കടല്‍ത്തിരകള്‍ ഞങ്ങളോടു പറഞ്ഞത്

പ്രതിഷേധിക്കാന്‍ ഞങ്ങള്‍ കടലിലില്‍ ഇറങ്ങിനിന്നു. ഞങ്ങള്‍ തീരത്തിന്‍റെയും കടലിന്‍റെയും മക്കള്‍. കടലിനോടു ഞങ്ങള്‍ കലഹിക്കുന്നില്ല. കടല്‍ ഞങ്ങളോടാണു കലഹിക്കുന്നത്. കലിതുള്ളി വന്നു ഞങ്ങളുടെ കര മാന്തുമ്പോള്‍ വീണുപോകുന്നതു ഞങ്ങളുടെ ആയുഷ്കാല സമ്പാദ്യമായ വീടും ഞങ്ങളുടെ മേല്‍വിലാസമെഴുതിയ മണ്ണുമാണ്. നുള്ളി നോവിക്കുന്ന അമ്മയുടെ മടിയിലേക്കു വീഴുന്ന കുഞ്ഞുങ്ങളെപ്പോലെ ഞങ്ങള്‍ കടലിലേക്കുതന്നെ ഇറങ്ങുന്നു. ഞങ്ങള്‍ക്കു നില്‍ക്കാന്‍ മണ്ണില്ല, അന്തിയുറങ്ങാന്‍ കൂരയില്ല. ജീവിതം തുഴയാന്‍ ഈ കടലേയുള്ളൂ. കടലാണു ഞങ്ങളുടെ കാലാവസ്ഥ, കടലാണു ഞങ്ങള്‍ക്കന്നം തരുന്നത്. അതുകൊണ്ടു ഞങ്ങള്‍ക്കു നില്‍ക്കാനും വേരുറപ്പിക്കാനും കടലേയുള്ളൂ. കടലാണു ഞങ്ങളുടെ കഥയും കാലവും. ഞങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും തിരകളാണു നിലനിര്‍ത്തുന്നതും മായിച്ചുകളയുന്നതും. രണ്ടു തിരകള്‍ക്കിടയിലെ ഇടവേളകളിലെ ജീവിതമല്ലേയുള്ളൂ തീരജനതയ്ക്ക്. തിരകള്‍ വന്നു ഭിത്തികളിലടിക്കുമ്പോള്‍ ഉറക്കമുണര്‍ന്ന്, വന്നുഭവിക്കാവുന്ന ആപത്തും പ്രതീക്ഷിച്ച് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയും ചൊല്ലിക്കാത്തിരിക്കാറുണ്ട്. കടലിന്‍റെ കൈവഴികള്‍ പോലെ അങ്ങോട്ടുമിങ്ങോട്ടും ഒഴുകാനും ഉള്‍ക്കൊള്ളാനും പതിനാറു പൊഴികളുണ്ടായിരുന്നു ആലപ്പുഴയില്‍ മാത്രം. എല്ലാം അടഞ്ഞുപോയി. പിന്നെങ്ങനെ തീരത്തു വെള്ളക്കെട്ടുണ്ടാകാതിരിക്കും? കര്‍ക്കിടകത്തിലെ കാറ്റിനെയും കലിതുള്ളി വരുന്ന കടലിനെയും ആവാഹിക്കാന്‍ ഈ പൊഴികള്‍ മതിയായിരുന്നു. തീരമണ്ണിനെക്കുറിച്ചു വിവരമില്ലാതിരുന്നിട്ടും പഠനമില്ലാതിരുന്നിട്ടും കരുതലില്ലാതിരുന്നിട്ടുമാണ് പൊഴികളെല്ലാം മണ്ണിട്ടു നിവര്‍ത്തുന്നത്. ഇക്കാര്യത്തില്‍ ജാഗ്രത നാട്ടുകാര്‍ക്കുമില്ല സര്‍ക്കാരിനുമില്ല. വികസനത്തിന്‍റെ കൊച്ചിന്‍ പോര്‍ട്ട് കടലില്‍ കെട്ടിപ്പൊക്കിയപ്പോള്‍ കടല്‍ കരകയറാന്‍ തുടങ്ങി. അപ്പോള്‍ പശ്ചിമഘട്ടം പൊട്ടിച്ച് കടലില്‍ കല്ലിട്ടു. മദം പൊട്ടിയ കടല്‍ കലിതു ള്ളി കരമാന്തി കലഹിക്കുന്നു. മീന്‍പിടുത്തത്തിന്‍റെ ചാകര അപ്പാടെ അപ്രത്യക്ഷമായിരിക്കുന്നു. രാജാ കേശവദാസ് കപ്പല്‍ച്ചാല്‍ നിര്‍മ്മിക്കാന്‍ ചാകരപ്പാട്ടില്‍ വന്നു നിര്‍മ്മിച്ചതാണ് ആലപ്പുഴ എന്നു കേട്ടിട്ടുണ്ട്. ചാകര പോയാല്‍ ആലപ്പുഴയും പോകും. