ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്.
1 കോറിന്തോസ് 15:19
'ഈ ജീവിതത്തില്‍ യേശുവിനെ അനുഗമിക്കുന്ന എല്ലാവര്‍ക്കും അവന്‍ നമുക്കായി തയ്യാറാക്കി വച്ചിട്ടുള്ള അനശ്വരമായ സ്ഥലത്തേക്ക് സ്വാഗതമരുളും. അതിനാല്‍ നമ്മള്‍ സെമിത്തേരി സന്ദര്‍ശിക്കുമ്പോഴൊക്കെ, അവസാന ഉയിര്‍പ്പിനായി കാത്തുകിടക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ നശ്വരമായ ശേഷിപ്പുകളാണ് അവിടെയുള്ളതെന്ന കാര്യം ഓര്‍ക്കുക. വിശുദ്ധലിഖിതങ്ങള്‍ നമ്മോട് പറയുന്നതനുസരിച്ച് അവരുടെ ആത്മാക്കള്‍ ദൈവത്തിന്റെ കരങ്ങളിലാണ്. അവരെ ആദരിക്കുവാനുള്ള ഏറ്റവും ഫലപ്രദവും ശരിയായതുമായ മാര്‍ഗം അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും, വിശ്വാസപരവും, പ്രതീക്ഷാപരവും, കാരുണ്യപരവുമായ പ്രവര്‍ത്തികള്‍ അവര്‍ക്കായി സമര്‍പ്പിക്കുകയും ചെയ്യുക എന്നതാണ്. ദിവ്യബലി വഴിയായി നമുക്ക് അവരുടെ നിത്യമോക്ഷത്തിനായി മാധ്യസ്ഥം വഹിക്കാം.'
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ
a quality or state that distinguishes the living from the dead എന്നാണ് life എന്ന വാക്കിന് നിഘണ്ടു നല്‍കുന്ന അര്‍ഥവിശദീകരണം. ജീവിച്ചിരിക്കുന്നവരെ മരിച്ചവരില്‍ നിന്ന് വേര്‍തിരിക്കുന്ന ഗുണമോ അവസ്ഥയോ ആണ് ജീവന്‍. ഉയിര്, പ്രാണന്‍, ജീവശക്തി എന്നിങ്ങനെ കൊടുത്തിരിക്കുന്ന അര്‍ത്ഥങ്ങളെല്ലാം ശരീരബദ്ധമാണ്. ആത്മാവിനെ പ്രബുദ്ധമാക്കുക എന്നത് നിഘണ്ടുവിന്റെ ദൗത്യമല്ലാത്തതിനാല്‍ അതൊരു അപരാധമല്ല! എന്നാല്‍, ജീവനും ഉയിരും പ്രാണനും ജീവശക്തിയുമൊക്കെ ശരീരത്തിനെന്നതുപോലെയോ കൂടുതലായോ ആത്മാവിന് ബാധകമാണെന്ന പരമസത്യം നാം മറക്കരുത്. മരണത്തിന് ശേഷം ഒരു ജീവിതമുണ്ടോ എന്ന ചോദ്യത്തെ ഒരു ഗുരു പണ്ട് നേരിട്ടത് മരണത്തിനു മുമ്പ് ഒരു ജീവിതമുണ്ടോ എന്ന മറുചോദ്യവുമായാണ്. എന്തായാലും ഒന്നുറപ്പാണ്; ഈ ഭൂമിയിലെ നമ്മുടെ ജീവിതം എത്രയോ ഹ്രസ്വമാണ്. 'ഉണരുമ്പോള്‍ മാഞ്ഞുപോകുന്ന സ്വപ്നം' എന്ന് മനുഷ്യനെ ഒരാള്‍ വിശേഷിപ്പിച്ചത് എത്രയോ സത്യമാണ് (സങ്കീ. 90:5).
എഴുതാത്ത ആത്മകഥ പോലും ചോരുന്ന കാലമാണ്!
