ദൈവരാജ്യമാകണം നമ്മുടെ സ്വപ്നങ്ങള്‍

"രഹസ്യമിതാണ്, നിങ്ങള്‍ സ്നേഹിക്കപ്പെടുന്നു, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനാല്‍ സ്നേഹിക്കപ്പെടുന്നു. ഈ സ്നേഹത്തെ അറിയുകയും അതില്‍ ആയിരിക്കുകയും ചെയ്യുക. അവന്‍ നമ്മെ സ്നേഹിക്കുന്നു." ഈ വാക്കുകളോടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ സര്‍ക്കസ് മാക്സിമോ സ്ക്വയറില്‍ ഇറ്റലിയിലെ ചെറുപ്പക്കാരുമായി സംവദിച്ചത്. ഇറ്റാലിയന്‍ മെത്രാന്മാരുടെ ഒക്ടോബറില്‍ നടക്കുന്ന സിനഡിന്‍റെ വിഷയം, "യുവജനങ്ങള്‍, വിശ്വാസവും, ദൈവവിളിയുടെ തിരിച്ചറിവും" എന്നാണ്. മെത്രാന്‍ സിനഡിന് ഒരുക്കമായി റോമിലേക്ക് ആയിരം റോഡുകള്‍ എന്ന പരിപാടിയുടെ ഭാഗമായാണ് യുവ ജനങ്ങളും മാര്‍പാപ്പയും കണ്ടുമുട്ടിയത്. 200 ഓളം രൂപതകളില്‍ നിന്ന് പതിനായിരക്കണക്കിന് യുവ ജനങ്ങളാണ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ഏതാനും യുവജനങ്ങള്‍ അവരുടെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും ഭയങ്ങളും മാര്‍പാപ്പയുമായി പങ്കുവച്ചു. അവരുടെ സ്വപ്നങ്ങള്‍ക്കനുസരിച്ചുള്ള പ്രതികരണങ്ങളല്ല ചുറ്റുവട്ടത്തു നിന്നും ലഭിക്കുന്നതെന്നും അതിനാല്‍ ഭാവിയെക്കുറിച്ചുള്ള ഭയങ്ങള്‍ തങ്ങളെ പലപ്പോഴും വിഴുങ്ങുന്നുവെന്നും അവര്‍ പറഞ്ഞു.

സ്വപ്നം, ഭയം ഈ രണ്ടു പദങ്ങളെക്കുറിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അവരോട് പങ്കുവച്ചത്. സ്വപ്നങ്ങളില്ലെങ്കില്‍ ജീവിതത്തില്‍ മരവിപ്പ് അനുഭവപ്പെടും. സ്വപ്നങ്ങളാണ് ജീവിതത്തിന്‍റെ ചാലക ശക്തി. ജീവിതത്തെയും ജീവിതത്തിന്‍റെ ശക്തിയേയും കുറിച്ച് സ്വപ്നങ്ങള്‍ ബോധവത്കരിക്കുന്നു. നമ്മെ മുന്നോട്ടു നയിക്കുന്ന, ജ്വലിക്കുന്ന നക്ഷത്രങ്ങളാണ് നമ്മുടെ സ്വപ്നങ്ങള്‍. നാം കാണുന്ന സ്വപ്നങ്ങള്‍ സ്വപ്നങ്ങളായി മാത്രം അവശേഷിക്കാന്‍ പാടില്ല. സ്വപ്നങ്ങളെ ഭാവിയിലെ യാഥാര്‍ത്ഥ്യങ്ങളായി മാറ്റാന്‍ കഴിയുമ്പോഴാണ് നമ്മുടെ ഭാവി സുനിശ്ചിതമാകുന്നത്. നമ്മുടെ സ്വപ്നങ്ങളെ ഇല്ലാതാക്കുന്ന എല്ലാ പ്രതിസന്ധികളെയും ചെറുത്തുനില്‍ക്കാനുള്ള ധൈര്യമാണ് നിങ്ങള്‍ക്കുണ്ടാകേണ്ടത്. അതിജീവനത്തിന്‍റെ മുഖമാണ് ആത്മധൈര്യത്തിന്‍റേത്.

