നുണകള്‍കൊണ്ട് സ്വര്‍ഗത്തെ നരകമാക്കുന്നവര്‍

നുണകള്‍കൊണ്ട് സ്വര്‍ഗത്തെ നരകമാക്കുന്നവര്‍

ആവര്‍ത്തിച്ചാവര്‍ത്തിച്ച് നുണ പറഞ്ഞ് സ്വര്‍ഗത്തെ നരകമാക്കാനും നരകത്തെ സ്വര്‍ഗമാക്കാനും സാധിക്കുമെന്ന് തന്‍റെ ആത്മകഥയില്‍ ഹിറ്റ്ലര്‍ എഴുതി. അദ്ദേഹം ജര്‍മനിയില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് ഈ നുണ പറച്ചില്‍. അദ്ദേഹത്തിന്‍റെ മന്ത്രി ഗീബല്‍സാകട്ടെ യഹൂദരോടുള്ള വെറുപ്പ് ജര്‍മന്‍കാരില്‍ തീയായി ഉയര്‍ത്താന്‍ ജര്‍മനി നമ്മുടെ അമ്മയാണെന്നും അമ്മയെ യഹൂദരെപ്പോലുള്ള വിദേശികള്‍ വന്ന് കച്ചവടം നടത്തി മുടിപ്പിച്ചാല്‍ അമ്മയെ പീഡിപ്പിക്കുന്നവരെ കൊല്ലണമെന്നും നിരന്തരം പറഞ്ഞ് മസ്തിഷ്കക്ഷാളനം നടത്തി. ഇതിന്‍റെയൊക്കെ ഫലമായി 60 ല ക്ഷത്തോളം യഹൂദരെ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ക്രൂരമായി കൊന്നൊടുക്കി. ചരിത്രത്തിലെ ഏറ്റവും വലിയ നരഹത്യ ജര്‍മനിയില്‍ അരങ്ങേറിയത് ഒരു സുപ്രഭാതത്തിലല്ല. സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും എല്ലാ തലങ്ങളിലും വര്‍ഷങ്ങളോളം നടന്ന പ്രോപ്പഗാന്‍റയുടെ ഫലമായിരുന്നു യഹൂദവിരോധം. അതിലൂടെ രാഷ്ട്രീയ നേട്ടങ്ങളായിരുന്നു ലക്ഷ്യം.

നുണയുടെ ഏകാധിപത്യ സാമ്രാജ്യമായി ഇന്ന് ഇന്ത്യ മാറുന്നുണ്ടോയെന്ന് ബിജെപിയുടെ കൂടെ നിന്നിരുന്നവരില്‍ പോലും പലരും സംശയിക്കുന്നു. ഓഹരി വിപണിയിലെ വന്‍ തകര്‍ച്ച ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പികയെ തുടര്‍ച്ചയായി ബലഹീനമാക്കുന്നു. മുന്‍ ബിജെപി ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ പോലുളളവര്‍ വിളിച്ചുപറയുന്ന സത്യങ്ങളും ബിജെപിയുടെ മുഖപടം പിച്ചിച്ചീന്താന്‍ തുടങ്ങിയിരിക്കുന്നു. കള്ളപ്പണം പിടിക്കാന്‍ നടത്തിയ കറന്‍സി പിന്‍വലിക്കല്‍ പ്രക്രിയയെ തുടര്‍ന്നു രാജ്യമാകെ പടര്‍ന്നു പിടിച്ച പ്രശ്നങ്ങളും ജി.എസ്.ടി.യുടെ ബാക്കിപത്രവും മറ്റും ബി.ജെ.പി. മന്ത്രിമാരുടെയും നേതാക്കന്മാരുടെയും വാക്കുകള്‍ കല്ലുവച്ച നുണകളായിരുന്നുവെന്നതിനു തെളിവുകളാണ്. മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങ് ഇപ്പോഴത്തെ സാമ്പത്തിക പരിക്ഷ്കാരങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനെ സാരമായി ബാധിക്കുമെന്നു പ്രവചിച്ചിരുന്നത് ഇന്ന് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ യശ്വന്ത് സിന്‍ഹ പറയുന്നു രാജ്യത്തിന്‍റെ ജിഡിപി കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയതുകൊണ്ടാണ് ഇപ്പോള്‍ ജിഡിപി നിരക്ക് 5.7 ആയെങ്കിലും കാണുന്നത്. പഴയ രീതിയില്‍ കണക്കുകൂട്ടിയാല്‍ ഇത് കേവലം 3.7 ശതമാനം മാത്രമാണ്. മോദി ഗവണ്‍മെന്‍റ് നുണ പറയുക മാത്രമല്ല, നുണകള്‍ സത്യമാക്കാന്‍ ചില തന്ത്രങ്ങളും ഉപയോഗിക്കുന്നു.

