അക്കിത്തം: പോരാളിയും സന്ന്യാസിയുമായ കവി

ഹൃദയത്തിനു മേല്‍ ദൈവത്തിന്‍റെ കയ്യൊപ്പുള്ള ഒരാളെ ഒരു സങ്കീര്‍ത്തനകാരന്‍ നമുക്കു പരിചയപ്പെടുത്തിത്തന്നിട്ടുണ്ടല്ലോ. ജീവിതത്തിലാകമാനവും ചുറ്റു പാടുകളിലൊക്കെയും ദൈവത്തിന്‍റെ കയ്യൊപ്പു ദര്‍ശിച്ച കവിയാണ് അക്കിത്തം. ആ ദര്‍ശനവഴികളിലെ മഹത്ത്വം കണ്ടെടുക്കാന്‍ കഴിയുക ജീവിതത്തിലെ പുണ്യമാണ്.

അക്കിത്തം ഋഷിതുല്യനായ കവി എന്നാണു പത്രങ്ങളില്‍ അടിച്ചുവന്നത്. എന്നാല്‍ എം. തോമസ് മാത്യു പറയുന്നു കവിയാണോ ഋഷിയുമാണ്. അക്കിത്തം കവിയാണ്, ഋഷിയുമാണ്. കാഴ്ചയിലാണു ഋഷിത്വവും കവിത്വവും. അക്കിത്തം കാണുകയും നമ്മുടെ കാഴ്ചകള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തത് അസാധാരണമായ കാര്യങ്ങളൊന്നുമല്ല, വേലിത്തറിയില്‍ വീണ പൂവിന്‍റെ സൗന്ദര്യമാണ്. ഇടിഞ്ഞു പൊളിഞ്ഞ ലോകം എന്ന കവിത ഒരു സാധാരണ ജീവിതത്തിലെ ഒരു സാധാരണ ദിനത്തില്‍ ആരംഭിക്കുന്നു. രാവിലെ കുളിക്കാനിറങ്ങിയ വഴിക്ക് അരികെയുള്ള പൊന്തയില്‍ വിരിഞ്ഞുനില്‍ക്കുന്ന ഒരു പൂവ് കണ്ണില്‍ പതിയുന്നു. ആ പൂവില്‍ പതിച്ച മഴത്തുള്ളിയെ നോക്കി പാടി:

ഉലകിലെ മധുരാനന്ദം മുഴുവനു-
മൂറിയിരിപ്പുണ്ടതിനുളളില്‍
നിത്യനിരാമയ ലാവണ്യോ ജ്ജ്വല-
സത്യമിരിപ്പുണ്ടതിനുള്ളില്‍

സത്യാന്വേഷണം ഋഷിയും കവിയുമായ ഒരാളുടെ ജീവിത ദൗത്യമാണ്. ആനപ്പുറത്തു കേറ്റാന്‍ വാശി പിടിച്ച കുട്ടികളോടു പറഞ്ഞത് ജീവിതത്തിന്‍റെ പരമമായ സത്യമായി നമ്മില്‍ നിറയുന്നു. അതൊരു പുതിയ കാഴ്ചയും കാഴ്ചപ്പാടുമായിത്തീരുന്നു.

എന്‍റെയല്ലെന്‍റെയിക്കൊമ്പനാനകള്‍
എന്‍റെയല്ലീ മഹാക്ഷേത്രവും മക്കളേ.

മലയാള കവിതയില്‍ പാരമ്പര്യത്തിനും ആധൂനികതയ്ക്കുമിടയില്‍ പാലമായി നിന്ന ഒരേയൊരു കവിയാണ് അക്കിത്തം. സ്നേഹത്തിന്‍റെ മഹാ പ്രകാശമാണ് അക്കിത്തത്തിന്‍റെ കവിതകള്‍. മറ്റുള്ളവര്‍ക്കായി ഒരു കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍ സ്വന്തം ആത്മാവില്‍ ആയിരം സൗരമണ്ഡലം ഉദിച്ചുയരുമെന്നും അക്കിത്തം മലയാളിയെ ബോധ്യപ്പെടുത്തി. പ്രശാന്തസുന്ദരമായ കവിതകള്‍ കൊണ്ട് മലയാളിയെ സമ്പന്നമാക്കിയ കവിതകളാണ് അക്കിത്തത്തിന്‍റേത്. എന്നാല്‍ ഹൃദയത്തിലേക്കു തീ കോരിയിടുന്ന കവിതകളും അക്കിത്തത്തിന്‍റേതായുണ്ട്.

