന് അതിജീവന സാധ്യതയൊരുക്കുന്നത് അനിതരസാധാരണമായ രീതിയിലാണ്. പ്രളയദുരന്ത നിവാരണയത്നത്തില്‍ നമ്മള്‍, ജാതി, മത, വര്‍ഗ, വര്‍ണ, ദേശ, ഭാഷാവ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മണ്ണിനടിയില്‍ പെട്ടു പോയ കുഞ്ഞിനെ വാരിയെടുത്തു കൊണ്ടു പായുന്ന ബീഹാറുകാരന്‍റെ ചിത്രം ഇപ്പോഴും മനസ്സില്‍നിന്നു മായുന്നില്ല. മനുഷ്യജീവനെന്ന ഒറ്റ വികാരത്തില്‍ നാം ഒന്നിച്ചു, പ്രവര്‍ത്തിച്ചു. ഇത് ഈ കാലഘട്ടം നമ്മോടാവശ്യപ്പെടുന്ന മതജീവിതമെന്താണെന്നു വെളിപ്പെടുത്തുന്നു. ഇവിടെ സ്ഥാനമാനങ്ങള്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും വേണ്ടി ജനങ്ങളെ മതത്തിന്‍റെ പേരില്‍ വെട്ടിമുറിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ മനുഷ്യന്‍ എന്തു ഭക്ഷിക്കണം എന്തു വസ്ത്രം ധരിക്കണം എന്നൊക്കെ ഭരണാധികാരികള്‍ മതത്തിന്‍റെ പശ്ചാത്തലത്തില്‍ തീരുമാനിക്കുന്നു. ഭരണ ഘടനയിലെ മൗലികാവകാശങ്ങള്‍ പലതും കാറ്റില്‍ പറത്തപ്പെടുന്നു. മതേതരത്വം ഭംഗ്യന്തരേണ അധികാരികള്‍തന്നെ മായിച്ചു കളയുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ മതം നല്ല വിളനിലമാണെന്ന് എല്ലാ പാര്‍ട്ടിക്കാര്‍ക്കും അറിയാം. താത്കാലിക കാര്യസാധ്യത്തിനായി മതവികാരമുണര്‍ത്തി ജനങ്ങളെ തട്ടുകളിലാക്കുമ്പോള്‍ അതുണ്ടാക്കുന്ന ദൂരവ്യാപകമായ പ്രതിസന്ധികളെക്കുറിച്ച് ആരും ചിന്തിക്കാറില്ല. മതതീവ്രവാദവും വേര്‍തിരിവുകളും നമ്മുടെ നാടിനും ജനങ്ങളുടെ സ്വൈര്യജീവിതത്തിനും ഗുണം ചെയ്യില്ല. അതു പോലെ തന്നെ ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം ഒതുങ്ങുന്ന മതജീവിതശൈലിയും പുനപ്പരിശോധിക്കേണ്ടതുണ്ട്. നിത്യേന വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളും കോലാഹലങ്ങളും മതജീവിതത്തെ അര്‍ത്ഥമുള്ളതാക്കുമോ തകര്‍ക്കുമോ എന്നു ഗൗരവമായി വിലയിരുത്തപ്പെടണം. പള്ളികളിലും ആരാധനാകേന്ദ്രങ്ങളിലും ഒതുങ്ങുന്ന മതജീവിതം ഇനി എത്രകാലം നിലനില്‍ക്കുമെന്നും പര്യാലോചിക്കേണ്ടിയിരിക്കുന്നു. മതം ജീവിക്കേണ്ടതു ജനമധ്യത്തിലാണ്. മതജീവിതത്തിന് ഒരു മതേതരശൈലി രൂപപ്പെടണം. മത ജീവിതത്തെ മതേതരശൈലിയില്‍ അവതരിപ്പിക്കാനാണ് യേശു ശ്രമിച്ചിരുന്നത്. അതിന്‍റെ പേരില്‍കുരിശേറേണ്ടിവന്ന ക്രിസ്തുവിന്‍റെ അനുയായികള്‍ വീണ്ടും മതത്തെ ചട്ടക്കൂടുകളില്‍ ഒതുക്കി നിര്‍ത്തിക്കൂടാ. മതത്തിന്‍റെ ആത്മാവു സ്നേഹമാണ്. സ്നേഹം ആശ്വാസമായും അനുകമ്പയായുമെല്ലാം മനുഷ്യജീവിതത്തോടുചേര്‍ന്നു നില്‍ക്കുന്നു. മനുഷ്യരെ മതത്തിന്‍റെ പേരില്‍ ചിറകെട്ടിത്തിരിക്കരുത്. മതാത്മകതയുടെ അതിര്‍വരമ്പുകളെ തകര്‍ത്തുകൊണ്ട് സര്‍വ്വമനുഷ്യരും പിതാവിന്‍റെ മക്കളാണെന്നു പറഞ്ഞുകൊണ്ട് സാര്‍വ്വത്രിക രക്ഷയുമായാണ് യേശു വന്നത്. വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കിയും രോഗികളെ സുഖപ്പെടുത്തിയും മനസ്സുതളര്‍ന്നു പോയവര്‍ക്ക് ബലം നല്‍കിയുമാണ് യേശു പ്രവര്‍ത്തിച്ചിരുന്നത്. അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം വഹിക്കുന്നവര്‍ക്കും അവിടെ ആശ്വാസമുണ്ട്. ഈ ഒരു ജീവിതബന്ധത്തിന്‍റേയും ശൈലിയുടേയും പേരാണു മതം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org