എവിടെ തൊഴിലാളി?

വര്‍ത്തമാനകാലത്തെ ഏറ്റവും ശക്തനായ എഴുത്തുകാരനാണ് യുവല്‍ നോവാഹരാരി (Yuval Noah Harari). അദ്ദേഹത്തിന്‍റെ Homo sapiens, Homo Deus എന്ന രണ്ടു ഗ്രന്ഥങ്ങള്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയവയാണ്. ഇപ്പോഴിതാ ഒരു പുതിയ പുസ്തകവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നു. പുസ്തകത്തിന്‍റെ പേര് 21 Lessons for the 21st Century എന്നാണ്. ആ ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നു, അറിവാണു ശക്തി (knowledge is power) എന്നാണു നാം മുമ്പു കേട്ടിരുന്നത്. ഇപ്പോഴാകട്ടെ പ്രസക്തിയും വ്യക്തതയുമാണു ശക്തി (Now Relevance and clarity is power) എന്നു വന്നുചേര്‍ന്നിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളുമെല്ലാം ചേര്‍ന്ന് അവ്യക്തവും അപ്രസക്തവുമായ വിവരങ്ങള്‍ നമ്മുടെ ജീവിതത്തിലേക്കു കുത്തിനിറയ്ക്കുകയാണ്. ഒപ്പം ഒരു കാലത്തു പ്രസക്തിയുണ്ടായിരുന്നതും ഇന്നു പ്രസക്തി നഷ്ടപ്പെട്ടതുമായ കാര്യങ്ങള്‍ തോളിലേറ്റി സഞ്ചരിക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുന്നു. നോക്കുകൂലി പോലുള്ള നിലവാരമില്ലാത്ത രീതികള്‍ ഇന്നും തുടരാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു.

കഴിഞ്ഞ ആഴ്ചയില്‍ ദേശവ്യാപകമായി ഒരു തൊഴിലാളി സമരം നടന്നു. തൊഴിലില്ലാത്തവരുടെ പ്രശ്നങ്ങള്‍, തൊഴിലുള്ളവര്‍ക്ക് തൊഴിലുറപ്പിന്‍റെ പ്രശ്നങ്ങള്‍, മിനിമംവേതനത്തിന്‍റെ പ്രശ്നങ്ങള്‍ എന്നിവയായിരുന്നു സമരമുഖത്തു മുഴങ്ങിക്കേട്ട ആവശ്യങ്ങള്‍. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഒരു റ്റി.വി. ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ഒരാള്‍ ഒരു ചോദ്യം ഉന്നയിച്ചു. എവിടെ തൊഴിലാളി? ആരും കൃത്യമായ ഉത്തരം പറഞ്ഞില്ല. ഇതു വളരെ പ്രസക്തമായ ചോദ്യമാണ്. പണ്ടുകാലത്ത് തൊഴിലാളി-മുതലാളി ഉണ്ടായിരുന്നു. അന്നത്തെ കാഴ്ചപ്പാടിലുള്ള തൊഴിലാളിയില്ലാതായി. ഒന്നുകില്‍ എല്ലാവരും മുതലാളി അല്ലെങ്കില്‍ എല്ലാവരും തൊഴിലാളി. സംരഭകത്വ പ്രോത്സാഹനങ്ങള്‍ ശ്ലാഘനീയം. അതു കൊണ്ടുവരുന്ന പുതിയ മാറ്റങ്ങള്‍ അംഗീകരിക്കണമെന്നു മാത്രം. ഡല്‍ഹി മെട്രോയില്‍ പലയിടത്തും മെട്രോ ട്രെയിനില്‍ ഡ്രൈവറോ കണ്ടക്ടറോ ആരുമില്ല. വണ്ടി സ്റ്റേഷനില്‍നിന്നു നിയന്ത്രിക്കുകയാണ്. ഇപ്പോള്‍ പ്ലെയിന്‍ ടിക്കറ്റും ട്രെയിന്‍ ടിക്കറ്റുമെല്ലാം നമുക്കുതന്നെ ഓണ്‍ ലൈനില്‍ ബുക്ക് ചെയ്യാം. ഊബര്‍ടാക്സികള്‍ തൊഴില്‍ മേഖലയിലെ പുതിയ വെല്ലുവിളികളാണ്. ഇപ്പോള്‍ ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിക്കേണ്ടതില്ല, ഭക്ഷണം ഓണ്‍ലൈനില്‍ ബുക്കു ചെയ്താല്‍ വീട്ടിലെത്തും. റോബോട്ടിക് സംവിധാനങ്ങള്‍കൊണ്ട് പലതും മനുഷ്യരേക്കാള്‍ പെര്‍ഫക്റ്റായിട്ട് കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതയൊരുക്കുന്നു. പാരമ്പര്യ തൊഴിലുകള്‍ എല്ലാംതന്നെ തകര്‍ച്ചയിലാണ്. മത്സ്യത്തൊഴിലാളികള്‍ക്കു പണിയില്ലാതായി. ഈ മേഖല വല്ലാത്ത പ്രതിസന്ധിയിലാണ്. കടലും തീരവും മത്സ്യത്തൊഴിലാളികള്‍ക്കു സ്വന്തമല്ലാതായി. കയര്‍മേഖലയും കാര്‍ഷികരംഗവുമെല്ലാം തകര്‍ച്ചയിലാണ്. തൊഴിലവസരങ്ങള്‍ പലവിധത്തില്‍ കുറയുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടി തൊഴിലാളികളുടെ പേരില്‍ രൂപം കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ്. തൊഴിലാളികളേ ഇല്ലാതായാല്‍ പിന്നെ പാര്‍ട്ടിക്കു പ്രസക്തി എന്ത്? പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെടുന്നു എന്നതാണ് കമ്യൂണിസ്റ്റു പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പ്രത്യേയ ശാസ്ത്രങ്ങള്‍ക്കു പ്രസക്തിയില്ലാതായാല്‍ ഉണ്ടാകാവുന്ന അരാജകത്വാവസ്ഥ ഇപ്പോള്‍ പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ പലതും അപ്രസക്തമാകുന്നു, പലതിനും വ്യക്തതയും ഇല്ല. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ വ്യക്തമായും പ്രസക്തിയോടെയും നോക്കി കാണാന്‍ കഴിയുന്നവരാണ് ശക്തര്‍.

