മതേതര സര്‍ക്കാരിനു വേണ്ടിയുള്ള രക്തബലികള്‍

മതേതര സര്‍ക്കാരിനു വേണ്ടിയുള്ള രക്തബലികള്‍

നരേന്ദ്ര മോദിയുടെ പാര്‍ട്ടി ജയിച്ചു വന്നപ്പോള്‍ മതേതര ഇന്ത്യയെക്കുറിച്ച് മോദി ഏറെ വാചാലനായി. പക്ഷേ ഇതിനു മുമ്പും മോദിയുടെ വാക്കുകളിലെ ആത്മാര്‍ത്ഥതയില്ലായ്മയും ഈ മതേതര വാചാലത്വത്തിന്‍റെ കാപട്യവും എല്ലാവര്‍ക്കുമറിയാം.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തു ഗോമാംസ നിരോധനത്തിന്‍റെ മറവില്‍ ഇന്ത്യയിലെ ദളിതരെയും മുസ്ലീങ്ങളെയും തല്ലിക്കൊല്ലാന്‍ ജനക്കൂട്ടത്തിനു ലൈസന്‍സ് നല്കിയ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ എന്തായിരിക്കും ഇവിടത്തെ മതജാതി ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അബ്ദുള്ളക്കുട്ടിയെപ്പോലുള്ളവരെ ബി.ജെ.പി സ്വീകരിക്കുന്നതു മതേതരത്വം കാത്തുസൂക്ഷിക്കാനാണെന്നു ചിന്തിച്ചേക്കരുത്. അധികാരത്തിനു വേണ്ടി ഏതു നിലപാടെടുക്കാനും മടിയില്ലാത്ത തത്ത്വദീക്ഷയില്ലാത്തവരെ കൂടെ കൂട്ടി തങ്ങളുടെ പൊയ്മുഖത്തിന്‍റെ തിളക്കം കൂട്ടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്‍റെ പിന്നാലെ ഉത്തരേന്ത്യയില്‍ പലയിടത്തും ഗോവധത്തിന്‍റെ പേരില്‍ ന്യൂനപക്ഷങ്ങളെ തീവ്രഹിന്ദുത്വ പാര്‍ട്ടിയുടെ ഒത്താശയോടെ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജാര്‍ഖണ്ഡിലെ ഖാര്‍സ്വാനില്‍ തബ്രിസ് അന്‍സാരി എന്ന 24-കാരനെ മോഷണകുറ്റം ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ചു അവശനാക്കുക മാത്രമല്ല, ആ യുവാവിനെക്കൊണ്ട് 'ജയ്ശ്രീറാം', 'ജയ് ഹനുമാന്‍' എന്നു നിര്‍ബന്ധിച്ച് വിളിപ്പിക്കുകയും ചെയ്തു. അന്‍സാരി പിന്നീട് മരിച്ചു. മഹാഭൂരിപക്ഷത്തില്‍ ജയിച്ച ബി.ജെ.പിക്ക് തീവ്രവാദികള്‍ നടത്തിയ രക്തപൂജയാണിത്.

മോദിയും സര്‍ക്കാരും ഇതിനിടെ അമേരിക്കന്‍ അന്തര്‍ദ്ദേശിയ മതസ്വാതന്ത്ര്യ കമ്മീഷനില്‍നിന്നും എല്ലാവര്‍ഷവും പുറത്തിറക്കുന്ന മതസ്വാതന്ത്ര്യ വാര്‍ഷിക റിപ്പോര്‍ട്ടിനെ തള്ളിപ്പറയുകയും ചെയ്തു. മതത്തിന്‍റെ പേരില്‍ ലോകമെങ്ങും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലം പഠിക്കുകയും സര്‍വേ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഈ കമ്മീഷന്‍റെ 2019-ലെ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ശക്തമായ വിമര്‍ശനമാണുള്ളത്. ഇതിന്‍റെ പേരില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആ റിപ്പോര്‍ട്ടിനെ തള്ളിപ്പറഞ്ഞുകൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ബഹുമതജാതിവര്‍ണ്ണവംശങ്ങളെ ആദരിക്കുകയും ഉള്‍ച്ചേര്‍ക്കുകയും ചെയ്യുന്ന രാജ്യമാണെന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ വസ്തുനിഷ്ഠമായ സംഭവങ്ങളെ ചുണ്ടിക്കാണിച്ചു കൊണ്ടും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഗോമാംസ നിരോധനത്തിന്‍റെ പേരിലും മറ്റും ദളിതരെയും മുസ്ലീങ്ങളെയും ക്രൈസ്തവരെയും ആര്‍.എസ്.എസ്സും വി.എച്ച്.പിയും മറ്റു ഹിന്ദു തീവ്രവാദികളും കൊന്നൊടുക്കിയതിന്‍റെ കണക്കുകള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം സംഭവങ്ങളെക്കുറിച്ച് ഒരു പഠനം നടത്താനും അതിന്‍റെ റിപ്പോര്‍ട്ട് പൊതു സമൂഹത്തിനായി നല്കാനും ഈ സര്‍ക്കാര്‍ തയ്യാറാണോ?

