മത്സ്യപ്രതിസന്ധി മലയാളിയുടെ രുചിമേശയിലും ഫോര്‍മാലിന്‍ മത്സ്യത്തിലും മനസ്സിലും

മത്സ്യപ്രതിസന്ധി മലയാളിയുടെ രുചിമേശയിലും ഫോര്‍മാലിന്‍ മത്സ്യത്തിലും മനസ്സിലും

മത്സ്യമേഖലയില്‍ വല്ലാത്ത പ്രതിസന്ധി നിലനില്‍ക്കുന്നു. കേരളത്തിന്‍റെ രുചിമേശയെയും അതു വല്ലാണ്ടു ബാധിച്ചിരിക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു കൊണ്ടുവന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിരുന്നു എന്ന പേരില്‍ വാളയാര്‍ ചെക്ക്പോസ്റ്റില്‍ മത്സ്യം പിടിച്ചുവച്ച വിവരം മൂന്നു നാലു ദിവസമായി മാധ്യമങ്ങളില്‍ ഇടംപിടിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനകളും വാര്‍ത്തകളും കേരളത്തിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നിപ വയറസ്സുമായി ബന്ധപ്പെട്ട് വളരെ പെട്ടെന്ന് ആളുകളെ അതിരുകടന്ന് ഭയപ്പെടുത്തിയ അതേ മാതൃകയില്‍ത്തന്നെയാണ് ഈ വിവരവും കേരളത്തെ ഭയപ്പെടുത്തിയിരിക്കുന്നത്. ഫോര്‍മാലിനോ മറ്റെന്തെങ്കിലും രാസവസ്തുക്കളോ കലര്‍ത്തി മത്സ്യം വില്‍ക്കുന്നുവെങ്കില്‍ അതു പിടിച്ചെടുക്കുകയും കാര്‍ക്കശ്യത്തോടെ ശിക്ഷിക്കുകയും ചെയ്യേണ്ടതാണ്. മത്സ്യത്തെ ഫോര്‍മാലിന്‍ കലര്‍ത്തി മരവിപ്പിക്കുന്നവരുടെ മനസ്സില്‍ നേരത്തേ ഫോര്‍മാലിന്‍ കലരുകയും മരവിക്കുകയും ചെയ്തിട്ടുണ്ടാകണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നു നിതാന്തമായ ജാഗ്രതയും കൃത്യമായ നടപടികളും അനിവാര്യമാണ്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം സര്‍ക്കാരിന്‍റെ ഗൗരവമേറിയ ഉത്തരവാദിത്വമാണ്. അതോടൊപ്പം അനാവശ്യപ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതു തടയുകയും വേണം. ഒരുകാലത്ത് വെളിച്ചെണ്ണ കൊളസ്ട്രോളും മറ്റു രോഗങ്ങളും ഉണ്ടാക്കുമെന്ന് ഡോക്ടേഴ്സിന്‍റെയും ശാസ്ത്രജ്ഞരുടെയും പേരില്‍ വാര്‍ത്ത വന്നിരുന്നു. അതു മറ്റു പല എണ്ണകളും വിറ്റഴിക്കാനുള്ള തന്ത്രമായിരുന്നു എന്നു പിന്നീടു തെളിഞ്ഞു. സമാനമായ ഒരു തന്ത്രം ഇക്കാര്യത്തില്‍ ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഈ പ്രചാരണത്തെ തുടര്‍ന്ന് ഇറച്ചിക്കച്ചവടം പൊടിപൊടിക്കുന്നു, കായല്‍മത്സ്യങ്ങള്‍ക്കു പ്രിയമേറി. ചില സിനിമാക്കാര്‍തന്നെ സിനിമയിലെ ഏതെങ്കിലും പ്രമേയവുമായി ബന്ധപ്പെടുത്തി വിവാദമുണ്ടാക്കിയശേഷം സിനിമ റിലീസ് ചെയ്യാറുണ്ട്. കൊച്ചിയിലെ സിഫ്റ്റുകാരാണ് മത്സ്യത്തിലെ മാലിന്യം കണ്ടെത്താനുള്ള പേപ്പര്‍ ക്വിറ്റ് ഉടന്‍ പുറത്തിറക്കുന്നത്. അവരുതന്നെയാണ്, മത്സ്യത്തിലെ വിഷ സാന്നിധ്യം കണ്ടുപിടിക്കുന്നതും. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നം താനേ ഉണ്ടായതോ ഉണ്ടാക്കിയതോ എന്നു കണ്ടെത്തേണ്ടതുണ്ട്. മഴ കുറഞ്ഞ് ചാകര പ്രത്യക്ഷപ്പെടുന്ന സമയം നോക്കി ഇങ്ങനെയൊരു ഭീതി പരത്തലിനു പിന്നില്‍ എന്തൊക്കെയോ ലക്ഷ്യമുണ്ടെന്ന് വേണം കരുതാന്‍.

