ടെക്നോളജിയുഗത്തില്‍ സ്വകാര്യത എന്ന മൗലികാവകാശം

ടെക്നോളജിയുഗത്തില്‍ സ്വകാര്യത എന്ന മൗലികാവകാശം

ഇന്ന് മാനവകുലത്തിലെങ്ങും വളരെ ഗൗരവമായ ചര്‍ച്ചയ്ക്ക് വിഷയമാകുന്ന കാര്യമാണ് മനുഷ്യന്‍റെ സ്വകാര്യത. മനുഷ്യന്‍റെ ജീവിതത്തിലെങ്ങും ടെക്നോളജിയുടെ അതിപ്രസരം കടന്നുകൂടിയപ്പോഴുണ്ടായ അപകടത്തില്‍ നിന്ന് ഇനി എങ്ങനെ മനുഷ്യരെ രക്ഷിക്കാന്‍ പറ്റും എന്നതിന് ആര്‍ക്കും ഉത്തരമില്ല. സ്മാര്‍ട്ട് ഫോണിലും കമ്പ്യൂട്ടറിലുമായി നാം നല്കുന്ന വിവരങ്ങള്‍ക്ക് എന്ത് സ്വകാര്യത എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഈ സാഹചര്യത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ നടപ്പിലാക്കിയ ആധാര്‍ പദ്ധതിയും ഓണ്‍ലൈനില്‍ വ്യക്തിപരമായ വിവ ങ്ങള്‍ ആവശ്യപ്പെടുന്ന മറ്റ് ഏജന്‍സികളും മനുഷ്യരുടെ സ്വകാര്യതയെ വിറ്റു കാശുണ്ടാക്കുകയാണോ എന്ന ചിന്ത ശക്തമായിരിക്കുന്നത്.

ഇന്ത്യയിലെ സുപ്രീംകോടതി സ്വകാര്യത ഒരു മൗലികാവകാശമാണോ അല്ലയോ എന്നതിനെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ കേട്ടു കൊണ്ടിരിക്കുന്ന സമയമാണിത്. കേന്ദ്ര സര്‍ക്കാരിന്‍റെ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ നല്കിയ വിശദീകരണത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം വകുപ്പ് നല്കുന്ന വ്യക്തികളുടെ സ്വകാര്യതയെ സംബന്ധിച്ചുള്ളത് മൗലികാവകാശമാണെങ്കിലും അത് സോപാധികമാണെന്നാണ് പറഞ്ഞത്. ഇന്ത്യയിലെ കോടിക്കണക്കിനു പൗരന്മാരുടെ സര്‍ക്കാരുമായിട്ടുള്ള എല്ലാ ഇടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി വരുമ്പോള്‍ സര്‍ക്കാരിന് അങ്ങനെയൊരു നിലപാട് എടുക്കാനേ സാധിക്കൂ. പക്ഷേ സ്വകാര്യത ഒരു മൗലികവകാശമല്ലേ എന്നതിന് ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. ഇതിനിടെ പശ്ചിമബംഗാള്‍, പുതുച്ചേരി, കര്‍ണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സ്വകാര്യത മൗലികാവകാശമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചി ട്ടുണ്ട്.

ജീവിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നിരിക്കലും ഗൗരവമായ കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്കുന്നുണ്ടെങ്കില്‍ അവിടെ ഒരു ഒഴികഴിവില്ലേ എന്ന ചോദ്യമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. അതിനാല്‍ സ്വകാര്യത സംബന്ധിച്ച കാര്യങ്ങളിലും ഓരോ കേസിന്‍റെയും സ്വഭാവം അനുസരിച്ചായിരിക്കും കാര്യങ്ങള്‍ നിശ്ചയിക്കേണ്ടത് എന്നതാണ് സര്‍ക്കാരിന്‍റെ അഭിമതം. പക്ഷേ ഈ നിലപാട് എത്ര മാത്രം ശരിയാണെന്ന കാര്യം ഇനിയും വിലയിരുത്തേണ്ടതുണ്ട്. ഈ പ്രശ്നം ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നത് ആധാറുമായി ബന്ധപ്പെട്ട് വ്യക്തിപരമായ വിവരങ്ങള്‍ സര്‍ക്കാര്‍ നിര്‍ബന്ധമായി വാങ്ങിക്കുമ്പോള്‍ അതു ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുടെ പശ്ചാത്തലത്തിലാണ്. പക്ഷേ സുപ്രീം കോടതി ഇപ്പോള്‍ പരിഗണനയ്ക്കു വച്ചിരിക്കുന്നത് ആധാറിന്‍റെ വിഷയത്തേക്കാളും ഗൗരവമായ തലത്തില്‍ ഇന്ത്യക്കാരുടെ സ്വകാര്യതയെ സംബന്ധിച്ച് ഭരണഘടനാപരമായും നിയമപരമായും ഉണ്ടാകേണ്ട സുരക്ഷിതത്വം എന്ന കാര്യമാണ്.

