ജനാധിപത്യത്തിന്‍റെ നിലത്തെഴുത്ത്

ജനാധിപത്യത്തിന്‍റെ ഉത്സവകാലമെന്നാണ് തിരഞ്ഞെടുപ്പു കാലത്തെ വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്‍റെ ഭരണഘടന, ചരിത്രം, നന്മ, ശ്രേയസ്സ് എന്നിവയെക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യുകയും അതിന്‍റെ ഫലമായി രൂപപ്പെടുന്ന സാംസ്കാരിക ചൈതന്യത്തെ രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന ഒന്നാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന അവസരമാണിത്. നാളിതുവരെയുള്ള നേതാക്കളുടെ കര്‍മ്മരംഗങ്ങളെ വിലയിരുത്താനും പുതിയ കുതിപ്പിന് രാജ്യത്തെ സജ്ജമാക്കാനും പ്രയോജനപ്പെടുത്തേണ്ട ഈ സാഹചര്യം പരസ്പരം ചെളി വാരി എറിയാനും തമ്മിലടിക്കാനുമുള്ള അവസരമാക്കുന്നത് ചില വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും പക്വതയില്ലായ്മയുടെ പരിണതഫലമാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതു വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഒരു ദിശാസന്ധിയിലൂടെ നാം കടന്നു പോകുന്നു എന്നു പറയാം. നമ്മുടെ ഭരണഘടനാ മേല്‍ക്കോയ്മ എത്ര കാലം തുടരും എന്നു നമുക്കറിയില്ല. ഭരണഘടനയ്ക്കുതന്നെ എന്തായുസ്സുണ്ട് എന്നും ചിന്തിക്കേണ്ടിവരുന്ന കാലമാണിത്. നമ്മുടെ മതേതരത്വത്തിന്‍റെ കടയ്ക്കല്‍ കത്തിവയ്ക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതില്‍ അപാകതയൊന്നുമില്ല. ഇനി എത്ര കാലം ആരുടെ ബലത്തില്‍ ചെറുത്തുനില്‍പുകള്‍ക്കു സാധ്യതയുണ്ട് എന്നും വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു. രാജ്യം കുത്തകകളുടെ കയ്യില്‍ അമര്‍ന്നിരിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. നമ്മുടെ ക്ഷേമരാഷ്ട്ര സങ്കല്പമൊക്കെ കാശുകാരന്‍റെ ക്ഷേമമായി മാറിയിരിക്കുന്നു. ജനക്ഷേമം ഇന്ന് അധികാരവര്‍ഗത്തിന്‍റെ അജണ്ടയിലില്ലാതായിരിക്കുന്നു. കേവലം ദുര്‍ബലമായ പ്രതിപക്ഷനിര നിശ്ശബ്ദരുമാണ്. ജനങ്ങള്‍ ഒന്നടങ്കം ഭയന്നു കഴിയുന്നു. ജനങ്ങളുടെ ഭയമകറ്റി രാജ്യത്തിന്‍റെ നിലനില്‍പ്പിനായി പോരാടാന്‍ പ്രാപ്തിയുള്ളവര്‍ക്കുവേണ്ടി നാടു കാത്തിരിക്കുന്നു. നിശ്ശബ്ദതയുടെ മൃദുഭാഷ്യങ്ങള്‍കൊണ്ട് എന്താകാനാണ് എന്നു വിചാരിക്കുമായിരിക്കും. ചെറുവാക്കുകള്‍ക്കും മുറിവാക്കുകള്‍ക്കും വിലയുണ്ട്. പൗരസമൂഹത്തിന്‍റെ വാക്കും വോട്ടും രാഷ്ട്രത്തിന്‍റെ ശ്രേയസ്സു നിര്‍ണയിക്കുന്ന കാലമാണു തിരഞ്ഞടുപ്പിന്‍റേത്. ജനാധിപത്യത്തിന്‍റെ നിലനില്‍പിന് ബോധപൂര്‍വ്വമായ കരുതലും കാവലും അനിവാര്യമാണ്. ഇന്ത്യ എന്‍റെ നാടാണ്, എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീസഹോദരന്മാരാണ് എന്ന് ഒരു പ്രാര്‍ത്ഥനപോലെ ചൊല്ലി വളര്‍ന്നവരാണു നാം. നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ നാം തറപ്പിച്ചു പറയുന്നതുപോലെwe the people of India നമ്മള്‍, ഇന്ത്യയിലെ ജനങ്ങളാണ് ഇന്ത്യ എന്നതു മറക്കാതെ ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരാകാം.