ട്രോളിങ്ങ് നിരോധനം ബോട്ടുകാര്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ അങ്കലാപ്പിലാക്കുന്ന ഒരു വിധി പ്രസ്താവനയുമായി കേരളാ ഹൈക്കോടതി മുന്നോട്ടു വന്നിരിക്കുന്നു. ശ്രീ. ചാര്‍ളി ജോര്‍ജ് കൊടുത്ത കേസിലാണു വിധി. ജൂണ്‍-ജൂലൈ മാസങ്ങളില്‍ ബോട്ടുകാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വര്‍ഷക്കാല ട്രോളിങ്ങ് നിരോധനം പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമാക്കണമെന്നാണ് വിധി. 17.7.2006-ല്‍ ബഹു. സുപ്രീം കോടതി 10 എച്ച്.പി. ക്കു മുകളിലുള്ള എഞ്ചിന്‍ ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യ ബന്ധനയാനങ്ങള്‍ക്കും വര്‍ഷകാല ട്രോളിങ്ങ് നിരോധനം ബാധക മാണെന്നു വിധിച്ചിരുന്നു. ഈ വിധിയെ മറുകടക്കാന്‍ അന്ന് ഫിഷറീസ് മന്ത്രിയായിരുന്ന ശ്രീ. എസ്. ശര്‍മ്മ 20.07.2007-ല്‍ കേരള നിയമ സഭയില്‍ അവതരിപ്പിച്ച 2007 ലെ കേരള വര്‍ഷക്കാല മത്സ്യബന്ധനം (സമുദ്രോപരിതലം) സംരക്ഷണബില്‍ കേരള നിയമസഭ പാസ്സാക്കി. അങ്ങനെ സുപ്രീം കോടതി വിധിയില്‍നിന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുകയുണ്ടായി. സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ പരമ്പരാഗത മത്സ്യബന്ധനത്തിന്‍റെ കാര്യം വേണ്ടവണ്ണം അവതരിപ്പിച്ചിട്ടില്ലെന്നു വേണം കരുതാന്‍. സുപ്രീം കോടതി വിധിയും അതു മറികടക്കാന്‍ കേരള നിയമസഭ പാസ്സാക്കിയ 2007 ലെ നിയമം നിലനില്‍ക്കുന്ന വിവരവും കോടതിയെ ധരിപ്പിച്ചിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല പരമ്പരാഗത മത്സ്യബന്ധനം ട്രോളിങ്ങല്ല എന്നതും ബോധ്യപ്പെടുത്തിയിട്ടുണ്ടാവില്ല. പരമ്പരാഗത മത്സ്യ ത്തൊഴിലാളികള്‍ ഉപരിതല മത്സ്യബന്ധനമാണു നടത്തുക. അതറിയപ്പെടുന്നതു പെലാജിക് മത്സ്യബന്ധനമെന്നാണ്. എന്നാല്‍ ബോട്ടുകാര്‍ ബോട്ടം ട്രോളിങ്ങാണു നടത്തുക. അത് കടലിന്‍റെ അടിത്തട്ടിലൂടെ സകലതും വാരിയെടുക്കുന്ന പണിയാണ്. അതു കടലിന്‍റെ ആവാസ വ്യവസ്ഥയെത്തന്നെ തകര്‍ക്കും. ഇതിന്‍റെ ഒരു ചരിത്രം പരിശോധിച്ചാല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് കടലില്‍ വ്യാപകമായി സ്ഥാപിച്ചിരുന്ന മൈനുകളെ കോരിയെടുത്തു നീക്കം ചെയ്യുന്നതിനുവേണ്ടി ഉണ്ടാക്കിയ വലയാണിത്. അതു പിന്നീടു മത്സ്യബന്ധനത്തിന് ഉപയോഗിച്ചു തുടങ്ങിയതാണ്. നോര്‍വ്വേയിലാണ് ഇത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു തുടങ്ങിയത്. അവിടെ ഇതിന്‍റെ അമിതമായ ഉപയോഗം മൂലം മത്സ്യസമ്പത്തു നശിക്കുകയാല്‍ ട്രോളിങ്ങ് നിരോധിക്കേണ്ടി വന്നു. ഇന്‍ഡോ നോര്‍വീജിയന്‍ പ്രോജക്റ്റിന്‍റെ ഭഗമായാണ് ഇത് ഇന്ത്യയിലെത്തുന്നത്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ മത്സ്യത്തിന്‍റെ പ്രജനന കാലമാകയാല്‍ ബോട്ടം ട്രോളിങ്ങ് നിരോധിക്കേണ്ടതാവശ്യമാണ്. എന്നാല്‍ ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യബന്ധനം തടയേണ്ടതില്ല. മാത്രമല്ല ഇക്കാലത്ത് പരമ്പരാഗത രീതിയില്‍ മത്സ്യബന്ധനം നടത്തുന്നില്ലെങ്കില്‍ മത്സ്യസമ്പത്തു നമുക്കു നഷ്ടപ്പെടുകയും ചെയ്യും. പരമ്പരാഗതമത്സ്യത്തൊഴിലാളികള്‍ കണ്ണി അടുപ്പമുള്ള അടക്കംകൊല്ലി വലകള്‍ ഉപയോഗിക്കുന്നതു തടയാവുന്നതാണ്. എന്തായാലും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഒരു റിവ്യൂ പെറ്റീഷന്‍ നല്‍കേണ്ടതുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ഇതു ബാധകമാക്കണമെങ്കില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു തൊഴിലില്ലാവേതനം അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org