കാലം മാറി, കേരളം മാറി, ഇനിയും വേണോ ഈ ദാസ്യവൃത്തി?

കാലം മാറി, കേരളം മാറി, ഇനിയും വേണോ ഈ ദാസ്യവൃത്തി?

പൊലീസില്‍ കലാപം തുടങ്ങിയിട്ടു കാലമേറെയായി. പൊലീസിന്‍റെ കെടുകാര്യസ്ഥത നാടിന്‍റെ നിയമവാഴ്ചയെത്തന്നെ തകരാറിലാക്കുന്നുണ്ട്. പൊലീസിന്‍റെ പക്ഷപാതപരമായ പെരുമാറ്റത്തെക്കുറിച്ച് എന്നും ആവലാതികളാണ്. കേസെടുത്തും കേസെടുക്കാതെയും പൊലീസ് ജനങ്ങളെ പീഡിപ്പിക്കുന്നു എന്നതും തിരസ്കരിക്കാനാവാത്ത വസ്തുതതന്നെയാണ്. വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണം ഇപ്പോഴും കേരളത്തിന്‍റെ തോരാക്കണ്ണീരാണ്. കെവിന്‍റെ ദുരഭിമാന കൊലയിലും പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് വസ്തുതാപരമായ ആക്ഷേപമുണ്ട്. ഒടുവിലിതാ പൊലീസിലെ ദാസ്യപ്പണിയും വിവാദമായി രംഗം കീഴടക്കുന്നു.

കേട്ടറിഞ്ഞ സകലമാന പി.എസ്.സി.യുമെഴുതി ജോലി തേടിയത് ആരുടെയും കലംകഴുകി ജീവിക്കാതിരിക്കാനാണ് എന്നു പറയാത്ത ഒരു ഉദ്യോഗാര്‍ത്ഥിയുമുണ്ടാവില്ല. നട്ടെല്ലു വളയ്ക്കാതെ, നെഞ്ചു നിവര്‍ത്തി ജീവിക്കണമെന്നു മോഹമില്ലാത്തവരാരാണ്? എന്നാല്‍ കിട്ടുന്നതു പൊലീസിലെ പണിയാണെങ്കില്‍ എന്താകരുതെന്നാഗ്രഹിക്കുന്നുവോ അതുതന്നെ ആയിത്തീരുമെന്നതാണ് വസ്തുത. പൊലീസിലെ പണിയില്‍ ഒരു ദാസ്യവൃത്തി സ്വാഭാവികമായിത്തന്നെയുണ്ട്. ഉന്നത ഉദ്യോഗസ്ഥരോടു കാണിക്കേണ്ട ആദരവു പോലും മാന്യനായ ഒരുദ്യോഗസ്ഥന് അരോചകം തന്നെയാണ്. ചില ഏമാന്മാര്‍ അക്ഷരാര്‍ത്ഥത്തില്‍ വീട്ടിലെ കലം കഴുകിക്കും. കൂട്ടത്തില്‍ വീട്ടുകാരുടെ തല്ലും കൊള്ളണമെന്നു പറഞ്ഞാലോ. മധ്യ കേരള എ.ഡി.ജി.പി. സുധേഷ്കു മാറിന്‍റെ ഭാര്യയും മകളും ചേര്‍ന്ന് പൊലീസ് ഡ്രൈവറായ ഗവാസ്കറെ മര്‍ദ്ദിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ഈ വിഷയം സജീവമാക്കിയത്. മര്‍ദ്ദനം, അതും സ്ത്രീകള്‍ മര്‍ദ്ദിക്കുന്നത്, ഒരുദ്യോഗസ്ഥനെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നതാണ്. സ്വാഭാവികമായും കേസെടുക്കേണ്ടതാണ്. ഒരുദ്യോഗസ്ഥനെ കൃത്യനിര്‍വ്വഹണത്തില്‍ തടസ്സപ്പെടുത്തിയിരിക്കുന്നു. അതും കേസെടുക്കേണ്ട വിഷയമാണ്. അധികാര ദുരുപയോഗമുണ്ടിവിടെ. ഉന്നതനായ മേലുദ്യോഗസ്ഥന്‍റെ പദവി തന്‍റെ ഭാര്യയും മകളും ചേര്‍ന്നു ദുരുപയോഗിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ഗൗരവമായ നടപടികളെടുക്കേണ്ടതാണ്. പക്ഷേ കൃത്യമായി കേസെടുക്കുകയോ ഗൗരവമായി നടപടികളുമായി മുന്നോട്ടുപോകുകയോ ചെയ്യുന്നില്ല. കേസ് അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെന്നാണറിയുന്നത്. രണ്ടായിരത്തിലേറെ പൊലീസുകാരാണ് പൊലീസിന്‍റേതല്ലാത്ത പണി ചെയ്യുന്നത്. നടപടി ഫലപ്രദമായുണ്ടാകാന്‍ സാധ്യതയില്ല. കാരണം ഡി.ജി.പി.ക്കുതന്നെ ഉണ്ട് വലിയൊരു സംഘം പരിചാരകര്‍. അച്ചടക്കം വേണം എന്നാല്‍ മനുഷ്യാവകാശധ്വംസനം അനുവദിക്കുകയുമില്ല എന്നു മുഖ്യമന്ത്രി പറയുന്നു. അന്വേഷണം ഇപ്പോള്‍ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട് എന്നത് നടപടികളുണ്ടാകാന്‍ സാധ്യതയൊരുക്കുന്നുണ്ട്.

