“കൊറോണ”യേക്കാളും ഭയാനകമാണ് വര്‍ഗീയ വൈറസ്

"ഭാരതമെന്നു കേട്ടാല്‍ അഭിമാന പൂരിതമാകണമെന്നന്തരംഗം" എന്ന കവിത ഹൃദയത്താളത്തില്‍ പേറികൊണ്ടാണ് ഇത്രയും നാള്‍ ജീവിച്ചത്. പക്ഷേ ഇപ്പോള്‍ ഭാരതം എന്നു കേള്‍ക്കുമ്പോള്‍ ഹൃദയത്തിനു ഭാരം കൂടുകയും നയനങ്ങളില്‍ അറിയാതെ കണ്ണുനീര്‍ നിറയുകയും ചെയ്യുന്നു. മാനവ സംസ്കാരത്തിന്‍റെ ഭൂമി കയില്‍ നിന്നുകൊണ്ട് സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി സ്വന്തം ജീവന്‍ ബലികൊടുത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് ചുക്കാന്‍ പിടിച്ച മനുഷ്യനെ അവര്‍ തള്ളിപ്പറയുക മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം കേവലം പൊറാട്ടു നാടകമായിരുന്നുവെന്നും പറഞ്ഞ് സംതൃപ്തിയടയുന്നു. ബോധമില്ലാത്തവരല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാര്‍ലമെന്‍റില്‍ ജനങ്ങളുടെ വോട്ടു നേടി തെരഞ്ഞെടുക്കപ്പെട്ട നേതാക്കന്മാര്‍. ഇതെന്തൊരു ജനാധിപത്യം? എന്തൊരിന്ത്യ?

പൗരത്വനിയമ ഭേദഗതിയെക്കുറിച്ച് രാജ്യത്താകമാനം ബഹളങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടക്കുമ്പോള്‍ മതഭ്രാന്തില്‍ നൂറുകണക്കിനു നിഷ്കളങ്കരെ കൊന്നു കൊലവിളിച്ച ഗുജറാത്ത് കലാപകാരികള്‍ക്കും കിട്ടി ഇടക്കാല ജാമ്യം. ഈ വാര്‍ത്ത വായിച്ചപ്പോള്‍ പ്രസിദ്ധ ഹിന്ദി സാഹിത്യകാരനായ അസ്ഗര്‍ വജാഹത്തിന്‍റെ കഥ ഓര്‍മയിലെത്തി. ഗുരുശിഷ്യസംവാദം: "ശിഷ്യന്‍: ഗുരുജി, സമുദായിക ലഹളയില്‍ കൊലപാതകവും മറ്റും നടത്തുന്നവര്‍ക്ക് നിയമം ഒരു ശിക്ഷയും നല്കാത്തതെന്താ? ഗുരു: ഇത് നമ്മുടെ നിയമത്തിന്‍റെ മഹത്ത്വമാണ് ശിഷ്യാ. ശിഷ്യന്‍: എങ്ങനെ ഗുരുജി? ഗുരു: നമ്മുടെ കോടതികള്‍ക്ക് ലഹളയില്‍ കൊല ചെയ്യുന്നവരുടെ ഭാവനകള്‍ മനസ്സിലാകും. ശിഷ്യന്‍: എന്തു മനസ്സിലാകും? ഗുരു: ശിഷ്യാ, സമുദായികലഹളയില്‍ മരിക്കുന്നവര്‍ നേരെ സ്വര്‍ഗത്തിലേക്കല്ലേ പോകുന്നത്? ശിഷ്യന്‍: അതെ, പോകുന്നു. ഗുരു: അപ്പോള്‍ അവരെ സ്വര്‍ഗത്തിലേക്ക് അയയ്ക്കുന്ന ഉപകാരം ആര് ചെയ്യുന്നു? ശിഷ്യന്‍: കൊലപാതകി. ഗുരു: തികച്ചും ശരി. അപ്പോള്‍ ശിഷ്യാ, ഉപകാരം ചെയ്യുന്നവരെ തൂക്കിലേറ്റുന്ന ലജ്ജയില്ലാത്ത നിയമമല്ല നമ്മുടേത്."