എല്ലാവരെയും പോളിങ്ങ് ബൂത്തിലെത്തിക്കുക എന്നത് പൗരബോധമുള്ള എല്ലാവരുടെയും ചുമതലയാണ്. ഈ ലക്ഷ്യം സാധിക്കുന്നതിനായി സ്വീപ്പ് (sveep-systematic voter's education and electoral participation) എന്ന ഒരു പദ്ധതിക്ക് ഇലക്ഷന്‍ കമ്മീഷന്‍ രൂപംകൊടുത്തിട്ടുണ്ട്. ബോധവത്കരണ പരിപാടികളാണ് അതുവഴി ഉദ്ദേശിക്കുന്നത്. മാധ്യമങ്ങളെ ഇതിനായി പരമാവധി പ്രയോജനപ്പെടുത്താനും പദ്ധതിയിട്ടിട്ടുണ്ട്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍, അംഗവൈകല്യമുള്ളവര്‍, പ്രായം ചെന്ന വോട്ടര്‍മാര്‍, പുതിയ വോട്ടര്‍മാര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരെ പ്രത്യേകം ശ്രദ്ധിച്ച് അവരെയെല്ലാം പോളിങ്ങ് ബൂത്തുകളിലെത്തിക്കാനുള്ള ശ്രമമാണ് സ്വീപ്പുവഴി നടത്തുക. ജാതിയുടെയും മതത്തിന്‍റെയും പേരു പറഞ്ഞ് ഇവിടെ വോട്ട് പിടിക്കാതിരിക്കാന്‍ ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്ന തിരഞ്ഞെടുപ്പു കമ്മീഷന്‍റെ കണ്ണാണു സ്വീപ്പു പ്രോഗ്രാം. ജാതിയും മതവുമൊന്നും തിരഞ്ഞെടുപ്പില്‍ സ്വാധീനശക്തിയാകാന്‍ പാടില്ല. എല്ലാ പാര്‍ട്ടിക്കാരും ജാതിയും മതവും പറഞ്ഞാണ് വോട്ടുപിടിക്കുന്നത് എന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥ. അത് ഒഴിവാക്കേണ്ടതാണ്. ഓരോ പൗരനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നേതാവിനെക്കുറിച്ചും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ നിലപാടുകള്‍ പഠിച്ചും ഇതുവരെയുണ്ടായിരുന്ന നേതാക്കളും പാര്‍ട്ടിയും എന്തു ചെയ്തു എന്നു വിലയിരുത്തിയും കൃത്യം തീരുമാനമെടുത്ത് ബോധ്യത്തോടും ബോധപൂര്‍വ്വവും വോട്ടു ചെയ്യണം.

വോട്ടര്‍മാര്‍ക്കായി തിരഞ്ഞെടുപ്പു കമ്മീഷന്‍റെ ഓണ്‍ലൈന്‍ കൈപ്പുസ്തകം ലഭ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്‍റെ വിധി നിര്‍ണയിക്കുന്നത് വോട്ടര്‍മാരാണ്. അതിനാല്‍ വോട്ട് ചെയ്യുകതന്നെ വേണം. തിരഞ്ഞെടുപ്പു കമ്മീഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കൈപ്പുസ്തകം തുടങ്ങുന്നത് ഇങ്ങനെയാണ്. മുഖ്യതിരഞ്ഞെടു പ്പ് ഓഫീസറുടെwww.ceo,kerala.gov.in വെബ്സൈറ്റില്‍ ഈ കൈപ്പുസ്തകം ലഭിക്കും.

ഇക്കുറി വോട്ടിങ്ങ് മെഷീനൊപ്പം വിവി പാറ്റ് (വോട്ടര്‍വേരി ഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍) സംവിധാനംകൂടി ഏര്‍പ്പെടുത്തിയി രിക്കുന്നു. സമ്മതിദായകന് തന്‍റെ വോട്ട് കൃത്യമായാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്നു പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനാണ് വിവിപാറ്റ്. ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ വോട്ടു രേഖപ്പെടുത്തുന്നതിനു പിന്നാലെ വോട്ടിങ്ങ്മെഷിനോടു ഘടിപ്പിച്ച വിവി പാറ്റ് മെഷീനില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ഫോട്ടോയും നമ്പരും കടലാസ്സില്‍ പ്രിന്‍റു ചെയ്തുവരും. അതിനു ശേഷമേ വോട്ടിങ്ങ് പ്രക്രിയ പൂര്‍ത്തിയാവുകയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org