സത്യവും സുതാര്യതയുമില്ലാത്തത് സഭാത്മകമാവുകയില്ല

ഇരുപത്തിനാലു വ്യക്തി സഭകളുടെ കൂട്ടായ്മയാണ് ആഗോള കത്തോലിക്കാ സഭ. ഇവയില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള വ്യക്തി സഭ ലത്തീന്‍ സഭയക്കാണ്. രണ്ടാം സ്ഥാനം ബാക്കിയുള്ള 23 പൗരസ്ത്യസഭകളില്‍പ്പെട്ട ഉക്രേനിയന്‍ സഭയാണ്. മൂന്നാം സ്ഥാനത്തു സീറോ മലബാര്‍ സഭയാണ്. ഒരോ വ്യക്തിസഭയ്ക്കും ആരാധനക്രമ രീതികളിലും ഭരണപരമായ രീതികളിലും അവരുടേതായ നിയമങ്ങളും പാരമ്പര്യങ്ങളുമുണ്ട്. ഓരോ സഭയിലെയും മെത്രാന്മാരുടെ സിനഡോ തത്തുല്യമായ അധികാര കേന്ദ്രങ്ങളോ ആണ് അവരുടെ ഭരണകാര്യങ്ങള്‍ മാര്‍പാപ്പയുടെ അറിവോടു കൂടെ നിര്‍വഹിക്കുന്നത്. പക്ഷേ എല്ലാ സഭകളുടെയും തലവന്‍ റോമിലെ പരിശുദ്ധ പിതാവായ മാര്‍പാപ്പയാണ്. ഏതൊരു വ്യക്തിസഭയ്ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കാന്‍ റോമിലെ മാര്‍പാപ്പയ്ക്ക് അവകാശമുണ്ട്. റോമിലെ അധികാരത്തിന്‍റെ കീഴിലായതുകൊണ്ടു മാത്രമാണ് ഈ വ്യക്തിസഭകളൊക്കെ തന്നെ റോമന്‍ കത്തോലിക്കാ സഭയെന്ന കുടക്കീഴില്‍ വരുന്നത്. ലോകമെങ്ങുമുള്ള സീറോ മലബാര്‍ സഭ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കൂടെയാണ് 2019 ആഗസ്റ്റ് 19-ന് ആരംഭിക്കുന്ന സഭാസിനഡിനെ ഉറ്റുനോക്കുന്നത്. ഈ സഭയില്‍ ഇപ്പോള്‍ ഉരുണ്ടുകൂടിയിട്ടുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സിനഡിനു കടമയുണ്ട്. അതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നല്കുമെന്നാണ് അറിയുന്നത്. ഈ പശ്ചാത്തലത്തില്‍ കത്തോലിക്കാ സഭയിലെ ആദ്യ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായ ഉക്രേനിയന്‍ സഭയുടെ സ്ഥിരം സിനഡ് അംഗങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയ നിര്‍ദ്ദേശങ്ങള്‍ വായിക്കപ്പെടേണ്ടത്.

2019 ജൂലൈ മാസം 5-ാം തീയതി റോമില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ എത്തിയ ഉക്രേനിയന്‍ സഭയിലെ മെത്രാന്മാരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ കൂടിക്കാഴ്ചയില്‍ അവരുടെ സഭ കടന്നു പോന്ന സഹനത്തിന്‍റെയും പ്രതിസന്ധികളുടെയും പരിസരത്തില്‍ പ്രാര്‍ത്ഥനയ്ക്കും ആത്മീയതയ്ക്കുമുള്ള സ്ഥാനത്തെയും കുറിച്ചാണ് മാര്‍പാപ്പ ആദ്യം സൂചിപ്പിച്ചത്. സഹിക്കുന്നവരുടെയും മുറിവേല്‍ക്കുന്നവരുടെയും ഒപ്പം നടന്ന് അവര്‍ക്ക് യേശുക്രിസ്തുവിന്‍റെ സമാശ്വാസം നല്കേണ്ടതിന്‍റെ ആവശ്യത്തെക്കുറിച്ച് മാര്‍പാപ്പ ഉദ്ബോധിപ്പിക്കുന്നുണ്ട്. മാര്‍പാപ്പ ഉന്നയിച്ച ഏറ്റവും ശക്തമായ കാര്യം എന്താണ് സിനഡാലിറ്റി (Synodality) എന്നതിനെക്കുറിച്ചാണ്. മെത്രാന്മാരും വൈദികരും സന്ന്യസ്തരും വിശ്വാസികളും കൈകോര്‍ത്ത് മനസ്സും ഹൃദയവും ഐക്യത്തിലാക്കി ഒപ്പം നടക്കേണ്ട സാഹചര്യത്തിനാണ് മാര്‍പാപ്പ ഊന്നല്‍ നല്കുന്നത്.