ഇന്നു തൊഴിലാളി ഒറ്റപ്പെട്ടിരിക്കുന്നു. കോര്‍പ്പറേറ്റുകള്‍ മേല്‍ക്കൈ നേടിയിരിക്കുന്നു. വ്യവസായ വിപ്ലവകാലത്ത് തൊഴിലാളി മെഷീനിലെ നട്ടായി മാറിയെന്നു വിലയിരുത്തിയെങ്കില്‍ ഇന്ന് തൊഴിലാളിതന്നെ അപ്രസക്തനായിരിക്കുന്നു. തൊഴിലാളിക്കിടമില്ല. തൊഴിലാളിയെ കാണാനുമില്ല. എവിടെയൊക്കെയോ ഒറ്റപ്പെട്ടിരിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് തൊഴിലാളി ഒരു വിഷയമല്ല. പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ഉയര്‍ന്നു നില്‍ക്കുന്നു. സ്ത്രീകളെ ദേവതയായി ചിത്രീകരിക്കുകയും ചുട്ടെരിക്കുകയും ചെയ്യുന്നു. ഒന്നു രാത്രി നടക്കാന്‍ സാധിക്കുന്നില്ല. പൊതുവിടം ഞങ്ങളുടേതുമാണ് എന്നു പ്രഖ്യാപിച്ചു കൊണ്ട് പൊലീസിനെ റോഡില്‍ നിര്‍ത്തി സ്ത്രീകള്‍ കൂട്ടമായി നടക്കാനിറങ്ങേണ്ട ഗതികേടിലാണ്. സിഗററ്റിന്‍റെ കൂടില്‍ ആരോഗ്യത്തിനു ഹാനികരം എന്നെഴുതിവച്ചിട്ട് വലിപ്പിക്കുന്നു. സമാനമായ അവസ്ഥ തൊഴില്‍മേഖലയിലും പ്രസക്തം. ഇതുപോലെതന്നെ തൊഴിലാളിക്ഷേമം പറയാത്ത പാര്‍ട്ടികളില്ല. പക്ഷേ ആര്‍ക്കും അവരെ വേണ്ട. ഒരു നിയമവും അവര്‍ക്കുവേണ്ടി നിര്‍മ്മിക്കാന്‍ തയ്യാറില്ല. മത്സ്യത്തൊഴിലാളികള്‍ക്കു നാടും തീരവും നഷ്ടമാകുന്നു. കര്‍ഷകര്‍ക്കു ഭൂമിയില്ലാതാകുന്നു. കയര്‍മേഖലയില്‍ വല്ലാത്ത ദുരന്താവസ്ഥ സംജാതമായിരിക്കുന്നു. തൊഴിലാളിയെക്കുറിച്ച് ഇന്നാര്‍ക്കും വ്യക്തതയും പ്രസക്തിയുമില്ല. താത്ത്വികമയായി കാലയവനികയ്ക്കപ്പുറത്തേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. അന്വേഷിച്ചിറങ്ങിയാല്‍ ചരിത്രത്തിലും അവര്‍ ഉണ്ടാവില്ല.

അതിദാരുണമായ ഇത്തരം സാഹചര്യം നിലനില്‍ക്കുമ്പോള്‍ സര്‍ക്കാരുകള്‍ മതകാര്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടു നടക്കുന്ന കോലാഹലങ്ങള്‍ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുമ്പോള്‍ ഇവിടത്തെ സാമ്പത്തിക മാന്ദ്യം തൊഴില്‍മേഖലയിലെ പ്രതിസന്ധികള്‍ എന്നിവ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേരമില്ലാതാകുന്നു. ഒപ്പം ഇത്തരം കാര്യങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു. തൊഴില്‍മേഖലയെ താങ്ങുന്നില്ലെങ്കില്‍ നാടിന്‍റെ അവസ്ഥ തകരാറിലാകും. ഏവരും ജാഗ്രതപാലിക്കേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org