വംശവെറിയുടെ തീച്ചൂളയിലും സ്നേഹത്തിന്‍റെ ലില്ലിപുക്കള്‍

"രുദിതാനുസാരം കവി" എന്നാണല്ലോ പറയുക. എന്തുകൊണ്ട് ഈ കാലത്ത് കൊറോണ കവിതകള്‍ ജനിക്കുന്നു എന്നു ചോദിച്ചാല്‍ ഉത്തരം മേല്‍ പറഞ്ഞതു തന്നെ. ജീവിതപരിസരങ്ങളിലെ മേഘാവൃതമായ വിഹായസ്സില്‍ വിരിയുന്ന ഇടിയും മിന്നലും പെരുമഴയും കവിയുടെ ഹൃദയത്തെ മദിക്കുന്നു. അതുപോലെ സുന്ദരമായ ആകാശത്തിലെ അരുണിമയും നീലിമയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കവിയിലെ സൗന്ദര്യത്തെ ഉണര്‍ത്തുന്നു. സുഖദുഃഖങ്ങളുടെ ചൂടില്‍ നിന്നാണ് ചിന്തകള്‍ സ്ഫുടം ചെയ്യപ്പെടുന്ന അക്ഷരങ്ങള്‍ കെട്ടുപിണഞ്ഞ് ശബ്ദത്തിന്‍റെ മാസ്മരികതയില്‍ നിര്‍ഗ്ഗളിക്കുന്നത്. ഈ ലോക ജീവിതയാത്രയില്‍ വാക്കുകള്‍ കൊണ്ട് എത്തിച്ചേരാനുള്ള ഒരു ശ്രമമാണ് എഴുത്ത് എന്ന എംടി യുടെ വാക്കുകള്‍ അച്ചട്ടാണ്.

ഓരോ കാലഘട്ടത്തിനും ജീവിത സാഹചര്യത്തിനുമനുസരിച്ചാണ് കവിതകള്‍ പിറക്കുന്നത്. അതു കൊണ്ടാണ് കൂട്ടക്കുരുതിയുടെയും അഭയാര്‍ത്ഥിയുടെയും കറുപ്പിന്‍റെയും വെളുപ്പിന്‍റെയും ദുരിതത്തിന്‍റെയും യുദ്ധത്തിന്‍റെയും പകര്‍ച്ചവ്യാധിയുടെയും മഴയുടെയും വരള്‍ച്ചയുടെയും കവിതകള്‍ ഉയിര്‍ക്കൊള്ളുന്നത്. ജീവിതത്തിന്‍റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നു പോകുന്ന കവികളുടെ രചനകള്‍ ജീവോര്‍ജ്ജം നിറഞ്ഞ സാമ്യമൂല കവാണികളുടെ ആവിഷ്കാരമാണ്.

കവിതയെയും കവികളെയും കുറിച്ച് ഇത്ര പറയാന്‍ ഇടയാക്കിയത് മാതൃഭൂമി ആഴ്ചപതിപ്പ് (2020 ഏപ്രില്‍ 26 – മേയ് 2) ഇസ്രായേലി കവി സിയോണ ഷാമെയുമായുള്ള അഭിമുഖം വായിച്ചതിന്‍റെ പേരിലാണ്. ഇസ്രായേലിനെയും പലസ്തീനയേയും കുറിച്ച് നാം കേള്‍ക്കുന്നതും കേട്ടതും പരസ്പരം യുദ്ധം ചെയ്യുന്ന രാജ്യങ്ങള്‍ എന്നതാണ്. അമേരിക്കയുടെയും അറബ് രാഷ് ട്രങ്ങളുടെയും രാഷ്ട്രീയക്കളികള്‍ക്ക് നിരന്തരം ഇരകളായി മാറുന്ന രണ്ടു രാജ്യങ്ങള്‍. പക്ഷേ യഹൂദരെയും പലസ്തീന്‍കാരെയും പരസ്പരം ആശ്ലേഷിക്കുവാന്‍ പ്രചോദിപ്പിക്കുകയും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മാധുര്യമുള്ള വാക്കുകളിലൂടെ മുറിവുകള്‍ ഉണക്കുകയും ചെയ്യുന്നവര്‍ ഈ രാജ്യങ്ങളിലെ കവികളാണ്. അവരുടെ പ്രതിനിധിയാണ് സിയോണ ഷാമെ. ഇസ്രായേലി കവികള്‍ക്കുള്ള പരിശീലന കേന്ദ്രമായ ഹെലിക്കണ്‍ കവിതാ സൊസൈറ്റിയുടെ ഡയറക്ടറാണ് സിയോണ. ടെല്‍ അവീവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്രായേലിലെ പ്രശസ്തമായ ഷാര്‍ ഇന്‍റര്‍നാഷണല്‍ കവിതാ ഉത്സവത്തിന്‍റെ ഡയറക്ടര്‍ കൂടിയാണ് അവര്‍. അവരുമായി ലിജീഷ് കുമാര്‍ നടത്തിയ അഭിമുഖം, എന്നും രക്തത്തിന്‍റെയും യുദ്ധത്തിന്‍റെയും സംഭവങ്ങള്‍ അരങ്ങേറുന്നവരുടെ നാട്ടിലെ കാരുണ്യത്തിന്‍റെയും പാരസ്പര്യത്തിന്‍റെയും മഴതുള്ളികളുടെ കുളിര്‍മയുള്ളതാണ്.