പക്ഷേ മാര്‍പാപ്പ യുവജനങ്ങളോട് സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ വളരെ ഗൗരവമായ അതിന്‍റെ മറ്റൊരു മാനത്തെക്കുറിച്ച് സൂചിപ്പിച്ചു. "നിങ്ങളുടെ സ്വപ്നങ്ങള്‍ വിടരാന്‍ തുടങ്ങുമ്പോള്‍ അതിനെ ശുദ്ധീകരിക്കുകയും പരീക്ഷണത്തിന് വിധേയമാക്കുകയും പങ്കുവയ്ക്കുകയും ചെയ്യണം. നിങ്ങള്‍ എന്നും ചോദിക്കേണ്ട ചോദ്യമിതാണ്, എവിടെനിന്നാണ് ഈ സ്വപ്നം ഉത്ഭവിച്ചത്?" സ്വപ്നങ്ങള്‍ ടിവി കാണുന്നതില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നുമാകാം. അത് വെറും പകല്‍ സ്വപ്നമാകാം. അതിനാല്‍ വേണ്ടത്ര അവധാനതയോടു കൂടി സ്വപ്നങ്ങളെ വിലയിരുത്തിയില്ലെങ്കില്‍ സ്വപ്നങ്ങള്‍ നമ്മുടെ ഭാവിയെ നശിപ്പിക്കാം. ബൈബിളില്‍ സ്വപ്നങ്ങള്‍ എന്നു പറയുമ്പോള്‍, അവ സമാധാനവും സാഹോദര്യവും വിതയ്ക്കുന്നവയായിരിക്കണം. 'ഞാന്‍' എന്നതിന്‍റെ എതിര്‍ലിംഗം എന്താണ് എന്ന് ചോദിച്ചാല്‍, 'നിങ്ങള്‍' 'നീ' എന്നു പറഞ്ഞാല്‍ അത് യുദ്ധത്തിനുള്ള ആഹ്വാനമാണ്. പക്ഷേ 'ഞാന്‍' എന്നതിന്‍റെ എതിര്‍ലിംഗം 'നമ്മള്‍' എന്നാണെങ്കില്‍ നാം സമാധാനത്തിനാണ് ആഹ്വാനം ചെയ്യുന്നത്, അപ്പോള്‍ ഞാന്‍ സമൂഹത്തെ നിര്‍മിക്കുന്നവനാകും, സാമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സ്വപ്നങ്ങള്‍ സാക്ഷത്കരിക്കുന്നവരാകും."

ഞാനില്‍ നിന്നും നിന്നിലേക്കും ഞങ്ങളില്‍ നിന്നും അവരിലേക്കുമുള്ള യുവജനങ്ങളുടെ പ്രവാഹമാണ് കേരളത്തില്‍ വന്‍ ദുരന്തമായ പ്രളയത്തിന്‍റെ ഈ സമയം നാം കണ്ടുകൊണ്ടിരിക്കുന്നത്. യുവജനങ്ങള്‍ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും മറ്റൊന്നിലേക്ക് ചെല്ലുമ്പോള്‍ അവര്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കുന്നവരായി മാറി. നോക്കി നില്ക്കേ നിലങ്ങളെയും വീടുകളെയും വിഴുങ്ങിയ പ്രളയ ജലത്തില്‍ വൃദ്ധരുടെയും കുട്ടികളുടെയും സ്ത്രീകളുടെയും ജീവന്‍ അപകടത്തില്‍ പെട്ടപ്പോള്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി അവരെ രക്ഷിച്ച നമ്മുടെ യുവജനങ്ങള്‍ മാര്‍പാപ്പയുടെ വാക്കുകള്‍ക്ക് ജീവന്‍ കൊടുത്തവരാണ്. മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ മഴവെള്ളത്തില്‍ ഒലിച്ചു പോയപ്പോള്‍ അവരുടെ സ്വപ്നങ്ങള്‍ തുന്നിപ്പിടിപ്പിക്കുവാനുള്ള യുവജനങ്ങളുടെ ത്യാഗവും അര്‍പ്പണവും കണ്ടില്ലെന്നു നടിക്കാനാവില്ല. എല്ലാത്തിനെയും അതിജീവിക്കാനുള്ള ആത്മാവിന്‍റെ അഗ്നിയുള്ളവരാണ് യുവജനങ്ങള്‍. മഴവെള്ളത്തില്‍ പാസ്പോര്‍ട്ടും വിസയും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ട യുവജനങ്ങളെ കണ്ടുമുട്ടി. അവര്‍ നഷ്ട ധൈര്യരല്ല. അതിനെ ഓര്‍ത്ത് വിലപിക്കാന്‍ അവര്‍ക്ക് ഇപ്പോള്‍ നേരവുമില്ല. എല്ലാ വീടുകളുടെ പരിസരവും വൃത്തിയാക്കി ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും പ്രളയബാധിതരെ എത്രയും വേഗം അവരുടെ ഭവനങ്ങളില്‍ എത്തിക്കുക എന്ന ഒറ്റ ചിന്തയേ അവര്‍ക്കുള്ളൂ.

ഫുള്‍സ്റ്റോപ്പ്: യുവാവായിരുന്ന യേശുക്രിസ്തുവിനെ പോലെ ദൈവരാജ്യത്തെ കുറിച്ച് സ്വപ്നം കാണണം. സഹനത്തെയും ദുരിതത്തെയും അസത്യത്തെയും അനീതിയെയും മരണത്തെയും അതിജീവിച്ചുകൊണ്ട് സത്യത്തിനും നീതിക്കും സമാധാനത്തിനും സ്നേഹത്തിനും വേണ്ടി നിലപാടെടുക്കുകയും വേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org