Latest News
|^| Home -> Pangthi -> ഉള്‍പ്പൊരുള്‍ -> മാററം അനിവാര്യം, പുതിയകാലത്തിന്റെ വെല്ലുവിളികള്‍ക്കൊത്ത്

മാററം അനിവാര്യം, പുതിയകാലത്തിന്റെ വെല്ലുവിളികള്‍ക്കൊത്ത്

ഫാ. സേവ്യര്‍ കുടിയാംശേരി

എല്ലാവരും പറഞ്ഞു തുടങ്ങി ഇനി നമുക്ക് കൊറോണായോടൊത്തു ജീവിച്ചേ മതിയാവൂ എന്ന്. അതു ശരിയാണ്. ഇനി പേടിച്ചിരുന്നിട്ടു കാര്യമില്ല, പുറത്തേക്കിറങ്ങാം, നേരിടാം. പക്ഷേ പഴയരീതിയില്‍ ഇനി നമുക്കു ജീവിക്കാനാവില്ല. ഇനിയുള്ള കാലം ഒരു പുതിയ ജീവിതം. നാട് നവീകരിക്കപ്പെടണം. ശുദ്ധിയുള്ള വീടും പരിസരവും, പച്ചപ്പാര്‍ന്ന ചുറ്റുപാടുകള്‍. കൂടുതല്‍ ഉത്തരവാദിത്വമുള്ള ജീവിതശൈലി. എല്ലാവരും അദ്ധ്വാനിക്കണം. പരസ്പരമുള്ള കരുതല്‍ അനിവാര്യം. മറ്റെല്ലാവരും സുഖമായാലേ എനിക്കും സുഖമാകുകയുള്ളൂ. പ്രകൃതിയോടു ചേര്‍ന്നു ജീവിച്ചാലേ പ്രതിരോധശേഷി വര്‍ദ്ധിക്കുകയുള്ളൂ, ഭക്ഷ്യസുരക്ഷ ഉറപ്പാകുകയുള്ളൂ. കൃഷി എല്ലാവരുടേയും ദൗത്യമാണ്. ഭക്ഷണം സ്വന്തമായി കൃഷി ചെയ്തെടുക്കണം എന്നത് കാലത്തിന്‍റെ അനിവാര്യതയാകുന്നു. ആര്‍ഭാടമായ ജീവിതം ഉപേക്ഷിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. ഉള്ളതിലൊതുങ്ങി ചെറിയതോതില്‍ ദിവസങ്ങള്‍ തള്ളിനീക്കാന്‍ നാം പരിശീലിച്ചു കഴിഞ്ഞു.

