കാണാമറയത്തെ ദൈവം

കാണാമറയത്തെ ദൈവം

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

മഹാമാരിക്കാലത്ത് വിശ്വാസികള്‍ നേരിടുന്ന ചിന്താഭാരമുള്ള ചോദ്യമാണ്, ഇനിയും എന്താണ് ദൈവം ഇടപെടാത്തത്? അതും മരണ ഗന്ധമേറ്റ മനുഷ്യകുലത്തിന്റെ പ്രാര്‍ത്ഥനകള്‍ ഇത്രയധികം ഉയര്‍ന്നിട്ടും? ഇതേ ചോദ്യം അവിശ്വാസികള്‍ വിശ്വാസികള്‍ ക്കുനേരെ തൊടുത്തുവിടുന്നുണ്ട്, നിങ്ങള്‍ കൊട്ടിഘോഷിക്കുന്ന ദൈവം ഇപ്പോള്‍ എവിടെ? പള്ളിയും പൂട്ടിപ്പോയോ? വ്യക്തിപരമായ എല്ലാ ദുരന്തങ്ങളും സാമൂഹികമായ എല്ലാ കെടുതികളും ഈ ചോദ്യം ഉതിര്‍ക്കാറുണ്ട്, ചിലപ്പോള്‍ സങ്കടത്തോടെയും മറ്റു ചിലപ്പോള്‍ നിരാശയോടെയും: ദൈവം കാണാമറയത്തായതെന്തേ? ഈ ചോദ്യം നമ്മുടെ വിശ്വാസത്തിന്റെ വിവിധ തലങ്ങളെ ഉലക്കുകയോ പരീക്ഷിക്കുകയോ ചെയ്യാം. ഉദാഹരണത്തിന്, 2020 മാര്‍ച്ച് 10 ന് ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ Mattia Ferraresi അമേരിക്കയിലെ പ്രസിദ്ധമായ New York Times പത്രത്തില്‍ എഴുതി, ഹന്നാന്‍ വെള്ളം സാനിറ്റൈസ റല്ല; പ്രാര്‍ത്ഥന വാക്‌സിനുമല്ല… അദ്ദേഹം കൂട്ടിച്ചേര്‍ത്തു, എന്നിരുന്നാലും മതവിശ്വാസത്തിനു ജീവിതത്തിന് അര്‍ഥബോധം പകരാന്‍ കഴിയും.

ദൈവം ശക്തമായി രംഗത്തില്ല എന്ന് ചിലര്‍ക്ക് തോന്നിപ്പോ കുന്നത് കൊറോണക്കാലത്തിന്റെ മാത്രം പ്രത്യേകതയല്ല. ഏത് തീവ്രവേദനയും ഈ ചോദ്യത്തിലെത്തി നില്ക്കാം: "കര്‍ത്താവേ എന്തുകൊണ്ടാണ് അവിടുന്ന് അകന്നു നില്ക്കുന്നത്" (സങ്കീ 10:1). കുരിശില്‍ കിടന്ന ഈശോയും പ്രാര്‍ത്ഥനയില്‍ നിലവിളിച്ചു, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചിരിക്കുന്നു? (മത്താ 27:46). ദൈവം തന്നെ കൈവിട്ടിരിക്കുന്നു എന്ന അനുഭവമുള്ള എല്ലാവരുടെയും ഉള്‍ത്താപം ഈശോ ഏറ്റെടുക്കുകയായിരുന്നു.

ലോകത്തില്‍ നീതി നടപ്പാ കുന്നില്ല എന്ന് തോന്നുമ്പോഴൊക്കെ ദൈവം എവിടെ എന്ന ചോദ്യം നിശ്ചയമായും നിഷ്‌ക്ക ളങ്ക ഹൃദയങ്ങളില്‍ ഉയരും. രണ്ടാം ലോകയുദ്ധകാലത്ത് നാസിപ്പട യഹൂദരെ ചുട്ടുകരി ച്ചപ്പോള്‍ റുമേനിയന്‍-അമേരി ക്കന്‍ എഴുത്തുകാരനായ ഏലി വീസല്‍ തന്റെ പ്രസിദ്ധമായ Night എന്ന പുസ്തകത്തില്‍ സര്‍വശക്തനോട് പരിഭവിച്ചത് ഇങ്ങനെയാണ്: 'സോദോമിന് നിന്റെ പ്രിയം നഷ്ടപ്പെട്ടപ്പോള്‍ ആകാശം അഗ്നിയും ശാപവും വര്‍ഷിച്ചു. പക്ഷേ, ഈ ജനം നിന്നോട് പ്രാര്‍ഥിക്കുന്നു, നിന്റെ നാമം വാഴ്ത്തുന്നു. നീ അവരെ വഞ്ചിച്ച്, അവരെ പീഡനത്തിനും കൊലക്കളത്തിനും വിഷ വാതകത്തില്‍ കരിയാനും അനുവദിക്കുന്നു…' യാതനകളുടെ തിരമാലകള്‍ മനുഷ്യകുലത്തിന്റെമേല്‍ ആഞ്ഞടിക്കു മ്പോള്‍ ദൈവത്തോടുള്ള ചോദ്യത്തിനു മുറുക്കവും മൂര്‍ച്ചയും ഏറുന്നു: നീയെന്തേ നീതി നടപ്പാക്കുന്നില്ല?