ഇസ്രയേലി കവികളുടെ ആത്മസംഘര്‍ഷത്തിന്‍റെ പൊരുള്‍ "അവന് അവര്‍ ഒരു വിരല്‍ കൊടുത്തു / പക്ഷേ, അവന്‍ കൈപ്പത്തി മുഴുവനുമെടുത്തു / എനിക്ക് അവര്‍ ഒരു കൈപ്പത്തി മുഴുവന്‍ തന്നു / ഞാന്‍ ഒരു ചെറുവിരല്‍ പോലും എടുത്തില്ല" എന്ന യഹൂദ അമിച്ചായുടെ വരികളില്‍ സ്പഷ്ടമാണ്. പക്ഷേ, പലസ്തീനി കവികളുടെ ഭാവവും താളവും മരണത്തിന്‍റെയും ആത്മരോഷത്തിന്‍റേതുമാണ്. നിരന്തരം തെരുവില്‍ രക്തത്തില്‍ കുതിര്‍ന്ന മനുഷ്യശരീരങ്ങള്‍ ചിതറി വിഴുന്നതു കാണുമ്പോള്‍ അവരുടെ വരികളിലും ശബ്ദത്തിലും മരണത്തിന്‍റെയും രക്തത്തിന്‍റെയും നിഴലും ചൂരുമുണ്ട്. "പൊട്ടിത്തെറിക്കുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ അവസാനത്തെ വെടിയുണ്ടയായി ഞാന്‍ ഉണര്‍ന്നെണീക്കു"മെന്നാണ് പലസ്തീന്‍ കവി നിദാ ഖൗരി എഴുതുന്നത്. ഈ കവികളുടെ ഭാഷ കൃത്രിമമോ ഇവരുടെ ശൈലി അനുഭൂ തികളുടെതോ, അതിശയോക്തികളുടെയോ അല്ല. പച്ചയായ ജീവിതാനുഭവത്തിന്‍റെ തീച്ചൂളയില്‍ നിന്നുകൊണ്ടാണ് ഇസ്രായേലിലെയും പലസ്തീനിലെയും കവികള്‍ എഴുതുന്നത്.

വംശവെറിയുടെ പേരില്‍ ഇസ്രായേലും പലസ്തീന്‍കാരും പര്സപരം രണ്ടറ്റത്തുനിന്നു പോരാടുമ്പോള്‍ ഈ രാജ്യങ്ങളിലെ കവികള്‍ സമാധാനവും സ്നേഹവും സ്വപ്നം കാണുന്നവരാണ്. ഇരു രാജ്യങ്ങളിലെയും കവികള്‍ അന്നും ഇന്നും പരസ്പരം ധാരണയുള്ളവരും ആദരവുള്ളവരുമാണ്. പക്ഷേ കവികള്‍ക്ക് സ്വപ്നം കാണാനേ സാധിക്കൂ. സിയോണ പറയുന്നു, "എപ്പോഴും രണ്ടതിര്‍ത്തികള്‍ ഉണ്ടാക്കി, അതിനപ്പുറത്തും ഇപ്പുറത്തും സംഘട്ടനത്തില്‍ ഏര്‍പ്പെടാന്‍ മനുഷ്യരെ നിര്‍ത്തുന്ന കളിക്ക് കവിതയേക്കാള്‍ മാര്‍ക്കറ്റുണ്ട്. അതില്‍ നിക്ഷേപിക്കാനാണ് ലോകത്തിന് താത്പര്യം. അതാണ് ലാഭകരവും."

ഫുള്‍സ്റ്റോപ്പ്: "വിദ്വേഷത്തെ ജയിക്കാനുള്ള ശക്തി സ്നേഹത്തിനുണ്ടെന്ന് ഒരിക്കല്‍ ലോകം തിരിച്ചറിയും. കവിത അവിടേക്ക് ലോകത്തെ നയിക്കും."
സിയൊണ ഷാമെ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org