Latest News
|^| Home -> Pangthi -> ഉള്‍പ്പൊരുള്‍ -> പാഠം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍

പാഠം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍

ഫാ. സേവ്യര്‍ കുടിയാംശേരി

എന്നെ തല്ലണ്ടമ്മവാ ഞാന്‍ നന്നാവില്ലാ എന്നു പറയുംപോലെ ഒരുകാലത്തും പാഠം പഠിക്കാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പുതിയ പാഠങ്ങള്‍ പഠിക്കാന്‍ നിര്‍ബന്ധിതരായി. എന്നു മാത്രമല്ല പഠിച്ചതു പലതും പഠിപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്. എന്‍റുപ്പാപ്പായ്ക്ക് ഒരു ആനേണ്ടാര്‍ന്നു എന്നു പറഞ്ഞുനടന്നാലൊന്നും ഇക്കാലത്തു രാഷ്ട്രീയ പ്രവര്‍ത്തനം നടക്കില്ല. കഴിഞ്ഞുപോയ പ്രതാപകാലത്തിന് ഇന്നു വലിയ പ്രസക്തിയൊന്നുമില്ല. പഴങ്കഥകളും പൈതൃകവഴികളും രാഷ്ട്രീയം കൊഴുപ്പിച്ച കാലം കഴിഞ്ഞു. അതു പൂര്‍ണമായും മനസ്സിലാക്കിയാല്‍ കോണ്‍ഗ്രസ്സുകാര്‍ ഉള്‍പാര്‍ട്ടിതിരഞ്ഞെടുപ്പുവഴി ഭാരവാഹികളെ കണ്ടെത്താന്‍ തയ്യാറാകും.

എന്തായാലും കര്‍ണാടകയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഒഴിഞ്ഞുമാറരുത്, ഇടപെടണം. കീഴടങ്ങുകയും ചെയ്യരുത്. പൊരുതി ജയിക്കാനാണു ശ്രമിക്കേണ്ടത്. പൊരുതിത്തോറ്റാലും അതു വിജയംതന്നെയാണ് എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ കര്‍ണാടകയില്‍ നിന്നുയരുന്നുണ്ട്. ഗോവയിലും മറ്റും കോണ്‍ഗ്രസ്സുകാര്‍ ഇത്ര കരുത്തു കാട്ടിയിരുന്നില്ല. ഒരുവിധത്തില്‍ പറഞ്ഞാല്‍ അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അത് ഒടുവില്‍ കീഴടങ്ങലായി പരിണമിക്കുകയും ചെയ്തിരുന്നു. പാഠം പഠിച്ച കോണ്‍ഗ്രസ്സുകാര്‍ ഉണര്‍ന്നെഴുന്നേറ്റു. ഭരണം പിടിച്ചെടുക്കുക എന്നതിനപ്പുറം ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുകയും ഭരണഘടനയെ സംരക്ഷിക്കുകയും ചെയ്യാനുള്ള ജീവന്മരണ പോരാട്ടമാണിത് എന്നു കോണ്‍ഗ്രസ്സ് നേതാക്കള്‍ ഭാരതത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. അതിനവര്‍ ഉറക്കമിളച്ചിരുന്നു. തീ പിടിച്ച ആത്മാക്കളായി രാഷ്ട്രീയഗോദയില്‍ പടപൊരുതി. തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ജെ.ഡി.എസ്സുമായി സഖ്യമുണ്ടാക്കുകയും കുമാരസ്വാമിക്കു മുഖ്യമന്ത്രി സ്ഥാനം നല്‍കിക്കൊണ്ടു മന്ത്രിസഭ രൂപീകരിക്കുന്നതിനു തീരുമാനിക്കുകയും ചെയ്ത ചടുലനീക്കത്തെ എത്ര ശ്ലാഘിച്ചാലും മതിയാവില്ല. കോണ്‍ഗ്രസ്സിന്‍റെ ഭാഗത്തു നിന്ന് അതു വലിയ വിട്ടുവീഴ്ചയായിരുന്നെങ്കിലും അതിലും വലിയ നേട്ടം കരഗതമാകുകയും ചെയ്തു. വിട്ടുകൊടുക്കാന്‍ തയ്യാറുള്ളവനേ വെട്ടിപ്പിടിക്കാനും സാധിക്കുകയുള്ളൂ എന്ന് കോണ്‍ഗ്രസ്സുകാര്‍ പറയാതെ പറഞ്ഞു. ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഈ സഖ്യത്തെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നു സമയത്തുതന്നെ അവകാശവാദമുന്നയിക്കാന്‍ കഴിഞ്ഞു. അതു പരിഗണിക്കാതെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ബി.ജെ.പി.യെ ക്ഷണിച്ചപ്പോള്‍ രാത്രിക്കു രാത്രി സുപ്രീം കോടതിയെ ഉണര്‍ത്തിയെടുത്തതും ഈ തത്ത്വം പാലിക്കാതിരുന്ന മറ്റു സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ വിളിക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭമാരംഭിച്ചതും കരുത്തുള്ള നേതൃത്വം പാര്‍ട്ടിക്കുണ്ടെന്നു തെളിയിക്കുന്നതായിരുന്നു. പ്രോട്ടേംസ്പീക്കറെ നിയമിച്ചതിലെ അപാകത ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതും രണ്ടും കല്പിച്ചിറങ്ങിയിരിക്കുന്ന ഒരു പോരാട്ട സംഘത്തിന്‍റെ ബലം അറിയിക്കുന്നതായിരുന്നു. കോടതിയും നീതിയുടെ പക്ഷത്തു ശക്തമായി നിലയുറപ്പിച്ചു. പരുങ്ങലിലായ ഗവര്‍ണര്‍ പടം മടക്കി. ഭരണഘടനയെ തൂത്തെറിഞ്ഞ് എന്തു തോന്ന്യവാസവും കാട്ടാന്‍ ഇവിടെ ആര്‍ക്കും ഈ രാജ്യത്തെ തീറെഴുതിത്തന്നിട്ടില്ലെന്ന് കോണ്‍ഗ്രസ്സുകാര്‍ ഞെളിഞ്ഞുനിന്നു പറഞ്ഞുതുടങ്ങി. ഈ ജാഗ്രതയുടെ ഏറ്റവും വലിയ നേട്ടം ഭരണഘടനയുടെ സംരക്ഷണം കോണ്‍ഗ്രസ്സിന്‍റെ കൈകളില്‍ വന്നുചേരുന്നു എന്നതാണ്.

