‘ഏകം സത്,’ പൂര്‍ണ്ണത്തിന്‍റെ പൂര്‍ണവും മനുഷ്യന്‍റെ ഉണ്മയും

നോമ്പുകാലത്ത് മനസ്സിന് ആനന്ദവും ബുദ്ധിക്ക് ദൈവികജ്ഞാനവും ഹൃദയത്തില്‍ ആര്‍ദ്രതയും നല്കിയ ഒരു പുസ്തകമാണ് ഇമ്മാനുവല്‍ സത്യാനന്ദ് രചിച്ച 'ഏകം സത്, ഉപനിഷദ് ദര്‍ശനവും പുതിയ നിയമ സത്തയും.' കുരിശുമല ആശ്രമത്തില്‍ ഒരു മാസം മുമ്പ് പോകാന്‍ ഇടയായി. അവിടെ വച്ചാണ് കുട്ടിയച്ചന്‍ എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന മാണി ചാക്കോ മണിമലയെ പരിചയപ്പെടുന്നത്. ധ്യാനത്തിന്‍റെയും ആത്മീയതയുടെയും അതീന്ദ്രിയ ജ്ഞാനത്തിന്‍റെയും പരിസരത്തുവച്ചാണ് കുട്ടിയച്ചന്‍ എന്ന സാധാരണ മനുഷ്യന്‍ ഇമ്മാനുവല്‍ സത്യാനന്ദ് എന്ന വ്യക്തിയിലേക്ക് രൂപാന്തരം പ്രാപിച്ച കഥ അദ്ദേഹവുമായുള്ള കൊ ച്ചു കൊച്ചു സംഭാഷണങ്ങളിലൂടെ വ്യക്തമായത്. വായനയുടെ സ്വര്‍ഗത്തിലേക്ക് നമ്മെ ഉയര്‍ത്തി നമ്മെ യാഥാര്‍ത്ഥ ക്രിസ്ത്യാനിയും യഥാര്‍ത്ഥ ഹിന്ദുവു (ഇന്ത്യന്‍) മാക്കുന്ന 'ഏകംസത്' എന്ന പുസ്തകത്തില്‍ നിന്ന് അദ്ദേഹം 'മോക്ഷ കവചം' എന്ന പുസ്തകത്തിലേക്കുള്ള പ്രയാണത്തിലായിരുന്നു.

ഇമ്മാനുവല്‍ സത്യാനന്ദ് രചിച്ച, ഒട്ടേറെ സാഹിത്യവിശാരദന്മാര്‍ അവരുടെ അമൂല്യമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള 'ഏകംസത്' എന്ന പുസ്തകം ആര്‍ത്തിയോടെയാണ് ഞാന്‍ വായിച്ചത്. ഉപനിഷത്തുകളെയും അതിന്‍റെ വ്യാഖ്യാനങ്ങളെയും സ്വാമി വിവേകനാന്ദനെയും തത്ത്വമസിയുടെ രചയിതാവായ സുകുമാര്‍ അഴിക്കോടിനെയും തുടങ്ങി ഒട്ടേറെ ആത്മീയവും താത്ത്വികവുമായ ഗ്രന്ഥങ്ങളുടെയും വെളിച്ചത്തില്‍ ഉപനിഷത്തുകളിലെ ആത്മസത്തയെയും പുതിയനിയമത്തിന്‍റെ അന്തഃസത്തയെയും വളരെ ഗഹനമായി പക്ഷേ ലളിതമായ ഭാഷയില്‍ വ്യക്തമാക്കുന്ന 'ഏകം സത്' നമ്മുടെ ബുദ്ധിയെയും മനസ്സിനെയും പ്രകാശിപ്പിക്കുക മാത്രമല്ല മതതത്ത്വങ്ങള്‍ ദുര്‍വ്യഖ്യാനിച്ച് അധികാരത്തിന്‍റെയും പണത്തിന്‍റെയും മീതെ വ്യാപരിക്കുന്ന മതനേതാക്കന്മാരുടെ കാപട്യവും അതിന്‍റെ ചരിത്രപരമായ വികാസങ്ങളും നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

പരന്ന വായനയുടെ പശ്ചാത്തലം ഇമ്മാനുവല്‍ സത്യാനന്ദ് പ്രകടമാക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ പക്വമായ ചിന്തകളാണ് നമ്മെ ഏറെ ആകര്‍ഷിക്കുന്നത്. മാണി ചാക്കോ മണിമലയില്‍ നിന്ന് ഇമ്മാനുവല്‍ സത്യാനന്ദിലേക്കുള്ള ആത്മീയ യാത്രയില്‍ മാനസാന്തരത്തിന്‍റെയും ആത്മപരിജ്ഞാനത്തിന്‍റെയും ശുദ്ധമായ വെള്ളത്തില്‍ തന്‍റെ ദേഹിയും ദേഹവും കഴുകിയെടുത്ത സുഖത്തില്‍ നിന്നാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.