നിരത്തില്‍ കാക്ക കൊത്തുന്നു
ചത്തപെണ്ണിന്‍റെ കണ്ണുകള്‍
മുല ചപ്പിവലിക്കുന്നു
നരവര്‍ഗനവാതിഥി

ഇതു വായിക്കുന്ന ആരുടെയും ഉള്ളു പൊള്ളും.

അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം ഉള്ളു പൊള്ളിക്കുന്ന ഇതിഹാസമായി മാറി. പോരാളിയും സന്ന്യാസിയും ഒരാളില്‍ ഒന്നിച്ചതിന്‍റെ ഋഷിദര്‍ശനമാണ് അക്കിത്തം കവിതകള്‍

ഒരുകണ്ണീര്‍ക്കണം മറ്റു-
ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍ മറ്റു-
ള്ളവര്‍ക്കായ് ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിര്‍മ്മല പൗര്‍ണമി
അറിഞ്ഞീലിത്രനാളും ഞാ-
നിദ്ദിവ്യപുളകോല്‍ഗ്ഗമം
ആ മഹാനഷ്ടമോര്‍ത്തോര്‍ത്തു
കുലുങ്ങിക്കരയുന്നു ഞാന്‍

അറിയായ്കകള്‍കൊണ്ടു ഞാനടച്ചു കളഞ്ഞ വാതിലുകള്‍ ഇനി എനിക്കു തുറന്നു കിട്ടുമോ എന്ന ഒരു തേങ്ങല്‍ നമ്മുടേയും ഉള്ളില്‍ നാം അനുഭവിക്കുന്നതാണ്.

കാല്പനികമായ മായക്കാഴ്ചകളില്‍ ഭ്രമിച്ചുനിന്ന മലയാളകവിതയെ ജീവിതത്തിന്‍റെ പൊള്ളിക്കുന്ന കനല്‍കാഴ്ചകളിലേയാക്കാ നയിച്ച കവിയെന്ന് ജ്ഞാനപീഠം ജൂറി അംഗം കൂടിയായ പ്രഭാവര്‍മ്മ അക്കിത്തത്തെ വിലയിരുത്തുന്നു. എല്ലാം സ്വന്തമാക്കാനുള്ള സ്വാര്‍ത്ഥത നിറഞ്ഞ ഒരു കാലത്ത് അദ്ദേഹം എഴുതി:

"വെളിച്ചം ദുഃഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം."

ജ്ഞാനപീഠം ലഭിച്ച അക്കിത്തത്തിന്‍റെ വീട്ടിലെത്തി സ്പീക്കര്‍ അദ്ദേഹത്തിന്‍റെ കാല്‍ തൊട്ടുവണങ്ങുന്ന ഒരു ചിത്രം പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അക്കിത്തം ജ്ഞാനിയാണ്, വിശുദ്ധ വഴിയില്‍ സഞ്ചരിക്കുന്ന ഋഷിയും കവിയുമാണ്. നമുക്ക് കാല്‍ തൊട്ടുവണങ്ങാം. അതു പുണ്യമാര്‍ഗമാകും. അഗാധമായ ഉള്‍ക്കാഴ്ച, ദാര്‍ശനികമായ ഭാവദീപ്തി, നവീനമായ ഒരു ഭാവുകത്വം. ഇവയാണു അക്കിത്തത്തിന്‍റെ കവിതകളെ കവിത്വം മഹത്ത്വം എന്നു പറയാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. എല്ലാ ജീവജാലങ്ങളോടും സ്നേഹവും കരുണയും ഉണ്ടാവണമെന്നു മാത്രമാണ് കവിതകളിലൂടെ പറയാന്‍ ശ്രമിച്ചതെന്ന് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ജ്ഞാനപീഠ പുരസ്കാര നിറവില്‍ അമേറ്റിക്കര അക്കിത്തത്തു മനയ്ക്കലെ ദേവയാനത്തിന്‍റെ പൂമുഖത്തിരുന്നു പറഞ്ഞതോര്‍ത്താല്‍ ആ മഹത്ത്വം നമുക്കു വെളിച്ചത്തിന്‍റെ സന്തോഷം പകരും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org