വചനമനസ്‌കാരം: No.133

വചനമനസ്‌കാരം: No.133
Published on

കര്‍ത്താവിന്റെ മഹത്വം, കണ്ണാടിയിലെന്നപോലെ, മൂടുപടമണിയാത്ത മുഖത്തു പ്രതിഫലിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്, മഹത്വത്തില്‍ നിന്ന് മഹത്വത്തിലേക്ക്, രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്.

2 കോറിന്തോസ് 3:18

'മോന്‍ കണ്ണാടി നോക്കാറുണ്ടോ?'

'ഉണ്ട്.'

'എന്താണ് കാണാറുള്ളത്?'

'എന്നെത്തന്നെ കാണും. എന്റെ മുഖം കാണും!'

'നന്നായി! മുഖത്ത് കര്‍ത്താവ് എഴുതി വച്ചിരിക്കുന്ന കൃപയുടെ അക്ഷരങ്ങള്‍ കാണാനും വായിക്കാനും കഴിയുന്നുണ്ടോ? എന്തുമാത്രം അനുഗ്രഹങ്ങളാണ് മോന്റെ മുഖത്ത് അവിടുന്ന് ഒളിപ്പിച്ചിരിക്കുന്നത്! അത് വായിച്ചെടുക്കണം. പരിശ്രമിച്ചും പ്രാര്‍ത്ഥിച്ചും കാത്തിരുന്നും ആ അനുഗ്രഹങ്ങള്‍ സ്വന്തമാക്കണം. അങ്ങനെ സകലര്‍ക്കും അനുഗ്രഹമായി മാറണം.'

ഓഫീസ് മുറിയില്‍ വന്നിരിക്കുന്നത് ഒരു പത്താം ക്ലാസുകാരനും ഹൃദയത്തിന് തീപിടിച്ച ഒരമ്മയുമാണ്. സുഹൃത്തിന്റെ കോണ്‍ടാക്ടില്‍ ഉള്ളവരാണ്. കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് വന്നതാണ്. മിടുക്കനായിരുന്നു. പെട്ടെന്ന് ഒരു നാള്‍ മുതല്‍ അവന്‍ വിഷാദിയും മൗനിയുമായി കാണപ്പെട്ടു. അതോടെ അമ്മയ്ക്ക് ആധിയായി. അങ്ങനെയാണ് ആരംഭത്തില്‍ തന്നെ സഹായം തേടിയത്. ഇക്കാലത്ത് മക്കളുടെ ജീവിതതാളം തെറ്റിക്കാന്‍ ഫോണ്‍ അഡിക്ഷന്‍ മുതല്‍ മയക്കുമരുന്ന് മാഫിയ വരെയുള്ള എത്രയോ കാര്യകാരണങ്ങളാണുള്ളത്. അടുത്തിടെയാണ് ഒരു മോന്‍ ജീവന്‍ ഹോമിച്ചത്. അവനും മിടുക്കനായിരുന്നു. അള്‍ത്താരയില്‍ ശുശ്രൂഷയും ചെയ്തിരുന്നു. അവന്‍ കളിച്ചിരുന്നത് 'ഡെവിള്‍' എന്ന ഗെയിമായിരുന്നു. ആരാണ് ഡെവിള്‍? evil personified അഥവാ തിന്മയുടെ മൂര്‍ത്തീഭാവമാണ് ഡെവിള്‍. രാക്ഷസന്‍, പിശാച്, ദുര്‍ഭൂതം, വേതാളം, ചെകുത്താന്‍ എന്നൊക്കെ ആ വാക്കിന് അര്‍ത്ഥം നല്‍കുന്ന നിഘണ്ടു ദുഷ്ടന്‍, പരമദുഷ്ടന്‍, മഹാപാതകന്‍, ക്രൂരന്‍, വഞ്ചകന്‍ എന്ന പര്യായപദങ്ങളും നല്‍കുന്നുണ്ട്. അവനുമായുള്ള ഏതൊരു 'ഡീലും' മരണക്കളിയാണെന്ന് നമ്മുടെ മക്കളില്‍ ചിലരെങ്കിലും മറക്കുന്നു.

