അധികാര ദുര്‍വിനിയോഗത്തിന്റെ ദുര്‍ഭൂതങ്ങള്‍

അധികാര ദുര്‍വിനിയോഗത്തിന്റെ ദുര്‍ഭൂതങ്ങള്‍
Published on

ദൈവത്തിന്റെ കാര്യങ്ങള്‍ ചെയ്യേണ്ട ഒരാള്‍ ദൈവത്തിനു യോജിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നത് വഞ്ചനയാണ്. അധികാരത്തിനുള്ള അതിയായ ആഗ്രഹവും അതിനുവേണ്ടി ചെയ്യുന്ന വഞ്ചനയുമാണ് ഒരു ക്രൈസ്തവ നേതാവിനെ ദൈവത്തെയും ദൈവജനത്തെയും ശുശ്രൂഷിക്കുന്നതില്‍ നിന്നും അകറ്റുന്നതെന്നു പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ ''ക്രിസ്തു ജീവിക്കുന്നു'' എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ എഴുതി, ''ദുര്‍വിനിയോഗം പല തലത്തിലും നടക്കുന്നുണ്ട്. അധികാരത്തിന്റെ, ലൈംഗികതയുടെ, മനസ്സാക്ഷിയുടെ, സമ്പത്തിന്റെ തലങ്ങളിലെല്ലാം ദുര്‍വിനിയോഗം ഉണ്ട്. ഇതെല്ലാം സാധ്യമാക്കുന്നത് അധികാരത്തിന്റ തലത്തിലായതിനാല്‍ ആദ്യം ഇല്ലായ്മ ചെയ്യേണ്ടത് അധികാരത്തിന്റെ ദുരുപയോഗമാണ്. നിരുത്തരവാദിത്തപരമായും സുതാര്യതയുമില്ലാതെ കൈകാര്യം ചെയ്യുന്ന അധികാരത്തിന്റെ വഴികളെ നാം വെല്ലുവിളിക്കേണ്ടതുണ്ട്. അധികാരം അളവുകളില്ലാതെ ഉപയോഗിക്കാനുള്ള ആഗ്രഹമാണ് പൊതുവായ പ്രവണത. സുതാര്യതയും പരസ്പര ഭാഷണവും ഇല്ലാത്തതുമായ ആത്മീയ പാപ്പരത്തത്തിന്റെയും മാനസികമായ ബലക്കുറവിന്റെയും വളക്കൂറുള്ള മണ്ണിലാണ് അഴിമതി തഴച്ചുവളരുന്നത് (ക്രിസ്തു ജീവിക്കുന്നു-98).

അധികാര ദുര്‍വിനിയോഗത്തിന്റെ കേട്ടാല്‍ ഞെട്ടുന്ന വാര്‍ത്തകളാണ് സീറോ മലബാര്‍ സഭാ സിനഡില്‍ നിന്നും കേള്‍ക്കുന്നത്. സീറോ മലബാര്‍ സഭയിലെ ആസ്ഥാനമായ എറണാകുളം-അങ്കമാലി അതിരൂപത കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സത്യത്തിനും നീതിക്കുംവേണ്ടിയുള്ള പോരാട്ടത്തിലാണ്. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഭൂമി ഇടപാട് വിഷയം ചോദ്യം ചെയ്ത സമയം മുതല്‍ അതിരൂപതയിലെ വൈദികരെ വിമത വൈദികരായി സമൂഹ മാധ്യമങ്ങളില്‍ സ്ഥാനത്തും അസ്ഥാനത്തും വിശേഷിപ്പിക്കാന്‍ തുടങ്ങി. ഭൂമി ഇടപാടു കേസ് മുന്‍സിഫ് കോടതികളും മറ്റു കോടതികളും കയറിയിറങ്ങി അവസാനം സുപ്രീം കോടതി വരെ എത്തി. ആ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അധികാരത്തില്‍ നിന്നും താഴെയിറക്കി.

ദൈവത്തിന്റെ കാര്യങ്ങള്‍ ചെയ്യേണ്ട ഒരാള്‍ ദൈവത്തിനു യോജിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നത് വഞ്ചനയാണ്.

