‘ലോക്ക്ഡൗണി’ല്‍ നിര്‍വീര്യമാക്കപ്പെടേണ്ട വൈറസുകള്‍

ഇങ്ങനെ വീട്ടില്‍ ഇരുന്ന് നമുക്ക് ആര്‍ക്കും പരിചയമില്ല. പക്ഷേ, അതാണ് ഈ തലമുറയോട് കൊറോണ വൈറസ് കല്പിക്കുന്നത്. ലോകം മൂന്നാം ലോക മഹായുദ്ധത്തിലാണ്. ഇത് രാജ്യങ്ങള്‍ തമ്മിലോ രണ്ടു ചേരികള്‍ തമ്മിലോ ഉള്ള യുദ്ധമല്ല. മനുഷ്യകുലം മുഴുവന്‍ ചൈനയില്‍ ആദ്യം പ്രത്യക്ഷപ്പെടുകയും അവിടെ നിന്ന് പടപ്പുറപ്പാട് നടത്തുകയും ചെയ്ത ഒരു കുഞ്ഞന്‍ വൈറസിനെതിരെയുള്ള ജീവന്‍ മരണ പോരാട്ടത്തിലാണ്. നമ്മുടെ എല്ലാ സംവിധാനങ്ങളും എല്ലാ ശക്തിയും കോവിഡ്-19 ന് എതിരെ തിരിച്ചുവച്ചിരിക്കുകയാണ്. എല്ലാ ഭരണകൂടങ്ങളും ഭരണപക്ഷ പ്രതിപക്ഷ തര്‍ക്കങ്ങള്‍ക്കൊക്കെ വിരാമമിട്ടുകൊണ്ട് മഹാമാരിയെ ചെറുക്കാനുള്ള തീവ്രയജ്ഞത്തിലാണ്.

സഭയ്ക്കുള്ളിലാകട്ടെ പല പരമ്പരാഗത ശീലങ്ങളെയും ശൈലികളെയും മാറ്റിവച്ച് കൊറോണയെ ചെറുക്കുവാന്‍ കുടുംബപ്രാര്‍ത്ഥനയുടെയും വ്യക്തിപരമായ പ്രാര്‍ത്ഥനയുടെയും കാലമാണ്. വള്ളിപുള്ളി കൂടാതെ കുര്‍ബാനയര്‍പ്പിക്കുന്നതിലാണ് രക്ഷയെന്ന വാദത്തിനോ കൂദാശകളുടെ പരികര്‍മ്മത്തിലെ കര്‍ശനമായ നിഷ്ഠകള്‍ക്കോ ഇത്തരം പ്രതിസന്ധി കാലഘട്ടത്തില്‍ വലിയ പ്രസക്തിയില്ലെന്നും നാം കണ്ടു കഴിഞ്ഞു. ടിവിയില്‍ പരിശുദ്ധ കുര്‍ബാന സംപ്രേഷണം ചെയ്യുന്നതു ശരിയല്ലെന്നു പ്രചരിപ്പിച്ചവര്‍ പോലും ഓണ്‍ലൈന്‍ കുര്‍ബാനകള്‍ യൂട്യൂബില്‍ അപ്പ് ലോഡ് ചെയ്യുന്ന തിരിക്കലാണ്. കൊറോണ വൈറസ് ഏതു അന്ധവിശ്വാസത്തെയും ഏതു ആചാരാനുഷ്ഠാന തീവ്രവാദത്തെയും കുത്തിക്കീറാന്‍ ശക്തിയുള്ളതാണ്.

2013-ല്‍ ഒരു സ്വകാര്യ ചാനലില്‍ ശ്രീകണ്ഠന്‍ നായര്‍ നിയന്ത്രിക്കുന്ന സമദൂരം എന്ന ലൈവ് പ്രോഗ്രാമില്‍ അതിഥിയായി ചെല്ലാന്‍ അവസരം ഉണ്ടായി. യുക്തിവാദിയായ അഡ്വ. അനില്‍കുമാറും, തീവ്രഹിന്ദു മതവിശ്വാസിയായ ശശികല ടീച്ചറും തുടങ്ങി വ്യത്യസ്ത മതങ്ങളിലെ വിശ്വാസാചാരവുമായി ബന്ധപ്പെട്ടവരായിരുന്നവര്‍ ആയിരുന്നു പാനലില്‍. കുറേയേറെ യുക്തിവാദികള്‍ അന്ന് ആ ഷോ കൈയടക്കി. വിശ്വാസത്തിനും വിലയേറുന്നുവോ? എന്നതായിരുന്നു ആ ലൈവ് സംവാദത്തിന്‍റെ തലക്കെട്ട്. വിശ്വാസത്തിന്‍റെ പേരില്‍ പണം ഉണ്ടാക്കുന്ന കോപ്രായങ്ങള്‍ക്കെതിരെ വളരെ ശക്തമായ വിമര്‍ശനമുണ്ടായി. വിശ്വാസം പലപ്പോഴും അന്ധവിശ്വാസമാണെന്ന യുക്തിവാദികളുടെ ശക്തമായ വാദം ഒരുവഴിക്ക്. ഈ ലേഖകന്‍ വളരെ ശക്തമായി സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത് വിശ്വാസത്തിനും യുക്തി വേണമെന്നതായിരുന്നു. മനുഷ്യനെ ദൈവം സൃഷ്ടിയുടെ മകുടമായ വിശേഷബുദ്ധിയോടെ സൃഷ്ടിച്ചുവെങ്കില്‍ ആ ദൈവത്തെ ആരാധിക്കാന്‍ മനുഷ്യന്‍ തന്‍റെ ബുദ്ധിയും യുക്തിയും ഉപയോഗിക്കണം. മറ്റുള്ള ജീവികളില്‍നിന്ന് മനുഷ്യനു നല്കപ്പെട്ട കഴിവുകള്‍ ദൈവത്തെ ആരാധിക്കാന്‍ വേണ്ട എന്നു പറയുന്നതു തന്നെ ദൈവദൂഷണമല്ലേ?

