കേരളത്തില്‍ മഹാമനസ്കതയുടെ വിഷുക്കണികള്‍

2020-ലെ വിഷുക്കണി വിടിന്‍റെ അകത്തളങ്ങളിലോ അമ്പലങ്ങളിലോ ആയിരുന്നില്ല. മഹാമാരിയുടെ കാലത്ത് ചിലര്‍ മഹാമനസ്കതയുടെ നന്മമരങ്ങളായി പൂക്കുന്നതു കണ്ടപ്പോള്‍ കാരുണ്യത്തിന്‍റെ മുമ്പില്‍ കൊറോണ വൈറസ് പോലും തോല്ക്കുന്നതുപോലെ തോന്നി. ലോകമെങ്ങും സര്‍ക്കാരുകളും ആരോഗ്യ പ്രവര്‍ത്തകരും അവരുടെ ജീവന്‍പോലും പണയപ്പെടുത്തി കൊറോണയെ അതിജീവിക്കാനും രോഗികള്‍ക്കും ജനങ്ങള്‍ക്കും ശക്തിപകരാനും കാട്ടുന്ന ധീരതയും ഇച്ഛാശക്തിയുമാണ് കെറോണ വൈറസിനെ നിര്‍വീര്യമാക്കുന്നത്.

ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കൊറോണ വൈറസിനെ ചെറുത്തുതോല്പിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ കേന്ദ്ര സര്‍ക്കാരിനെയും അതിനെ നയിക്കുന്നവരെയും ഒരു പരിധിവരെ അഭിനന്ദിക്കാതെ തരമില്ല. അതിലേറെ ഇന്ത്യയില്‍ ആദ്യം കോവിഡ് രോഗികള്‍ പുറം രാജ്യങ്ങളില്‍നിന്നും എത്തിയ നമ്മുടെ കൊച്ചുകേരളം ഈ നിമിഷം വരെ യുദ്ധസമാനമായ രീതിയിലാണ് കോവിഡിനെ പ്രതിരോധിക്കുന്നത്. വളരെ ചടുലമായതും പിഴവുകളില്ലാത്തതുമായ പ്രവര്‍ത്തന ശൈലികൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ഷൈലജ ടീച്ചറും കൊറോണക്കാലത്തെ താരങ്ങളായി മാറി.

സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ വെറുതെ നോക്കുകുത്തികളായി നില്‍ക്കാതെ അരയും തലയും മുറുക്കി മാസ്ക്കുകളും സാനിറ്ററൈസുകളുമായി രാപകലില്ലാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. എറണാകുളത്തെ ജില്ലാ കലക്ടര്‍ സുഹാസ് എല്ലാവരാലും ഒറ്റപ്പെട്ട താന്തോന്നിതുരുത്തിലെ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വള്ളത്തില്‍ നേരിട്ട് എത്തിച്ചത് ഏറെ ആര്‍ദ്രമായ വിഷുകാഴ്ചയായിരുന്നു. ഇത്തരം നന്മയോട് ചേര്‍ന്നു കേരളത്തിലുടനീളം കത്തോലിക്കാ വൈദികരും പ്രസ്ഥാനങ്ങളും മഹാമാരിയെ നേരിടാന്‍ നാട്ടുകാരെ സഹായിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകള്‍ മഹാമാരിയുടെ സമയത്ത് നമ്മള്‍ കേവലം കാഴ്ചക്കാരല്ല എന്ന സത്യമാണ് വിളിച്ചോതുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ സോഷ്യല്‍ സര്‍വ്വീസസ് കേന്ദ്രം 'സഹൃദയ' ലോക്ക്ഡൗണ്‍ കാലത്ത് തെരുവില്‍ പെട്ടുപോയ പാവപ്പെട്ടവര്‍ക്ക് മൂന്നുനേരവും ഭക്ഷണം വിളമ്പുന്നതില്‍ സര്‍ക്കാരിന്‍റെ കമ്മ്യൂണിറ്റി കിച്ചന്‍ വരുന്നതിനുമുമ്പേ മുന്‍കൈ എടുത്തു എന്നുള്ളത് ഏറെ അഭിമാനത്തോടെ ഓര്‍ക്കുന്നു. കേരളത്തിലെ പൊലീസുകാരും മഹാമനസ്കതയുടെ കാര്യത്തില്‍ ഏറെ മുമ്പോട്ടു പോയിരിക്കുന്നു. രാവിലെ ചായ വിറ്റു ഉപജീവനം കഴിച്ചിരുന്ന വയസ്സന്‍റെ ചായക്കട അടപ്പിച്ചപ്പോള്‍ അയാള്‍ക്കും ഭാര്യയ്ക്കും ലോക്ക്ഡൗണിന്‍റെ കാലത്ത് വേണ്ട മരുന്നും ഭക്ഷണത്തിനുള്ള വകകളും പൊലീസുകാരുടെ പോക്കറ്റിലെ പണം കൊണ്ട് വാങ്ങിക്കൊടുത്തതും ഈസ്റ്ററിനെയും വിഷുവിനെയും ധന്യമാക്കിയ മനുഷ്യത്വത്തിന്‍റെ മണമുള്ള വര്‍ണക്കാഴ്ചകളാണ്.

