ഒഴിഞ്ഞു കിടക്കുന്ന പദവികള്‍, ബലമില്ലാത്ത ജനാധിപത്യം

ഒഴിഞ്ഞു കിടക്കുന്ന പദവികള്‍, ബലമില്ലാത്ത ജനാധിപത്യം

ഫാ. സുരേഷ് പള്ളിവാതുക്കല്‍ ഒഎഫ്എം ക്യാപ്

"അവസാനത്തെ ചിരി സര്‍ക്കാരിന്റേതാണെങ്കില്‍, അഭിമുഖങ്ങള്‍ നടത്തി ഞങ്ങള്‍ തീരുമാനിച്ച നിയമനങ്ങളുടെ പവിത്രത എന്താണ്? ട്രിബ്യൂണലുകളിലേയ്ക്കുള്ള നിയമനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ പ്ര വര്‍ത്തനരീതിയില്‍ ഞങ്ങള്‍ അങ്ങേയറ്റം അസന്തുഷ്ടരാണ്." ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള സു പ്രീംകോടതി ബഞ്ചിന്റെ വാക്കുകളാണ് ഇവ. അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളോടുള്ള ഭരണകൂടത്തിന്റെ ഉദാസീനതയില്‍ പരമോന്നത കോടതിക്കുള്ള ഉത്കണ്ഠയാണ് ഈ വാക്കുകളില്‍ സംഗ്രഹിക്കപ്പെട്ടിരിക്കുന്നത്. നികുതി, ഉദ്യോഗ വിഷയങ്ങള്‍, ഭരണതീരുമാനങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ സു പ്രധാനപങ്കു വഹിക്കുന്നവയാണ് ട്രിബ്യൂണലുകള്‍. ഇരകള്‍ക്കു വേഗത്തിലും സുഗമമായും നീതി നടത്തിക്കൊടുക്കുക എന്നതു പ്രധാന ലക്ഷ്യമാക്കി സ്ഥാപിതമായിരിക്കുന്ന 19 ട്രിബ്യൂണലുകളുണ്ട്.

ദൗര്‍ഭാഗ്യവശാല്‍ മോദി ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിനു ശേഷം മറ്റു പല കാര്യങ്ങളിലുമെന്ന പോലെ, നിയമങ്ങള്‍ വളച്ചൊടിച്ചു ട്രിബ്യൂണലുകളുടെ ചിറകരിയാനുള്ള ശ്രമങ്ങള്‍ നടത്തി. ചില മാറ്റങ്ങള്‍ ട്രിബ്യൂണലുകളുടെ ഉദ്ദേശ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതായതിനാല്‍ സുപ്രീം കോടതി അവ വിലക്കി. എന്നാല്‍, അതുകൊണ്ടു പിന്‍മാറാതെ, പരമോന്നത കോടതിയുടെ വിധികളെ മറികടക്കുന്നതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്തത്. ജൂഡീഷ്യറിയുമായി സര്‍ക്കാര്‍ നടത്തുന്ന ഈ ഏറ്റമുട്ടലിനെ തുടര്‍ന്ന് 2017 മുതല്‍ ട്രിബ്യൂണലുകളിലെ നിയമനങ്ങള്‍ സ്തംഭനാവസ്ഥയിലായിരിക്കുകയാണ്. 21000 കേസുകള്‍ തീര്‍പ്പു കല്‍പിക്കാതെ കിടക്കുന്ന നാഷണല്‍ കമ്പനിലോ ട്രിബ്യൂണലില്‍ 63 അംഗങ്ങള്‍ വേണ്ടിടത്ത് ഇപ്പോള്‍ 38 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. സായുധ സേനാ ട്രിബ്യൂണലില്‍ 34 അംഗങ്ങള്‍ വേണ്ടിടത്ത് 11 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇവിടെ 18,800 കേസുകള്‍ തീര്‍പ്പു കാത്തു കിടക്കുന്നു. ഉദ്യോഗ കാര്യങ്ങള്‍ പരിഗണിക്കുന്ന സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ 65 അംഗങ്ങള്‍ വേണ്ടിടത്ത് 36 പേര്‍ മാത്രമാണ് ഉള്ളത്. 'കുറച്ചു ഭരണകൂടവും കൂടുതല്‍ ഭരണവും' എന്നു പ്രഘോഷിക്കുന്ന ഒരു സര്‍ക്കാരാണിത് എന്നോര്‍ക്കണം.

