ശാസ്ത്രത്തെ അവഗണിക്കുന്നതിന്‍റെ പരിണിതഫലങ്ങള്‍

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-50

ശാസ്ത്രവും മതവിശ്വാസവും തമ്മിലുള്ള ബന്ധമാണ് നാം ചര്‍ച്ച ചെയ്യുന്നത്. ശാസ്ത്രത്തിന്‍റെ പരിധികള്‍ മനസ്സിലാക്കാതെയുള്ള ശാസ്ത്രസംവാദം സയന്‍റിസം പോലുള്ള തെറ്റുകളിലേക്ക് അവിശ്വാസികളെ നയിക്കുമ്പോള്‍, തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങളുമായി പൊരുത്തപ്പെടാത്ത രീതിയിലുള്ള മതഗ്രന്ഥവ്യാഖ്യാനം വിശ്വാസികളുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായി മാറുന്നു.

1. വിശ്വാസത്തിന്‍റെയും ശാസ്ത്രബോധത്തിന്‍റെയും ഉള്‍വിളിയില്‍
ഇപ്രകാരമുള്ള മതഗ്രന്ഥവായനകള്‍മൂലം, വിശ്വാസം എന്നത് മനുഷ്യന്‍റെ അസ്ഥിത്വത്തിന്‍റെയും നിലനില്പ്പിന്‍റെയും നിഗൂഢമായ ഏതോ സ്വകാര്യതയിലേക്ക് ഉള്‍വലിയുന്ന സാഹചര്യം ഉളവാകുന്നു. ശാസ്ത്രസത്യങ്ങളെ തിരസ്കരിക്കുന്ന ഒരു വിശ്വാസിയെ എടുക്കുക. ദൈനംദിനജീവിതത്തിലും, സമൂഹവുമായി ബൗദ്ധികമായി ഇടപഴകുന്ന മറ്റു സാഹചര്യങ്ങളിലും, ശാസ്ത്രസത്യങ്ങളും അതിന്മേല്‍ പടുത്തുയര്‍ത്തിയിരിക്കുന്ന സാങ്കേതികവിദ്യയും സംവിധാനങ്ങളും അയാള്‍ കണ്ടുമുട്ടുന്നു. അവയെ പ്രായോഗികമായെങ്കിലും അംഗീകരിക്കാന്‍ നിര്‍ബന്ധിതനാകുന്നു. പക്ഷേ, അയാളുടെ മനസ്സിലെ വിശ്വാസം പുറത്തെ ഈ യാഥാര്‍ത്ഥ്യവുമായി മല്ലിടുന്നു. യാഥാര്‍ത്ഥ്യവുമായി ഇടപഴകുമ്പോഴൊക്കെ ഈ ദ്വന്ദയുദ്ധം നടക്കുകയും, അയാളുടെ വിശ്വാസം ഉള്‍വലിഞ്ഞ് ഏതോ നിഗൂഢമായ മൂലയില്‍ ഒളിച്ചിരിക്കുകയും ചെയ്യുന്നു. അതേ വ്യാഖ്യാനം പങ്കുവയ്ക്കുന്ന കൂട്ടങ്ങളിലും, അല്ലെങ്കില്‍ സ്വകാര്യമായ നിമിഷങ്ങളിലും മാത്രം ആ വിശ്വാസം പ്രകടിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം, ശാസ്ത്രബോധവും മെല്ലെ അത്തരം വിശ്വാസിയില്‍നിന്ന് അപ്രത്യക്ഷമാകുന്നു. വിശ്വാസത്തെ വളച്ചുകെട്ടുന്ന അന്ധവിശ്വാസങ്ങള്‍ക്ക് വഴങ്ങാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

പക്ഷേ, ക്രൈസ്തവവിശ്വാസം എന്നത് അപ്രകാരം ഉള്‍വലിയുന്ന ഒരു ആദ്ധ്യാത്മികതയല്ല. ലോകത്തിനു മുമ്പില്‍ പീഠത്തിനു മുകളിലെ വിളക്കുപോലെ പ്രകാശിക്കേണ്ട ഒന്നാണ് ക്രൈസ്തവവിശ്വാസം. ചില സന്ദര്‍ഭങ്ങളിള്‍ ഒളിച്ചിരിക്കുകയും, മറ്റു സന്ദര്‍ഭങ്ങളില്‍ പ്രകാശിക്കുകയും ചെയ്യുന്ന ദ്വന്ദ (Dichotomy)മാനമായ ഒരു വിശ്വാസമല്ല നാം പിന്തുടരേണ്ടത്. ഇപ്രകാരം ഉള്‍വലിയുന്ന വിശ്വാസത്തിന് ലോകത്തെ നയിക്കുവാനും പഠിപ്പിക്കുവാനും ദുഷ്കരമായിരിക്കും.

