ഭാരതത്തിലെ സംസ്കാരശൂന്യതയുടെ ചരിത്രാവശേഷിപ്പുകള്‍

2019 സെപ്തംബര്‍ 18-ലെ 'മലയാള മനോരമ' പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: 'ജാതി വിവേചനം, എം.പിയും ഗ്രാമത്തിനു പുറത്ത്'. സമത്വസുന്ദരമായ ഭാരതത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നതെന്നും തങ്ങള്‍ക്കു ലഭിച്ച അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിനുവേണ്ടി 50 തീരുമാനങ്ങള്‍ എടുത്തുവെന്നും അഹംഭവിക്കുന്ന ബിജെപി ഭരിക്കുന്നിടത്തുനിന്നു തന്നെ ഈ വാര്‍ത്ത ലഭിച്ചത് കേവലം നിമിത്തം മാത്രം. ബി.ജെ.പി. എം.പി നാരായണ സ്വാമിയെ കര്‍ണാടകയിലെ തുമകുരു പാവഗഡയില്‍ ഗൊല്ല സമുദായ അംഗങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ കയറ്റിയില്ല. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട മഡിഗ സമുദായംഗമാണ് നാരായണ സ്വാമി. ഇതാണ് 21-ാം നൂറ്റാണ്ടില്‍ ബി.ജെ.പി. ഭരിക്കുന്ന ഇന്ത്യയിലെ വിശേഷം. 1936-ല്‍ കേരളത്തിലെ ഒരു വാര്‍ത്തയിങ്ങനെയായിരുന്നു: കേരളത്തിലെ ഒറ്റപ്പാലം എന്ന സ്ഥലത്ത് ഈഴവ വംശജനായ ശിവരാമന്‍ എന്ന പതിനേഴുകാരനെ നായര്‍ സമുദായത്തില്‍പ്പെട്ട ഒരു കടക്കാരന്‍ അടിച്ചു കൊന്നു. മേല്‍ജാതി ഉപയോഗിച്ചിരുന്ന സവര്‍ണരുടെ "ഉപ്പ്" എന്ന പദം ഉപയോഗിച്ചതാണ് മര്‍ദ്ദനത്തിന് കാരണം. കീഴാളജാതിക്കാര്‍ ഉപ്പ് എന്ന് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ഉപ്പ് കീഴാളജനതയുടെ ഭാഷയില്‍ "പുളിച്ചത്" എന്നായിരുന്നു. ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത് അന്നത്തെ 'ബോംബെ സമാചര്‍' എന്ന പത്രത്തിലാണെന്ന് ഡോ. അംബേദ്ക്കര്‍ തന്‍റെ സമ്പൂര്‍ണ കൃതികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സവര്‍ണരുടെ ഭാഷയാണ് ഇന്നും ബിജെപിക്കും ആര്‍എസ്എസ്സിനും ഏറ്റവും പ്രിയങ്കരം. അതിന്‍റെ പ്രതിധ്വനികളാണ് മൃഗീയ ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ ഭരണത്തില്‍ വന്നതു മുതല്‍ ബി.ജെ.പിയുടേത്. ഹിന്ദി ദിനാചരണത്തിന്‍റെ ഭാഗമായി മോദിയുടെ വലംകൈ അമിത്ഷാ രാജ്യം മുഴുവനും ഹിന്ദി എന്ന ഒരൊറ്റ ഭാഷ എന്നതിനെക്കുറിച്ച് സൂചിപ്പിച്ചത് ഏറെ വിവാദമായി. പക്ഷേ ആരാണ് ഇവര്‍ കൊട്ടിഘോഷിക്കുന്ന ഹിന്ദി ഭാഷയ്ക്ക് ആദ്യമായി വ്യാകരണം എഴുതിയത് എന്ന ചോദ്യത്തിന് ഉത്തരം ബിജെപിക്കാര്‍ അവജ്ഞയോടെ കാണുന്ന മിഷനറിമാരില്‍ ഒരാളായ സാമുവല്‍ ഹെന്‍റി എന്നാണ്. മധ്യഭാരതത്തിലെ പന്ത്രണ്ട് തദ്ദേശീയ ഭാഷകളില്‍നിന്നു കാച്ചിക്കുറിക്കിയാണ് സാമുവല്‍ ഹെന്‍റി എന്ന വിദേശി മിഷനറി ഗ്രാമര്‍ ഓഫ് ഹിന്ദി എന്ന പുസ്തകം രചിച്ചത്. ഇന്നും ഹിന്ദിയുടെ ആധികാരികമായ വ്യാകരണ പുസ്തകം ഇതാണ്.