അധികാരി ചെയ്ത അധാര്‍മ്മിക പ്രവര്‍ത്തികളെ സ്ഥിരം ന്യായീകരിക്കാനും അസത്യത്തെ സത്യമാക്കാനും കൂട്ടു നിന്ന സിനഡ് പിതാക്കന്മാരിലെ ഒരു സംഘം കാര്യങ്ങള്‍ കൈവിട്ടു പോയെന്നു മനസ്സിലായപ്പോഴാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെയും വൈദികരുടെയും സന്ന്യസ്തരുടെയും ജീവവായുവും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആത്മാവുത്തന്നെയുമായ ജനാഭിമുഖ കുര്‍ബാനയില്‍ കൈവച്ചത്. അതിരൂപതയിലെ ദൈവജനത്തെ ക്രിസ്തു അര്‍പ്പിച്ച ബലിയുടെ രീതിയില്‍ നിന്നും മാറ്റി പഴയനിയമബലിയുടെ പാരമ്പര്യത്തൊഴുത്തില്‍ കെട്ടാനുള്ള കുടില തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ സിനഡിലെ മെത്രാന്മാരും അവരുടെ അടിമകളായ വൈദികരും അല്‍മായരും കിണഞ്ഞു പരിശ്രമിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്നായി.

ചര്‍ച്ചകളെയെല്ലാം കേവലം പ്രഹസനങ്ങളാക്കി മാറ്റിയ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററുമാരും പൊന്തിഫിക്കല്‍ ഡലഗേറ്റും സിനഡിലെ ചില പിതാക്കന്മാരും ഒത്തു ചേര്‍ന്ന് ഏറ്റവും ഒടുവില്‍ ജൂണ്‍ 9, 2024-ല്‍ വഴിവിട്ട രീതിയില്‍ സിനഡിനോടു ആലോചിക്കാതെ തന്നെ ജൂലൈ 3 മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ കത്തോലിക്ക സഭയില്‍ നിന്നു തന്നെ പുറത്തുപോകുമെന്ന് സൂചിപ്പിക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കി. ഈ സര്‍ക്കുലറിലെ ചില വാചകങ്ങള്‍ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററായിരുന്ന ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് 2023 ഒക്‌ടോബറില്‍ റോമില്‍ ഗ്ലോബല്‍ സിനഡിന്റെ സമയത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വ്യക്തിപരമായി കൈമാറിയ കത്തിന്റെ ഉള്ളിലുള്ള ഏതാനും കാര്യങ്ങളാണെന്നു വൈദികര്‍ ശ്രദ്ധിച്ചു.

ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തയുടെ തന്നെ കൈപ്പിഴവുകൊണ്ടും ദൈവത്തിന്റെ കൃപകൊണ്ടും വൈദികരുടെ കൈയില്‍ വന്നുപെട്ട ആ കത്ത് ഇതിനകം ലോകത്തിലെങ്ങുമുള്ള മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിട്ടുള്ള അധികാര ദുര്‍വിനിയോഗത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ കത്ത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരോടും വിശ്വാസികളോടുമുള്ള വൈരത്തിന്റെ വിഷം തേച്ച കത്ത് നല്കിയാണ് അതിരൂപതയ്‌ക്കെതിരെ മാര്‍പാപ്പയെ പോലും തിരിക്കാന്‍ ആര്‍ച്ചുബിഷപ് താഴത്ത് ശ്രമിച്ചത്. മാര്‍പാപ്പയ്ക്കു നല്കിയ കത്തില്‍ അതിരൂപതയിലെ വൈദികര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആര്‍ച്ചുബിഷപ് എഴുതിയിരിക്കുന്നത്. അതിരൂപതയിലെ വൈദികരും വിശ്വാസികളും കത്തോലിക്ക സഭയെ തകര്‍ക്കാന്‍ അജണ്ടയിട്ടു പ്രവര്‍ത്തിക്കുന്ന മതതീവ്രവാദ സംഘടനകളുടെ കൈയില്‍ നിന്നും പണവും തന്ത്രങ്ങളും സ്വീകരിക്കുന്നുണ്ടെന്നും, കത്തോലിക്ക സഭയില്‍ നിന്നും വിട്ടുപോകുവാന്‍ കത്തോലിക്കേതര സഭാപിതാക്കന്മാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും തുടങ്ങി യാതൊരു തെളിവോ രേഖകളോ ഇല്ലാത്ത കാര്യങ്ങളാണ് മാര്‍പാപ്പയെ ധരിപ്പിച്ചിരിക്കുന്നത്.

  • ഫുള്‍സ്റ്റോപ്പ്: എറണാകുളം-അങ്കമാലി അതിരൂപതയിലെ ലിറ്റര്‍ജി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും സീറോ മലബാര്‍ സഭാസിനഡിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. മറിച്ച് ഈ പ്രശ്‌നപരിഹാരത്തിന്റെ എല്ലാ മാര്‍ഗങ്ങളും കൊട്ടിയടച്ച് വൈദികരെ പുറത്താക്കാനുള്ള കുടില തന്ത്രങ്ങള്‍ക്കെതിരെ സിനഡിലെ ഏതാനും പിതാക്കന്മാര്‍ തന്നെ രംഗത്തിറങ്ങിയിരിക്കുന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org