കൊന്നിട്ടും കൊന്നിട്ടും കൊതി തീരാത്തവര്‍

സഹിഷ്ണുതയ്ക്ക് ചരിത്രത്തിലുടനീളം പ്രഥമ സ്ഥാനമുണ്ടായിരുന്ന ഇന്ത്യയെ ഇന്ന് അസഹിഷ്ണുതയുടെ നരകമാക്കി മാറ്റികൊണ്ടിരിക്കുകയാണ് മോദിയും കൂട്ടരും. അതേസമയം തീവ്രഹിന്ദുവാദികള്‍ അസഹിഷ്ണുത വച്ചുകെട്ടുന്ന മുസ്ലീം രാജ്യങ്ങള്‍ സഹിഷ്ണുതയും മതേതരത്വവും അവരുടെ സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. അബുദാബിയില്‍ ലോകാരാധ്യനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നല്കിയ സ്വീകരണവും സഹിഷ്ണുതാ വര്‍ഷാചരണത്തിന്‍റെ ഭാഗമായി ഒരു അറേബ്യന്‍ രാജ്യം നടത്തിയ ലോക മതസമ്മേളനവും ലോക ശ്രദ്ധ പിടിച്ചുപറ്റി.

മോദിയുടെ ഭരണത്തിലുടനീളം ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയും സത്യത്തിനെതിരെയും പ്രവര്‍ത്തിക്കാനുള്ള ദുഷ്പ്രേരണയാണ് നല്കിക്കൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ ഇന്ത്യക്കാര്‍ കണ്ട ഭീകരകാഴ്ച. ലോകചരിത്രത്തിലെ പുണ്യപുരുഷനും ഇന്ത്യയുടെ ജീവാത്മാവും പരമാത്മാവുമായ മഹാത്മഗാന്ധി വലതുപക്ഷ തീവ്രവാദിയായ ഗോഡ്സേയുടെ വെടിയേറ്റു മരിച്ച ദിനം തന്നെ അദ്ദേഹത്തിന്‍റെ കോലമുണ്ടാക്കി അതില്‍ വെടിവച്ചു തങ്ങളുടെ പക തീര്‍ത്ത ഹിന്ദുമഹാസഭയുടെ നേതാവ് പൂജാ ശകുന്‍ പാണ്ഡെയും കൂട്ടരും. യു.പി.യിലെ അലിഗഢില്‍ ഈ മഹാരാജ്യത്തിന്‍റെ രാഷ്ട്രപിതാവിന്‍റെ കോലം ഉണ്ടാക്കി കൊണ്ടുവരികയും ഗോഡ്സേയുടെ പ്രതിമയില്‍ പൂമാല ചാര്‍ത്തിയതിനു ശേഷം പൂജാ ശകുനും കൂട്ടരും ഗാന്ധിയുടെ കോലത്തില്‍ തുടരെത്തുടരെ വെടിവച്ച് ഗോഡ്സെയ്ക്ക് ജയ് വിളിക്കുകയും ചെയ്തു. എല്ലാ വര്‍ഷവും ദസറയ്ക്ക് രാക്ഷസരാജാവായ രാവണന്‍റെ കോലം ഉണ്ടാക്കി കത്തിക്കുന്നതുപോലെ ഗാന്ധിയുടെ കോലവും ഇനിമുതല്‍ എല്ലാവര്‍ഷവും കത്തിക്കുമെന്ന് പൂജ ശകുന്‍ പ്രഖ്യാപിക്കുകയും ചെയ്തുവത്രേ.

മഹാത്മാഗാന്ധിയുടെ കോലത്തില്‍ വെടിവയ്ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ കണ്ട് രാജ്യമെങ്ങും ദുഃഖത്തോടെ പ്രതികരിച്ചിട്ടും കേന്ദ്രം ഭരിക്കുന്നവര്‍ക്ക് യാതൊരു അലിവും ഉണ്ടായതായി അറിവില്ല. ഈ പ്രവൃത്തിയെ ബി.ജെ.പിയുടെ നേതാക്കന്മാര്‍ അപലപിച്ചുമില്ല. ഈ വര്‍ഷം ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 150-ാം വാര്‍ഷികമായിരുന്നു. അതിനാല്‍ റിപ്പബ്ളിക് ദിനത്തിന്‍റെ ഔദ്യോഗികമായ പരേഡ് പോലും മഹാത്മാഗാന്ധി എന്ന വിഷയത്തെ അധികരിച്ചായിരുന്നു. നരേന്ദ്ര മോദി ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളുടെയും ആശയവും മഹാത്മാഗാന്ധിയില്‍ നിന്നും കടംകൊണ്ടിട്ടുള്ളതാണ്. ഇന്ത്യയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയണമെങ്കില്‍ ഗാന്ധിജിയെ ഒഴിവാക്കിയിട്ട് സാധ്യമല്ല എന്നതാണല്ലോ അറിയപ്പെടുന്ന സത്യം.