25 ഹൈക്കോടതികളിലായി 1080 ജഡ്ജിമാര്‍ വേണ്ടിടത്ത് 465 ജഡ്ജിമാരുടെ കുറവാണ് ഇപ്പോഴുള്ളത്. ഹൈക്കോടതികളില്‍ 60 ലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. അഴിമതി വിരുദ്ധ ഭരണമെന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന ഈ ഗവണ്‍മെന്റ് സര്‍ക്കാര്‍ തലത്തിലെ അഴിമതിയെ ചെറുക്കുന്നതിനുള്ള ഏറ്റവും ഉയര്‍ന്ന സംവിധാനമായ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ തലവനെ പോലും നിയമിക്കാന്‍ മെനക്കെട്ടിട്ടില്ല.

ട്രിബ്യൂണലുകളുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന തികച്ചും ഉദാസീനമായ ഈ സമീപനം മറ്റു പല സ്ഥാപനങ്ങളുടെയും കാര്യത്തില്‍ ഇവര്‍ക്കുള്ള നിരുത്തരവാദിത്വത്തിനു സമാനമാണ്. ഏതാണ്ട് പകുതി കാലാവധിയെത്താറായിരിക്കുന്ന 17-ാം ലോക്‌സഭയ്ക്ക് ഡെപ്യൂട്ടി സ്പീക്കറില്ലാതിരിക്കുന്നത് പതിവില്ലാത്ത ഒരു കാര്യമാണ്. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും കഴിയുന്നത്ര വേഗത്തില്‍ തിരഞ്ഞെടുക്കണമെന്നാണ് ഭരണഘടന നിര്‍ദേശിക്കുന്നത്. 16-ാം ലോക്‌സഭ ഇതു പാലിച്ചിരുന്നു. ഈ ഭരണഘടനാ വ്യവസ്ഥ പാലിക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഇത്രയും അമാന്തം കാണിക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യന്‍ നിയമകമ്മീഷനാണ് ത്രിശങ്കുവില്‍ നിറുത്തിയിരിക്കുന്ന മറ്റൊരു സംവിധാനം. കമ്മീഷന്റെ ചെയര്‍പേഴ്‌സണിന്റെയും അംഗങ്ങളുടെയും കാലാവധി 2018 ല്‍ പൂര്‍ത്തിയായതാണ്. ഈ പദവികളിലേയ്ക്കുള്ള നിയമനം വേഗത്തിലാക്കണമെന്നു മദ്രാസ് ഹൈക്കോടതി ഇപ്പോള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

25 ഹൈക്കോടതികളിലായി 1080 ജഡ്ജിമാര്‍ വേണ്ടിടത്ത് 465 ജഡ്ജിമാരുടെ കുറവാണ് ഇപ്പോഴുള്ളത്. ഹൈക്കോടതികളില്‍ 60 ലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. അഴിമതിവിരുദ്ധ ഭരണമെന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന ഈ ഗവണ്‍മെന്റ് സര്‍ക്കാര്‍ തലത്തിലെ അഴിമതിയെ ചെറുക്കുന്നതിനുള്ള ഏറ്റവും ഉയര്‍ന്ന സംവിധാനമായ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ തലവനെ പോലും നിയമിക്കാന്‍ മെനക്കെട്ടിട്ടില്ല.

സുപ്രധാനസ്ഥാപനങ്ങളിലെ ഉന്നതപദവികള്‍ ഇത്രയധികം ഒഴിഞ്ഞു കിടക്കുന്നത് ഭരണത്തെ വളരെയേറെ അപകടത്തിലാക്കും. ഇത്രയും പ്രധാനമായ ഒരു വിഷയം സര്‍ക്കാര്‍ തട്ടിക്കളിക്കുന്നത് ജനാധിപത്യത്തോടും ഭരണഘടനയോടും ഉള്ള അവഹേളനമാണ്. ലോക്‌സഭയിലെ മൃഗീയഭൂരിപക്ഷത്തിന്റെ മറവില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ധാര്‍ഷ്ട്യത്തിന്റെ പ്രകടനമാണിത്. സ്ഥാപനങ്ങളെ മേധാവികളില്ലാതെയും അംഗങ്ങളില്ലാതെയും വിടുന്നത് അവയെ നിരായുധീകരിക്കുന്നതിനുള്ള ഉറപ്പായ മാര്‍ഗമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org