ധര്‍മസംസ്ഥാപനത്തിനായുള്ള മഹാഭാരതയുദ്ധത്തില്‍ വധിക്കപ്പെട്ടവരെല്ലാം മോക്ഷത്തിലെത്തിയെന്നാണ് വയ്പ്. എല്ലാ യുദ്ധത്തിനും കലഹത്തിനും നാം കാരണം കണ്ടുപിടിക്കും. സഹിഷ്ണുതയ്ക്കും ശാന്തിക്കും, സത്യത്തിനും സ്ഥാനമുണ്ടായിരുന്ന സംസ്കാരത്തെ ഇല്ലായ്മ ചെയ്യുന്ന നിയമങ്ങള്‍ പാസ്സാക്കി ഞങ്ങള്‍ രാഷ്ട്രപിതാവിന്‍റെ സ്വപ്നങ്ങളാണ് നടപ്പിലാക്കുന്നത് എന്ന് വിളിച്ചു പറയാന്‍ ലജ്ജപോലുമില്ലാത്തവരല്ലേ രാജ്യം ഭരിക്കുന്നത്. വീണ്ടും "ശിഷ്യന്‍: സാമുദായിക ലഹളയുടെ ഉത്തരവാദിത്വം പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമാണോ ഗുരുജി? ഗുരു: അല്ല. ശിഷ്യന്‍: മുഖ്യമന്ത്രിയില്‍ വരുമോ? ഗുരു: ഇല്ല. ശിഷ്യന്‍: ആഭ്യന്തരമന്ത്രിയിലെത്തുമോ? ഗുരു: ഇല്ല. ശിഷ്യന്‍: പാര്‍ലമെന്‍റിലോ രാജ്യസഭയിലോ വരുമോ? ഗുരു: ഇല്ല. ശിഷ്യന്‍: ജില്ലാധികാരികളിലോ, പൊലീസ് അധികാരികളിലോ വരുമോ? ഇല്ല. ശിഷ്യന്‍: പിന്നെ സാമുദായിക ലഹളയുടെ ഉത്തരവാദിത്വം ആരിലാണ് വരിക? ഗുരു: ജനങ്ങളില്‍. ശിഷ്യന്‍: എന്നുവച്ചാല്‍? ഗുരു: എന്നുവച്ചാല്‍ നമ്മളില്‍. ശിഷ്യന്‍: അതായത്? ഗുരു: അതായത് ആരിലുമില്ല." അതുതന്നെയാണ് ഇവിടെ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവസാനം ആരു ജയിക്കും ഭരണഘടന ജയിക്കുമോ? പാര്‍ട്ടികള്‍ ജയിക്കുമോ? സമുദായങ്ങള്‍ ജയിക്കുമോ? ജനങ്ങള്‍ ജയിക്കുമോ? ജനങ്ങള്‍ മരിക്കും, രാജ്യം അന്താരാഷ്ട്രതലത്തില്‍ തലതാഴ്ത്തി നില്ക്കേണ്ടിവരും. സ്വന്തം ജനങ്ങള്‍ക്കു പോലും പണികൊടുക്കാനാകാതെ ഏതാനും മള്‍ട്ടിനാഷണല്‍ കോര്‍പ്പേറേറ്റുകളെ മാത്രം വളര്‍ത്തുകയും അവര്‍ക്കുവേണ്ടി പൊതു മേഖലയിലെ എല്ലാ വമ്പന്‍ വ്യവസായങ്ങളും സൂത്രത്തില്‍ തളികയില്‍ വച്ച് നിവേദിക്കുകയും ചെയ്യുന്ന രാജ്യത്തിലെ ഭരണാധികാരികളുടെ പരിഷ്കാരങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്ന് ചോദിക്കാന്‍ പോലും ഇവിടെ ആളില്ലാതായിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ജനാധിപത്യം യഥാവിധി നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 2019-ല്‍ 51-ാം സ്ഥാനത്തേക്ക് മുക്കുകുത്തി വീണിരിക്കുന്നു. ആഭ്യന്തര അസ്വസ്ഥതകളും തൊഴിലില്ലായ്മയും ഇന്ത്യയെ യു.എന്‍. തയ്യാറാക്കിയ സന്തോഷസൂചികയില്‍ 2019-ല്‍ 140-ാം സ്ഥാനത്തേക്ക് തള്ളിയിട്ടിരിക്കുന്നു, 2015-ല്‍ ഇന്ത്യ ഈ സൂചികയില്‍ 117-ാം സ്ഥാനത്തായിരുന്നു. ആയുര്‍ദൈര്‍ഘ്യത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും ജീവിതനിലവാരത്തിന്‍റെയും മാനദണ്ഡത്തില്‍ ഹ്യൂമന്‍ ഡവലപ്പ്മെന്‍റ് ഇന്‍ഡക്സില്‍ ഇന്ത്യ 135-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുന്നു. 2015-ല്‍ എട്ടു ശതമാനമായിരുന്ന സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ 2019 ആയപ്പോഴേക്കും 4.8 ലേക്ക് ഇന്ത്യ മലക്കം തല്ലി വീണിരിക്കുന്നു.

ഫുള്‍സ്റ്റോപ്പ്: ഇതൊക്കെയാണെങ്കിലും ഇന്ത്യ ബി.ജെ.പിയുടെ നേതൃത്വത്തില്‍ കുതിക്കുകയാണെന്നും നാം അനുഭവിക്കുന്ന സന്തോഷവും സമാധാനവും മറ്റു രാജ്യക്കാര്‍ അനുഭവിക്കുന്നില്ലെന്നും പറയാന്‍ ധാരാളം പേര്‍ നമ്മുടെ കൂട്ടത്തിലുണ്ടാകും. "സത്യമേവ ജയതേ!" എന്ന് ആര്‍ക്കാണ് പറയാനാകുക?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org