സ്വര്‍ഗത്തിലേക്കുള്ള കോവണിയും അഭയാര്‍ത്ഥികളും

സ്വന്തം വീടും നാടും ഉപേക്ഷിച്ച് ഗത്യന്തരമില്ലാതെ മറ്റു പ്രദേശങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറുന്ന പാവപ്പെട്ടവരും നിരാലംബരുമായ മനുഷ്യരുടെ എണ്ണം ലോകമെങ്ങും കൂടിവരുന്നു. ക്രൈസ്തവികതയുടെ ചരിത്രം തന്നെ ആരംഭിക്കുന്നത് വിശ്വാസികളുടെ പിതാവായ അബ്രാഹത്തിനോട് ദൈവം നല്കുന്ന കല്പനയോടെയാണ്. അബ്രാഹമിനെ ദൈവം വിളിച്ചിട്ട് കുടുംബക്കാരെ കൂട്ടി പിറന്ന മണ്ണ് ഉപേക്ഷിച്ച് ദൈവം ചൂണ്ടിക്കാണിക്കുന്ന ഇടത്തിലേക്ക് പോകാന്‍ പറഞ്ഞതു മുതല്‍ അലച്ചില്‍ വിശ്വാസികളുടെ ജീവിതത്തിന്‍റെ ഭാഗമായി തീര്‍ന്നു. ഇസ്രായേല്‍ക്കാരുടെ ചരിത്രം തന്നെ കുടിയേറ്റത്തിന്‍റെ ചരിത്രമാണ്. അതിനാല്‍ കത്തോലിക്കാ സഭയ്ക്കെന്നും കുടിയേറ്റക്കാര്‍ ഏറെ പ്രിയപ്പെട്ടവരാണ്. അവരുടെ പുനരധിവാസത്തിനായി ഏറ്റവും കൂടുതല്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതും ക്രൈസ്തവരായിരിക്കും.

ഇറ്റലിയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കുടിയേറുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ യാതന നിറഞ്ഞ ജീവിതത്തിന് ആശ്വാസമേകാന്‍ കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്മാരായ മാര്‍പാപ്പമാര്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ലോകമെങ്ങുമുള്ള കത്തോലിക്കാ സഭ ഇക്കാര്യത്തില്‍ കരുതലും കരുണയുമുള്ളവരാണ്. ഈയിടെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ കുടിയേറ്റക്കാര്‍ക്കു വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ വളരെ അര്‍ത്ഥവത്തും ഹൃദയസ്പൃക്കുമായിട്ടാണ് മാര്‍പാപ്പ അവരോട് സംവദിച്ചത്. തന്‍റെ ദുഃഖങ്ങളില്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരെ ദൈവം കൈവിടുകയില്ല എന്നാണ് മാര്‍പാപ്പ അവരോട് പറഞ്ഞത്. പൂര്‍വപിതാവായ യാക്കോബ് ബത്ഷേബയില്‍ നിന്നും ഹാരാനിലേക്ക് സഞ്ചരിക്കുമ്പോഴാണ് വിശ്രമിക്കാന്‍ തല വച്ചിടത്ത് ദൈവത്തിന്‍റെ അരുളപ്പാടില്‍ സ്വര്‍ഗത്തിലേക്കുള്ള കോവണിപ്പടികള്‍ കണ്ടത്. ഉത്പത്തി പുസ്തകത്തില്‍ 28-ാം അധ്യായത്തില്‍ കാണുന്ന ഈ കോവണിയുടെ അടിഭാഗം ഭൂമിയിലും മുകള്‍ സ്വര്‍ഗത്തിലുമാണ്. ഇത് ദൈവവും മനുഷ്യനും സ്വര്‍ഗവും ഭൂമിയും തമ്മിലുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിലേക്കുള്ള സൂചനയാണ് ഈ കോവണി. മനുഷ്യാവതാരത്തിലൂടെ ക്രിസ്തുവഴി ദൈവം മനുഷ്യരെ സന്ദര്‍ശിക്കുകയാണല്ലോ ചെയ്തത്. ക്രിസ്തുവിന്‍റെ ജനനവും ഒരു അഭയാര്‍ത്ഥിയായിട്ടാണ്. മനുഷ്യന്‍ തന്‍റെ ശക്തി തെളിയിക്കാന്‍ ബാബേല്‍ ഗോപുരം പണിതതിന്‍റെ നേരെ വിപരീതമാണ് യാക്കോബിന്‍റെ കോവണി. ബാബേലില്‍ തന്നോടൊപ്പമാകാന്‍ ശ്രമിച്ച മനുഷ്യന്‍റെ അഹങ്കാരത്തെ ദൈവം ഛിന്നഭിന്നമാക്കി. യാക്കോബിന്‍റെ കോവണിയില്‍ മനുഷ്യന്‍ സ്വര്‍ഗത്തിലേക്കു കയറുകയല്ല ചെയ്തത് സര്‍വശക്തനായ ദൈവം ഭൂമിയിലേക്ക് മനുഷ്യന്‍റെ പക്കലേയ്ക്ക് ഇറങ്ങിവരികയാണ് ചെയ്തത്. ദൈവത്തിന്‍റെ അനന്തമായ കാരുണ്യമാണ് യാക്കോബും കൂട്ടരും അനുഭവിച്ചത്.