പോലീസിലെ അടിമപ്പണിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കാര്യങ്ങള്‍ പഠിച്ചുകഴിഞ്ഞാലറിയാം മറ്റനേകം മേഖലകളിലും അടിമപ്പണി നിലനില്‍ക്കുന്നുണ്ട്. കോടതികളിലും മന്ത്രിമാരുടെ കൂടെയും പല ഡിപ്പാര്‍ട്ടുമെന്‍റു മേധാവികളുടെ കൂടെയുമുള്ള ഉദ്യോഗസ്ഥര്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അടിമപ്പണി ചെയ്യേണ്ടിവരുന്നുണ്ട്. കേരളാ പൊലീസ് ആക്ടിലെ 99-ാം വകുപ്പു പ്രകാരം വ്യക്തിതലത്തിലുള്ള ദാസ്യപ്പണിയോ പൊലീ സിന്‍റെ അന്തസ്സു കളയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളോ ചെയ്യാന്‍ ഒരു പൊലീസ് ഓഫീസര്‍ ആവശ്യപ്പെടാന്‍ പാടില്ലാത്തതാണ്. 107-ാം വകുപ്പനുസരിച്ച് സബ് ഇന്‍സ്പെക്ടര്‍ക്കു താഴെയുള്ള തസ്തികകളിലുള്ള പൊലീസുകാരുടെ പരാതികള്‍ പരിശോധിക്കാന്‍ ഓരോ ജില്ലയിലും ഡി.വൈ.എസ്.പി.യില്‍ കുറയാത്ത റാങ്കുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തേണ്ടതും അദ്ദേഹം പരാതികള്‍ പരിശോധിച്ച് ഉചിതമായ തീരുമാനങ്ങള്‍ ശിപാര്‍ശ ചെയ്യേണ്ടതുമാണ്.

ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വീടുകളിലുള്ള ക്യാമ്പ് ഫോളോവേഴ്സിനെ തിരിച്ചു വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നുണ്ടെന്നാണറിയുന്നത്. മേലുദ്യോഗസ്ഥരുടെ വീടുകളില്‍ ദാസ്യ വേല ചെയ്യേണ്ടിവരുന്ന പൊലീസുകാരുടെ അവസ്ഥ ദയനീയമാണ്. ക്യാമ്പ് ഫോളോവേഴ്സിനെ അടുക്കള ജോലിക്കാരാക്കരുതെന്ന് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് കാലാകാലങ്ങളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുളളതാണ്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരാരും തന്നെ അത്തരം നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തിലെടുത്തിട്ടില്ല. മുഖ്യമന്ത്രിതന്നെ ഈ വിഷയം ഗൗരവത്തിലെടുത്ത് നടപടികളെടുക്കേണ്ടതാണ്. ഓരോ ഉദ്യോഗസ്ഥനും സ്വന്തം നിലയില്‍ സ്വീകരിക്കേണ്ട മാന്യതയുടെ പാഠങ്ങള്‍ ഒരു നിയമത്തിനും നല്‍കാനാവില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org