Latest News
|^| Home -> Pangthi -> വിശദീകരണം തേടുന്ന വിശ്വാസം -> വിശ്വാസം, അറിവ്, അന്ധവിശ്വാസം

വിശ്വാസം, അറിവ്, അന്ധവിശ്വാസം

Sathyadeepam

വിശദീകരണം തേടുന്ന വിശ്വാസം – 3

ബിനു തോമസ്, കിഴക്കമ്പലം

വിശ്വാസം തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്ക്
എന്താണ് വിശ്വാസം? അതിനെ പലരും പലവിധത്തിലാണ് നോക്കിക്കാണുന്നത്. യാതൊരു അടിസ്ഥാനവുമില്ലാതെ ഒരു കാര്യം ശരിയാണെന്ന് കരുതുന്നതാണ് വിശ്വാസം എന്ന് ചിലര്‍ നിര്‍വചിക്കുന്നു. അറിയാന്‍ സാധ്യമല്ലാത്ത കാര്യങ്ങളാണ് വിശ്വാസത്തിന്‍റെ പരിധിയില്‍ വരുന്നത് എന്ന്മറ്റു ചിലര്‍ കരുതുന്നു.

ഒരു ഉദാഹരണമെടുക്കാം. എന്‍റെ കൈവിരലില്‍ ഒരു മോതിരമുണ്ടെന്ന് ഞാന്‍ കാണുന്നു. സാമാന്യേന, അതിനെ അറിവ് എന്നാണ് നാം പറയാറ്. കൈവിരലില്‍ മോതിരമുണ്ടെന്ന് എനിക്കറിയാം എന്നാണല്ലോ പൊതുവേ പറയുക. മോതിരമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്ന് ആരും പറയാറില്ല.

അപ്പോള്‍, വിശ്വാസം അറിവല്ല എന്നാണോ? ദൈവമുണ്ട് എന്നത് ഒരു വിശ്വാസമാണ് എന്ന് പറയുമ്പോള്‍, ദൈവമുണ്ട് എന്ന് തീര്‍ച്ചയില്ല എന്നൊരു ധ്വനിയുണ്ടോ?

ഈ വീക്ഷണത്തില്‍, വിശ്വാസവും അന്ധവിശ്വാസവും ഒന്നാണ്. അതായത്, കരിമ്പൂച്ച വഴി കുറുകെ ചാടിയാല്‍ യാത്ര മുടങ്ങും എന്ന് വിശ്വസിക്കുന്നതും, ദിവ്യ കാരുണ്യത്തില്‍ ഈശോ സന്നിഹിതനാണെന്ന് വിശ്വസിക്കുന്നതും ഒരുപോലെയാണെന്ന് ഇത്തരത്തിലുള്ള വ്യാഖ്യാനം പഠിപ്പിക്കുന്നത്.

പക്ഷേ, ഈ നിര്‍വചനം നാം അംഗീകരിക്കേണ്ടതില്ല. വിശ്വാസത്തിന്‍റെ ഒരു ഹാസ്യചിത്രം (Caricature) മാത്രമാണത്. അതില്‍ വീണുപോകാതിരിക്കണമെങ്കില്‍, അറിവും വിശ്വാസവും തമ്മിലുള്ള ബന്ധം തിരിച്ചറിയേണ്ടതുണ്ട്.

ആദ്യമായി നാം മനസ്സിലാക്കേണ്ടത്, വിശ്വാസം എന്ന വാക്കിന് ഒരു പൊതുഅര്‍ത്ഥവും (Dictionary Meaning) ഒരു ദൈവശാസ്ത്രപരമായ അര്‍ത്ഥവും (Theological) ഉണ്ടെന്നാണ്. ഇവ രണ്ടും കൂട്ടിക്കുഴയ്ക്കുമ്പോഴാണ് ആശയക്കുഴപ്പം ഉണ്ടാകുന്നത്. ഈ രണ്ട് അര്‍ത്ഥങ്ങളേയും നമുക്ക് കേവല വിശ്വാസം എന്നും, ക്രൈസ്തവ വിശ്വാസം എന്നും തല്‍ക്കാലം വി ളിക്കാം.

