വാക്കും മൗനവും

വാക്കും മൗനവും

'ചിലരുടെ മൗനം അവരുടെ അലര്‍ച്ചയേക്കാള്‍ ഭയാനക'മാണെന്നു വായിച്ചതു പെരുമ്പടവത്തിന്‍റെ 'ഒരു സങ്കീര്‍ത്തനം പോലെ'യിലാണ്. പക്ഷേ, അനുഭവിച്ചതു ജീവിതത്തിന്‍റെ മുള്ളുവഴികളിലാണ് എന്നതാണു പരമാര്‍ത്ഥം.

നീലനിറമുള്ള മൗനം പോലെയാണ് എനിക്കു വൃഷിത എന്ന പെണ്‍കുട്ടി. മൗനംകൊണ്ട് എത്രത്തോളം വാചാലമാകാമെന്നതിന് എനിക്ക് അവളൊരു പാഠപുസ്തകംതന്നെയായിരുന്നു. പലപ്പോഴും പറഞ്ഞുകളയുന്ന വാക്കുകളില്‍ പരിതപിക്കേണ്ടിവന്നിരുന്ന ഞാന്‍ ഓരോ പശ്ചാത്താപത്തിലും എന്‍റെ പ്രിയ ശിഷ്യയെ ഓര്‍മിപ്പിച്ചിരുന്ന 'വാക്ക്' – അത് പറയാനുള്ളതു മാത്രമല്ല; പറയാതിരിക്കാന്‍ കൂടിയുള്ളതാണ്.

ഇങ്ങനെ പറയാതെ വായിച്ച അര്‍ത്ഥങ്ങളിലാണ് അപ്പച്ചനെയും ഞാനോര്‍മിക്കാറ്. ഒരുപാടു കാത്തുനിന്നാലും ഒരു മൂളലിനപ്പുറത്തേയ്ക്ക് ഒന്നും പറയാന്‍ തയ്യാറാകാത്ത എന്‍റെ പ്രിയപ്പെട്ട അപ്പച്ചന്‍.

മരണമെന്ന മഹാമൗനം അടര്‍ത്തിമാറ്റിയ ഈ രണ്ടുപേരും വാക്കുകള്‍ എന്ന ആയുധത്തെക്കുറിച്ചാണിപ്പോള്‍ എന്നോടു സംവദിക്കുന്നത്. പറയാത്ത വാക്കിന്‍റെ മൂര്‍ച്ചയും പറഞ്ഞ വാക്കിന്‍റെ തീര്‍ച്ചയും – രണ്ടും വിഷയമാണ്; സാമൂഹിക ജീവിതത്തില്‍.

വാക്ക് എന്നത് സംസ്കാരംകൂടിയാണു. ചിലരുടെ ശകാരം കേള്‍ക്കുമ്പോള്‍ ഇതില്‍ ഭേദം അഴുക്കുചാലില്‍ വീഴുകയായിരുന്നു എന്നു തോന്നും. മറ്റു ചിലരുടേതാകട്ടെ, നമ്മിലൊരു തിരിച്ചുവിളിയുണര്‍ത്തും. അതു പലപ്പോഴും ബഹളങ്ങളിലാവില്ല, ശാന്തങ്ങളിലായിരിക്കും എന്നതാണു സത്യം.

കുട്ടിക്കാലത്ത് ഒരു കുസൃതിക്ക് അമ്മന്നൂരിന്‍റെ തെങ്ങില്‍ തേങ്ങയിടാന്‍ കയറിയ കഥ ഇക്കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ ശ്രീ ഇന്നസെന്‍റ് എം.പി. വിവരിക്കുകയുണ്ടായി. 'ആവാം, പള്ളിക്കൂടത്തിലേക്ക് ഈ തെങ്ങില്‍ ഇങ്ങനേ കയറി ഇങ്ങനേ ഇറങ്ങിയും പോകാം' എന്ന ചാച്ചുചാക്യാരുടെ (ശകാര) പ്രതികരണത്തില്‍, ഇതില്‍ ഭേദം ചാക്യാര്‍ക്കെന്നെ രണ്ടു തല്ലാമായിരുന്നു എന്നാണ് ഇന്നസെന്‍റ് വിശദീകരിച്ചത്.

അതാണു പറഞ്ഞത്, വാക്ക് ഒരു സംസ്കാരമാണ്. ഈ സംസ്കാരത്തിന്‍റെ ഉയരം എവിടെ സജ്ജീകരിക്കണം എന്നതാണു നാമോരോരുത്തരും നേരിടുന്ന വെല്ലുവിളി. ഓരോ തവണയും റെക്കോര്‍ഡ് സ്വയം തകര്‍ക്കാവുന്ന നിലയിലേക്ക് ഓരോരുത്തരും സ്വയം ഉയരട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org