കലാപത്തിനിടയിലും സ്നേഹത്തിന്‍റെ ഭാരതീയ മാതൃക

'അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കോടാനു കോടി രൂപ മുടക്കി സ്വീകരണം നല്കുന്ന തിരക്കില്‍ മോദിയും കൂട്ടരും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ തെരുവില്‍ വര്‍ഗീയ ലഹളയില്‍ മരിച്ചുവീണവരുടെ നിലവിളി കേട്ടില്ല. ഡല്‍ഹിയിലെ പൊലീസിനും ഇന്‍റലിജെന്‍സിനും എന്തിനേറെ ആപ്പ് നേതാവ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു പോലും രാജ്യത്തോടും ജനങ്ങളോടും ഉത്തരവാദിത്വമുണ്ടോ എന്ന ചോദ്യം ഉയരുന്ന വിധത്തിലായി പോയി ആസൂത്രിതമായി അരങ്ങേറിയ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപം. കലാപത്തിന്‍റെ സ്വഭാവം കണ്ടിട്ട് രാഷ്ട്രീയ നിരീക്ഷകരും സാമൂഹികശാസ്ത്ര വിദഗ്ദ്ധരും പറയുന്നത് 1984-ലെ ഡല്‍ഹിയിലെ സിക്ക് വിരുദ്ധ ലഹളയുടെയും, 2002- ലെ ഗുജറാത്ത് ഗോത്ര കലഹത്തിന്‍റെയും നിഴലുകള്‍ ഇവിടെയും ഉണ്ടായിട്ടുണ്ട് എന്നാണ്. വാസ്തവത്തില്‍ ഷഹീന്‍ബാഗിനെ പോലെ വടക്കു കിഴക്കന്‍ ഡല്‍ഹിയിലും ഏറെ സമാധാന പൂര്‍ണമായിട്ടാണ് പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങള്‍ മുമ്പോട്ടു പോയിക്കൊണ്ടിരുന്നത്. അതിനിടെ കലാപത്തിന് ശ്രമിച്ചത് പുറത്തുനിന്ന് വന്നവരാണെന്നും ആക്ഷേപമുണ്ട്.

ബി.ജെ.പി. സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്നതില്‍ പിന്നെ ചില ബി.ജെ.പി എം.പിമാരും നേതാക്കളും ബോധപൂര്‍വം പറയുന്ന ചില സത്യവിരുദ്ധ പ്രസ്താവനകളാണ് വര്‍ഗീയ കലാപത്തിലേക്ക് എത്തിക്കുന്നത്. ഇത്രയും നാളായിട്ടും പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യം മുഴുവന്‍ തെരുവിലിറങ്ങിയിട്ടും മോദിയും അമിത്ഷായും പൊട്ടന്‍ കളിക്കുകയാണ്. അവരുടെ കളിയാണ് ഇത്രയും പേരുടെ ജീവനുകള്‍ തെരുവില്‍ പൊലിയാന്‍ ഇടവരുത്തിയത്. "അമ്മ വിളിക്കുന്നു" എന്ന കവിതയില്‍ ഒഎന്‍വി എഴുതി, പച്ചവെള്ളത്തെയും/ ഹിന്ദുവായ്, മുസ്ലീമായ്/ മുദ്രകുത്തിയിട്ടിരു/ കോപ്പയിലാക്കിയോര്‍/ തങ്ങളില്‍ വെട്ടി/ മരിക്കുമിടങ്ങളില്‍/ തന്‍ വടിയൂന്നി/ നടന്നുചെന്നാര്‍ദ്രനായ്/ "കൊല്ലരുതേ"യെ/ ന്നപേക്ഷിച്ച വൃദ്ധനെ/ ക്കൊന്ന പാപത്തെയും/ പുണ്യമാക്കിച്ചിലര്‍. ഗാന്ധിജിയെ പോലെ കലാപകാരികളുടെ ഇടയിയലേക്ക് ശാന്തി മന്ത്രവുമായി പോകാന്‍ പറ്റിയ വ്യക്തിത്വങ്ങള്‍ ഇന്ന് നമ്മുടെ രാജ്യത്തില്ല എന്നത് ഒരു ഗതികേടാണ്.