കേവലവിശ്വാസം ഒരു അടിസ്ഥാന മാനുഷികസത്ത
കേവലവിശ്വാസം എന്നത് മത വിശ്വാസികള്‍ മാത്രം പിഞ്ചെല്ലുന്ന ഒന്നല്ല. ചുഴിഞ്ഞുചിന്തിച്ചാല്‍, ഏത് മനുഷ്യന്‍റെയും ജീവിതത്തിലെ പരമപ്രധാനമായ പല കാര്യങ്ങളിലും, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍, വിശ്വാസം പ്രധാനമായ ഒരു കാര്യമാണെന്നു കാണാം. ഒരു ഫലപ്രദവും ലളിതവുമായ ഉദാഹരണം, ഒരാളുടെ പിതാവ് ആരെന്നുള്ള ചോദ്യമാണ്. ഡി.എന്‍.എ. ടെസ്റ്റ് നടത്തിയതിനു ശേഷം മാത്രം പിതൃത്വം അംഗീകരിക്കുന്ന ആരും തന്നെ നമ്മുടെ ഇടയില്‍ ഉണ്ടാവാന്‍ തരമില്ല (ഒരു തലമുറ മുന്‍പ് ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് ഡി.എന്‍.ഏ. ടെസ്റ്റ് എന്ന സാധ്യതയും ഉണ്ടായിരുന്നില്ല). അമ്മയുടെയും ബന്ധുക്കളുടെയും സാക്ഷ്യത്തിന്‍റെ ബലത്തിലാണ് സ്വന്തം പിതാവിന്‍റെ സ്ഥാനം നമ്മള്‍ അംഗീകരിക്കുന്നത്. ആ വിശ്വാസം, അന്ധവിശ്വാസമല്ല. കാരണം, ശക്തമായ സാക്ഷ്യത്തിന്‍റെ യുക്തിയുടെ പിന്‍ബലം ആ വിശ്വാസത്തിന് ഉണ്ടെന്നതു തന്നെ. ഇത്തരത്തിലുള്ള ഒട്ടനേകം വിശ്വാസങ്ങള്‍ യുക്തിയുടെ പിന്‍ബലമുള്ള, വിശ്വസനീയമായ സാക്ഷ്യത്തില്‍ അധിഷ്ഠിതമായ വിശ്വാസങ്ങള്‍, ദൈനംദിന ജീവിതത്തില്‍ ഏതൊരു മനുഷ്യനും പുലര്‍ത്തുന്നുണ്ട്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, എല്ലാ മനുഷ്യരും കേവലവിശ്വാസികള്‍ തന്നെയാണ്. തികഞ്ഞ യുക്തിവാദികള്‍ എന്ന് പറയുന്നവരും പല കാര്യങ്ങളിലും കേവലവിശ്വാസികള്‍ തന്നെ. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നടന്ന ഒരു സംവാദത്തില്‍, പ്രശസ്ത നിരീശ്വരവാദിയും ബയോളജിസ്റ്റുമായ റിച്ചാര്‍ഡ് ഡോകിന്‍സിനോട് ഗണിതശാസ്ത്രജ്ഞനായ പ്രൊഫ. ജോണ്‍ ലേന്നക്സ് ചോദിച്ചു, നിങ്ങളുടെ ഭാര്യ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം? ഡോകിന്‍സ് മറുപടിയായിപ്പറഞ്ഞ എല്ലാ യുക്തിയും ഭാര്യയുടെ വിശ്വസനീയതയും പഴയകാല വിശ്വസ്തതയും സ്നേഹവുമെല്ലാം ദൈവവിശ്വാസത്തിന്‍റെ തന്നെ യുക്തിയായി ഒരു വിശ്വാസിക്ക് പറയാന്‍ കഴിയും. ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ പോലും, നീതി, മനുഷ്യാവകാശം തുടങ്ങിയ അമൂര്‍ത്തസങ്കല്‍പ്പങ്ങളില്‍ വിശ്വസിക്കുന്നു (അവര്‍ അവയെ ആരാധിക്കുന്നില്ല എന്നത് ശരിയാണ്, പക്ഷേ, അനുദിനജീവിതത്തില്‍ അവയുടെ നിലനില്‍പ്പ് വിശ്വസിച്ചുകൊണ്ടാണ് നമ്മുടെ സമൂഹം മുമ്പോട്ടു പോകുന്നത്. ഇവയൊന്നും മൂര്‍ത്തമായി ഭൗതികപ്രകൃതിയുടെ സ്വഭാവമാണെന്ന് ആര്‍ക്കും അവകാശപ്പെടാനാവില്ല). ശാസ്ത്രത്തിന്‍റെ രീതിശാസ്ത്രവും തത്ത്വങ്ങളും പോലും ഏതാനും സ്വേച്ഛാപരമായ സങ്കല്‍പ്പങ്ങളിലുള്ള (Arbtirary Assumptions) വിശ്വാസത്തില്‍ അധിഷ്ഠിതമാണെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. അപ്പോള്‍, വിശ്വാസം യുക്തി ഹീനമാണെന്നോ അന്ധവിശ്വാസമാണെന്നോ പറയുന്ന ആളുകള്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരാണ്.