മിഷനറി വിരോധം, ന്യൂനപക്ഷ വിവേചനം കീഴാള ജാതികളോടുള്ള ഉച്ചനീചത്വം തുടങ്ങിയ അധീശത്വത്തിന്‍റെ സുഖങ്ങള്‍ നല്‍കിയ ജാതിവ്യവസ്ഥിതി സവര്‍ണരുടെ രക്തത്തില്‍നിന്നു പുറത്തേയ്ക്ക് ഒഴുകി പോകാന്‍ പ്രയാസമാണ്. പാല്‍പ്പൊടിയും ഗോതമ്പും കൊടുത്താണ് കീഴാള ജാതിയില്‍ പെട്ടവരെ മിഷനറിമാര്‍ ക്രൈസ്തവരാക്കിയത് എന്ന് വാതോരാതെ പറയുന്നവര്‍ സത്യത്തെ വളച്ചൊടിക്കുന്നവരാണ്. 'ആഹാരത്തിന്‍റെ രാഷ്ട്രീയം' എന്ന പ്രബന്ധത്തില്‍ അനില്‍കുമാര്‍ വി. അയ്യപ്പന്‍ ജാതിവ്യവസ്ഥിതിയും കേരളചരിത്രവും എന്ന ഗ്രന്ഥത്തെ അധികരിച്ച് പറയുന്നത് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ പോലും കേരളത്തില്‍ കീഴാള വര്‍ഗക്കാരായ പറയരും പുലയരും മറ്റും തിന, കൂവരങ്ങ് തുടങ്ങിയ കിഴങ്ങ് വര്‍ഗങ്ങളും എലി, ഓന്ത്, പെരുച്ചാഴി തുടങ്ങിയ ജീവികളെയുമാണ് ഭക്ഷിച്ചിരുന്നതെന്നാണ്. പശുവിനെ കീഴാള വര്‍ഗക്കാര്‍ പോറ്റണം. പക്ഷേ പശു പ്രസവിച്ചാല്‍ കറവപ്പശുവിനെ അടുത്തു താമസിക്കുന്ന സവര്‍ണജാതിക്കാര്‍ക്ക് കാഴ്ചവയ്ക്കണം. അതിനു പകരം അവന് ഒരു ഇല ചോറ് ലഭിക്കും. കറവ തീരുമ്പോള്‍ ആളയച്ച് കീഴാളവര്‍ഗക്കാരനെ അറിയിക്കും അവന്‍ പശുവിനെ പോറ്റാന്‍ തിരികെ കൊണ്ടുപോകണം. അപ്പോഴും കിട്ടും അവന് ഒരില ചോറ്. ചരിത്രകാരനായ ബുക്കനാന്‍ എഴുതിയത് മുതിര്‍ന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആഴ്ചയില്‍ രണ്ടിടങ്ങഴി നെല്ലും കുട്ടികള്‍ക്കും വയസ്സന്മാര്‍ക്കും ഒരിടങ്ങഴി നെല്ലുമാണ് കീഴാളന്മാര്‍ക്ക് കൂലിയായി നല്‍കിയിരുന്നത്. ചരിത്രബോധമില്ലാത്തവരാണ് ഈ സവര്‍ണാധിപത്യ പാര്‍ട്ടികള്‍ക്ക് സ്തുതി പാടുന്നത്.

കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഈ മ്ലേഛമായ സംസ്കാരത്തിനെ മാറ്റിയെടുത്തത് മിഷനറിമാരുടെ കാരുണ്യപ്രവൃത്തികള്‍ കൊണ്ടാണ്. ഓരോ ക്ഷാമത്തിലും മരിച്ചുപോയ ലക്ഷക്കണക്കിനു മാതാപിതാക്കളുടെ അനാഥരായ കുട്ടികള്‍ക്കു വേണ്ടിയാണ് അവര്‍ അനാഥാലയങ്ങള്‍ തീര്‍ത്തത്. മനുവിന്‍റെ ഉച്ചനീചത്വസംസ്കാരത്തിനു പകരം പങ്കുവയ്ക്കലിന്‍റെ മനുഷ്യത്വമുള്ള സംസ്കാരം ക്രൈസ്തവ മിഷനറിമാരുടെ സംഭാവനയാണെന്ന് ചരിത്രം പഠിക്കുന്ന ഏവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും.

ഫുള്‍സ്റ്റോപ്പ്: കണ്ണില്‍ ചോരയില്ലാത്ത ജാതിവ്യവസ്ഥിതിയുടെ ചുടലക്കാട്ടില്‍ നിന്ന് കീഴാള ജനങ്ങളെ രക്ഷിച്ച് അവരെ മനുഷ്യരാക്കിയത് രാപകല്‍ അവര്‍ക്കുവേണ്ടി ജീവന്‍ ബലികഴിച്ച മിഷനറിമാരല്ലെന്ന് തെളിയിക്കാന്‍ ഏതെങ്കിലും ഹിന്ദുത്വ ചരിത്രകാരനാകുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org