അതിനു പകരം തങ്ങളുടെ വാദം ജയിപ്പിച്ചെടുക്കാന്‍ ഏതു ലഹളയ്ക്കു വേണമെങ്കിലും ആഹ്വാനം ചെയ്യാന്‍ കഴിവുള്ള ജനപ്രതിനിധികളാണ് രാജ്യം ഭരിക്കുന്നത്. കലാപത്തിന് വഴിമരുന്നിട്ട പ്രസ്താവനകള്‍ ഇറക്കിയ ബി.ജെ.പി നേതാക്കള്‍ കപില്‍ മിശ്ര, അനുരാഗ് ഠാക്കുര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്തിന്‍റെ തലസ്ഥാനത്ത് കാണുന്ന മറ്റൊരു പ്രവണത, പൊലിസ് സംവിധാനം ഭരിക്കുന്നവരുടെ ഇംഗീതത്തിനു മാത്രം വഴങ്ങുന്നവരായി മാറിയിരിക്കുന്നു എന്നതാണ്. പൗരത്വനിയമ ഭേദഗതി വന്നതില്‍ പിന്നെ ജവഹര്‍ലാല്‍ നെഹ്റു, ജാമിയ മിലിയ കോളജുകളില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള സംഘര്‍ഷങ്ങളിലും പൊലീസ് കേവലം നോക്കുകുത്തികളായി മാറുകയാണ് ചെയ്തത്. ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും പൊലീസിന്‍റെ അനാസ്ഥയെ രൂക്ഷമായി വിമര്‍ശിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെതിരെയുള്ള വിമര്‍ശനം തന്നെയാണ്. ഇതിനിടെ പൗരത്വനിയമ ഭേദഗതിയെ അനുകൂലിക്കുന്നവരെ കലാപത്തിലേക്കു നയിക്കുന്ന തരത്തില്‍ പ്രകോപനപരമായി സംസാരിച്ച ബി.ജെ.പി. നേതാക്കള്‍ക്കെതിരെ കേസ് എടുക്കാതിരുന്ന പൊലീസിനെ വിമര്‍ശിച്ച ഡല്‍ഹി ഹൈക്കോടതിയിലെ ന്യായാധിപന്‍ ജസ്റ്റീസ് മുരളീധറിനെ ഡല്‍ഹി ഹൈകോടതിയില്‍ നിന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റി ബുധനാഴ്ച രാത്രി തന്നെ ഉത്തരവിട്ടതിന്‍റെ പിന്നിലുള്ള നാടകത്തെയും ഏറെ ആശങ്കയോടെയാണ് നോക്കിക്കാണേണ്ടത്. ഡല്‍ഹിയില്‍ മറ്റൊരു 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു പ്രസ്താവിച്ചത് ജസ്റ്റീസ് മുരളീധറായിരുന്നു.

വൈവിധ്യങ്ങളുടെ രാജ്യത്ത് എല്ലാ മതവിശ്വാസികളെയും തുല്യതയില്‍ കാണുന്ന ഭരണഘടനയിലെ പൗരത്വനിയമ ഭേദഗതി ഗതികേടാണെങ്കില്‍ അതു തിരുത്തുവാനുള്ള ആര്‍ജ്ജവം കാണിക്കണം ജനക്ഷേമത്തെ ലക്ഷ്യം വയ്ക്കുന്ന സര്‍ക്കാര്‍. തങ്ങള്‍ വിചാരിക്കുന്നിടത്ത് എല്ലാത്തിനെയും പിടിച്ചുകെട്ടും എന്ന ധാര്‍ഷ്ട്യം കൊണ്ട് രാജ്യത്തിനു യാതൊരു ഗുണവുമില്ല. അത്തരം അഹന്ത ജനാധിപത്യത്തെയും മതനിരപേക്ഷ നിലപാടിനെയും തകര്‍ത്ത് രാജ്യത്ത് അശാന്തിയും അക്രമവും വര്‍ദ്ധിപ്പിക്കും. കേന്ദ്രസര്‍ക്കാരും ജനാധിപത്യ സ്നേഹികളുമായ സുമനസ്സുകള്‍ കണ്ണു തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഫുള്‍സ്റ്റോപ്പ്: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ അശോക് നഗറില്‍ കലാപത്തിനിടയില്‍ വീടുകള്‍ നഷ്ടപ്പെട്ട 40 മുസ്ലീമുകള്‍ക്ക് അയല്‍പക്കത്തെ ഹിന്ദുക്കള്‍ സ്വന്തം ഭവനങ്ങളില്‍ അഭയം നല്കിയത്രേ. അവരാണ് യഥാര്‍ത്ഥ ഹിന്ദുക്കളും ഇന്ത്യക്കാരും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org