ഞാന്‍ ആരാണ് എന്നതല്ല; ആരെല്ലാമെന്നതാണ് ചോദ്യം

ലോക്ക്ഡൗണ്‍ കാലത്ത് വായിച്ച പുസ്തകമാണ് ഇസ്രായേലി ചരിത്രകാരനും ചിന്തകനുമായ യുവല്‍ നോവ ഹരാരിയുടെ (Yuval Noah Harari) "ദൈവ മനുഷ്യന്‍, നാളെയുടെ സംക്ഷിപ്ത ചരിത്രം" (Homo Deus, A Brief History of Tomorrow). ശാസ്ത്രവും മതവും രാഷ്ട്രീയവും സമ്പത്ത്ഘടനയും മനഃശാസ്ത്രവും എന്നു വേണ്ട ടെക്നോളജിയും ചേര്‍ത്തുവച്ച് മനുഷ്യന്‍ ഇന്ന് വ്യക്തി (Individual) എന്നു പറയുമ്പോള്‍ അവന്‍ ഏകശബ്ദമുള്ളവനോ, തന്‍റെ തന്നെ ചിന്തയില്‍നിന്നും ഉചിതമായ തീരുമാനമെടുക്കുന്നവനോ അല്ല. എല്ലാം മായയാണെന്നു പറഞ്ഞതുപോലെ വ്യക്തിക്കുള്ളിലും ഏറെ വ്യതിരിക്തമായ ചിന്തകളും ശബ്ദങ്ങളുമുണ്ട്. യഥാര്‍ത്ഥത്തില്‍ അവന്‍ individual വിഭജിക്കപ്പെടാത്തവനല്ല. അവന്‍ തന്നില്‍തന്നെ വിഭജിക്കപ്പെട്ടവനാണ്. ചിലപ്പോള്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന മായാലോകത്തില്‍ അവന്‍ കൊലപാതകവും ആത്മഹത്യയും ചെയ്യാം. പലപ്പോഴും രാഷ്ട്രീയക്കാര്‍ എടുക്കുന്ന തെറ്റായ നടപടികളില്‍ ആയിരങ്ങള്‍ക്കും പതിനായിരങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടാം എന്നാലും അവര്‍ അവരുടെ തെറ്റ് സമ്മതിക്കുകയില്ല. അവര്‍ അതിനെ നിരന്തരം ന്യായീകരിച്ച് അസത്യത്തെ സത്യമാക്കുന്നതും സ്വയം വിഭജിതമാകുന്ന വ്യക്തിത്വത്തിന്‍റെ പ്രതിഫലനങ്ങളാണ്.

2016-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്‍റെ ആദ്യഭാഗം മനുഷ്യന്‍റെ പുതിയ അജണ്ടയെ (New Human Agenda) കുറിച്ചാണ്. ശാസ്ത്രം മരണമില്ലാത്ത മനുഷ്യനെ സൃഷ്ടിക്കുകയാണ്. ഇത് മരണത്തിന്‍റെ അവസാന നാളുകളാണെന്നും അങ്ങനെ വരുമ്പോള്‍ ഇന്നത്തെ സാമൂഹികവ്യവസ്ഥയിലും ധാര്‍മിക ചിന്തയിലും വലിയ മാറ്റം വരുമെന്നുമാണ് പ്രവചിച്ചിരിക്കുന്നത്. നിര്‍മിത ബുദ്ധിയുടെ (Artificial Intelligence) അപാരമായ സാധ്യതകളെക്കുറിച്ച് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. കംപ്യൂട്ടറുകളിലെ അലോഗരിതം മനുഷ്യന്‍റെ ബുദ്ധിയെ മറികടക്കുന്നതാണെന്ന് തെളിയിക്കുന്നു. ഈ അടുത്തകാലത്ത് ശ്വാസകോശ കാന്‍സര്‍രോഗികളില്‍ കംപ്യൂട്ടര്‍ അലോഗരിതം വഴി 90 ശതമാനം കാന്‍സറും കണ്ടെത്തിയപ്പോള്‍, ശ്വാസകോശ കാന്‍സര്‍ വിദഗ്ധരായ ഡോക്ടേഴ്സിന്‍റെ രോഗനിര്‍ണയത്തിലുള്ള വിജയം കേവലം 50 ശതമാനം മാത്രമായിരുന്നു. യുവാന്‍ ഹരാരി തന്‍റെ പുസ്തകത്തിന്‍റെ അവസാന ഭാഗത്ത് നല്കിയിരിക്കുന്ന തലക്കെട്ട് 'ഡേറ്റയാണ് മതം' (Data Religion) എന്നാണ്. ബുദ്ധിജീവിയായ മനുഷ്യന്‍ മറ്റെല്ലാ ജീവികളെയും തങ്ങളുടെ കാല്‍ക്കീഴില്‍ ആക്കി ആ വംശങ്ങളെ നശിപ്പിച്ചതുപോലെ അവസാനം ബുദ്ധിജീവിയായ (Homo Sapiens) മനുഷ്യനെ എല്ലാത്തിനെയും സമഗ്രമായി ഭരിക്കുന്ന ഇന്‍റര്‍നെറ്റും (Internet-of-All-Things) നശിപ്പിക്കും. നമ്മുടെ ഇതുവരെയുള്ള ലോകവീക്ഷണം മനുഷ്യനെ കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ ഇനിയത് മനുഷ്യന്‍റെ ഡേറ്റയെ കേന്ദ്രീകരിച്ചായിരിക്കും. നമ്മുടെ ആരോഗ്യവും സന്തോഷവും പുതിയ ഡേറ്റാ പ്രോസസ്സിംഗ് മെഷിനെ ആശ്രയിച്ചായിരിക്കും. പക്ഷേ "എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന ഇന്‍റര്‍നെറ്റ് മനുഷ്യനെ എന്‍ജിനീയറില്‍നിന്നും കേവലം ചിപ്പിലേക്കും, അതില്‍നിന്നും ഡേറ്റായിലേക്കും ചുരുക്കും. ഒരു നദിയില്‍ മണ്ണുചേരുന്നതുപോലെ ഡേറ്റായുടെ പ്രളയത്തില്‍ മനുഷ്യന്‍ സ്വയം നഷ്ടപ്പെടും."

