വചനമനസ്‌കാരം: No.130

വചനമനസ്‌കാരം: No.130
Published on

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേലിന്റെ ഇടയന്മാരേ, നിങ്ങള്‍ക്കു ദുരിതം ! ഇടയന്മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത് ?

എസെക്കിയേല്‍ 34:2

  • ഞാന്‍ വരുന്നൂ, വരുന്നൂ സമയമായ്,

    ഞാന്‍ വരുന്നൂ സമരത്തിനായിതാ

  • നിര്‍ഭയമായി നിന്നു പോരാടിടാം,

    ദുര്‍ഭര ദുര്‍നയങ്ങളോടൊക്കവേ

  • കൈക്കരുത്തു കുറഞ്ഞാല്‍ കുറയട്ടെ

    സത്യശക്തി സുലഭമായുണ്ടല്ലോ!

  • - ലളിതാംബിക അന്തര്‍ജനം

സമരങ്ങളെയും പോരാട്ടങ്ങളെയും തെളിമയോടെ കാണാനാകുന്നതും കൃപയാണ്. എല്ലാ സമരങ്ങളും കലാപങ്ങളല്ല. എല്ലാ പോരാട്ടങ്ങളും വിധ്വംസക-വിമത പ്രവര്‍ത്തനങ്ങളല്ല. അധികാരത്തിന്റെയും പണത്തിന്റെയും ശക്തി ആവോളമുള്ള എതിരാളികളോടും സത്യശക്തിയും തജന്യമായ നിര്‍ഭയത്വവും മാത്രം കൈമുതലായുള്ള ജനവിഭാഗങ്ങള്‍ പൊരുതി നേടുന്നതിന് സമകാലിക രാഷ്ട്രീയ-സഭാ മണ്ഡലങ്ങളില്‍ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. വോട്ട് 'കുത്തിയ' ജനം പ്രകടിപ്പിച്ച കൈക്കരുത്ത് എല്ലാ ഭരണകൂടങ്ങളും ഓമനിച്ചോര്‍മ്മിക്കേണ്ട പാഠമല്ലേ ? കൈക്കരുത്തിന്റെ പ്രകടനത്തിന് മാര്‍ഗമുണ്ടായിട്ടും അതിനു തുനിയാതെ സത്യ ധര്‍മ്മ നീതികളുടെ അപാരശക്തിയെ മാത്രം ആശ്രയിച്ച് നടത്തുന്ന സമരങ്ങളും കലാപങ്ങളുമാണ് 'സിസ്റ്റത്തെ' ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്നത്. ഈ പോരാട്ട-ശുദ്ധീകരണ-നവീകരണ പ്രക്രിയയെ ഹൃദയവിശാലതയോടെ ഉള്‍ക്കൊള്ളാന്‍ സിസ്റ്റത്തെ നയിക്കുന്നവര്‍ക്ക് കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം.

സീറോ മലബാര്‍ സഭയില്‍ ഇത് അന്ത്യശാസനങ്ങളുടെ സമയമാണ്. 'ദൈവത്തിന്റെ കാര്യസ്ഥന്‍' എന്ന നിലയില്‍ (തീത്തോസ് 1:7) ക്രിസ്തുമനസ്സിന്റെ തനിപ്പകര്‍പ്പുകളും സുവിശേഷമൂല്യങ്ങളുടെ ശ്രേഷ്ഠ മാതൃകകളും ആകേണ്ട മെത്രാന്മാരാണ് 'അന്ത്യശാസനം' 'എക്‌സ് കമ്മ്യൂണിക്കേഷന്‍' എന്നിവയെ കൂട്ടുപിടിക്കുന്നത്. അനുസരിക്കാത്തതിനാണ് പുറന്തള്ളുമെന്ന് അന്ത്യശാസനം നല്കിയത്. എന്തുകൊണ്ട് അനുസരിക്കുന്നില്ല എന്ന് യുക്തിസഹമായും ഹൃദയംഗമമായും അന്വേഷിക്കേണ്ട കടമ അവര്‍ക്കുണ്ടായിരുന്നില്ലേ? 'തേടുക - കണ്ടെത്തുക' എന്നതല്ലേ യേശു അവരെ ഭരമേല്പിച്ച ഇടയദൗത്യത്തിന്റെ സത്തയും സാരവും ? അനീതി കൊടി കുത്തി വാഴുമ്പോഴും അസത്യം വിജയോന്മാദത്തിന്റെ അട്ടഹാസം മുഴക്കുമ്പോഴും സംഘബലത്തിന്റെ കുടിലതകളില്‍ ന്യായമായ അവകാശങ്ങള്‍ പോലും ഞെരിഞ്ഞമരുമ്പോഴും അതേക്കുറിച്ച് ഒരക്ഷരവും ഉരിയാടാതെ 'അനുസരണം അനുസരണം' എന്നാവര്‍ത്തിക്കുന്നതില്‍ എന്ത് ന്യായമുണ്ട്?