അതൊടൊപ്പം മഹാമാരിയെ ചെറുത്തുനില്‍ക്കാന്‍ ബുദ്ധിമുട്ടുന്നവരെ തങ്ങളുടെ ധാര്‍ഷ്ട്യം കൊണ്ട് പൊറുതിമുട്ടിച്ച ഉദ്യോഗസ്ഥരും പൊലിസുകാരും ഉണ്ടെന്ന സത്യവും വിസ്മരിക്കരത്. പട്ടിണിയുടെയും രോഗങ്ങളുടെയും കാലത്തുപോലും വകതിരിവില്ലാതെ പ്രവര്‍ത്തിക്കുന്ന മനുഷ്യപറ്റില്ലാത്ത ഇത്തരം ജാതികള്‍ എന്നും എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍പ്പെട്ടതാണ് കര്‍ണാടക സര്‍ക്കാര്‍ കാസര്‍ഗോട്ടുനിന്നും മംഗലാപുരം ആശുപത്രിയിലെത്താനുള്ള മാര്‍ഗം അടച്ചു കളഞ്ഞ പ്രവൃത്തി. കൊല്ലത്തിനടുത്ത് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത അപ്പനെ ഓട്ടോറിക്ഷയില്‍ കൊണ്ടു പോകാന്‍ സമ്മതിക്കാതിരുന്ന പൊലിസുകാരനോടുള്ള വാശിക്ക് രോഗിയായ അപ്പനെ തോളിലേറ്റി ഒരു കിലോമീറ്ററോളം യാത്ര ചെയ്ത മകന്‍റെ അനുഭവം കണ്ണുനീരിന്‍റെതാണ്. ലോക്ക്ഡൗണ്‍ നിമയങ്ങള്‍ പലയിടത്തും പലതരത്തിലും ലംഘിക്കപ്പെട്ടങ്കിലും കത്തോലിക്കാ പുരോഹിതരെ മാത്രം തെരഞ്ഞു പിടിച്ച് അറസ്റ്റു ചെയ്ത് പൗരോഹിത്യത്തെ ഇകഴ്ത്താന്‍ കിട്ടിയ ചില അവസരങ്ങള്‍ നന്നായി ഉപയോഗിച്ചവരുടെ സംഘവും ഈ കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിശ്ചയിച്ച അരി വാങ്ങാന്‍ ചെന്ന കത്തോലിക്കാ സന്ന്യാസിനിമാരെ ചില ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വിഷമിപ്പിച്ച കാര്യവും കേട്ടു. വൈര്യവും ജാതിചിന്തയും സങ്കുചിത്വവും കൊണ്ടുനടക്കുന്ന അവസരവാദികള്‍ക്കും ഇതു ചാകരക്കാലമാണ്.

ഫുള്‍സ്റ്റോപ്പ്: ഈസ്റ്ററിന് സ്വന്തം ഇടവകയിലെ പാവപ്പെട്ടവര്‍ക്ക് അരിയും പണവും എത്തിച്ച എല്ലാ വികാരിമാര്‍ക്കും മാസ്കുകളായും സാനിറ്റൈസറുകളുമായി കൊറോണയെ ചെറുക്കാന്‍ പുറപ്പാട് നടത്തിയ ഇടവകകള്‍ക്കും കത്തോലിക്കാ സഭയുടെ ഉപവി സംവിധാനങ്ങള്‍ക്കും കൂപ്പുകൈ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org