വചനമനസ്‌കാരം: No.132

വചനമനസ്‌കാരം: No.132
Published on

എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണ്ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ച് പ്രശംസിക്കും.

2 കോറിന്തോസ് 12:9

എന്നെപ്പോലുമെനിക്കു നേര്‍വഴി നയിക്കാനൊട്ടുമാകാത്ത ഞാ- നന്യന്മാരെ നയിച്ചു നായകപദപ്രാപ്തിക്കു ദാഹിക്കയോ? - ചങ്ങമ്പുഴ

വെളിപാടുകളുടെ ആധിക്യത്തോടൊപ്പം മുള്ളുകളുടെ സാന്നിധ്യം! കര്‍ത്തൃകൃപകളുടെ സമൃദ്ധിയുടെ ആഹ്ലാദത്തോടൊപ്പം ശല്യപ്പെടുത്തുന്ന പിശാചിന്റെ ദൂതന്റെ സാന്നിധ്യം! അതായിരുന്നു അയാള്‍! ജീവിതം അയാള്‍ക്ക് വിരുദ്ധദ്വന്ത്വങ്ങളുടെ വിരുന്നുമേശയായി. ബലവും ബലഹീനതയും കണ്ണീരും കിനാവും ഭയവും ആനന്ദവും ലോകത്തിന്റെ വിജ്ഞാനവും ദൈവികജ്ഞാനവുമെല്ലാം അതിലെ വിഭവങ്ങളായി. ബലഹീനതകളില്‍ നിന്ന് സര്‍വബലങ്ങളുടെയും പ്രഭവകേന്ദ്രത്തിലേക്ക് അയാള്‍ നടത്തിയ കൃപയുടെ സഞ്ചാരമാണ് സാവൂളില്‍ നിന്ന് പൗലോസിലേക്കുള്ള മെറ്റമോര്‍ഫസിസിന്റെ ആകെത്തുക. അനേകം വാല്യങ്ങളില്‍ പകര്‍ത്തിയെഴുതാമായിരുന്ന സ്‌തോഭജനകമായ ആ ജീവിതകഥയാണ് ചേതോഹരമായ ഒറ്റ വാചകത്തില്‍ അയാള്‍ സംഗ്രഹിച്ചത്: 'എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്' (ഫിലിപ്പി 1:21). അവബോധം - അതായിരുന്നു അയാള്‍ക്കുള്ള സവിശേഷമായ കൃപ. ആരായിരുന്നെന്നും ആരായിരിക്കുന്നുവെന്നും ആരായിത്തീരുമെന്നും അയാള്‍ നന്നായി അറിഞ്ഞിരുന്നു. സ്വന്തം ബലഹീനതകളെക്കുറിച്ചും പ്രശംസിക്കാനും 'ബലഹീനനായിരിക്കുമ്പോഴാണ് ഞാന്‍ ശക്തനായിരിക്കുന്നത്' എന്ന് പ്രസ്താവിക്കാനും കഴിഞ്ഞതിന്റെ കാരണമതാണ്.

നമ്മുടെ ജീവിതവും ബലവും ബലഹീനതയും തമ്മിലുള്ള പോരാട്ടത്തിന്റെ വീരകഥകളും ശോകകഥകളും നിറഞ്ഞതാണ്. നമുക്കു നേരെ സദാ വിടര്‍ന്നു നില്‍ക്കുന്ന കൃപയുടെ ആ കരം പിടിക്കാനുള്ള സന്നദ്ധതയാണ് ഒടുവില്‍, തിരശ്ശീല വീഴുമ്പോള്‍ നമ്മുടെ ജീവിതനടനവും കഥാകഥനവും എപ്രകാരമായിരുന്നെന്ന് നിര്‍ണ്ണയിക്കുന്നത്. മറ്റുള്ളവരുടെ ബലഹീനതകളില്‍ സഹായവും ആശ്വാസവുമാകുന്നത് നല്ലതുതന്നെ. എന്നാല്‍ സ്വന്തം ബലഹീനതകളോടുള്ള സമീപനമെന്താണ്? മറ്റുള്ളവര്‍ക്ക് വഴികാട്ടിയും ഉപദേഷ്ടാവുമാകാന്‍ പലര്‍ക്കും സവിശേഷമായ സിദ്ധിയും ഉത്സാഹവുമുണ്ട്. സദാ മറ്റുള്ളവരെ വീക്ഷിച്ചും വിമര്‍ശിച്ചും വിലയിരുത്തിയും ജീവിക്കുന്നവരുമുണ്ട്. ചോദ്യമൊളിപ്പിച്ച കണ്ണുകളുമായി എപ്പോഴും മറ്റുള്ളവരെ പിന്തുടരുന്നവര്‍! എന്തിനെയും ഏതിനെയും തലനാരിഴ കീറി പരിശോധിച്ച് മാര്‍ക്കിട്ട് സായൂജ്യമടയുന്നവര്‍! എന്നാല്‍, തന്നെത്തന്നെ വിലയിരുത്തുന്നതിലും തിരുത്തുന്നതിലും അവര്‍ അത്ര ശ്രദ്ധാലുക്കളും ഉത്സാഹികളുമല്ല. സ്വന്തം ആന്തരികചലനങ്ങളെ അറിയാനോ പിന്തുടരാനോ ശ്രമിക്കാതെ മറ്റുള്ളവരുടെ ബലഹീനതകളെ മാത്രം നിരീക്ഷിച്ച് കാലം കഴിക്കുന്നതാണ് തോല്‍വിയും ദുരന്തവും. തനിക്കുതന്നെ വഴികാട്ടാനും തന്റെതന്നെ ഗുരുവാകാനും തന്നെത്തന്നെ സഹായിക്കാനും കഴിയുന്നുണ്ടോ എന്നതാണ് സുപ്രധാനചോദ്യം. അനുഭവിച്ചും ആസ്വദിച്ചും സ്വന്തം ബലഹീനതകളില്‍ അഭിരമിക്കുന്നവര്‍ അതില്‍ത്തന്നെ എരിഞ്ഞടങ്ങും. വന്നുചേരുന്നതും വിളിച്ചുവരുത്തുന്നതുമായ തടവറകളുണ്ട്. തടവറയാണെന്ന് തിരിച്ചറിഞ്ഞാല്‍ ഒരു നിമിഷം പോലും തുടരാതെ രക്ഷപ്പെടുകയാണ് വിവേകം. ആ വിവേകത്തിന്റെ അഭാവമാണ് വ്യാപരിക്കുന്ന എല്ലായിടങ്ങളെയും നരകതുല്യമാക്കുന്നത്. എല്ലാ തടവറകളെയും തകര്‍ക്കാനുള്ള ആദ്യപടി തടവറയാണെന്ന അവബോധമുണ്ടാകുന്നതാണ്. കവിക്കും അപ്പസ്‌തോലനും എന്നതുപോലെ, അതുണ്ടായാല്‍ പിന്നത്തെ യാത്ര എളുപ്പമാണ്. ആ ആത്മായനത്തിന്റെ ഓരോ പടവുകളിലും, ബലഹീനതകളില്‍ പ്രകടമാകുന്ന പൂര്‍ണ്ണശക്തിയോടെ അവിടുന്ന് സഹയാത്ര ചെയ്യുന്നുണ്ടെന്ന അറിവ് എത്ര ആശ്വാസകരവും ആനന്ദദായകവുമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org