സഭ ക്രിസ്തുവിന്റെ ശരീരമായിരിക്കെ അവിടെ മുഴങ്ങുന്ന ഓരോ അന്ത്യശാസനവും സത്യത്തില്‍ ക്രിസ്തുവിരുദ്ധ അരൂപിയുടെ ശാസനമാണ്. കാരണം, യേശുക്രിസ്തു തന്റെ അന്ത്യശ്വാസം വരെയും സൂചിതാര്‍ത്ഥത്തില്‍ അന്ത്യശാസനങ്ങള്‍ നല്‍കിയിരുന്നില്ല. മരണവിനാഴികയില്‍ അവന്‍ ഉയര്‍ത്തിയ അന്ത്യശാസനകള്‍ എന്തെന്നും അതിന്റെ ധ്വനിയും മാധുര്യവും മഹിമയും എന്തെന്നും സുവിശേഷകര്‍ മനോജ്ഞമായി രേഖപ്പെടത്തിയിട്ടുണ്ട്. കുരിശിലെ ആ അന്ത്യശാസനകള്‍ സ്വജീവിതത്തിന്റെ അന്ത്യശ്വാസം വരെ അനുകരിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുക എന്നതാണ് ഓരോ ക്രിസ്ത്യാനിയുടെയും വിളിയും വെല്ലുവിളിയും. അന്ത്യശാസനങ്ങളുടെ സഭ, യേശു വിഭാവനം ചെയ്ത സ്‌നേഹാശ്ലേഷത്തിന്റെ സഭയില്‍ നിന്ന് എത്രയോ പ്രകാശവര്‍ഷങ്ങള്‍ അകലെയാണ്! തിരികെ അണയുന്ന ധൂര്‍ത്തപുത്രര്‍ക്കു പോലും കുറ്റബോധവും അപകര്‍ഷതയും തോന്നാത്ത ഇടമൊരുക്കുന്ന പിതൃഭവനമാകണം ക്രിസ്തുവിന്റെ സഭ എന്നിരിക്കെ, അവന്റെ പ്രതിപുരുഷര്‍ തന്നെ ഹൃദയകാഠിന്യത്തോടും പ്രതികാരബുദ്ധിയോടും കൂടെ 'പുതിയ ധൂര്‍ത്തപുത്രരെ' സൃഷ്ടിക്കുന്ന ശോകാകുലമായ വൈരുധ്യത്തെ ഏതു വാക്കുകളില്‍ അടയാളപ്പെടുത്തും ? സാത്താന്റെ സിനഗോഗില്‍ നിന്നുള്ള (വെളിപാട് 3:9) പാഠഭേദങ്ങള്‍ക്ക് അപ്പസ്‌തോല പിന്തുടര്‍ച്ചയുടെ ഭാരാഭിമാനങ്ങള്‍ പേറുന്നവരില്‍ ആസ്വാദകരും അനുവാചകരും പ്രയോക്താക്കളും ഉണ്ടാകുന്നത് വ്യക്തിപരമായ അപചയം എന്നതിലുപരി, ഒരിക്കല്‍ മഹാശോഭയോടെ വിളങ്ങിയിരുന്ന ഒരു സഭയുടെ തന്നെ അസ്തമയത്തിന് നിമിത്തമാകുന്ന സങ്കടക്കാഴ്ചയാണ് അന്ത്യശാസകരുടെ സീറോ മലബാര്‍ സഭ ലോകത്തിന് മുന്നില്‍ അവശേഷിപ്പിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org