1915-ല്‍ മദന്‍മോഹന്‍ മാലവ്യ തുടങ്ങിയ വലതുപക്ഷ തീവ്രവാദ നിലപാടുള്ള സംഘടനയാണ് ഹിന്ദുമഹാസഭ. അതിലെ അംഗമായിരുന്നു നാഥുറാം ഗോഡ്സേ. മഹാത്മാഗാന്ധിയെ ഗോഡ്സേ വെടിവച്ച ദിനത്തെ 'ശൗര്യദിവസ്' – ധീരതാദിനമായിട്ടാണ് അവര്‍ ആഘോഷിക്കുന്നത്. ഇത്തരം തീവ്രവാദ നിലപാടുകളുള്ളവരാണ് മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരെന്നോര്‍ക്കണം. മഹാത്മാഗാന്ധിയുടെ ചരിത്രമെഴുതിയവര്‍ പറയുന്നു, അഭിപ്രായവ്യത്യാസങ്ങള്‍ പരസ്പരം പറഞ്ഞറിയിക്കാന്‍ നാഥുറാം ഗോഡ്സെയെ ഗാന്ധിജി രണ്ടു തവണയെങ്കിലും ചര്‍ച്ചയ്ക്കു വിളിച്ചതാണ്. പക്ഷേ ഗോഡ്സേ ഒഴിഞ്ഞുമാറി. അവസാനം 1948 ജനുവരി 30, 5.17 നാണ് ഗോഡ്സേ തന്‍റെ പക്കല്‍ കരുതിയിരുന്ന ബരേറ്റ 1934 സെമിഓട്ടോമാറ്റിക് പിസ്റ്റള്‍ വച്ച് മഹാത്മാവിന്‍റെ മാറിലേക്ക് നിറയൊഴിച്ചത്. ലോകം തരിച്ചു നിന്ന ആ നിമിഷം എന്നും ദുഃഖമയമാണ്.

ഇന്ത്യയുടെ ദീപം അണഞ്ഞുപോയെന്ന് ജവഹര്‍ ലാല്‍ നെഹ്റു പ്രസംഗിച്ചെങ്കിലും, ഗാന്ധിജി മരിച്ചിട്ടില്ല. സത്യമേവ ജയതേ എന്ന തത്ത്വത്തില്‍ മുറുകെപ്പിടിച്ച് ജീവിച്ച മഹാത്മാഗാന്ധി ഇന്നും പലരെയും പേടിപ്പെടുത്തുന്നു. ഇന്ത്യയിലെ തീവ്രഹിന്ദുവാദികള്‍ ഇന്നും ഗാന്ധിജിയെ ഇന്ത്യയിലുടനീളം കാണുന്നു. അവര്‍ക്ക് മഹാത്മാഗാന്ധി ഇന്നും തലവേദന സൃഷ്ടിക്കുന്നു. അതിനാല്‍ സത്യത്തെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഗാന്ധിജിയുടെ കോലത്തിലെങ്കിലും വെടിവച്ച് വീണ്ടും വീണ്ടും തൃപ്തിയടയുന്നു. ഇതൊരുതരം തീവ്രവാദ ഭ്രാന്താണ്. അയോധ്യയുടെ കാര്യം പറഞ്ഞാലും കന്ദമാലിലെ ക്രൈസ്തവരുടെ കാര്യമെടുത്താലും തീവ്രഹിന്ദുത്വവാദികള്‍ എങ്ങും ധാര്‍മികമായി വിജയിക്കുകയില്ല. അവര്‍ സത്യത്തെ ഭയപ്പെടുന്നതുകൊണ്ടു ഗാന്ധിയുടെ പേര് കേള്‍ക്കുന്നതുപോലും അവര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. പക്ഷേ സത്യത്തെ എന്തു മാത്രം കുഴിച്ചുമൂടാന്‍ നിങ്ങള്‍ ശ്രമിച്ചാലും സത്യത്തിനുവേണ്ടി രക്തം കൊടുത്തവരുടെ ആശയങ്ങളും അവരുടെ ചിത്രങ്ങളും എന്നുമെന്നും മനുഷ്യമനസ്സുകളില്‍ ജീവിക്കും. രാഷ്ട്രീയ നിലനില്പിനായി അക്രമത്തിന്‍റെയും തീവ്രവാദത്തിന്‍റെയും നിലപാടെടുക്കുന്നവരെ കൂട്ടു പിടിക്കുന്നവര്‍ക്ക് ഗാന്ധിജിയെ എത്ര പ്രാവശ്യമെങ്കിലും വെടിവയ്ക്കാം, പക്ഷേ മഹാത്മഗാന്ധി മരിക്കുകയില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org