ഈ ലോകജീവിതത്തിന്റെ മായാമോഹങ്ങളുടെ വശ്യതയില്‍ ആത്മാവ് തന്നെയും ചോര്‍ന്നുപോകുന്നത് അറിയാതിരിക്കുന്നതാണ് യഥാര്‍ത്ഥ ദുരന്തം. പണം, പ്രതാപം, അധികാരം, പ്രശസ്തി, സുഖഭോഗങ്ങള്‍ എന്നിങ്ങനെ ലൗകികമായ സകലതും വ്യഗ്രതയോടെ സ്വരൂപിക്കുമ്പോഴും ആത്മാവിനായി ഒന്നും കരുതാതിരിക്കുന്നത് ആത്മശോഷണം അഥവാ ആത്മാവിന്റെ ചോര്‍ച്ചയാണ്. 'മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടി വേണ്ട' എന്നത് ലോകവഴികള്‍ക്ക് മാത്രം ബാധകമായ പ്രമാണമാണ്. ആത്മാവിന്റെ സഞ്ചാരപഥങ്ങളില്‍ കാര്യങ്ങള്‍ നേരെ വിപരീതമാണ്. മടിയില്‍ കനമില്ലാത്തവര്‍ പേടിക്കേണ്ടിവരും. 'പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്ക്കാത്തവര്‍' പേടിക്കേണ്ടിവരും. 'ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗത്തില്‍ സംഭരിച്ചുവയ്ക്കാത്തവര്‍' സംഭീതരാകേണ്ടിവരും.
'അറപ്പുരകള്‍' നിറഞ്ഞുകവിയുന്നതിന്റെ ക്ലേശങ്ങളാല്‍ ശരീരം വലയുമ്പോഴും ആത്മാവിനെ പട്ടിണിക്കിട്ടു കൊല്ലുന്നവരെല്ലാം പേടിക്കേണ്ടി വരും. ആത്മാവിന്റെ മടിത്തട്ടില്‍ സുകൃതങ്ങളുടെയും വിശുദ്ധിയുടെയും കനമാര്‍ജിക്കാന്‍ കഴിയാതെ പോയവരാണ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍. സ്വയമേവ ഒന്നും ചെയ്യാന്‍ കഴിയാത്തതിനാലാണ് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ത്യാഗപ്രവര്‍ത്തികള്‍ അര്‍പ്പിക്കാനും ദിവ്യബലി വഴിയായി മാധ്യസ്ഥ്യം വഹിക്കാനും സഭ ആഹ്വാനം ചെയ്യുന്നത്. സിമിത്തേരി വൃത്തിയാക്കുന്നതും കുഴിമാടങ്ങളില്‍ തിരികള്‍ തെളിക്കുന്നതും പൂക്കള്‍ വയ്ക്കുന്നതുമൊക്കെ നല്ലതു തന്നെ. എന്നാല്‍ അത് പണ്ടത്തെ 'സേവനവാരം' പോലെ, ആണ്ടുവട്ടത്തില്‍ ഒരിക്കല്‍ നടത്തുന്ന ഒരാചരണം മാത്രമാകരുത്.
നമ്മുടെയും പ്രിയപ്പെട്ടവരുടെയും ആത്മപോഷണത്തിന്റെ 'കാര്യം' അനുദിനം നമ്മുടെ സ്മൃതിപഥത്തില്‍ ഉണ്ടാകണം. രക്ഷകന്‍ എന്ന അര്‍ത്ഥത്തില്‍ യേശു നമുക്ക് കൂടുതല്‍ 'ഉതകുന്നത്' നമ്മുടെ മരണശേഷമായിരിക്കും എന്നത് മറക്കാതിരിക്കാം. പ്രാണരക്ഷാത്തോണി എന്നതാണ് life boat എന്നതിന്റെ മനോഹരമായ മലയാളപദം. നമ്മുടെ ആത്മാവിന് യേശുക്രിസ്തു എന്ന ഒരേയൊരു പ്രാണരക്ഷാത്തോണിയേ ഉള്ളൂ എന്ന് എപ്പോഴും ഓര്‍മ്മിക്കാം.