മോദി സര്‍ക്കാരിന്‍റെ നുണകള്‍ ഒരിക്കലും ഗുണം പിടിക്കില്ലായെന്നും ജനങ്ങള്‍ ഈ നുണകള്‍ മനസ്സിലാക്കുന്നുണ്ടെന്നും പറയുന്നത് മാറ്റാരുമല്ല കഴിഞ്ഞ ബിജെപി സര്‍ക്കാരിന്‍റെ കാലത്ത് രാജ്യ സഭാംഗമായിരുന്ന പ്രസിദ്ധ പത്രപ്രവര്‍ത്തകനായ അരുണ്‍ ഷൂറിയാണ്. മാതൃഭൂമി ആഴ്ചപതിപ്പില്‍ (സെപ്തം. 24, 2017) ശ്രീകാന്ത് കോട്ടയക്കലിന്‍റെ അഭിമുഖത്തിലൂടെ മറവി രോഗം ബാധിച്ച ഭാര്യയെയും സെറിബ്രല്‍ പാള്‍സിയാല്‍ ജീവിതകാലം മുഴുവനും കഷ്ടപ്പെടുന്ന മകന്‍ ആദിത്യനെയും ശുശ്രൂ ഷിക്കുകയാണ് ഒരു കാലത്ത് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ വമ്പന്മാരെ വിറപ്പിച്ചിട്ടുള്ള ഷൂറിയെന്നു മനസ്സിലായി. ക്രൈസ്തവ സഭകള്‍ ഇന്ത്യയില്‍ മത പരിവര്‍ത്തനം നടത്തുന്നതിനെതിരെ "ആത്മാവിനെ കൊയ്തെടുക്കല്‍" (Harvesting the soul) എന്ന പുസ്തകം എഴുതിയ ഷൂറിയുടെ ഇപ്പോഴത്തെ വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തെക്കുറിച്ച് അറിയാന്‍ മാതൃഭൂമി ഉപകരിച്ചു.

