ആള്‍ക്കൂട്ടക്കൊലയ്ക്കെതിരെ പ്രമുഖര്‍ രംഗത്ത്

ആള്‍ക്കൂട്ടക്കൊലയ്ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 49 പ്രമുഖര്‍ പ്രധാനമന്ത്രിക്കു കത്തയച്ചു. മുസ്ലീങ്ങളെയും ദളിതരെയും കൂട്ടംചേര്‍ന്നു ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവണത അടിയന്തിരമായി തടയണമെന്നാവശ്യപ്പെട്ടാണ് ചലച്ചിത്ര, സാഹിത്യമേഖലയിലെ പ്രമുഖര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തയച്ചത്. എതിരഭിപ്രായമില്ലാതെ ജനാധിപത്യമില്ലെന്നു ചൂണ്ടിക്കാട്ടി രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, രേവതി, അനുരാഗ് കശ്യപ്, അപര്‍ണാസെന്‍, കൊങ്കണാ സെന്‍, സൗമിത്ര ചാറ്റര്‍ജി തുടങ്ങി അവര്‍ 49 പേര്‍. 'ജയ് ശ്രീറാം' എന്നത് ഇപ്പോള്‍ യുദ്ധപ്രഖ്യാപനമായി മാറിയെന്നു കത്തില്‍ പറയുന്നു.

കത്തിനു മറുപടിക്കത്തുമായി 61 പേര്‍ പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ചു. ആദ്യം കത്തെഴുതിയവര്‍ തിരഞ്ഞെടുക്കപ്പെട്ട ചില അതിക്രമങ്ങള്‍ക്കെതിരേ മാത്രമേ പ്രതികരിക്കുന്നുള്ളൂവെന്നു മറുപടിക്കത്തില്‍ ആരോപിച്ചു. "മാവോവാദികള്‍ ആദിവാസികളെ കൊല്ലുമ്പോഴും കശ്മീരില്‍ വിഘടവാദികള്‍ സ്കൂള്‍ കത്തിക്കണമെന്നു പറയുമ്പോഴും പ്രതികരിക്കാത്തവരാണു ചില സംഭവങ്ങളെ മാത്രം തെറ്റായി വ്യാഖ്യാനിക്കുന്നത്. ഭീകരരുടെ മുദ്രാവാക്യങ്ങള്‍ പ്രമുഖ സര്‍വ്വകലാശാലാ കാമ്പസുകളില്‍ വിളിച്ചപ്പോഴൊന്നും ഇവര്‍ പ്രതികരിച്ചു കണ്ടില്ല. പ്രത്യേക അജണ്ട വച്ചാണ് അവര്‍ പെരുമാറുന്നത്. ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരെ പ്രധാനമന്ത്രി പലതവണ പ്രതികരിച്ചിട്ടുണ്ട്"- കത്തില്‍ പറയുന്നു. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, ബോളിവുഡ് നടി കങ്കണ റണൗട്ട് സംവിധായകരായ മധുര്‍ ഭണ്ഡാരകര്‍, വിവേക് അഗ്നഹോത്രി, നര്‍ത്തകിയും രാജ്യസഭാ എം.പിയുമായ സോണാല്‍ മാന്‍സിങ് എന്നിവരടക്കമുള്ള പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും സര്‍ക്കാരിനെ വിമര്‍ശിക്കാനും അധിക്ഷേപിക്കാനും സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്നും കത്തില്‍ പറയുന്നു. രാജ്യത്തിന്‍റെ സ്വയംപ്രഖ്യാപിത സംരക്ഷകരും മനഃസാക്ഷി സൂക്ഷിപ്പുകാരുമായ 49 പേര്‍ അവരുടെ പക്ഷപാതപരമായ താല്പര്യങ്ങളും രാഷ്ട്രീയമായ പക്ഷപാതിത്വങ്ങളും പ്രകടിപ്പിച്ചുകൊണ്ടാണ് എഴുതിയിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിക്കുന്ന തെറ്റായ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇത്തരക്കാര്‍ നടത്തുന്നത്. ആക്രമണത്തില്‍ ആദിവാസികളും പാര്‍ശ്വവല്‍കൃതരും ഇരകളാക്കപ്പെട്ടപ്പോഴും വിഘടനവാദികള്‍ കാശ്മീരിലെ വിദ്യാലയങ്ങള്‍ ചുട്ടെരിക്കാന്‍ ആഹ്വാനം ചെയ്തപ്പോഴും ഇന്ത്യയെ വിഭജിക്കാനുള്ള ആവശ്യമുയര്‍ന്നപ്പോഴുമെല്ലാം ഇവര്‍ നിശബ്ദത പാലിക്കുകയായിരുന്നെന്നും കത്തില്‍ ആരോപിക്കുന്നു. മാത്രമല്ല കേരളത്തില്‍പ്പോലും ജയ് ശ്രീറാം വിളിച്ചു ജീവിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ചന്ദ്രനിലേക്ക് പോകണമെന്നു വരെ പറയാന്‍ ആളുണ്ടായി.

സര്‍ക്കാരിനെ പുകഴ്ത്തി 61 പ്രമുഖര്‍ അയച്ച തുറന്ന കത്തിനെ വിമര്‍ശിച്ചു. ബി.ജെ.പി.യുടെ പശ്ചിമ ബംഗാള്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ കൊച്ചുമകനുമായ ചന്ദ്രകുമാര്‍ ബോസ്. കത്ത് നരേന്ദ്ര മോദി സര്‍ക്കാരിനു നാണക്കേടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ആള്‍ക്കുട്ടക്കൊലപാതകത്തെക്കുറിച്ചുള്ള ആശങ്കകള്‍ പുറത്തു പറഞ്ഞ പ്രമുഖരെ ഞാന്‍ അഭിനന്ദിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്. അതേസമയം, ആള്‍ക്കൂട്ടക്കൊലപാതകങ്ങളും മതവും കൂട്ടിക്കുഴയ്ക്കരുത്. ആരാണു കത്തെഴുതിയെന്നും അതില്‍ ഒപ്പിട്ടതെന്നും ആശങ്കപ്പെടുന്നില്ല. കത്തിലെ ഉള്ളടക്കത്തെയാണു പിന്തുണയ്ക്കുന്നത്" – അദ്ദേഹം പറഞ്ഞു.

