കാരുണ്യത്തിന്‍റെ മാലാഖമാരുടെ ചിറകടികള്‍ ഉയരട്ടെ

കാരുണ്യത്തിന്‍റെ മാലാഖമാരുടെ ചിറകടികള്‍ ഉയരട്ടെ

"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" എന്ന ആര്‍ഷഭാരത സംസ്കാരത്തിന്‍റെ മഹത്തായ ആദര്‍ശങ്ങള്‍ക്കുവേണ്ടി നിലിനില്ക്കുന്നുവെന്ന് കൊട്ടിഘോഷിക്കുന്ന ബി.ജെ.പി.യും സംഘ്പരിവാറുമാണ് പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്ന മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സന്ന്യാസിനി സമൂഹത്തിനു നേരെ ചെളിവാരിയെറിയുന്നത്. അരുണ്‍ ഷൂറിയെ പോലുള്ളവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ എഴുതിയ 'ആത്മാക്കളുടെ കൊയ്ത്ത്' എന്ന വര്‍ഗീയ വിഷം പുരളുന്ന പുസ്തകത്തിലെ ഇടുങ്ങിയ ചിന്താഗതികളില്‍ നിന്നും ഇനിയും പുറത്തുവരാന്‍ പറ്റാത്ത തീവ്രവര്‍ഗീയവാദികളാണ് തങ്ങളെന്ന് അവര്‍ അനുദിനം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ഉപവിയുടെ മിഷനറിമാരുടെ സുപ്പിരീയര്‍ ജനറല്‍ മദര്‍ പ്രേമ ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ നിര്‍മല്‍ ഹൃദയ് എന്ന ഭവനത്തില്‍ സംഭവിച്ചത് തുറന്ന കത്തായി പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ സത്യമല്ല ബി.ജെ.പി.ക്ക് വേണ്ടത്. സ്ഥാപിത താല്പര്യങ്ങള്‍ക്കായി അവര്‍ നുണകള്‍ എഴുതി പ്രചരിപ്പിക്കുകയാണ്. അതിനായി അവരുടെ പി. ആര്‍. സിസ്റ്റം അതിവിദഗ്ധമായി ഉപയോഗിക്കുന്നു. വളരെ കരുതിക്കൂട്ടി പൊലീസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസേഴ്സും തയ്യാറാക്കിയ ഒരു തിരക്കഥയാണ് റാഞ്ചിയിലെ മദര്‍ തെരേസ സിസ്റ്റേഴ്സ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചുവെന്നത്. സി. പ്രേമയുടെ വാക്കുകളില്‍ എന്താണ് സംഭവിച്ചതെന്ന് വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്.

2012-ല്‍ മിസിസ് അനിമ ഇന്ദ് വാര്‍ നിര്‍മല്‍ ഹൃദയില്‍ ജോലിയില്‍ പ്രവേശിച്ചു. ആദ്യം അവിവാഹിതരായ അമ്മമാരുടെ വാര്‍ഡ് ഹെല്‍പ്പറായാണ് ജോലി ചെയ്തത്. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസിലേക്കും മറ്റും സിസ്റ്റേഴ്സിന്‍റെ കൂടെ പോകുമായിരുന്നു. 2018 മാര്‍ച്ച് 19-നാണ് കരിഷ്മ ടോപ്പോ എന്ന പെണ്‍കുട്ടി നിര്‍മല്‍ഹൃദയില്‍ വന്നത്. മേയ് 1-ന് അവര്‍ പ്രസവിച്ചു. പ്രസവശേഷം നിര്‍മല്‍ ഹൃദയിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയത് കുട്ടിയെ അവര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസില്‍ ഏല്പിക്കുമെന്നാണ്. അതു പ്രകാരം സിഡ്ബ്ല്യുസിയില്‍ ഏല്പിക്കാന്‍ കരിഷ്മ ടോപ്പോയും അവരുടെ രക്ഷാകര്‍ത്താവും അനിമ ഇന്ദ്വാറും കുട്ടിയേയുംകൊണ്ടു പോയി. കുട്ടിയെ അവിടെ എല്പിച്ചോ എന്നറിയാന്‍ സിസ്റ്റേഴ്സിന് അത്ര എളുപ്പമല്ല. അവിവാഹിതരായ പെണ്‍കുട്ടികളുടെ കുട്ടികളെ സിഡബ്ലൂസിക്കു നല്കിയാല്‍ അവര്‍ അതിന് രേഖ നല്കുന്ന രീതിയില്ല. ജൂലൈ മൂന്നിന് കുട്ടിയെ അവിടെ ഏല്പിച്ചിട്ടില്ലെന്ന് അനിമ ഇന്ദ് വാര്‍ സമ്മതിച്ചു. അതോടെ അവരെ പൊലീസിന് ഏല്പിച്ചുകൊടുത്തു. പൊലീസിന് അവിടെതന്നെ അന്വേഷണം നടത്തി സിസ്റ്റേഴ്സിന്‍റെ സഹകരണത്തോടെ കേസ് കൈകാര്യം ചെയ്യാമായിരുന്നു. ലോക്കലായി തീരേണ്ട ഈ പ്രശ്നത്തെയാണ് സംഘ്പരിവാര്‍ സംഘവും ബി.ജെ.പി.യും അവരുടെ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ തുറുപ്പു ചീട്ടാക്കിയത്.

ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനത്തില്‍ ധാരാളം അവിവാഹിതരായ പെണ്‍കുട്ടികള്‍ കാട്ടിലും തെരുവിലും പ്രസവിക്കേണ്ട ഗതി കേടുള്ള സ്ഥലമാണ്. 2015 മുതല്‍ ഇന്നുവരെ 450 ലേറെ അവിവാഹിതരായ പെണ്‍കുട്ടികളാണ് റാഞ്ചിയിലെ ഈ ഭവനത്തില്‍ വന്ന് പ്രസവിച്ച് പോയത്. അവരുടെ കുട്ടികള്‍ തെരുവില്‍ കിടന്ന് മരിക്കേണ്ടവരും തെരുവു മൃഗങ്ങള്‍ക്ക് ആഹാരമാകേണ്ടവരുമായിരുന്നു. പക്ഷേ ആ ദുരിതത്തില്‍ നിന്ന് അവരെ കരകയറ്റി രക്ഷിക്കുന്ന ദൗത്യമാണ് മദര്‍ തെരേസ സിസ്റ്റേഴ്സ് ചെയ്യുന്നത്. ഇപ്പോള്‍ ഇത്തരം മാനവികോദ്ധാരണത്തിനുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും ക്രൈസ്തവരുടെ പ്രസക്തി കുറയ്ക്കാനുമാണ് ബി.ജെ.പി. സര്‍ക്കാരിന്‍റെ ലക്ഷ്യം. ഈ ഒറ്റ കേസുവച്ച് ഇന്ത്യയില്‍ ആകാമാനമുള്ള മദര്‍ തെരേസ ഭവനങ്ങളില്‍ പരിശോധന നടത്തണമെന്ന് പറയുന്നത് അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കലാണ്.

കുഷ്ഠരോഗികള്‍ക്കും എയ്ഡ്സ് രോഗികള്‍ക്കും ക്ഷയരോഗികള്‍ക്കും ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും മറ്റുമായി ഇന്ത്യയില്‍ 244 ഭവനങ്ങളാണ് മദര്‍ തെരേസ സിസ്റ്റേഴ്സിനുള്ളത്. മദര്‍ പ്രേമ പറയുന്നു, "ഇന്നു നേരിടുന്ന അടിസ്ഥാനരഹിതവും അഭൂത പൂര്‍വവുമായ വിമര്‍ശനങ്ങള്‍ക്കിടയിലും ദരിദ്രരില്‍ ദരിദ്രരായവര്‍ക്കും ദുരിതത്തിലുള്ളവര്‍ക്കും ഞങ്ങളുടെ സൗജന്യവും ഹൃദയംഗമവുമായ സേവനം തുടരുമെന്നു മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസമൂഹം പ്രതിജ്ഞയെടുക്കുന്നു." ക്രൂശിതനായ ക്രിസ്തുവിന്‍റെ 'എനിക്കു ദാഹിക്കുന്നു' എന്ന വാക്കുകള്‍ ചങ്കിലെഴുതികൊണ്ട് രാവും പകലും അധ്വാനിക്കുന്ന മദര്‍ തെരേസ സിസ്റ്റേഴ്സ് വര്‍ഗീയവാദികളുടെ ഇത്തരം ഭീഷണികളെ വകവയ്ക്കില്ല. ഇന്ത്യയിലെ ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ക്ക് അവര്‍ ഇന്നും ജീവിക്കുന്ന ദൈവത്തിന്‍റെ സാക്ഷികളാണ്.

ഫുള്‍സ്റ്റോപ്പ്: ഭാരതത്തിലെ പൂര്‍വസൂരികള്‍ കൊളുത്തിവച്ചിരിക്കുന്ന ധര്‍മത്തിന്‍റെയും സത്യത്തിന്‍റെയും സഹിഷ്ണുതയുടെയും ആദ്ധ്യാത്മിക പ്രകാശത്തിനു നേരെ കണ്ണുപൊത്തുന്ന വര്‍ഗീയവാദികള്‍ക്ക് ഈ മതേതര റിപ്പബ്ലിക്കില്‍ അധിക നാള്‍ പിടിച്ചു നില്‍ക്കാനാകില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org