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന്‍റെ രാസത്വരകം ആധുനിക ടെക്നോളജിയാണ്. ഇന്ന് നാം ഇന്‍റര്‍നെറ്റും സ്മാര്‍ട്ട് ഫോണും തുറന്നാല്‍ ധാരാളം ഫ്രീസൈറ്റുകള്‍ ചാടിവരും. അവയൊക്കെ നമുക്ക് ഉപകാരപ്രദമാകുന്ന തരത്തിലുള്ളതാണ്. പക്ഷേ ഓരോ സൈറ്റും തുറക്കുമ്പോള്‍ അതു പ്രവര്‍ത്തനസജ്ജമാകണമെങ്കില്‍ നാം നമ്മുടെ വ്യക്തിപരമായ വിവരങ്ങളൊക്കെ കൊടുക്കണം. അതൊക്കെ ആ കമ്പനിക്കു മാത്രമല്ല, പല പ്രൈവറ്റ് എജന്‍സികള്‍ക്കും ലഭ്യമാകാനുള്ള ധാരാളം സാധ്യതകള്‍ ഇന്നുണ്ട്. നാം പറയുന്നതോ കാണിക്കുന്നതോ ഒന്നും ഇനി നമ്മുടെ സ്വകാര്യ ലോകത്തില്‍ ഒതുങ്ങുന്നതല്ല, അതെല്ലാം പ്രൈവറ്റ് ഏജന്‍സികളുടെ കൈകളിലെത്തും. എന്തിനാണ് പല ആപ്ലിക്കേഷനും സൗജന്യമായി ഉപയോക്താക്കള്‍ക്ക് നല്കുന്നത്. അവര്‍ സൗജന്യമാക്കുമ്പോള്‍ ശ്രദ്ധിക്കണം അതില്‍ നിന്നും എന്തെങ്കിലും ഉപകാരമില്ലാതെ അവര്‍ നിങ്ങള്‍ക്ക് ഒന്നും സൗജന്യമായി നല്കുകയില്ല. ആധുനിക ടെക്നോളജിക്ക് നാം നല്കുന്ന പ്രതിഫലം പണമല്ല. പാട്ടും സിനിമയും ബുക്കുകളും എന്നുവേണ്ട എല്ലാം നമുക്കു സൗജന്യമായി ലഭിക്കുന്നു. അവര്‍ക്കു വേണ്ടത് നമ്മുടെ സ്വകാര്യമായ വിവരങ്ങള്‍ മാത്രമാണ്. ഇവിടെയാണ് നാം സര്‍ക്കാരിനെ ഭയപ്പെടുന്നതിനേക്കാളും ഭയപ്പെടേണ്ടത് പ്രൈവറ്റ് കമ്പനികളെയാണ് എന്നു പറയുന്നത്. നമ്മുടെ സ്വകാര്യതയെ അവര്‍ക്ക് ഉപയോഗിക്കത്തക്ക ചിപ്പുകളായി അവര്‍ മാറ്റുന്നുണ്ട്. അത് അവര്‍ക്ക് ഏറെ കച്ചവടലാഭമുണ്ടാക്കാന്‍ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇവിടെയാണ് ദ ഹിന്ദു പത്രത്തില്‍ വന്ന "പൊതുചത്വരത്തിലെ സ്വകാര്യത" എന്ന ലേഖനത്തില്‍ സുന്ദര്‍ സരുക്കൈ ഉയര്‍ത്തുന്ന ചോദ്യങ്ങളുടെ പ്രസക്തി. സ്വകാര്യത ഒരു മൗലികാവകാശമാണെന്ന് പ്രഖ്യാപിക്കുന്നതോടാപ്പം ടെക്നോളജിയുടെ അവകാശത്തെക്കുറിച്ചും കൃത്യമായ വിധി തീര്‍പ്പാക്കേണ്ടി വരും. നമ്മുടെ ജീവിതം സുഖസുന്ദരമാക്കാം എന്ന വാഗ്ദാനവുമായി സോഷ്യല്‍ മീഡിയയിലും മറ്റും പ്രവേശിച്ച് മറ്റുള്ളവരുടെ സ്വകാര്യതയെ വിഴുങ്ങുന്ന ഹിംസ്രജന്തുവായ ടെക്നോളജി യെ എങ്ങനെ നിയന്ത്രിക്കാനാകും? ടെക്നോളജിയെ നല്ലതും ചീത്തയുമല്ലാത്ത ഒരു മധ്യവര്‍ത്തിയായി മാത്രം കണ്ടാല്‍ മതി എന്ന വാദഗതിയെ നമുക്കു പിന്താങ്ങാന്‍ പറ്റുമോ? സുന്ദറിന്‍റെ ഭാഷയില്‍ ഇന്നത്തെ ഡിജിറ്റല്‍, ഇന്‍റര്‍നെറ്റ് ടെക്നോളജികള്‍ മാനവികതയു ടെയോ സാമൂഹ്യവ്യവസ്ഥിതിയു ടെയോ ബാഹ്യപ്രദേശത്തല്ല മറിച്ച് മാനുഷികവും സാമൂഹികവുമായ തലങ്ങള്‍ സൃഷ്ടിക്കുന്നതിലും നിര്‍മിക്കുന്നതിലും പങ്കാളിയാവുകയാണ്. അതിനാല്‍ ടെക്നോളജിയെ മാറ്റി വച്ച് ജീവിക്കാന്‍ ഇനി സാധ്യമല്ല. ജീവിതം തന്നെ ടെക്നോളജിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ സ്വകാര്യത ഇനി നിര്‍വചനത്തിലോ വീടിന്‍റെ അകത്തളങ്ങളിലോ ഒതുങ്ങാന്‍ അത്ര എളുപ്പമല്ല. അതിന്‍റെ ഭീകരമായ ദുരന്തങ്ങള്‍ പോലും ലോകത്തിലുണ്ടാകാം.

ഫുള്‍സ്റ്റോപ്പ്: ആധാറിന്‍റെ പശ്ചാത്തലത്തില്‍ സ്വകാര്യതയെ എതിര്‍ക്കുന്നതിനേക്കാളും എത്രയോ അപ്പുറത്താണ് വ്യക്തികളുടെ സ്വകാര്യത സ്വകാര്യ കമ്പനികളുടെ കൈകളില്‍ ആയുധമായി ലഭിക്കുന്നത്. അതിനെ എങ്ങനെ തടയാനാകുമെന്നതിന് ആരാണ് തീരുമാനമെടുക്കേണ്ടത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org