എല്ലാക്കാലത്തും നമുക്കു രണ്ടുതരം എഴുത്തുകാരുണ്ട്. Legitimising literature എഴുതുന്ന എഴുത്തുകാര്‍ നിലവിലുള്ള സംവിധാനങ്ങളെ അംഗീകരിച്ച് ഭരണാധികാരിക്ക് ഓശാന പാടി സാഹിത്യം പടച്ചുവിടുന്നവര്‍. എന്നാല്‍ രണ്ടാമത്തെ ഗ്രൂപ്പ് Revolutionary literature എഴുതുന്നവരാണ്. നിലവിലുള്ള സംവിധാനങ്ങളില്‍ മാറ്റം അനിവാര്യമാണ് എന്നു പറയുന്നവരാണിവര്‍. രാജാവിനെയും ഭരണാധികാരിയെയും സ്തുതി ചൊല്ലി നിലവിലുള്ള തെറ്റായ സംവിധാനങ്ങളെ നിലനിര്‍ത്താന്‍ അവര്‍ തയ്യാറല്ല. 49 പേരെയും 61 പേരെയും ഈ രീതിയില്‍ മനസ്സിലാക്കാനേ നമുക്കു സാധിക്കുകയുള്ളൂ.

ഫാസിസത്തിന്‍റെയും സ്വേച്ഛാധിപത്യത്തിന്‍റെയും നീരാളിപ്പിടുത്തത്തില്‍ പൗരന്മാരെ പിഴുതെറിയുന്ന കാലത്തുകൂടിയാണു നാം കടന്നു പോകുക. ആള്‍ക്കൂട്ടം വ്യക്തികളെ തല്ലിക്കൊല്ലുമ്പോള്‍ അതംഗീകരിക്കുകയും അതിനെതിരെ നടപടികളെടുക്കാത്ത ഭരണാധികാരികള്‍ക്ക് സ്തുതി ചൊല്ലുകയും ചെയ്യുന്നവരുടെ അവസ്ഥയും നാം തിരിച്ചറിയുന്നു. നിങ്ങളെന്തു ചെയ്യണമെന്ന് ഭരണാധികാരി തീരുമാനിക്കുന്ന കാലമാണിത്. ലാറ്റിനമേരിക്കയിലെ ഒരു തിരഞ്ഞെടുപ്പുകാലത്തെ ഒരു മത്സരാര്‍ത്ഥിക്കുവേണ്ടിയുള്ള പരസ്യവാചകം താഴെ ചേര്‍ക്കുന്നു.

"നിങ്ങള്‍ ഒന്നും ചിന്തിക്കേണ്ടതില്ല, അവന്‍ നിങ്ങള്‍ക്കുവേണ്ടി ചിന്തിച്ചുകൊള്ളും, നിങ്ങള്‍ ഒന്നും സംസാരിക്കേണ്ടതില്ല, അവന്‍ നിങ്ങള്‍ക്കുവേണ്ടി സംസാരിച്ചുകൊള്ളും. നിങ്ങള്‍ ചിന്തിക്കുന്ന, നിങ്ങള്‍ സംസാരിക്കുന്ന കാലം അവസാനിച്ചിരിക്കുന്നു എല്ലാം അവന്‍ ചെയ്തുകൊള്ളും. നിങ്ങള്‍ക്കു ജീവിതമില്ല. ജീവിതമെന്നൊക്കെ പറയുന്നത് അവനു മാത്രം അവകാശപ്പെട്ടതല്ലേ."

ഇതോടു ചേര്‍ത്തു വായിക്കാന്‍ ബോംബെ ഡൈയിങ്ങിന്‍റെ ഒരു പഴയ പരസ്യവാചകം കൂടി ശ്രദ്ധിക്കൂ: "നിങ്ങള്‍ക്കു വേണ്ടതെല്ലാം ഞങ്ങള്‍ നല്‍കാം. ഞങ്ങള്‍ നല്‍കുന്നതെല്ലാം നിങ്ങള്‍ക്കു വേണ്ടതത്രേ."

ആദ്യത്തെ വാചകം നാം ഇഷ്ടപ്പെടും. കാരണം നമുക്കു വേണ്ടതെല്ലാം ആരെങ്കിലും നല്‍കുമെങ്കില്‍ അതു നല്ല കാര്യമല്ലേ. പക്ഷേ രണ്ടാമത്തെ വാചകം ശ്രദ്ധിക്കൂ. അതിന്‍റെ അര്‍ത്ഥം അവന്‍ നല്‍കുന്നതു മാത്രം നമ്മള്‍ ആഗ്രഹിച്ചാല്‍ മതി എന്നര്‍ത്ഥം. നമ്മുടെ ആവശ്യങ്ങളെ അവന്‍ നിയന്ത്രിക്കും. എന്തു ഭക്ഷിക്കണം, എന്തു ചിന്തിക്കണം, എന്തു സംസാരിക്കണം എന്നൊക്കെ അവന്‍ തീരുമാനിക്കും. ഇതാണു ഫാസിസം. നിങ്ങള്‍ ആര്‍ക്കു കുടപിടിക്കും?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org