ആര്‍ഷഭാരത വേദ-വേദാന്ത ദര്‍ശനത്തില്‍ ആദ്ധ്യാത്മിക വിജ്ഞാനത്തിന്‍റെ ആണിക്കല്ലായ വേദ മന്ത്രം "ഏകം സത് വിപ്രാ ബഹുധാവദന്തി"യുടെ സാരവും പുതിയ നിയമത്തിന്‍റെ ചൈതന്യവും തമ്മില്‍ താരതമ്യം ചെയ്ത് മോക്ഷം പ്രാപിക്കാനുള്ള വഴിയില്‍ നാം കണ്ടുമുട്ടുന്നത് എല്ലാത്തിനെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ഏക ദൈവത്തെയാണെന്ന സത്യം വെളിപ്പെടുത്തുകയാണ് ഈ പുസ്തകം. ഉപനിഷത്തുക്കളെയും പുതിയ നിയമത്തെയും ആഴത്തില്‍ പഠിക്കാതെ അവയിലെ ആത്മീയ സത്യം ഗ്രഹിക്കാതെ അധികാരത്തിനും സ്വാര്‍ത്ഥതയ്ക്കുംവേണ്ടി തോന്നിയതുപോലെ വ്യാഖ്യാനിച്ചപ്പോള്‍ ഹിന്ദു യഥാര്‍ത്ഥ ഹിന്ദുവല്ലാതെയും ക്രിസ്ത്യാനി യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ലാതെയുമായെന്ന കൃത്യമായ ബോധധാരയാണ് ഈ പുസ്തകത്തിലുടനീളം കാണുന്നത്.

"അവര്‍ (ഹിന്ദുക്കള്‍) എപ്പോഴും നോക്കുന്നത് സ്വന്തം ശരീരത്തെ ദണ്ഡിക്കാനാണ്. ഒരിക്കലും അയല്‍ക്കാരന്‍റെ കഴുത്തറുക്കാനല്ല. വ്രതകര്‍ക്കശക്കാരനായ ഹിന്ദു പട്ടടയില്‍ സ്വശരീരം എരിച്ചേക്കാമെങ്കിലും മറ്റു മതക്കാരെ ഹോമിക്കാന്‍ തീ കൂട്ടാറില്ല." വിവേകാനന്ദ സാഹിത്യസംഗ്രഹത്തില്‍ നിന്ന് ഉദ്ധരിച്ചുകൊണ്ട് സത്യാനന്ദ് വ്യക്തമാക്കുന്ന കാര്യം മതമെന്നാല്‍ വര്‍ഗീയത എന്നതല്ല എന്ന സത്യമാണ്." ഗ്രന്ഥകാരന്‍റെ തന്നെ ഏറ്റപറച്ചില്‍ ഈ ഗ്രന്ഥത്തിന്‍റെ തുടക്കത്തില്‍ തന്നെ കാണുന്നുണ്ട്, "ഭാരതത്തില്‍ ജനിച്ചിട്ട് യഥാര്‍ത്ഥ ഹിന്ദുവാകുവാന്‍ എനിക്ക് കഴിഞ്ഞില്ല. ക്രിസ്തീയ മാതാപിതാക്കളില്‍ നിന്നു പിറന്നിട്ടും ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയുമായില്ല". വെന്തിങ്ങ ധരിച്ചതുകൊണ്ടോ കൊന്ത ചൊല്ലിയതുകൊണ്ടോ പള്ളിക്കണക്കില്‍ പേരെഴുതിയതുകൊണ്ടോ ഞാന്‍ ക്രിസ്ത്യാനിയാകില്ല. ക്രിസ്തുവാകുന്ന പരംപൊരുളിനെ സ്വന്തമാക്കാത്തിടത്തോളം കാലം ഞാന്‍ യഥാര്‍ത്ഥ ക്രിസ്തുവിശ്വാസിയാകില്ല. "തിന്മയോടുള്ള വെറുപ്പാണ് ഈശ്വരചൈതന്യ സ്പന്ദനത്തിന്‍റെ തെളിവെന്നു മനസ്സിലാക്കിയപ്പോള്‍ അതു മാനസാന്തരത്തിന്‍റെ കാതലായി. "ആര്‍ഷഭാരത വേദ-വേദാന്ത ദര്‍ശനത്തിലെ യാഥാര്‍ത്ഥ്യം എന്നെ ചിന്തിപ്പിച്ചു, ബൈബിളിലെ പുതിയ നിയമ പുസ്തകങ്ങളിലെ സത്യം എന്നെ സ്വതന്ത്രനാക്കി" എന്ന വാക്കുകളില്‍ ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം മുഴുവനുമുണ്ട്.

ഫുള്‍സ്റ്റോപ്പ്: ആരും ആരെയും കുറ്റപ്പെടുത്തരുത് എന്ന ഉപദേശം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണ്. 'അന്ധകാരത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുന്നവരി'ലാണ് സത്യത്തിന്‍റെ പ്രകാശമുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org