Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> അങ്കമാലി കല്ലറയിലെ സോദരരെ ഓര്‍ക്കുന്നുണ്ടോ?

അങ്കമാലി കല്ലറയിലെ സോദരരെ ഓര്‍ക്കുന്നുണ്ടോ?

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

ഞാന്‍ ഈ കുറിപ്പ് എഴുതുന്നത് 2018 ജൂണ്‍ 13-ന് അങ്കമാലി സിമിത്തേരിയിലെ വിമോചന സമര സേനാനികളുടെ കല്ലറയുടെ കാഴ്ചയിടത്തില്‍ നിന്നാണ്. 59 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളം കണ്ട ഒരു ജനകീയ പ്രക്ഷോഭത്തിന്‍റെ അഗ്നിയില്‍ സെല്‍ഭരണ പൊലീസുകാരുടെ വെടിയുണ്ടയേറ്റ് മരിച്ചുവീണവരുടെ ഓര്‍മകള്‍ അയവിറക്കുന്ന ഒരു ദിനമാണിന്ന്. സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി ജീവന്‍ ഹോമിച്ചവരുടെ പേരുകള്‍ നിങ്ങളുടെ അറിവിലേക്കായ് ഇവിടെ എഴുതു ന്നു. കാലടിക്കാരന്‍ മാടശ്ശേരി ദേവസ്സി, കൈപ്പട്ടൂര്‍ക്കാരന്‍ കോച്ചാപ്പിള്ളി പാപ്പച്ചന്‍, കൊറ്റമത്തു നിന്നുള്ള കോലഞ്ചേരി പൗലോസ്, മുക്കടപ്പള്ളന്‍ വറീത്, മറ്റൂര്‍ക്കാരായ ചെമ്പിശ്ശേരി വറീത്, കൊഴുക്കാടന്‍ പുതുശ്ശേരി പൗലോ, കുരിപ്പറമ്പന്‍ വറീത്. ഇവരുടെ പേര് സീറോ മലബാര്‍ സഭയിലെ ഏറ്റവും വലിയ അല്മായ പ്രസ്ഥാനക്കാര്‍ക്ക് അറിയാമോ എന്ന് ഞാന്‍ സംശയിക്കുന്നു.

എല്ലാ വര്‍ഷവും അങ്കമാലി പള്ളിയില്‍ ജൂണ്‍ 13-ന് വികാരിയച്ചന്‍റെ നേതൃത്വത്തില്‍ അങ്കമാലി കല്ലറയിലുള്ള നമ്മുടെ സഹോദരന്മാര്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാറുണ്ട്. അതിനു ശേഷം വിമോചനസമര രക്തസാക്ഷികളുടെ കല്ലറയില്‍ പോയി ഒപ്പീസ് പാടും. അന്നത്തെ ഓര്‍മകളുടെ നെഞ്ചിടിപ്പുമായി ആ സമരത്തില്‍ സജീവമായി പങ്കെടുത്ത ഗര്‍വാസീസ് അരീക്കല്‍, അതിനു ദൃക്സാക്ഷികളായ കിഴക്കേടത്ത് ജോസ് തുടങ്ങിയവരോടൊപ്പം ജോസ് വാപ്പാലശ്ശേരി കഴിഞ്ഞ 25 വര്‍ഷങ്ങളായി കേരള പ്രതികരണ വേദിയുടെ ബാനറില്‍ രക്തസാക്ഷിയനുസ്മരണ യോഗം ചേരുന്നു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്ക് കേരള പ്രതികരണവേദി ചെറിയ ധനസഹായവും വിതരണം ചെയ്യാറുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തില്‍ സ്മൃതി മണ്ഡപത്തില്‍ പ്രാര്‍ത്ഥനയും പുഷ്പാഞ്ജലിയും നടത്തുന്നുണ്ട്. ഈ വര്‍ഷം ഞാന്‍ നോക്കിയിരുന്നു; നസ്രാണി ക്രിസ്ത്യാനികളെന്ന് ഘോരഘോരം പ്രസംഗിക്കുകയും സമുദായ സംഘടനയുടെ പേരില്‍ ഊറ്റം കൊള്ളുകയും ചെയ്യുന്നവരൊക്കെ അങ്കമാലി വിമോചനസമര രക്തസാക്ഷികളുടെ കല്ലറയില്‍ വരുന്നുണ്ടോയെന്ന്? അവരാരും ഈ പാവങ്ങളെ അറിയുന്നവരാണെന്നു തോന്നുന്നില്ല. 1957-ലെ കേരള സര്‍ക്കാര്‍ കേരളത്തിന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഏറ്റെടുക്കാന്‍ പദ്ധതിയിട്ടപ്പോള്‍ എല്ലാ സമുദായങ്ങള്‍ക്കും പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാന്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം തടസ്സമായപ്പോള്‍ ആ സര്‍ക്കാരിനെ താഴെയിറക്കി ജനാധിപത്യ മൂല്യങ്ങള്‍ക്കും മാനവികതയ്ക്കും വേണ്ടി ജീവന്‍ സമര്‍പ്പിക്കാന്‍ തയ്യാറായ എറണാകുളം അതിരൂപതയുടെ ധീരരായ മക്കളാണ് രക്തസാക്ഷികളായ ഏഴു പേര്‍. അവരുടെ ചോരയാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കിയത്. അധികാരം കൈയില്‍ കിട്ടുമ്പോള്‍ എന്തു വൃത്തികേടും കാണിക്കാന്‍ മുതിരുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ക്കു ശക്തമായ മുന്നറിയിപ്പായിരുന്നു കത്തോലിക്കാ സഭയും മറ്റു സമുദായങ്ങളും ഒരുമിച്ച് കൈ കോര്‍ത്ത വിമോചന സമരം. 1957-ലെ സര്‍ക്കാരിന്‍റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെ നെഞ്ചുവിരിച്ച് എതിര്‍ത്ത അല്മായരുടെ നിര ഇന്നത്തെ സഭയ്ക്കുണ്ടോ? ഇന്നത്തെ സഭാധികാരികള്‍ക്ക് പാര്‍ട്ടി നോക്കാതെ സത്യത്തിനും ധര്‍മത്തിനും വേണ്ടി ഏതു സര്‍ക്കാരിനു നേരെയും നിര്‍ഭയം വിരല്‍ ചൂണ്ടാനുള്ള ഇച്ഛാശക്തിയോ ധാര്‍മികതയോ ഉണ്ടോ?