ജീവിതത്തിന്‍റെ ഒറ്റപ്പെടലുകളില്‍, തിരസ്കാരത്തില്‍, വേദനയില്‍, പട്ടിണിയില്‍, നിരാശയില്‍ ദൈവം ഇറങ്ങിവരുമ്പോഴുണ്ടാകുന്ന വലിയൊരു ആശ്വാസമുണ്ട്. അഭയാര്‍ത്ഥികളുടെ ഏറ്റവും വലിയ അഭയം ആരൊക്കെ ഉപേക്ഷിച്ചാലും ദൈവം എന്നെ ഉപേക്ഷിക്കുകയില്ല എന്ന ശക്തമായ വിശ്വാസത്തിന്‍റെ ബോധ്യമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും തുടര്‍ന്നും മാര്‍പാപ്പമാര്‍ ആവര്‍ത്തിച്ചു പറയുന്ന കാര്യം തന്നെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നതും. എല്ലാവരും പാവങ്ങളെ പരിഗണിക്കുക. അവര്‍ക്ക് മുന്‍ഗണന കൊടുക്കുക. പാവങ്ങള്‍ എന്നു പറയുമ്പോള്‍ അത് പണമില്ലാത്തവര്‍ മാത്രമല്ല, മാനസികവും ശാരീരികവുമായി പാപ്പരത്തം അനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍, അരികുജീവിതം നയിക്കുന്നവര്‍, രോഗികള്‍, വാര്‍ദ്ധക്യത്തിലെത്തിയവര്‍ എന്നിവരെയാണ് മാര്‍പാപ്പ ഉദ്ദേശിച്ചത്. അവരുടെ കാര്യത്തില്‍ പ്രത്യേക താല്പര്യം എടുക്കണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകമെങ്ങുമുള്ള വിശ്വാസികളോടും സുമനസ്സുകളോടും ഉറക്കെ വിളിച്ചു പറയുന്നത്.

അഭയാര്‍ത്ഥികളായതിന്‍റെ പേരില്‍ അനാവശ്യമായി തെറ്റിദ്ധരിക്കപ്പെടുന്നവര്‍, പീഡിപ്പിക്കപ്പെടുന്നവര്‍, കുറ്റവാളികളാക്കപ്പെടുന്നവര്‍, അപമാനിതരാകുന്നവര്‍ ധാരാളം നമ്മുടെ ഇടയിലുമുണ്ട്. ഇന്ന് കേരളത്തില്‍ അഭയാര്‍ത്ഥികളായി എത്തുന്നവരെ നാം നമ്മുടെ സഹോദരന്മാരായി കാണാന്‍ ശ്രമിക്കാറുണ്ടോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. അവരെ ബംഗാളികളെന്നും ഭായിമാരെന്നുമൊക്കെ പറയുമ്പോള്‍ തന്നെ നമുക്ക് അവരോട് പുച്ഛം തോന്നുന്നുണ്ടെങ്കില്‍ നാം ദൈവത്തിന്‍റെ കാരുണ്യത്തെ മനസ്സിലാക്കാത്തവരായി മാറുകയാണ്. അവരെ കൂടാതെ നമ്മുടെ ദൈനംദിന ജീവിതം പോലും സാധ്യമാകാത്ത വിധം നമ്മുടെ ജീവിത പരിസരം മാറിയിട്ടുണ്ട്. പക്ഷേ അവരോടുള്ള നമ്മുടെ മനോഭാവത്തില്‍ ഇന്നും മാറ്റമില്ലാതെ പോകുന്നു. കേരളത്തില്‍ ജോലി തേടിയെത്തുന്നവര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അവരെകൂടി ഉള്‍പ്പെടുത്തിയല്ലേ നമ്മുടെ സ്കൂളുകളില്‍ കുട്ടികള്‍ ഏറ്റുപറയുന്നത് "ഭാരതം എന്‍റെ രാജ്യമാണ് എല്ലാ ഭാരതീയരും എന്‍റെ സഹോദരീ സഹോദരങ്ങളാണ്" എന്ന്. ആ വാക്കുകളില്‍ നമ്മുടെ മക്കള്‍ക്ക് അര്‍ത്ഥവും ജീവനും കണ്ടെത്താന്‍ കഴിയണമെങ്കില്‍ അവരോടുള്ള നമ്മുടെ മനോഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങള്‍ വന്നേ തീരൂ. നമ്മുടെ നാട്ടില്‍ പലയിടത്തും അന്യസംസ്ഥാന തൊഴിലാളികളുടെ ആത്മീയ ജീവിതത്തിനും ഭൗതികജീവിതത്തിനും പിന്തുണ ന്ലകുന്ന ധാരാളം വൈദികരും സിസ്റ്റേഴ്സും അല്മായ വിശ്വാസികളുമുണ്ട് എന്നുള്ളത് ഏറെ ശുഭോദര്‍ക്കമാണ്. എങ്കിലും പൊതുസമൂഹത്തിന്‍റെ മനഃസാക്ഷിയില്‍ ഇനിയും അവര്‍ക്ക് ഇടം കൊടുക്കേണ്ടതായിട്ടുണ്ട്. അവരുടെ കഠിനാധ്വാനത്തിലൂടെ നമ്മെ വളര്‍ത്തുന്നതുപോലെ അവര്‍ക്ക് വളരാനും ജീവിക്കാനും പറ്റിയ ഇടം നമ്മുടെ സമൂഹത്തിലും സംസ്കാരത്തിലും നാം നല്കിയേ മതിയാകൂ.

ഫുള്‍സ്റ്റോപ്പ്: ദൈവത്തിന്‍റെ രക്ഷാകരമായ ദൗത്യത്തില്‍ കാരുണ്യത്തിന്‍റെ കടലായി മാറാന്‍ സാധിക്കുമ്പോഴാണ് സ്വര്‍ഗവും ഭൂമിയും സംഗമിക്കുന്നതും മറ്റുള്ളവര്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള കോവണിയായി മാറുന്നതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org