വചനമനസ്‌കാരം: No.59

വചനമനസ്‌കാരം: No.59
Published on

എന്റെ നാവിനെ അവിടുന്ന് മൂര്‍ച്ചയുള്ള വാളുപോലെയാക്കി. തന്റെ കൈയ്യുടെ നിഴലില്‍ അവിടുന്ന് എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്ത്രമാക്കി, തന്റെ ആവനാഴിയില്‍ അവിടുന്ന് ഒളിച്ചുവച്ചു.

ഏശയ്യാ 49:2

''നമ്മള്‍ പരിണാമത്തിന്റെ യാദൃച്ഛികവും അര്‍ത്ഥശൂന്യവുമായ ഉത്പന്നമല്ല. നാമോരോരുത്തരും ദൈവത്തിന്റെ ചിന്തയുടെ ഫലമാണ്. നാമോരോരുത്തരും ആഗ്രഹിക്കപ്പെട്ടവരാണ്. നാമോ രോരുത്തരും സ്‌നേഹിക്കപ്പെട്ടവരാണ്. നാമോരോരുത്തരും അത്യാ വശ്യമാണ്.''

''ചെറുതാകാന്‍ കഴിയത്തക്കവിധം അത്ര വലിയവനാണ് ദൈവം. തന്നെത്തന്നെ ദുര്‍ബലനാക്കാനും നമുക്ക് അവിടുത്തെ സ്‌നേഹിക്കാന്‍ സാധിക്കുന്നതിനും വേണ്ടി സംരക്ഷണമാര്‍ഗമില്ലാ ത്ത ശിശുവായി നമ്മിലേക്കു വരാനും കഴിയത്തക്കവിധം ദൈവം അത്രമാത്രം ശക്തനാണ്.''

''സജീവനായ ദൈവത്തെ ക്രിസ്തുവില്‍ കണ്ടുമുട്ടുമ്പോള്‍ മാത്രമേ ജീവിതം എന്താണെന്ന് നാം അറിയുകയുള്ളൂ. സുവിശേ ഷത്താല്‍ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനാല്‍ വിസ്മയിക്കുക യെന്നതിലേറെ സുന്ദരമായ ഒന്നുമില്ല.''

''നാമെല്ലാവരും പറുദീസയിലായിരിക്കണമെന്ന് താന്‍ ആഗ്ര ഹിക്കുന്നുവെന്നും നമ്മുടെ കാലത്ത് അല്പം മാത്രം പറയപ്പെടുന്ന നരകമുണ്ടെന്നും തന്റെ സ്‌നേഹത്തിനെതിരെ ഹൃദയം അടയ്ക്കു ന്ന എല്ലാവര്‍ക്കും അത് ശാശ്വതമായിരിക്കുമെന്നും നമ്മോടു പറ യാന്‍ വേണ്ടി യേശു വന്നു.''

ജോസഫ് റാറ്റ്‌സിംഗര്‍ ജൂനിയര്‍ - തേച്ചുമിനുക്കി തന്റെ ആവ നാഴിയില്‍ കര്‍ത്താവ് കരുതിവച്ച അസ്ത്രത്തിന്റെ ആദ്യനാമം അ തായിരുന്നു. സമയത്തിന്റെ കൃത്യതയില്‍ കാര്‍ഡിനല്‍ ജോസഫ് റാറ്റ്‌സിംഗറും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുമായി അവിടുന്ന് ആ അസ്ത്രത്തെ സഭയിലേക്കും ലോകത്തിലേക്കും തൊടുത്തു വിട്ടു. കര്‍ത്താവിന്റെ നൗകയെ അത് കരുത്തോടെ കാത്തു. തന്റെ അനുപമമായ ജ്ഞാനത്താല്‍ കര്‍ത്താവിന്റെ ശരീര ത്തിന് കവചമായി. പത്രോസിന്റെ സിംഹാസനത്തിന് സോളമന്റെ പവിത്രമായ ജ്ഞാനപൂര്‍ണ്ണിമ കൈവന്നു. ഒടുവില്‍, ലോകത്തെ വിസ്മയിപ്പിച്ച് ഒരു പിന്‍വാങ്ങലും ഇപ്പോഴിതാ കര്‍ത്താവിന്റെ കൈയ്യുടെ നിഴലിലേക്കുള്ള മടക്കവും. പ്രിയ ബെനഡിക്ട് പാപ്പാ, വിരമിച്ചാലും മരിച്ചാലും ഞങ്ങളുടെ ഓര്‍മ്മകളില്‍ നിന്ന് മറയാന്‍ അങ്ങേയ്ക്ക് കഴിയില്ല. 'കാലം ചെയ്യാത്ത' ആ കണിശതയ്ക്ക് സ്‌നേഹപ്രണാമം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org