സമുദായത്തിന്‍റെ പേരും പറഞ്ഞ് പൊള്ളയായ ശക്തിപ്രകടനങ്ങള്‍ നടത്തുന്നവര്‍ അങ്കമാലി കല്ലറയിലുള്ളവരെ ഓര്‍ക്കാനിടയില്ല. അവരുടെ ട്രാക്ക് ഇതല്ലല്ലോ. സ്വന്തമായി നിലപാടുള്ള അ ല്മായരാണ് സത്യത്തിനു വേണ്ടി നിലപാടെടുക്കുന്നവരും അതിനു വേണ്ടി മരിക്കുന്നവരും. ഏതെങ്കിലും ആനുകൂല്യങ്ങള്‍ തരപ്പെടുത്താനും സ്ഥാനമാനങ്ങളില്‍ രമിക്കുവാനും, പത്രത്തിലും ചാനലിലും തങ്ങളുടെ പടം വരാനും ആഗ്രഹിക്കുന്ന അല്മായ നേതാക്കന്മാരുടെയും സംഘടനകളുടെയും കാപട്യം വിവരമുള്ള വിശ്വാസികള്‍ ഇന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. യഥാര്‍ത്ഥ വിശ്വാസികള്‍ ക്രിസ്തുവിന്‍റെ സഭയെ സ്നേഹിക്കുന്നവരും അതിന്‍റെ വിശുദ്ധിക്കു കളങ്കം വരുത്തുന്നവരെ നിരാകരിക്കുന്നവരുമാണ്. സഭ ദൈവജനമാണ് എന്ന ബോധ്യമാണ് രണ്ടാം വത്തി ക്കാന്‍ കൗണ്‍സില്‍ ശക്തമായി നല്കിയത്. ദൈവജനമായ അല്മായരെ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നിവൃത്തിക്കാനുള്ള ഉപകരണങ്ങളാക്കി ചെറുതാക്കുന്ന സംവിധാനത്തിനാണ് മാറ്റം വരേണ്ടതും വരുത്തേണ്ടതും. അതിന് സത്യത്തെ മുറുകെ പിടിച്ച് കുരിശില്‍ മരിച്ച യേശുവിനെ അനുകരിക്കുന്ന അല്മായരുടെ നിര ഇനിയും കേരള സഭയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

ഫുള്‍സ്റ്റോപ്പ്: രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നു, “സഭാ ശുശ്രൂഷയിലുള്ള ചുമതലകള്‍ വിശ്വാസപൂര്‍വം അല്മായരെ ഏല്പിക്കുകയും പ്രവര്‍ത്തിക്കാനുള്ള സ്വാത ന്ത്ര്യവും സൗകര്യവും നല്കുകയും വേണം.”
(തിരുസഭ 37)

Comments

2 thoughts on “അങ്കമാലി കല്ലറയിലെ സോദരരെ ഓര്‍ക്കുന്നുണ്ടോ?”

  1. Mathew says:

    സഭയെ ധിക്കരിക്കുകയോ സഭക്ക് എതിരോ അല്ല. പക്ഷെ ഇന്നത്തെ നമ്മുടെ ഇ രീതിയിൽ മാറ്റം വരുന്നില്ലയെങ്കിൽ സിറോ മലബാർ സഭയുടെ ആപത്തുകാലം തുടങ്ങിയില്ല എന്നു സംശയം ബലപ്പെട്ടു വരുന്നു. ഉണർന്നു ചിന്തിക്കേണ്ട സമയം സമാഗതമായിരിക്കുന്നു.

  2. Steephan says:

    അത്മായ നേതാക്കന്മാരോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് നേരിട്ട് അല്ലെങ്കിൽ ഒരു കത്ത് മുഖേന പറയാമായിരുന്നു. അതിനായി സത്യദീപത്തിന്റെ താളുകൾ ഉപയോഗിക്കുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല.

Leave a Comment

*
*