രാജാവ് നഗ്നനാണെങ്കിലും കുഴപ്പമില്ല, തലയില്‍ കീരിടമുണ്ടല്ലോ

രാജാവ് നഗ്നനാണെങ്കിലും കുഴപ്പമില്ല, തലയില്‍ കീരിടമുണ്ടല്ലോ

ഒരു നാടോടിക്കഥ. ഒരിക്കല്‍ സത്യവും നുണയുംകൂടി പുഴയില്‍ കുളിക്കാന്‍ പോയി. സത്യം കുളിച്ചു കയറുന്നതിനു മുമ്പ് നുണ കുളിച്ചു കയറി തീരത്തു വന്നു സത്യത്തിന്‍റെ വസ്ത്രമെടുത്തു ധരിച്ചു നടന്നുപോയി. അന്നു മുതല്‍ നുണ സത്യത്തിന്‍റെ വേഷം ധരിച്ച് ലോകമെങ്ങും ഭരിക്കുകയാണ്. നുണകളിലാണ് അസ്തിത്വം എന്ന നിലയിലേക്കാണ് ഇന്നത്തെ സംസ്കാരവും സമൂഹവും നീങ്ങുന്നത്. ആ നുണകളുടെ കൂമ്പാരമാണ് നമ്മുടെ രാഷ്ട്രീയം. ഇന്ന് നാടു ഭരിക്കുന്നവരും സമൂഹത്തില്‍ നേതൃത്വത്തില്‍ ഇരിക്കുന്നവരുമാകട്ടെ നുണകള്‍ ഉണ്ടാക്കിയെടുക്കാന്‍ പണം കൊടുക്കുകയാണ്. ആരാണോ ആകര്‍ഷണീയമായ രീതിയില്‍ വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും മറ്റു സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും നുണയെ സത്യമായി ആവിഷ്കരിക്കുന്നത് അവരാണ് പൊതുജനത്തെ കൈയിലെടുക്കുന്നവര്‍. നരേന്ദ്രമോദി തുടങ്ങി നുണകളിന്മേല്‍ തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെ പി.ആര്‍. സിസ്റ്റം ശക്തിപ്പെടുത്തി തങ്ങളുടെ കസേരയുടെ കാലുകള്‍ ഉറപ്പിക്കുന്നു.

രാജാവ് നഗ്നനാണെന്നു വിളിച്ചുപറയുന്ന പയ്യന്മാരെ ഒറ്റപ്പെടുത്തുകയോ കൊന്നു കളയുകയോ ചെയ്യുന്നു. രാജാവിന്‍റെ തലയിലെ കിരീടം മതി നാണം മറയ്ക്കാന്‍. അതുണ്ടെങ്കില്‍ രാജാവിന് നഗ്നനായി നടക്കാന്‍ ലജ്ജിക്കേണ്ടതില്ലെന്നും അവര്‍ കരുതുന്നു. നരേന്ദ്ര മോദി ഇന്ത്യയെ ഭരിക്കുന്നത് രാജാവ് തന്‍റെ പ്രജകളെ അടിമകളായി കണക്കാക്കുന്നതു പോലെയാണ്. ഇവിടെ ജനാധിപത്യത്തിന്‍റെ എല്ലാ നെടുംതൂണുകളും എന്തിനേറെ പറയുന്നു ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരായി വര്‍ത്തിച്ചിരുന്ന കോടതികളില്‍ പോലും നുണകള്‍ സത്യത്തിന്‍റെ വേഷം പകര്‍ന്നാടുകയാണ്.

