എഴുതപ്പെട്ടിരിക്കുന്നതു പോലെ, ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല.
1 കോറിന്തോസ് 2:9
'ഹാ! വിജയം പ്രാപിച്ച വിശുദ്ധാത്മാക്കളേ, നാശഭയം അശേഷമില്ലാതെ നിങ്ങളിപ്പോള്‍ പരമാനന്ദം അനുഭവിക്കുക യാണല്ലോ. എന്റെ ദൈവത്തിന്റെ നിത്യസ്തുതിഗീതങ്ങള്‍ ആലപിക്കുന്നതിലാണല്ലോ നിങ്ങള്‍ ദത്തശ്രദ്ധരായിരിക്കു ന്നത്! ഹാ! എത്രയോ ഭാഗ്യപ്പെട്ട ജീവിതം! ദുര്‍ഭഗമായ ഐഹികജീവിതത്തില്‍, എന്റെ ദൈവത്തെ ദ്രോഹിക്കുന്ന നിരവധി മഹാപാതകങ്ങള്‍ക്കു നിദാനമായ ദുരിതങ്ങളില്‍ നിന്നു സ്വതന്ത്രരായ നിങ്ങളെക്കുറിച്ച് എന്റെ ആത്മാവ് അത്യന്തം അസൂയാലുവായിരിക്കുന്നു!
മനുഷ്യരുടെ അപാരമായ നന്ദിഹീനതയൊന്നും നിങ്ങള്‍ക്കു കാണേണ്ടതില്ലല്ലോ. പിശാച് എണ്ണമില്ലാത്ത ആത്മാക്കളെ അപഹരിക്കുന്ന കാര്യം ഇവിടെ ആരും അത്ര ഗൗനിക്കുന്നില്ല എന്നതും നിങ്ങളെ വ്യസനിപ്പിക്കുന്നില്ലായിരിക്കും. ഹാ! സ്വര്‍ഗപ്രാപ്തരായ ധന്യാത്മാക്കളെ, ഞങ്ങളുടെ കഷ്ടതകളില്‍ ഞങ്ങളെ സഹായിക്കണമേ; നിങ്ങളുടെ പരമാനന്ദത്തിലും നിങ്ങളനു ഭവിക്കുന്ന പ്രത്യക്ഷദര്‍ശനത്തിലും ലഘുവായ ഒരു പങ്കു ഞങ്ങള്‍ക്കും ലഭിക്കത്തക്കവിധം നിങ്ങള്‍ മാധ്യസ്ഥ്യമപേക്ഷിക്കണമെ.
എന്റെ ദൈവമേ, ദുരിതം നിറഞ്ഞതും സ്വപ്നം പോലെ കടന്നുപോകുന്നതുമായ ഐഹികജീവിതത്തില്‍ പുരുഷോചിതമായ ധീരതയോടെ സമരം ചെയ്യുന്നവര്‍ക്കായി അങ്ങു കരുതിയിരിക്കുന്ന നിത്യസമ്മാനം എന്തായിരിക്കു മെന്നു ഞങ്ങളെ ഗ്രഹിപ്പിക്കേണമെ. ഹാ! സ്‌നേഹോജ്ജ്വല രായ ആത്മാക്കളേ, നിങ്ങളനുഭവിക്കുന്ന പരമാനന്ദം സനാതനമാണെന്ന അവബോധവും അതൊരിക്കലും അവസാനിക്കയില്ലെന്നു സുദൃഢമായ ഉറപ്പോടെ അറിയുന്ന തിന്റെ സംതൃപ്തിയും നിമിത്തം നിങ്ങളനുഭവിക്കുന്ന സൗഭാഗ്യം,
ഞങ്ങള്‍ക്കും അനുഭവവേദ്യമാക്കണമെ.' mystical എന്ന വാക്കിന് sacredly secret; spiritually allegorical എന്നൊക്കെയാണ് അര്‍ത്ഥം കാണുന്നത്. യോഗാത്മകത്വം എന്നതാണ് തത്തുല്യമായ മലയാളപദം. യോഗാത്മകരായി ജീവിക്കുന്ന ആത്മീയസ്വപ്നാടകരെ മനസ്സിലാക്കാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ. അത്തരമൊരു യോഗി അഥവാ മിസ്റ്റിക് ആണ് സാര്‍വത്രികസഭയുടെ വേദപാരം ഗതയും ആദ്ധ്യാത്മികമാതാവുമായി പ്രശോഭിക്കുന്ന ആവിലായിലെ വിശുദ്ധ അമ്മത്രേസ്യാ.