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പുയര്‍ത്തുമ്പോള്‍ പേടിച്ചുവിറയ്ക്കുന്നതു കുട്ടനാടാണ്. കുട്ടനാടു സമുദ്രനിരപ്പില്‍നിന്നു താഴെയാണ്. കടല്‍പ്പൊക്കം കുട്ടനാടിനെ വിഴുങ്ങിയാല്‍പ്പിന്നെ കുട്ടനാടും ആലപ്പുഴയും ഒന്നുമുണ്ടാവില്ല. കുട്ടനാടിന്‍റെ വികസനമന്ത്രവുമായി സ്വാമിനാഥന്‍ കമ്മീഷന്‍ വന്നു. കമ്മീഷന്‍ ആദ്യം പഠിക്കേണ്ടിയിരുന്നതും പാക്കേജുണ്ടാക്കേണ്ടിയിരുന്നതും കടലും തീരവും നിലനിര്‍ത്താനാകേണ്ടിയിരുന്നു. ഒരു ശാസ്ത്രജ്ഞനും കടല്‍ കാണാന്‍പോലും തീരത്തെത്തുന്നില്ല. തിരഞ്ഞെടുപ്പുകാലത്തുപോലും തീരം ഉപേക്ഷിച്ചവരാണു നേതാക്കള്‍. തീരവും ഓരവും ഉപേക്ഷിച്ചാല്‍പ്പിന്നെ ഇടനാടുണ്ടാവില്ലെന്ന് നമ്മുടെ നേതാക്കളെ ആരു പഠിപ്പിക്കും? തീരത്തേയ്ക്കു പാറ കൊണ്ടുവരാന്‍ പശ്ചിമഘട്ടം തകര്‍ത്താല്‍ നാളെ മലനാടും ഉണ്ടാവില്ല. ഭാരതത്തിന്‍റെ പടിഞ്ഞാറന്‍ അതിര്‍ത്തി തകര്‍ന്നാല്‍ രാജ്യത്തിന്‍റെ നിലനില്പുതന്നെ അവതാളത്തിലാകും. അങ്ങനെയെങ്കില്‍ നമുക്കു വേണ്ടത് കേരളത്തിന്‍റെ തീരവും ഓരവും സംരക്ഷിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശാസ്ത്രീയമായി പഠിച്ചൊരുങ്ങിയ പദ്ധതികളാണ്. അതു നടപ്പാക്കാന്‍ രാഷ്ട്രീയമായ ഇച്ഛാശക്തിയുമുണ്ടാവണം. പ്രളയം പറഞ്ഞ കഥ ഇടം വേണമെന്നുതന്നെയാണ് -room for rivers- കടലിനും കായലിനും വേണം ആവാസനിലയങ്ങള്‍. അല്ലെങ്കില്‍ അവര്‍ നമ്മുടെ കുടിലുകളില്‍ കുടിപാര്‍ക്കാനെത്തുമെന്നാണ് പ്രളയം വന്നു പറഞ്ഞിട്ടു പോയത്. 590 മീറ്റര്‍ കടല്‍ത്തീരമുണ്ടു നമുക്ക്. 1300 മീറ്റര്‍ പശ്ചിമഘട്ടമുണ്ട്. തീരത്തു കരിമണല്‍ ഖനനം, പശ്ചിമ ഘട്ടം പലമാതിരി വെട്ടിമുറിക്കുന്നു. ഇവയെല്ലാം തകര്‍ത്തെറിഞ്ഞ് നാം നമുക്കായി സുരക്ഷയൊരുക്കുന്നു, ഇരിക്കുന്ന കമ്പു മുറിക്കുന്നപോലെ. വേണം നമുക്കൊരു മാസ്റ്റര്‍പ്ലാന്‍. കടലും തിരയും തീരവും സംരക്ഷിക്കപ്പെടണം. ഗൗരവമായ പഠനം അനിവാര്യമായിരിക്കുന്നു. കടല്‍ഭിത്തിയും