അരുണ്‍ ഷൂറി നരേന്ദ്ര മോദിയുടെ കാപട്യത്തെയും ഏകാധിപത്യ പ്രവണതയെയും കുറിച്ച് തുറന്നടിക്കുകയാണ്. മോദി സര്‍ക്കാരിന്‍റെ അഴിമതി തുടച്ചുനീക്കി എന്ന് പറയുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷൂറിയുടെ മറുപടി ഇങ്ങനെയായിരുന്നു, "അത് അവകാശവാദം മാത്രമാണ്. കേന്ദ്ര സര്‍ക്കാരില്‍ ഒരു മന്ത്രിയും സ്വതന്ത്രനല്ല. ഓരാള്‍ക്കും സ്വന്തമായ ബേസില്ല. എല്ലാവരും മോദിയുടെ ചരടിലാണ്. അതുകൊണ്ട് വ്യക്തിപരമായ അഴിമതിയില്ല. അതേസമയം തിരഞ്ഞെടുപ്പ് നോക്കു. എവിടെനിന്നാണ് ബിജെപിക്ക് ഇത്രയധികം പണം? തിരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധന്‍ പ്രശാന്ത് കിഷോറിനോടു ഒന്ന് ചോദിച്ചു നോക്കൂ. മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് ബിജെപി എത്ര പണമാണ് തിരഞ്ഞെടുപ്പിനായി ഇറക്കുന്നത് എന്ന്." അഴിമതി വിരുദ്ധം എന്നു പറയുന്നു പക്ഷേ കോര്‍പ്പറേറ്റുകളുടെ വലിയ സഹായം എല്ലാ തലത്തിലും ബിജെപി ഉപയോഗിക്കുന്നുണ്ടെന്ന യഥാര്‍ത്ഥ്യം എല്ലാവര്‍ക്കുമറിയാം. ഈയിടെ വന്ന ഒരു കാര്‍ട്ടൂണ്‍ ബിജെപിയുടെ യഥാര്‍ത്ഥത്തിലുള്ള അവസ്ഥയെ വരച്ചുകാണിക്കുന്നതായിരുന്നു. ബിജെപി എന്ന പശു ഇന്ത്യയുടെ ഭൂപടമാകുന്ന പച്ചയില ചവയ്ക്കന്നു. പശുവിന്‍റെ പാല് കോര്‍പ്പറേറ്റുകള്‍ക്കും ചാണകം ഇന്ത്യയിലെ പൗരന്മാര്‍ക്കും ലഭിക്കുന്നു. എത്ര അര്‍ത്ഥവത്തം.

മോദിയോട് നല്ല അടുപ്പമുണ്ടായിരുന്ന ഷൂറിയോട് ഇപ്പോഴത്തെ മോദിയുടെ ശക്തിയെയും ബലഹീനതയെയും കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. "മോദിയുടെ പ്രധാന ശക്തി വലിയ ഊര്‍ജ്ജമാണ്. രണ്ടാമത്തെത് മറ്റുള്ളവരില്‍ ഭയം ജനി പ്പിക്കാനുള്ള കഴിവ്. മൂന്നാമത്തേത് അദ്വാനി പറഞ്ഞതാണ് ഇയാള്‍ ഒരു ഇവന്‍റ് മാനേജരാണ്. ഇവന്‍റ് മാനേജര്‍ മാത്രം." ഇദ്ദേഹത്തെ ഭയക്കുന്നതുകൊണ്ട് ആരും സത്യം അദ്ദേഹത്തോട് പറയുകയില്ല. അതിനൊരു തെളിവാണ്, ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ 45 ലക്ഷം പേര്‍ ആദായ നികുതി അന്വേഷണത്തില്‍ ഉണ്ട് എന്ന് മോദി പറഞ്ഞത്. അരുണ്‍ ജെയ്റ്റ്ലി അത് 91 ലക്ഷം എന്നാക്കി. ഒടുവില്‍ സത്യം പുറത്തുവന്നപ്പോള്‍ അതു കേവലം 4.5 ലക്ഷം പേര്‍. അതുപോലെ പതിനായിരംകോടി രൂപ ദളിത് സംരംഭകര്‍ക്കായ് മാറ്റിവച്ചിട്ടുണ്ടെന്ന് മോദിയും സര്‍ക്കാര്‍ പരസ്യവും പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ്സ് അത് അന്വേഷിച്ചപ്പോള്‍ രാജ്യത്ത് ആ പണം ലഭിച്ചവര്‍ കേവലം 4 പേര്‍ മാത്രം.

ഫുള്‍സ്റ്റോപ്പ്: ഷൂറിയുടെ വാക്കുകളില്‍, "മോദിയെ സംബന്ധിച്ചിടത്തോളം താന്‍ തന്നെയാണല്ലോ രാജ്യം. സ്വന്തം പേര് കോട്ടില്‍ കുത്തി നടക്കുന്നയാള്‍ എന്ത് സമര്‍പ്പിച്ചു എന്നാണ് താങ്കള്‍ പറയുന്നത്".

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org