നരേന്ദ്രമോദിയുടെ നുണകളെ പൊളിച്ചെഴുതാന്‍ എത്രയോ സത്യങ്ങളുണ്ട്. പക്ഷേ, ഇവിടെ ആരുണ്ട് അതു പറയാന്‍? ജനാധിപത്യത്തിന്‍റെ കാവല്‍ ഭടന്മാരായ മാധ്യമങ്ങളും സത്യത്തിന്‍റെ വസ്ത്രം ധരിച്ച നുണകളെയാണ് ഉച്ചൈസ്ഥരം പ്രഘോഷിക്കുന്നത്. അവര്‍ക്ക് പ്രേക്ഷകരെ സൃഷ്ടിച്ചാല്‍ മതി. അതിന് ഏതു നുണയെയും സത്യമായി അവതരിപ്പിച്ചുകൊള്ളും. ബൈബിളില്‍ പാപിനിയായ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാന്‍ കൊണ്ടുവരുന്ന രംഗമുണ്ട്. ആ രംഗത്തിലെ വില്ലന്‍മാര്‍ പക്ഷേ യേശുക്രിസ്തുവിന്‍റെ ചോദ്യത്തിനു മുമ്പില്‍ സത്യസന്ധമായി പെരുമാറി. നിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യം കല്ലെറിയട്ടെ എന്ന കല്പന കേട്ട് അവരില്‍ ആദ്യം വന്നവര്‍ തുടങ്ങി അവസാനം വന്നവര്‍ വരെ പാപിനിയെ കല്ലെറിയാതെ തിരിച്ചു പോയി. ഇന്നാണെങ്കില്‍ ആദ്യം സമൂഹത്തിലെ നേതാക്കന്മാര്‍തന്നെ അവളെ കല്ലെറിയുമായിരുന്നു. കാരണം, മറ്റു ള്ളവരുടെ മുമ്പില്‍ ഞാന്‍ മാന്യനാണെന്ന് തെളിയിക്കാന്‍ കിട്ടിയ അവസരം ആരെങ്കിലും പാഴാക്കുമോ? ആ പാപിനിയെ കല്ലെറിയുന്നത് എടുത്ത് അവര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെയതു പ്രചരിപ്പിക്കുമായിരുന്നു.

ഈയിടെ സംഘ്പരിവാരങ്ങളെയും മോദിഭ്രമക്കാരെയും മുള്‍ മുനയില്‍ നിര്‍ത്തുന്ന ഏതാനും ചോദ്യങ്ങള്‍ ദീപ മനോജിന്‍റേതായി സോഷ്യല്‍ നെറ്റ്വര്‍ക്കിംഗില്‍ വൈറലാകുന്നുണ്ടായിരുന്നു. രാജ്യത്തിന്‍റെ ഭരണം കൈയില്‍ കിട്ടിയിട്ട് നാലു വര്‍ഷങ്ങളായിട്ടും ബി.ജെ.പി. ഏതു വഗ്ദാനങ്ങളാണ് നിറവേറ്റിയത് എന്ന ചോദ്യങ്ങളില്‍ സത്യമേറെയുണ്ട്. ഹിന്ദുവോട്ടു ലക്ഷ്യമിട്ട് അവര്‍ നിരത്തിയ കാര്യങ്ങളൊക്കെ ഒരിക്കലും നേടാന്‍ പറ്റാത്തവയാണെന്ന് അവര്‍ക്കറിയാമായിരുന്നു. അയോധ്യയിലെ ക്ഷേത്രം എന്തായി? പാക്കിസ്ഥാനെ തവിടു പൊടിയാക്കിയോ? കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞോ? ന്യൂനപക്ഷ മന്ത്രാലയം നിര്‍ത്തലാക്കിയോ? കാശ്മീരിന്‍റെ പാക്കിസ്ഥാനിലുള്ള പകുതികൂടി തിരിച്ചുവാങ്ങിച്ചോ? മന്‍മോഹന്‍ സിംഗിന്‍റെ 10 കൊല്ലത്തെ ഭരണത്തില്‍ 129 സൈനികര്‍ മരിച്ചപ്പോള്‍ മോദിയുടെ 3 കൊല്ലത്തെ ഭരണംകൊണ്ട് മരിച്ചത് 725 സൈനികരാണ്. കാശ്മീരില്‍ രണ്ടു ശതമാനം പോലും ജനങ്ങള്‍ വോട്ട് ചെയ്യാതെ ഇന്ത്യയെ തള്ളിപ്പറഞ്ഞത് ഈ മോദിയുടെ ഭരണത്തിലല്ലേ? സാമ്പത്തിക രംഗം തകര്‍ന്നു. വനിതാ സംവരണബില്‍ നടപ്പിലാക്കിയോ?" വാചാലതയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗിലെ സാങ്കല്പികതയുമല്ലാതെ ഒന്നും ഇവിടെ നേടിയിട്ടില്ല. പക്ഷേ എല്ലാവരും പറയുന്നതോ മോദിയുടെ നേട്ടങ്ങളെപ്പറ്റി മാത്രവും.

ഫുള്‍സ്റ്റോപ്പ്: ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള നുണകള്‍ കൊണ്ട് സ്വര്‍ഗത്തെ നരകമാക്കുകയും നരകത്തെ സ്വര്‍ഗമാക്കുകയും ചെയ്യുന്ന പ്രക്രിയ എവിടെയും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org