സിനഡ് എന്നു പറയുന്നത് കേവലം മെത്രാന്മാരുടെ കൂട്ടായ്മയല്ല. വിശ്വാസികളെ മുഴുവന്‍ ഉള്‍ച്ചേര്‍ത്ത് സഭയുടെ സമഗ്രവും വിശുദ്ധവുമായ വളര്‍ച്ചയ്ക്ക് സാഹചര്യം സൃഷ്ടിക്കുന്നതിലാണ് സിനഡിന്‍റെ പരിശുദ്ധിയെന്നും മാര്‍പാപ്പ ഊന്നി പറയുന്നു. "സഭയാകുക എന്നാല്‍ ഒപ്പം നടക്കുന്ന കൂട്ടായ്മയാകുകയാണ്. സിനഡ് വിളിച്ചുകൂട്ടിയതുകൊണ്ടായില്ല, മറിച്ച് നിര്‍ബന്ധമായും സിനഡായി ജീവിക്കണം. സഭയ്ക്കുള്ളില്‍ ശക്തമായ പങ്കുവയ്ക്കല്‍ അവശ്യമാണ്. അജപാലകര്‍ക്കിടയിലുള്ള സംഭാഷണം പോലെതന്നെ പ്രധാന്യമുള്ളതാണ് അജപാലകരും വിശ്വാസികളും തമ്മിലുള്ള സംഭാഷണവും." ഒരേ പോലെ ചിന്തിക്കുന്നവരോടും പ്രവര്‍ത്തിക്കുന്നവരോടും കൂടെയുള്ള സംഭാഷണം എളുപ്പമാണ്. പക്ഷേ വ്യത്യസ്തമായി ചിന്തിക്കുന്നവരെയും പ്രവര്‍ത്തിക്കുന്നവരെയും കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിലാണ് "സിനഡാലിറ്റി"യുടെ അന്തഃസത്ത. ഇത്തരത്തില്‍ ക്രിയാത്മകമായി സിനഡ് നടത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചില കാര്യങ്ങള്‍ ഉക്രേനിയന്‍ സഭയോട് പറയുന്നുണ്ട്. ഒന്നാമത്തെ കാര്യം ശ്രവിക്കലാണ് (Listening). സിനഡില്‍ എല്ലാവരെയും കേള്‍ക്കണം. ഓരോ മെത്രാനും അവരുടെ അഭിപ്രായങ്ങള്‍ പറയാനും മറ്റുള്ളവര്‍ അവരെ കേള്‍ക്കാനും സാഹചര്യം ഉണ്ടാകണം. രണ്ടാമത്തേത്, കൂട്ടുത്തരവാദിത്വമാണ്. ഇവിടെ പരസ്പരം പ്രോത്സാഹിപ്പിക്കുകയും തിരുത്തുകയും വേണം. സഹോദരങ്ങളുടെ തെറ്റുകള്‍ക്കു മുമ്പില്‍ നാം നിസ്സംഗരാകരുത്. മാര്‍പാപ്പ പറയുന്നു, "ഒരാളുടെ സത്പേരിനു കളങ്കം വരാതിരിക്കാന്‍, ശരിയല്ലാത്ത കാര്യം മറച്ചുവയ്ക്കാന്‍ പാടില്ല. സത്യത്തിലും സുതാര്യതയിലുമാണ് ഉപവി ജിവിക്കേണ്ടത്. ഈ സ്വാതന്ത്ര്യത്തിലാണ് സഭ സ്വയം ശുദ്ധീകരിച്ച് മുന്നോട്ട് പോകേണ്ടത്". മാര്‍പാപ്പ പറയുന്ന മറ്റൊരു പ്രധാന കാര്യം മെത്രാന്മാര്‍ അല്മായരെ ശ്രവിക്കുകയും കേള്‍ക്കുകയും വേണമെന്നാണ്. അവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് നിര്‍ബന്ധമായും സിനഡില്‍ ഇടം നല്കണം. ആഗോളസഭയുടെ സാര്‍വത്രികതയിലാകണം വ്യക്തിസഭകള്‍ അവരുടെ പാരമ്പര്യവും വിശ്വാസവും ജീവിക്കേണ്ടത്. അതിനാല്‍ റോമിനോടുള്ള വിധേയത്വവും മാര്‍പാപ്പയോടുള്ള ആദരവുമില്ലാതെ കത്തോലിക്കാ സഭയിലെ വ്യക്തിസഭകള്‍ക്കു അസ്തിത്വമില്ല.

ഫുള്‍സ്റ്റോപ്പ്: കത്തോലിക്കാസഭയിലെ എല്ലാ വ്യക്തിസഭകളുടെയും അസ്തിത്വവും അനന്യതയും സാര്‍വത്രികതയിലാണ്. സഭാപരമായാലും ദേശീയമായാലും രാഷ്ട്രീയപരമായാലും സങ്കുചിതത്വം സഭാഗാത്രത്തെ മുറിവേല്പിക്കുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org