വിശുദ്ധയുടെ 'ആഭ്യന്തരഹര്‍മ്യം' എന്ന ഗ്രന്ഥത്തിന്റെ അനുബന്ധമായി കൊടുത്തിട്ടുള്ള 'ഹര്‍ഷനിസ്വനങ്ങള്‍' എന്ന പ്രാര്‍ഥനാ മഞ്ജരിയിലെ ഒരു പ്രാര്‍ഥനയാണ് മേലുദ്ധരിച്ചത്. വിശുദ്ധരും നമ്മളും തമ്മിലുള്ള ചില പ്രധാന വ്യത്യാസങ്ങള്‍ ഇവയാണ്: വിശുദ്ധര്‍ സ്വര്‍ഗപ്രാപ്തരായ ആത്മാക്കളെ ഓര്‍ത്ത് അസൂയപ്പെടുമ്പോള്‍ നാം അയല്‍വാസികളെ നോക്കി അസൂയപ്പെടുന്നു! വിശുദ്ധര്‍ നിത്യസൗഭാഗ്യത്തിനായി ദാഹത്തോടെ കാത്തിരിക്കുമ്പോള്‍ നാം ഇഹലോകസൗഭാഗ്യങ്ങള്‍ക്കായി നെടുവീര്‍പ്പോടെ ദാഹിക്കുകയും കഠിനമായി കഷ്ടപ്പെടുകയും ചെയ്യുന്നു.
വിശുദ്ധര്‍ പരമാനന്ദത്തിനായി മറ്റെല്ലാം അവഗണിക്കുമ്പോള്‍ നാം ക്ഷണികവും നശ്വരവുമായ സന്തോഷങ്ങള്‍ക്കുവേണ്ടി പരമാനന്ദത്തെ അവഗണിക്കുന്നു. വിശുദ്ധര്‍ ദൈവസാന്നിധ്യത്തിന്റെ പറുദീസയില്‍ ആയിരിക്കാന്‍ കൊതിക്കുമ്പോള്‍ നാം, നമ്മള്‍ പോലുമില്ലാത്ത അസാന്നിധ്യത്തിന്റെ അഗാധതയില്‍ ജീവിക്കുന്നു. വിശുദ്ധര്‍ മരണം നേട്ടമായി കാണുമ്പോള്‍ നാം മരണം നഷ്ടമായി പരിഗണിക്കുന്നു.
‘In the long run, we all are dead - ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാമെല്ലാവരും മരിച്ചവരാണ്' എന്നെഴുതിയത് വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ മെയ്‌നാര്‍ഡ് കെയ്ന്‍സാണ്. ആ വാചകം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാമെല്ലാവരും ആത്മാക്കളാണ് എന്ന് പരിഷ്‌കരിക്കാവുന്നതാണ്. അല്ല; സൂക്ഷ്മാര്‍ഥത്തില്‍ ഇപ്പോള്‍ത്തന്നെ നാം ആത്മാക്കളാണ്. പഞ്ജരം എന്നൊരു പദമുണ്ട്; പക്ഷിക്കൂട്, അസ്ഥിക്കൂട്, ശരീരം, ഇടം, സ്ഥലം എന്നൊക്കെയാണ് അര്‍ത്ഥം. ദേഹമെന്ന ഈ കൂട്ടില്‍ തടവറയിലെന്നോണം ക്ലേശിക്കുന്ന നമ്മുടെ ആത്മാവ് തന്നെയാണ് ആ പക്ഷി.
ഒരിക്കല്‍ ഈ തടവറ തകര്‍ത്ത് നിത്യവിഹായസിലേക്ക് പറന്നുയരാനും തിരുസാന്നിധ്യത്തിന്റെ തണലില്‍ നിലയ്ക്കാതെ ആനന്ദഗാനങ്ങളുതിര്‍ക്കാനും ആ പക്ഷി കൊതിക്കുന്നുണ്ടാകും. ദൈവം സജ്ജീകരിച്ചിരിക്കുന്നവ എപ്പോഴും ഓര്‍മ്മിച്ചാല്‍ ഈ ലോകത്തിന്റെ 'തൊടിയിലും തോട്ടത്തിലും' ലഭിക്കുന്ന സകലതും ആ പക്ഷിക്ക് കൊത്തിക്കൊറിക്കേണ്ടി വരില്ല! നവംബര്‍ ഉള്ളിലെ പക്ഷിയെ ധ്യാനിക്കാനുള്ള സന്ദര്‍ഭമാണ്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ എന്നിവയാല്‍ പഞ്ജരം അഥവാ ശരീരത്തെ പോറ്റുന്നവരാണോ നാം ? അതോ ഇന്ദ്രിയനിഗ്രഹത്താലും സ്വര്‍ഗസ്മൃതികളാലും പക്ഷി അഥവാ ആത്മാവിനെ പരിപോഷിപ്പിക്കുകയാണോ നാം ?