പരസ്പരമുള്ള ബന്ധവും ദൈവമായുള്ള ഐക്യവും, ജോലിയും പഠനവും, കളിയും കാര്യവുമെല്ലാം നവമാധ്യമങ്ങളിലൂടെ നാം തേടുമ്പോള്‍ മനുഷ്യനെന്ന സ്വത്വബോധം നമുക്കു നഷ്ടപ്പെടാനിടയുണ്ട്. നമുക്കു വേണ്ടി എല്ലാം സൈബര്‍ ലോകത്തിലെ ഡേറ്റാ മുതലാളിമാരുടെ ദല്ലാളുമാരും കംപ്യൂട്ടര്‍ അലോഗരിതവും ചെയ്യുമ്പോള്‍ ലോകത്തില്‍ ഒരു നവസംസ്കാരം ഉടലെടുക്കും. കോവിഡ്-19 കൊണ്ടുവരുന്ന മാറ്റം അവിടെയാണ്. സാമൂഹിക അകലം എന്ന മാനദണ്ഡത്തില്‍ ഒറ്റയ്ക്കിരുന്ന് കംപ്യൂട്ടറിലും സ്മാര്‍ട്ട് ഫോണിലും കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന മനുഷ്യന് അപരനോടുള്ള വികാരം പോലും നഷ്ടപ്പെടാനിടയുണ്ട്. ഇപ്പോള്‍ ചില വിവാഹജീവിതങ്ങളെങ്കിലും തകരുന്നത് ജീവിതപങ്കാളിക്ക് പച്ചയായ മനുഷ്യനോടു തോന്നാത്ത വികാരവും സ്നേഹവും തന്‍റെ മൊബൈല്‍ ഫോണിലെ ആപ്പിനോടും സിസ്റ്റത്തോടും തോന്നുന്നതുകൊണ്ടാണ്. കോവിഡാനന്തര ലോകക്രമത്തില്‍ ഈ ഡിജിറ്റല്‍ പ്രണയം കൂടിവരാനുള്ള സാധ്യതയുണ്ട്. മനുഷ്യനാണ് യന്ത്രങ്ങളെ നിയന്ത്രിക്കേണ്ടത്. അതിനു പകരം യന്ത്രവും മനുഷ്യനും തമ്മിലുള്ള സംയോജനം മനുഷ്യനില്‍ തന്നെയാകുമ്പോള്‍ നമ്മുടെ പിടിവിട്ടുപോകും. അപ്പോള്‍ മാര്‍ഷല്‍ മക്ലുഹാന്‍ പറഞ്ഞതുപോലെ ഉത്താരാധുനിക മനുഷ്യന്‍റെ കേന്ദ്രനാഡിവ്യൂഹം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കും.

ഫുള്‍സ്റ്റോപ്പ്: Who Am I? (ആരാണ് ഞാന്‍) എന്നതില്‍ നിന്നും Who Are I? ആരെല്ലാമാണ് ഞാന്‍) എന്ന മാറ്റത്തിന്‍റെ ധ്വനിയാണ് ഇന്ന് നാം കേള്‍ക്കുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യം എന്നത് നമ്മില്‍ ഭൂരിപക്ഷത്തിനുമില്ല. നമ്മുടെ സ്മാര്‍ട്ട് ഫോണും ഡിജിറ്റല്‍ സാമഗ്രികളും നിരന്തരം നമ്മെ മാധ്യമദല്ലാളുമാരുടെ ദിശയിലേക്ക് നയിക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org