സാമ്പത്തിക പരിഷ്കാരത്തിന്‍റെ പേരില്‍ കൊണ്ടുവന്ന നോട്ടു നിരോധനവും ജിഎസ്ടിയും സാധാരണക്കാരന്‍റെ നട്ടെല്ലൊടിച്ചു. ദിവസംപ്രതി ഉയരുന്ന പെട്രോള്‍ വില പട്ടിണിയുടെ നാളുകളെ വിളിച്ചുവരുത്തുന്നു. രാജ്യത്തെ വര്‍ഗീയമായി വിഭജിച്ചുകൊണ്ടിരിക്കുന്നു. ഗോസംരക്ഷകര്‍ ദളിതരെ അടിച്ചുകൊല്ലുന്നു. കേരളത്തില്‍പ്പോലും ഭക്ഷണത്തിനായി കൈനീട്ടുന്ന മധുവിനെപ്പോലുള്ളവരെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊല്ലുന്നു. നീതിക്കുവേണ്ടി വാദിക്കേണ്ട വക്കീലന്മാര്‍ കുറ്റവാളികളുടെ ക്യാമ്പില്‍ ചേക്കേറുന്നു. ഗവര്‍ണറുടെ വിവേചനാധികാരം രാഷ്ട്രീയാധികാരികളുടെ ഇംഗിതമായി തരംതാഴുന്നു. ഹിന്ദു മിത്തോളജി ചരിത്രമായി അവതരിപ്പിക്കപ്പെടുന്ന താത്വിക പ്രതിസന്ധിയും ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്നു. ചരിത്രം അധികാരിയുടെ ഇംഗിതത്തിനനുസൃതമായി മാറ്റിയെഴുതപ്പെടുന്നു. സത്യത്തിന്‍റെ കാവല്‍ഭടന്മാരും മതേതര കക്ഷികളും മൗനംവെടിയാന്‍ സമയമായിരിക്കുന്നു. രാജ്യത്തിനുവേണ്ടി സംസാരിക്കൂ നീ ഉറങ്ങിയാലും നിന്‍ വാക്കുറങ്ങില്ല.

Leave a Comment

*
*