ദൈവത്തിന്റെ ശക്തി പ്രകടമാകാത്തപ്പോള്‍ ദൈവം രംഗം വിട്ടിരിക്കുന്നു എന്ന് കരുതുന്നതാണ് യഥാര്‍ഥ പ്രശ്‌നം. നമ്മുടെ ദൈവം ശക്തിമാന്‍ മാത്രമല്ല, സ്‌നേഹവാനുമാണ്. ദൈവത്തിന്റെ ശക്തി നാം ആഗ്രഹിക്കുന്ന രീതിയില്‍ വ്യക്തമാകാത്തപ്പോഴും അവിടുത്തെ സ്‌നേഹത്തിനു കുറവു വരുന്നില്ല. ദൈവം തന്റെ ശക്തിയുടെ കരം പിന്‍വലിക്കു ന്ന അനുഭവം എല്ലാ വിശ്വാസി കളുടെയും ജീവിതത്തില്‍ ഉണ്ടാകും; വിശ്വാസസമൂഹത്തിന്റെ കാര്യത്തിലും ഉണ്ടാകും. അത്തരം ഇരുണ്ട യാമങ്ങള്‍ ദൈവവിശ്വാസികളുടെ വിശ്വാസശൈലികളെ ഉടച്ചു വാര്‍ക്കാനുള്ളതാണ്.
അദ്ഭുതകരമായ ശക്തിപ്രാഭവത്തോടെ പകര്‍ച്ചവ്യാധിയെ തടയാത്ത ദൈവത്തെ സംശയിക്കയല്ല, അവനെ കേള്‍ക്കുകയാ ണ് വേണ്ടത്. സ്‌നേഹവാനായ ദൈവം നിശബ്ദനല്ല. ബ്രിട്ടീഷ് ദൈവശാസ്ത്രജ്ഞനായ സിഎസ് ലൂവിസ് എഴുതിയിട്ടുണ്ട്, നമ്മുടെ സുഖങ്ങളിലൂടെ ദൈവം നമ്മോട് മന്ത്രിക്കുന്നു. നമ്മുടെ വേദനകളിലൂടെ ദൈ വം നമ്മോട് അലറിപ്പറയുന്നു. ദൈവം നമ്മുടെ ശ്രദ്ധ പിടിച്ചെടുക്കാനായി ഉറക്കെപ്പറയുന്ന വേളയാകാം ഈ വസന്തകാലം. എന്തൊക്കെയാകാം അവനു നമ്മോട് പറയാനുള്ളത്? ധാരാളിത്തം നിറഞ്ഞ ലോക ത്തില്‍ ഉപേക്ഷിക്കപ്പെടുന്ന വിധവകള്‍, അനാഥര്‍, പരദേശികള്‍ എന്നിവരെക്കുറിച്ചാകാം (പുറ. 22:21-24; നിയമാ 10:16-20: ഏശ 10:1-4: ജറ 5:28-29; മലാ 3:5). ദൈവത്തെ മറന്ന് സ്വന്തം ലോകത്ത് കുട്ടിദൈവങ്ങളായി കഴിയുന്നവരെ കുറിച്ചാകാം (നിയമാ. 8:11-14). ഹൃദയമില്ലാതെ ദൈവാരാധനകളില്‍ അഭി രമിക്കുന്നവരെ (ഏശ. 29:13) സത്യത്തിലും ആത്മാവിലുമുള്ള (യോഹ. 4:23-24) ആരാധനയി ലേക്ക് ആകര്‍ഷിക്കുന്നതിനെ ക്കുറിച്ചാകാം.

ദൈവത്തിന്റെ ശക്തി ദൃഷ്ടിഗോചരമല്ലാത്തപ്പോള്‍ അവിടുത്തെ സ്‌നേഹത്തെ ശ്രവിക്കാതെ പോയാല്‍ നാം വഴിതെറ്റാന്‍ ഇടയുണ്ട്. മോശയും അതോടൊപ്പം ദൈവവും ഇസ്രായേലിന്റെ ദൃഷ്ടിയില്‍ നിന്ന് നാള്‍ക്കുനാള്‍ മറഞ്ഞ പ്പോഴേക്കും ഇസ്രായേല്‍ ജനം ഒരു കാളക്കുട്ടിയെ ഉണ്ടാക്കി ആരാധന തുടങ്ങി (പുറ. 32:1-6). ശക്തിയില്‍ ഭയങ്കരനായ ദൈവത്തെ സ്‌നേഹത്തില്‍ നിസാരനായി കാണുന്നതാണ് മനുഷ്യരുടെ പിഴവ്. ഇനി പഴയ ചോദ്യത്തിലേക്ക്, ദൈവം എന്തേ ഇടപെടുന്നില്ല? ആരു പറഞ്ഞു ഇടപെടുന്നില്ല എന്ന്. ദൈവശക്തിയുടെ പ്രവൃത്തി കള്‍ കാണാന്‍ മുന്നോട്ടായുന്ന തോടൊപ്പം, ദൈവസ്‌നേഹ ത്തിന്റെ സ്വരം ശ്രവിക്കാന്‍ ശ്രമി ച്ചാല്‍ മതി. ദൈവിക ഇടപെടലുകള്‍ നമുക്ക് മനസ്സിലാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org