ഇപ്പോള്‍ പള്ളികളില്‍ കുര്‍ബാനയും മറ്റു ഭക്തകൃത്യങ്ങളും മുടക്കിയത് വിശ്വാസമില്ലാത്തതു കൊണ്ടല്ല. മറിച്ച് മനുഷ്യരെന്ന നിലയില്‍ നാം ബുദ്ധിയും വിവേകവും ഉപയോഗിക്കുന്നതു കൊണ്ടാണ്. ബൈബിളില്‍ ക്രിസ്തു കുഷ്ഠരോഗിയേ സുഖപ്പെടുത്തിയപ്പോള്‍ തന്‍റെ കാരുണ്യം കൊണ്ട് ലോകമെങ്ങുമുള്ള കുഷ്ഠരോഗികളെ വേണമെങ്കില്‍ സുഖപ്പെടുത്താമായിരുന്നില്ലേ എന്നു ചോദിക്കുന്നത് യുക്തിസഹമാണോ? ശീലോഹാ കുളത്തിനരികെ ധാരാളം രോഗികള്‍ ദൈവദൂതന്‍ വന്ന് ജലം അനക്കുമ്പോള്‍ കുളത്തിലിറങ്ങി സുഖപ്പെടാന്‍ കിടക്കുന്നുണ്ടായിരുന്നു. പക്ഷേ ക്രിസ്തു ഒരാളെ മാത്രമാണ് സുഖപ്പെടുത്തിയത്. ജലം ഇളകുമ്പോള്‍ ആ കുളത്തിലേക്ക് ഇറക്കാന്‍ സഹായമില്ലാത്ത ഒരാളെ മാത്രം. എന്തുകൊണ്ടാണ് മറ്റുള്ളവരെ സുഖപ്പെടുത്താതിരുന്നത്. അവരെ സുഖപ്പെടുത്തേണ്ടത് അവരുടെ കൂടെയുള്ളവരുടെ സന്മനസ്സുകൊണ്ടാണെന്ന ബോധ്യം ക്രിസ്തുവിനുണ്ടായിരുന്നതുകൊണ്ടാകാം. എല്ലാ രോഗശാന്തികളുടെയും കുത്തക ക്രിസ്തു ഏറ്റെടുത്തില്ല. യേശുക്രിസ്തു രോഗശാന്തി ഒരു മാജിക്ക് ഫോര്‍മുലയാക്കിയിരുന്നില്ല. ഇന്ന് ദൈവപുത്രനായ ക്രിസ്തുവിനെക്കാളും വലിയ അത്ഭുതപ്രവര്‍ത്തകരാകാന്‍ വെമ്പല്‍ കൊള്ളുന്ന വ്യക്തികളുണ്ട്. അവരുടെ അവകാശവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉള്ള വിശ്വാസം പോലും നമുക്കു നഷ്ടപ്പെടും. നമ്മുടെ വീട്ടില്‍ ഇരുന്ന് കുടുംബാംഗങ്ങളൊടൊപ്പം പ്രാര്‍ത്ഥിക്കുന്നതും രോഗശാന്തിക്കുള്ള മാര്‍ഗമാണെന്ന തിരച്ചറിവ് നമുക്കുണ്ടാകണം. പ്രാര്‍ത്ഥന കേവലം ആചാരാനുഷ്ഠാനങ്ങളുടെ ആവര്‍ത്തനമല്ല. അതു ദൈവത്തോട് നടത്തുന്ന ഉള്ളുരുകിയുള്ള സംഭാഷണമാണ്. എന്‍റെ ദൈവം ഏതു ദുരിതത്തിലും എന്നെ കൈവിടുകയില്ല എന്ന പ്രത്യാശയാണത്.

ഫുള്‍സ്റ്റോപ്പ്: കൊറോണ വൈറസിനെതിരെ ക്രിസ്തു സംസാരിച്ച അതേ ഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നതാണ് കൂടുതല്‍ ഫലദായകം, കാലഹരണപ്പെട്ട ഏതോ സംസ്കാരത്തില്‍ ഉരുത്തിരിഞ്ഞ രീതിയില്‍ മാത്രം ആരാധിച്ചാലേ ദൈവാരാധനയാകൂ എന്നൊക്കെയുള്ള സങ്കുചിതത്വത്തിന്‍റെ വൈറസുകളും നിര്‍വീര്യമാക്കപ്പെടേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org