ആരാധനാലയങ്ങള്‍ തുറക്കപ്പെടാത്തതില്‍ ഒരുപാടു പേര്‍ക്കു ബുദ്ധിമുട്ടുണ്ട്. എന്നാലും ചില ഭാവാത്മകവശങ്ങള്‍ ഇതിലുണ്ട്. പള്ളിയിലെ ആചാരാനുഷ്ഠാനങ്ങള്‍ അല്പം അതിരു കടന്നിട്ടുണ്ടായിരുന്നു. വീട്ടിലെ പ്രാര്‍ത്ഥന പള്ളിയേറ്റെടുക്കുകയായിരുന്നു. മതങ്ങള്‍ രൂപംകൊണ്ടിട്ടുള്ളത് ആലയങ്ങളിലല്ല വീടുകളിലാണ്. കുറച്ചുകാലമായി ഒരു നിയന്ത്രണമില്ലാതെ ആളെ കൂട്ടുകയും വിശ്വാസികള്‍ക്കു സ്വൈര്യം കൊടുക്കാത്ത കണക്ക് പുതിയ പുതിയ പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുപോന്നു. ഇപ്പോള്‍ ആളുകള്‍ വീടുകളില്‍ മതം ജീവിക്കാന്‍ പരിശീലിച്ചു കഴിഞ്ഞു. കൊറോണയുടെ ഇന്‍ഡ്യന്‍ അവസ്ഥ പഠിച്ചാല്‍ ഈ അടുത്തകാലത്തൊന്നും സാധാരണ രീതിയിലുള്ള പള്ളി തുറക്കല്‍ അനുവദിക്കാനാവില്ല. തുറന്നു തന്നേ പറ്റൂ എന്ന് നമുക്കു ശാഠ്യം പിടിക്കാനുമാവില്ല. നിബന്ധനകളോടെ തിങ്കളാഴ്ച മുതല്‍ തുറക്കാമെന്നു ചീഫ് സെക്രട്ടറി പറഞ്ഞു കഴിഞ്ഞു. നമ്മളോര്‍ക്കണം സ്കൂളുകള്‍ പോലും ഓണ്‍ലൈനിലാണു തുറന്നത്. സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുള്ള ഒരു തന്‍റേടം തന്നെയാണത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ അഭിനന്ദിച്ചേ പറ്റു. നാളേയ്ക്കുള്ള ചുവടുമാറ്റത്തിന് ഇന്നേ തുടക്കം കുറിക്കാന്‍ കഴിഞ്ഞു. നല്ല പോലെ ഗൃഹപാഠം ചെയ്തൊരുങ്ങിത്തന്നെയാണ് ക്ലാസ്സുകള്‍ ആരംഭിച്ചിരിക്കുന്നത്. ഇനി പഴയതുപോലെ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ കുട്ടികള്‍ സ്കൂളുകളിലെത്തേണ്ടതില്ല. പഠനത്തിനാവശ്യമായ കണ്ടന്‍റ് യൂറ്റ്യൂബിലും മറ്റും ലഭ്യമാണ്. കുട്ടികള്‍ക്ക് അത് അനായാസം കണ്ടെത്താവുന്നതേയുള്ളൂ. സാമൂഹികബോധത്തിനും പൗരബോധത്തിനും സാമൂഹികജീവിത പരിശീലനത്തിനുമായി ആഴ്ചയില്‍ രണ്ടു ദിവസം കുട്ടികള്‍ സ്കൂളില്‍ വന്നാല്‍ മതി. ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ ക്ലാസ്സുകള്‍ ഒരുപോലെ കുട്ടികള്‍ക്കു ലഭിക്കുന്നു. മാത്രമല്ല ഏറ്റവും നല്ല അദ്ധ്യാപകരുടെ ക്ലാസ്സു ലഭിക്കാന്‍ അവസരം കിട്ടുന്നു. പ്രാദേശിക അനുരൂപണം ലഭിക്കാന്‍ മാതാപിതാക്കള്‍ക്കു സഹായിക്കാം. അങ്ങനെ വരുമ്പോള്‍ സംസ്ഥാനത്തൊട്ടാകെ സ്കൂള്‍ കുട്ടികള്‍ക്കായി നൂറില്‍ത്താഴെ അദ്ധ്യാപകര്‍ മതി. ബാക്കിയുള്ളവര്‍ക്ക് മറ്റെന്തെങ്കിലും ജോലി ചെയ്യാം. ഇപ്പോള്‍ത്തന്നെ പുരുഷന്മാര്‍ ഈ രംഗം ഒട്ടും ചലഞ്ചിങ്ങല്ല എന്ന പേരില്‍ അദ്ധ്യാപന രംഗത്തേക്കു വരുന്നില്ല. വലിയ പ്രാഗല്‍ഭ്യം ഇല്ലാത്തവര്‍ക്ക് ഇനി ഓണ്‍ലൈന്‍ ബോധന രംഗത്തു പിടിച്ചു നില്‍ക്കാനും സാധിക്കില്ല. തീരദേശത്തും ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്തും ക്ലാസ്സില്‍ പങ്കെടുക്കാന്‍ പാകത്തില്‍ ലോപ്ടോപ്പോ, സ്മാര്‍ട്ട് ഫോണോ ഒക്കെ സര്‍ക്കാര്‍ നല്‍കണം. സര്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ പുസ്തകങ്ങള്‍ ഫ്രീയായിട്ടു നല്കുന്നുണ്ടല്ലോ. ഇപ്പോഴത്തെ അവസ്ഥയില്‍ ഉച്ചഭക്ഷണത്തിനുള്ള കാശും ബാക്കിവരുന്നുണ്ടല്ലോ. അതിനാല്‍ കുട്ടികള്‍ക്കാവശ്യമായ സാങ്കേതിക സൗകര്യം എത്രയും വേഗം സര്‍ക്കാര്‍ ഏര്‍പ്പാടാക്കണമെന്നു മാത്രം. ഇതു പുതിയകാലമാണ്. കുട്ടികള്‍ പുതിയരീതിയില്‍ പഠിക്കട്ടെ. അറിവ് കുട്ടി സ്വയം കണ്ടെത്തട്ടെ. ഡിജിറ്റല്‍ യുഗത്തില്‍ പഠനവും ഡിജിറ്റലാകേണ്ടതുതന്നെ.

Leave a Comment

*
*