2. വിശ്വാസത്തിന്‍റെ കൈമാറ്റത്തിലുള്ള തളര്‍ച്ച
ഇന്നത്തെ പുതിയ തലമുറയ്ക്ക് ഭൗതികവിജ്ഞാനം അക്ഷരാര്‍ത്ഥത്തില്‍ വിരല്‍ തുമ്പിലാണ്. ഒരു ഗൂഗിള്‍ സേര്‍ച്ചില്‍, താല് പ്പര്യമുള്ള ഏതു വിഷയത്തിലും വളരെ സമകാലീനമായ പാണ്ഡിത്യം മുതല്‍, ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍വരെ ലഭ്യമാണ്. ലോകത്തെപ്പറ്റി കൂടുതലായി അറിയുകയും, സ്വന്തം ജീവിതത്തിന്‍റെ ബോധ്യങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന കൗമാര-യൗവന പ്രായത്തിലുള്ള ഒരു ശരാശരി യുവാവിനെയോ യുവതിയെയോ എടുക്കുക. ആഴ്ചയിലെ ആറു ദിവസവും അവര്‍ക്കു ലഭിക്കുന്നത് ശാസ്ത്രീയ വിജ്ഞാനത്തിന്‍റെ ശിക്ഷണമാണ്. ഞായറാഴ്ചയി ലെ ഒരു പള്ളിപ്രസംഗത്തിലോ, അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രം സംബന്ധിക്കുന്ന ധ്യാനത്തിലോ കേള്‍ക്കുന്ന സന്ദേശങ്ങള്‍ ഈ ശാസ്ത്രീയ വിജ്ഞാനത്തിന് വിരുദ്ധമാണെങ്കില്‍, അത് അംഗീകരിക്കാന്‍ അവര്‍ മടിക്കും. എന്നു മാത്രമല്ല, അത്തരം സന്ദേശങ്ങള്‍ വരുന്ന സ്രോതസ്സുകളെത്തന്നെ അവര്‍ സംശയത്തോടെ വീക്ഷിക്കുകയും ചെയ്യും.

അവരുടെ മനസ്സിലേക്ക് ചുറ്റുമുള്ള ലോകവിജ്ഞാനം പകര്‍ന്നു കൊടുക്കുന്ന സംശയങ്ങള്‍ക്ക് തക്കതായ മറുപടി ലഭിച്ചില്ലെങ്കില്‍, മൂന്ന് സാധ്യതകളില്‍ ഒന്നാണ് സംഭവിക്കാന്‍ പോകുന്നത്. ഒന്ന്, അവര്‍ തങ്ങള്‍ക്ക് കൈമാറ്റമായി ലഭിക്കുന്ന വിശ്വാസത്തെ ഒരു സാംസ്കാരികപാരമ്പര്യമായി പരിഗണിക്കും. അതായത്, ഒരു പ്രത്യേകസമൂഹത്തിന്‍റെ ചുറ്റുപാടില്‍ മാത്രം ബാധകമായ, സാര്‍വ്വത്രികമായി പ്രസക്തിയില്ലാത്ത, എപ്പോള്‍ വേണമെങ്കിലും മാറ്റുവാനോ തള്ളിക്കളയാനോ സാധ്യമായ ഒരു ആപേക്ഷിക സാംസ്കാരിക പാരമ്പര്യം. രണ്ട്, മേല്പ്പറഞ്ഞ പോലെ ഉള്‍വലിഞ്ഞ, വിശാലമായ പുറംലോകത്തില്‍ യാതൊരു സ്ഥാനവുമില്ലാത്ത ഒരു നിഗൂഢമായ വിശ്വാസമായി അവര്‍ അതിനെ സ്വീകരിക്കും. മൂന്ന്, അംഗീകരിക്കപ്പെട്ടിരിക്കുന്ന ശാസ്ത്രീയസത്യങ്ങളുമായി അവര്‍ക്ക് പൊരുത്തപ്പെടുത്താന്‍ പറ്റാത്ത വചനങ്ങളും സന്ദേശങ്ങളും കേവലം കെട്ടു കഥ (myth) ആയി തള്ളിക്കളയുകയും വിശ്വാസത്തിന്‍റെ ഉറവിടങ്ങളെ തന്നെ മിത്തോളജിക്കലായി കണക്കാക്കുകയും ചെയ്യും.

ഇപ്രകാരം വിശ്വാസത്തിന്‍റെ കൈമാറ്റത്തില്‍ ഒരു പ്രതിസന്ധി ഉടലെടുക്കുന്നു. തനിക്ക് ബോധ്യപ്പെടാത്ത കാര്യങ്ങള്‍ എപ്രകാരമാണ് ഒരു മനുഷ്യന്‍ മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കുന്നത്? വിശ്വാസം എന്നത് ഒരു ബോധ്യത്തിനു പകരം ഒരു സാംസ്കാരികപ്രതിഭാസമായി മാറുന്നു.

3. ബൗദ്ധികധാരയില്‍ നിന്നുള്ള തിരോധാനം
ശാസ്ത്രീയ സത്യങ്ങളുമായി പൊരുത്തപ്പെടാത്ത വ്യാഖ്യാനങ്ങളുമായി വിശ്വാസത്തെ അവതരിപ്പിച്ചാല്‍, സമൂഹത്തിന്‍റെ പൊതുബൗദ്ധികധാരയില്‍നിന്ന് അത്തരം വിശ്വാസം പുറന്തള്ളപ്പെടാന്‍ അധികം സമയം വേണ്ട. അത്തരമൊരു തിരോധാനം കൊണ്ട്, പല ദൂഷ്യങ്ങളുമുണ്ട്. ഏതുതരം ആശയവും – വിശ്വാസമോ, രാഷ്ട്രീയമോ മറ്റെന്തെങ്കിലുമോ – ആളുകള്‍ പിഞ്ചെല്ലേണ്ട ഒന്നായി അവതരിപ്പിക്കപ്പെടാന്‍ ഒരു സാംസ്കാരിക-ബൗദ്ധിക-സാമൂഹിക പശ്ചാത്തലം ആവശ്യമുണ്ട്. ആ പശ്ചാത്തലത്തില്‍ നിന്ന് പിന്‍വാങ്ങിയാല്‍ ഏതൊരാശയവും മനുഷ്യഹൃദയങ്ങളിലേക്ക് ചേക്കേറുക എന്നത് വളരെ ദുഷ്കരമാണ്.

എപ്രകാരമാണ് ശാസ്ത്രത്തെ ഒരു വിശ്വാസി സമീപിക്കേണ്ടത്? അത് നമുക്ക് അടുത്ത ലക്കത്തില്‍ ചര്‍ച്ച ചെയ്യാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org