പുലിമുട്ടും ബ്രേക്കുവാട്ടറും ഹാര്‍ബറുകളും ഉള്‍പ്പടെയുള്ള നിര്‍മ്മിതികള്‍ തീരരക്ഷയ്ക്കല്ല തീരശോഷണത്തിനാണ് ആക്കം കൂട്ടുന്നതെന്നാണ് പല ശാസ്ത്രീയ പഠനങ്ങളും വ്യക്തമാക്കുന്നത്. തീരത്തിന്‍റെ സവിശേഷ ഘടനയ്ക്കും തിരമാലകളുടെ ഊര്‍ജ്ജശേഷിക്കും ഒഴുക്കിനും യോജിച്ച തരത്തിലുള്ള പ്രകൃതിദത്തമായ മണല്‍ത്തീര പരിപോഷണമാവും കൃത്രിമ നിര്‍മ്മിതികളേക്കാളും പ്രയോജനകരം. കണ്ടലുകളും തീരക്കടലിലെ സ്വാഭാവിക മണല്‍ത്തിട്ടകളും പാറക്കൂട്ടങ്ങളും മുനമ്പുകളും ബീച്ചുകളുടെ ചാക്രികരൂപമാറ്റങ്ങളേയും കടലെടുപ്പിനേയും പുതുവയ്പിനെയും നല്ലരീതിയില്‍ സ്വാധീനിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. തിരമാലകളുടെ പ്രഭാവരേഖയും കാലവര്‍ഷ പ്രഭാവത്തേയും അടയാളപ്പെടുത്തി തീരഭൂപടങ്ങള്‍ തയായാറാക്കി വേണം തീപപരിപാലന പദ്ധതിയും നിര്‍ണയിക്കാന്‍. കടല്‍ഭിത്തിക്കായി പശ്ചിമഘട്ടത്തിലെ മലകള്‍ ഇടിച്ചു നിരത്തുന്നത് കൂടുതല്‍ ഉരുള്‍പൊട്ടലിനും പരിസ്ഥിതി നാശത്തിനും ഇടവരുത്തുമെന്നതിനാല്‍ കോണ്‍ക്രീറ്റ് ടെട്രാ പോഡ് പോലുള്ള സാങ്കേതികവിദ്യയും ചിലയിടങ്ങളില്‍ പരീക്ഷിക്കാവുന്നതാണ്ڈ (ജീവനാദം 2019 ജൂണ്‍27 എഡിറ്റോറിയലില്‍നിന്ന്). ജൈവവേലിയും വേണം. ടൂറിസം വളര്‍ന്നോട്ടെ. പക്ഷേ പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്നതാകണം. വേണ്ടതു വേണ്ടപ്പോള്‍ ചെയ്താലേ ജീവിതം വേണ്ടപോലെ രൂപപ്പെടുകയുള്ളൂ. യുവല്‍ നോവഹരാരെയുടെ ഹോമോദേവൂസ് എന്ന ഗ്രന്ഥത്തില്‍ നമ്മുടെ മൂക്ക് ഇപ്പോളായിരിക്കുന്നിടത്തു നിലനില്‍ക്കുന്നതിനുള്ള കാരണം വിശദീകരിക്കുന്നുണ്ട്. പണ്ടിവിടെ കൂടുതലുണ്ടായിരുന്നതു ജലമായിരുന്നല്ലോ. അതുകൊണ്ടു മനുഷ്യനും നീന്തിസഞ്ചരിക്കണമായിരുന്നു. വളരെ പെട്ടെന്നു മനുഷ്യന്‍ ജലത്തിനു മുകളിലൂടെ സഞ്ചരിക്കാന്‍ വഞ്ചി കണ്ടുപിടിച്ചു. അല്ലായിരുന്നെങ്കില്‍ ഡോള്‍ഫിന്‍റേതുപോലെ മൂക്കു നെറ്റിയിലാകുമായിരുന്നു. സര്‍ക്കാരും ശാസ്ത്രജ്ഞരും പൊതുജനങ്ങളും ജാഗ്രതയോടെ നിലനില്‍പ്പിന്‍റെ വഴികള്‍ കണ്ടെത്തുന്നില്ലെങ്കില്‍ നമ്മള്‍ ഇനിയും കടലില്‍ ഇറങ്ങിനില്‍ക്കേണ്ടിവരും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org