2017-ല്‍ ഇന്ത്യന്‍ ദേശീയ കുറ്റാന്വേഷണ ബ്യൂറോ ഇന്ത്യയില്‍ 30 പുതിയ കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നുണ്ട് എന്നു ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ മത വിദ്വേഷ കുറ്റങ്ങളും ആള്‍ക്കൂട്ട കൊലപാതകവും വ്യാജ വാര്‍ത്തകള്‍ പരത്തിയുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും ഉള്‍പ്പെടുന്നു. പലപ്പോഴും ഇന്ത്യന്‍ തെരുവുകളില്‍ മോഷണക്കുറ്റത്തിനും ഗോമാംസം വില്‍ക്കാന്‍ ശ്രമിച്ചതിന്‍റെ പേരിലുള്ള ആള്‍ക്കൂട്ടത്തിന്‍റെ കിരാത ആക്രമണത്തിനും ദളിതരെയും മുസ്ലീങ്ങളെയും മതപരിവര്‍ത്തനത്തിന്‍റെ പേരില്‍ ക്രൈവസ്തവരെയും നിഷ്ഠൂരമായി ആക്രമിക്കുമ്പോള്‍ അതിന് തുടക്കമിടുന്നത് തീവ്രഹിന്ദുത്വ പാര്‍ട്ടികളാണ് എന്നത് യു.എസ്. റിപ്പോര്‍ട്ടില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇത് ബി.ജെ.പി സര്‍ക്കാരിന്‍റെയും പൊലീസുകാരുടെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും ഒത്താശയോടെ നടക്കുന്ന കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങളാണ്. ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനും ഭയപ്പെടുത്താനുമുള്ള തന്ത്രങ്ങളാണ് ഇവിടെ ആവിഷ്ക്കരിക്കുന്നത്.

മതപരിവര്‍ത്തന നിരോധന ബില്ലുകള്‍ പാസ്സാക്കിയിടത്ത് ആരെയും തെറ്റായ തെളിവുകള്‍ ഇല്ലാതെ വിചാരണ ചെയ്യാന്‍ അവര്‍ താല്പര്യമെടുക്കുന്നതുപോലെ ഹിന്ദുമതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തുകയും ചെയ്യുന്നു. 1976-ലെ വിദേശഫണ്ട് നിയന്ത്രണ നിയമത്തെ 2010-ല്‍ പരിഷ്കരിച്ചതിന്‍റെ മറവില്‍ ഇന്ത്യയിലെ കോടിക്കണക്കിനു ദരിദ്രരെ സഹായിച്ചിരുന്ന എന്‍.ജി.ഓ കള്‍ക്ക് ബി.ജെ.പി മൂക്കുകയിറിട്ടിരിക്കുകയാണ്. അതേ സമയം ഹൈന്ദവ ഗ്രൂപ്പുകള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്‍റെ കണക്ക് ആരും തിരക്കാറുമില്ല. ഇതാണ് മതേതര രാജ്യത്തിലെ ഇരട്ട നീതിയും ബി.ജെ.പി.യുടെ ഇരട്ടമുഖവും.

ഫുള്‍സ്റ്റോപ്പ്: ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇവിടെ നടന്ന ആള്‍ക്കുട്ട കൊലപാതകങ്ങളില്‍ എത്രയെണ്ണത്തില്‍ ശരിയായ പൊലീസ് അന്വേഷണവും കുറ്റക്കാരെ ശിക്ഷിക്കലും നടന്നിട്ടുണ്ട്. മതന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ അജണ്ടയുള്ളവര്‍ അതിനു മുതിരുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org