വിമതരെയും അപരരെയും സൃഷ്ടിക്കുന്ന സംസ്കൃതി

എഴുത്ത് മാസിക വായിക്കാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷങ്ങളായി. എഴുത്തിന്‍റെ നേര്‍രേഖകളിലൂടെയും ഭാവനയുടെ കാണാപ്പുറങ്ങളിലൂടെയും സത്യത്തെ അന്വേഷിച്ചുള്ള യാത്രയില്‍ ആത്മാര്‍ത്ഥതയോടെ ദൈവവചനത്തെയും ചരിത്രത്തെയും സംസ്കാരത്തെയും സാഹിത്യത്തെയും, ശാസ്ത്രത്തെപ്പറ്റിപോലും സംവദിക്കുന്ന ഈടുറ്റ ലേഖനങ്ങളാണ് ഈശോസഭാ വൈദികരുടെ മേല്‍നോട്ടത്തില്‍ പുറത്തിറക്കുന്ന എഴുത്ത് മാസികയിലുള്ളത്. 2018 ഒക്ടോബര്‍ മാസത്തെ ലക്കത്തില്‍ 'അപര'ന്‍റെ അന്തരാര്‍ത്ഥങ്ങളിലേക്ക് ഊളിയിട്ടിറങ്ങി ഇന്നത്തെ സമൂഹത്തിലെ അപരത്വനിര്‍മിതിയുടെ സ്ഫോടനാത്മകമായ അപകടാവസ്ഥയെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത് കണ്ടു.

എഴുത്തിന്‍റെയും വായനയുടെയും സംസ്കാരിക മണ്ഡലത്തില്‍ തങ്ങളുടേതായ കൈയ്യൊപ്പുകളുള്ള ബി.ആര്‍.പി. ഭാസ്കര്‍, എം.എന്‍. കാരശ്ശേരി, പി.എന്‍. ഗോപീകൃഷ്ണന്‍ എന്നിവരാണ് അപര നിര്‍മിതിയുടെ വ്യത്യസ്ത മാനങ്ങള്‍ വിലയിരുത്തുന്നത്. ജനാധിപത്യ സംവിധാനത്തില്‍ അപരന്മാരെ സൃഷ്ടിക്കുന്ന ഭരണകൂട സമീപനങ്ങളുടെ പശ്ചാത്തലത്തിലാണ് ഭാസ്കറിന്‍റെ "അപരന്‍ എന്ന അപടകാരി' എന്ന ലേഖനം. എം.എന്‍. കാരശ്ശേരി "ഗാന്ധിയും അപരവല്‍ക്കരണവും" എന്ന ലേഖനത്തിലൂടെ ഗാന്ധിജി ഉള്‍ക്കൊണ്ട അപരസങ്കല്പം ഏതെന്നും അദ്ദേഹം തള്ളിപറഞ്ഞ അപരനിര്‍മതിയുടെ മതരാഷ്ട്രമെന്ന അപകടമെന്തെന്നും വിശദീകരിക്കുന്നു. പി.എന്‍. ഗോപീകൃഷ്ണന്‍ "അപരാഭിമാനങ്ങള്‍' എന്ന ലേഖനത്തിലൂടെ ശ്രീനാരായണ ഗുരുവിന്‍റെ ദാര്‍ശനിക കൃതിയായ ആത്മോപദേശശതകത്തിന്‍റെ വെളിച്ചത്തില്‍ ഹിംസയുടെയും വെറുപ്പിന്‍റെയും രാഷ്ട്രീയം വിശകലനം ചെയ്യുന്നു.

തന്‍റെ മകനെ സുഖപ്പെടുത്താന്‍ ആഗ്രഹിച്ചു വന്ന കാനാന്‍കാരി സ്ത്രീയോട് യഹൂദനായ യേശു ചോദിച്ചത്, "മക്കളുടെ അപ്പം എടുത്ത് നായ്ക്കള്‍ക്കു കൊടുക്കുന്നതു ശരിയാണോ" എന്നാണ്. മക്കള്‍ ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട യഹൂദരും നായ്ക്കള്‍ യഹൂദരല്ലാത്ത വിജാതീയരുമാണ്. അപരനെ വെറും പട്ടിയായി കണക്കാക്കുന്ന തന്‍റെ ചുറ്റുമുള്ള യഹൂദരെ കണക്കിനു കളിയാക്കാനായിരിക്കും കര്‍ത്താവ് അങ്ങനെ പരുഷമായി ആ സ്ത്രീയോട് സംസാരിച്ചത്. അവളില്‍ നിന്നു യേശുനാഥന്‍ മനസ്സില്‍ കണ്ട ഉത്തരം വരുകയും അവളുടെ വിശ്വാസത്തെ യഹൂദരായ തന്‍റെ ശിഷ്യന്മാരുടെ വിശ്വാസത്തേക്കാള്‍ എത്രയോ മഹനീയമാണെന്ന് യേശു പറയുകയും ചെയ്തു.

കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നായിരുന്നു മോശയുടെ കാലത്തെ അപരനെക്കുറിച്ചുള്ള ചിന്തയെങ്കില്‍ യേശുക്രിസ്തുവിന് അപരന്‍ ദൈവത്തിന്‍റെ സന്തതി തന്നെയായിരുന്നു. അതിനാലാണ് ശത്രുവാണെങ്കില്‍ പോലും അപരനെ സ്നേഹിക്കാന്‍ യേശുക്രിസ്തു പറഞ്ഞത്. പക്ഷേ യേശുക്രിസ്തുവിന്‍റെ അനുയായികളുടെ ചരിത്രത്തില്‍ അന്നും ഇന്നും അപരത്വസൃഷ്ടികള്‍ ധാരാളമുണ്ടായിട്ടുണ്ട്. യഹൂദരെ അപരന്മാരായി കണ്ട ഹിറ്റ്ലര്‍ കൊന്നൊടുക്കിയ യഹൂദരുടെ പട്ടിക എത്ര ഭയാനകമാണ്. അഹിംസയുടെ വക്താവായിരുന്നു ശ്രീബുദ്ധന്‍. പക്ഷേ പിന്നീട് ബുദ്ധവേഷധാരികള്‍ തോക്കെടുത്ത സാഹചര്യങ്ങളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. വംശങ്ങളും വര്‍ഗങ്ങളും ജാതിയുമെല്ലാം അപരത്വനിര്‍മിതിയില്‍ മത്സരിക്കുകയായിരുന്നു. അപരന്മാരെ സൃഷ്ടിച്ചെടുത്ത യുദ്ധങ്ങളും കലഹങ്ങളും ഉണ്ടാക്കിയ ഹിംസാത്മകതയുടെ ഇരുട്ടിലാണ് ചരിത്രത്തിന്‍റെ ഒട്ടേറെ താളുകളില്‍ കറുത്തമഷി വീണത്.

തുല്യതയും തുല്യാവകാശങ്ങളും അംഗീകരിക്കുന്ന ഒരു ജനാധിപത്യ സംവിധാനമുള്ള രാജ്യത്തിനകത്ത് അപരന്‍ ഉണ്ടാകാന്‍ പാടില്ല. പക്ഷേ ഇന്ന് ജാതിയുടെയും മാംസാഹാരത്തിന്‍റെയും പേരില്‍ അപരനെ അപകടകാരിയാക്കി ചിത്രീകരിച്ച് തെരുവില്‍ കൊന്നുകളയുന്നു. കാരശ്ശേരി വളരെ മനോഹരമായി അന്യനും അപരനും തമ്മിലുള്ള വ്യത്യാസം കാണിക്കുന്നുണ്ട്. "അന്യത്വം പ്രകൃതിയാണ്, അപരത്വം സംസ്കൃതിയും. സഹജമായി ഉള്ളതാണ് അന്യത്വം; വേണമെന്നു വച്ച് ഉണ്ടാക്കുന്നതാണ് അപരത്വം. വെളുത്തവരും കറുത്തവരും തമ്മിലുള്ള വര്‍ണഭേദം പ്രകൃതിയാണ്. പക്ഷേ വെളുത്തവര്‍ കറുത്തവരേക്കാള്‍ ശ്രേഷ്ഠരാണെന്നത് സംസ്കൃതിയുടെ സൃഷ്ടിയാണ്".

ഇകഴ്ത്താനും കൊല്ലാനും വേണ്ടി അധികാരമുള്ളവര്‍ നിര്‍മിച്ചെടുക്കുന്നതാണ് അപരര്‍. ഇന്ന് അധികാരമുള്ളവരെ സത്യത്തിന്‍റെയും നീതിയുടെയും പേരില്‍ വിമര്‍ശിച്ചാല്‍ ഭരണത്തിലുള്ളവര്‍ സോഷ്യല്‍ മീഡിയായില്‍ കൂലിക്ക് ആളെ ഏര്‍പ്പാടുചെയ്ത് അപരത്വനിര്‍മിതി ആരംഭിക്കും. അവരെ വിമതരെന്നോ കുലംകുത്തികളെന്നോ പേരുകൊടുത്ത് സമൂഹത്തില്‍ ഒറ്റപ്പെടുത്തും. അപരന്‍റെ ചോരകൊണ്ട് അസത്യത്തിനും അനീതിക്കും നൈവേദ്യമിടാം എന്നു ചിന്തിക്കുന്ന അപകടകാരികളായ അധികാരികളാണ് രാഷ്ട്രീയത്തിലും സഭയിലും സമൂഹത്തിലുമുള്ളത്.

ഫുള്‍സ്റ്റോപ്പ്: "ദൈവം തന്‍റേതാകുമ്പോള്‍ മഹാനും അന്യന്‍റേതാകുമ്പോള്‍ ചെകുത്താനും; മതം തന്‍റേതാകുമ്പോള്‍ ഉദാത്തമായ സംസ്കൃതിയും മറ്റവന്‍റേതാകുമ്പോള്‍ പ്രാകൃതമായ ആചാരവും" ആകുന്നിടത്താണ് കലഹവും കൊലപാതകവും ഉണ്ടാകുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org