ആംഗലേയത്തില്‍ better the devil you know എന്നൊരു പ്രയോഗമുണ്ട്. പരിചയമുള്ള ചെകുത്താന്‍ അപരിചിതനേക്കാള്‍ ഭേദമാണത്രെ. അത് സത്യമല്ല. നമ്മുടെ മക്കള്‍ ഏത് സാഹചര്യത്തിലും അവനുമായി പരിചയപ്പെടാതെയും സമ്പര്‍ക്കത്തിലേര്‍പ്പെടാതെയും കഴിയുന്നതാണ് നല്ലത്. ''അവനില്‍ സത്യമില്ല'' എന്നും ''അവന്‍ നുണയനും നുണയുടെ പിതാവുമാണ്'' എന്നും യേശു പഠിപ്പിക്കുന്നുണ്ട് (യോഹ. 8:44). ആദിമാതാപിതാക്കളെ എന്നപോലെ അവന്‍ സകലരെയും ചതിക്കുകയും വഞ്ചിക്കുകയും ചെയ്യും.

പരസ്യം പറയുന്നതുപോലെ, സ്‌പോഞ്ച് പോലെയിരിക്കുന്നത് ശ്വാസകോശം മാത്രമല്ല; കുട്ടികളുടെ മനസും കൂടിയാണ്. ആദ്യം തോന്നുന്ന ചെറിയ ഒരിഷ്ടം പിന്നീട് ആരാധനയും ഒടുവില്‍ അടിമത്തവും ആകാന്‍ അധികനാള്‍ വേണ്ട. സത്യത്തില്‍ നമ്മുടെ മക്കള്‍ക്ക് കരിയര്‍ ഗൈഡന്‍സിനേക്കാളും മോട്ടിവേഷണല്‍ ക്ലാസുകളേക്കാളും ആവശ്യമായിരിക്കുന്നത് അവരുടെ രക്ഷകനും വിശ്വസ്തസ്‌നേഹിതനുമായ യേശുക്രിസ്തുവുമായി ഗാഢമായ സ്‌നേഹബന്ധം സ്ഥാപിക്കാനുള്ള പരിശീലനമാണ്. പന്ത്രണ്ട് വര്‍ഷത്തെ വിശ്വാസപരിശീലനത്തിന്റെ ആകെത്തുകയായി ഈ വ്യക്തിബന്ധത്തിലേക്ക് അവരെ നയിക്കാനും അതിന്റെ ഏതെങ്കിലും പടവുകളില്‍ അവരെ പ്രതിഷ്ഠിക്കാനും നമുക്ക് കഴിയുന്നില്ലെങ്കില്‍ നമ്മുടെ സംവിധാനങ്ങളൊക്കെ പരാജയമാണെന്ന് പറയേണ്ടി വരും. കുട്ടികളെ കുറ്റപ്പെടുത്തുന്നതും മുതിര്‍ന്നവര്‍ പരസ്പരം പഴിചാരുന്നതും നിഷ്പ്രയോജനമാണ്. നമ്മുടെ മക്കള്‍ക്കു വേണ്ടത് സഹായവും മാര്‍ഗനിര്‍ദേശവും പിന്തുണയുമാണ്. സ്മാര്‍ട്ട് ഫോണിന്റെ അടിമത്തത്തില്‍ നിന്നും മരണക്കളികളുടെ ചതിക്കുഴികളില്‍ നിന്നും പോര്‍ണോഗ്രഫിയുടെ വിനാശകരമായ ആസക്തികളില്‍ നിന്നും മക്കളെ നമുക്ക് വീണ്ടെടുക്കണം. ശിരോലിഖിതങ്ങളിലും ജീവിതവഴികളിലും കര്‍ത്താവ് കുറിച്ചുവച്ചിരിക്കുന്ന അനുഗ്രഹത്തിന്റെ അക്ഷരമാല വായിച്ചെടുക്കാന്‍ അവരെ സഹായിക്കണം. സഭയിലും ലോകത്തിലും കര്‍ത്താവിന്റെ മഹത്വം പ്രതിഫലിപ്പിക്കുന്നവരായി പ്രശോഭിക്കുവാന്‍ അവരെ പരിശീലിപ്പിക്കണം. അതാണ് മാതാപിതാക്കള്‍, വിശ്വാസപരിശീലകര്‍, സഭാധികാരികള്‍ എന്നിവരില്‍ നിന്നെല്ലാം കാലം ആവശ്യപ്പെടുന്ന അടിയന്തരദൗത്യം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org