കോവിഡ് 19 ജീവിതം പഠിപ്പിക്കുമ്പോള്‍

കോവിഡ്-19 ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. കൊറോണ കാഴ്ചയില്‍പ്പോലും ലഭ്യമല്ലാത്ത ഒരു സൂക്ഷമാണുജീവിയാണ്. അതാണിപ്പോള്‍ നമ്മെ വീട്ടിനുള്ളില്‍ ഒതുക്കിയിരുത്തുന്നത്. എന്നാല്‍ കോവിഡിനെ നാം പറഞ്ഞയക്കുകയാണ്. നമ്മുടെ ഭരണാധികാരികളും മുന്നണിപ്പോരാളികളായ ഡോക്ടേഴ്സ്, നേഴ്സുമാര്‍, ആരോഗ്യ പരിപാലന രംഗത്തെ മറ്റു ജീവനക്കാര്‍ പോലീസുകാര്‍ എന്നിവര്‍ ലോകത്തിനു തന്നെ മാതൃകയാകുന്ന തരത്തില്‍ വളരെ ത്യാഗപൂര്‍വ്വം പ്രവര്‍ത്തിച്ചതിന്‍റെ ഫലമാണത്. പക്ഷേ കോവിഡാനന്തരകാലം എന്നു പറഞ്ഞു തുടങ്ങാമെങ്കില്‍ ഇക്കാലത്ത് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. ഇനിയങ്ങോട്ട് കൊറോണയ്ക്കു മുമ്പുള്ള പോലാവില്ലെന്നത് ഏതാണ്ടുറപ്പാണ്. വിദേശരാജ്യങ്ങളിലെല്ലാം ഇപ്പോള്‍ കോറോണാനന്തര ജീവിതം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. കൊറോണയ്ക്കൊപ്പം ജീവിക്കാന്‍ പരിശീലിക്കണം. എത്രകാലം ഇങ്ങനെ മുറിക്കുള്ളില്‍ അടച്ചിരിക്കും എന്നത് ഗൗരവമുള്ള ചോദ്യമാണ്. അമേരിക്കയിലൊക്കെ ആളുകള്‍ സമരമുഖത്താണ്. ശരിക്കും മനുഷ്യവംശം ചെകുത്താനും കടലിനുമിടയില്‍പ്പെട്ട പോലാണ്. അകത്തിരുന്നില്ലെങ്കില്‍ രോഗംപിടിക്കും. പുറത്തിറങ്ങിയില്ലെങ്കില്‍ പട്ടിണിപിടിക്കും. എത്രകാലം ഇങ്ങനെ പേടിച്ചകത്തിരിക്കും. അങ്ങനെയിരിക്കാമെന്നു വച്ചാല്‍ത്തന്നെ അതും ആത്മഹത്യാപരമാകും. അതുകൊണ്ടിപ്പോള്‍ റിവേഴ്സ് കോറന്‍റൈനിനെക്കുറിച്ചാണു ചര്‍ച്ച. എല്ലാവരും അകത്തിരുന്നു പട്ടിണിയാകുന്നതിനേക്കാള്‍ കുറേപ്പേരെ അകത്തിരുത്തിയിട്ട് ബാക്കിയുള്ളവര്‍ രംഗത്തിറങ്ങുക. 65 കഴിഞ്ഞവരും 10 വയസ്സില്‍ താഴെയുള്ളവരും നാം കരുതലോടെ സംരക്ഷിക്കപ്പെടേണ്ടവരാണ്. അവരെ വീട്ടിനുള്ളില്‍ ക്വാറന്‍റൈനിലാക്കുക. മറ്റുള്ളവര്‍ പുറത്തുപോയി ജോലി ചെയ്യുക. കൊറന്‍റെനിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. അതാണ് ഇപ്പോള്‍ സ്വീകരിക്കാവുന്ന ഒരു നടപടിയായി കരുതപ്പെടുന്നത്. എന്തായാലും ഇനിയുള്ള കാലം മുന്‍കാലങ്ങളിലെപ്പോലെ ജീവിക്കാനാവില്ല. മാസ്കു ധരിച്ചേ പുറത്തിറങ്ങാവൂ. പണ്ടത്തെപോലെ അടുത്തിരുന്നും കെട്ടിപ്പിടിച്ചും മുന്നോട്ടു പോകാനാവില്ല. ഫിസിക്കല്‍ ഡിസ്റ്റന്‍സിങ്ങ് പാലിച്ചേ പറ്റൂ. ഇനി കൈകോടുത്ത് അഭിവാദ്യം ചെയ്യാനും സാധിക്കില്ല. മുന്‍കാലങ്ങളിലെപ്പോലെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്ന ശീലം തിരിച്ചുകൊണ്ടുവരാം. പണ്ടു നമ്മുടെ വീടുകളില്‍ കിണ്ടിയും വെള്ളവും വച്ചിരുന്നു. പുറത്തുപോയി വന്നാല്‍ കാലുകഴുകി, കൈയും മുഖവും കഴുകിയേ വീടിനുള്ളില്‍ കയറുകയുള്ളൂ. ആ ശീലം ഇനി തിരിച്ചു കൊണ്ടുവന്നേ പറ്റൂ. യാത്രയില്‍ പലയിടങ്ങളിലും വെള്ളവും സോപ്പും വച്ചിട്ടുണ്ട്. കൂടെക്കൂടെ കൈകഴുകു ന്ന ശീലം സ്വീകരിച്ചേ മതിയാവൂ. വാഹനം ഉപയോഗിക്കുന്നതിലും നിയന്ത്രണങ്ങള്‍ പാലിക്കുകതന്നെ വേണം. ഇനിയുള്ള കാലം കൂടുതല്‍ ഓണ്‍ലൈന്‍ ഫ്ളാറ്റ്ഫോം ഉപയോഗിക്കുക. വെര്‍ച്ച്വല്‍ സ്പെയ്സ് കൂടുതല്‍ പ്രയോജനപ്പെടുത്തണം. ക്യാഷിന്‍റെ ഇടപാടേ പറ്റില്ലെന്നായി, പെയ്മെന്‍റുകളൊക്കെ ഇ-പെയ്മെന്‍റുകളാക്കി ശീലിക്കണം. ഓണ്‍ലൈന്‍ പര്‍ച്ചേസിങ്ങും ശീലിച്ചല്ലേ പറ്റൂ. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണം. വ്യക്തിശുചിത്വം പ്രത്യേകം ശ്രദ്ധിക്കണം. പ്രകൃതിയോടു ചേര്‍ന്നു ജീവിക്കാന്‍ പഠിക്കണം. നമ്മുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന കടല്‍ മലീമസമാക്കരുത്. മരങ്ങള്‍ വെട്ടിനശിപ്പിക്കരുത്. അഹങ്കാരത്തിനു കൈയും കാലും വച്ചാണ് ഇവിടെ പലരും ജീവിച്ചിരുന്നത്. അവരിലെല്ലാം വലിയ മാറ്റമുണ്ടായിക്കാണും. കൊറോണ പലതും പഠിപ്പിച്ചില്ലേ. നമ്മളെല്ലാവരും തുല്യര്‍. വലിയവനില്ല, ചെറിയവനില്ല, വലുതും ചെറുതുമെന്നു കരുതുന്ന രാജ്യങ്ങള്‍ പോലുമില്ല. ഭയം ലവലേശം പാടില്ല. ധീരതയോടെ ഏതു പ്രതിസന്ധിയേയും നേരിടണം. നമ്മളെക്കുറിച്ചും കൂടെപ്പിറപ്പുകളെക്കുറിച്ചും കരുതലുണ്ടാകണം. ജാഗ്രതയോടെ ജീവിക്കണം. അശ്രദ്ധ ഒട്ടുമേ പാടില്ല. ഇതാ പുതിയ പ്രതിസന്ധി രൂപപ്പെടുകയാണ്. നമ്മുടെ അതിഥിത്തൊഴിലാളികള്‍ സംസ്ഥാനം വിട്ടു പോയിക്കൊണ്ടിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്നവരും പ്രവാസികളും കേരളത്തിലേക്കു വരുന്നു. നമ്മുടെ സാമ്പത്തികാവസ്ഥ, ഇവിടുത്തെ ജോലി തുടങ്ങിയ കാര്യങ്ങളില്‍ വലിയ പ്രതിസന്ധി വരാന്‍ പോകുന്നു. ഇപ്പോള്‍ത്തന്നെ മത്സ്യത്തൊഴിലാളികളെപ്പോലുള്ളവര്‍ തിരസ്കരിക്കപ്പെടുകയാണ്. കടപ്പുറത്ത് ഒരു കമ്മ്യുണിറ്റി കിച്ചണും പ്രവര്‍ത്തിച്ചില്ല. പല മത്സ്യത്തൊഴിലാളികളും ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിക്രമം മൂലം മുന്‍ഗണനാപ്പട്ടികയില്‍പ്പെട്ടില്ല. അവര്‍ക്കാര്‍ക്കും കേന്ദ്ര സര്‍ക്കാരിന്‍റെ റേഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. കടലുകയറ്റത്തെക്കുറിച്ച് ശ്രദ്ധിക്കുന്നു പോലുമില്ല. ഇത്തരത്തിലുള്ള നിരവധിയായ പ്രതിസന്ധികള്‍ പല മേഖലയിലും പല തരത്തിലും രൂപപ്പെടുന്നുണ്ട്. കയര്‍ മേഖല വല്ലാണ്ടു തകര്‍ന്നിരിക്കുന്നു. അസംഘടിതമേഖലകളെക്കുറിച്ചു പറയുകയേ വേണ്ട. വളരെ ജാഗ്രതയും ത്യാഗവും നിര്‍ബന്ധമായും ഉണ്ടാവണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org