അറിവ് ജ്ഞാനസമ്പാദന മാര്‍ഗ്ഗങ്ങളിലെ വിശ്വാസം
ഭൂമി സൂര്യനെ ചുറ്റുന്നു എന്ന പ്രസ്താവന പരിഗണിക്കുക. ഇത് ഒരു അറിവായിട്ടാണ് ഏവരും ഇന്ന് പരിഗണിക്കുന്നത്. ഭൂമി സൂര്യനെ ചുറ്റുന്നതായി പഞ്ചേന്ദ്രിയങ്ങളി ലൂടെയോ പരീക്ഷണനിരീക്ഷണങ്ങളിലൂടെയോ നേരിട്ടു കണ്ടെത്തിയവര്‍ ജനസാമാന്യത്തില്‍ വളരെ കുറവാണ്. അപ്പോള്‍, എന്തു കൊണ്ടാണ് അത് ഒരു അറിവായി മാറിയത്? നാം ആ പ്രസ്താവനയെ അറിവായി കണക്കാക്കുന്നത് ശാസ്ത്രത്തിന്‍റെ വിശ്വസനീയതയിലൂടെയാണ്. ശാസ്ത്രത്തിന്‍റെ രീതിശാസ്ത്രവും അടിസ്ഥാനതത്ത്വങ്ങളും അംഗീകരിച്ചിരിക്കുന്നതുകൊണ്ടാണ് ആ പ്രസ്താവനയെ ഒരു അറിവായി നാം കണക്കാക്കുന്നത്.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പുറംലോകവുമായി ബന്ധമില്ലാത്ത സെന്‍റിനെല്ലി എന്ന ഗോത്രവര്‍ഗ്ഗക്കാരെ എടുക്കുക. ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്ന പ്രസ്താവന അവരെ സംബന്ധിച്ചിടത്തോളം ഒരു അന്ധവിശ്വാസമായേക്കാം. കാരണം, അവര്‍ക്ക് ആധുനികശാസ്ത്രത്തെ പരിചയമോ വിശ്വാസമോ ഇല്ല.

എന്‍റെ കൈവിരലില്‍ മോതിരമുണ്ടെന്ന് ഞാന്‍ അറിയുന്നു എന്നു പറയുന്നതിന്‍റെ അടിസ്ഥാനം എന്താണ്? എന്‍റെ പഞ്ചേന്ദ്രിയങ്ങളുടെയും മനസ്സിന്‍റെയും കൃത്യമായ പ്രവര്‍ത്തനത്തിലുള്ള വിശ്വാസമാണത്. പക്ഷേ, ഭ്രാന്താശുപത്രിയില്‍ കഴിയുന്ന ഒരാള്‍ വിരലില്‍ ഒന്നുമില്ലാതിരിക്കേ അതു പറഞ്ഞാലോ? അയ്യാളെ സംബന്ധിച്ച് മോതിരമുണ്ട് എന്നത് ഒരു അറിവു തന്നെയാണ്. പക്ഷേ, അയാളുടെ മനസ്സിന്‍റെ പ്രവര്‍ത്തനം വികലമായതിനാല്‍ ആ അറിവ് തെറ്റാണ്.

അപ്പോള്‍, അറിവുകള്‍ എന്നു നാം അംഗീകരിക്കുന്ന പലതും ജ്ഞാനസമ്പാദനമാര്‍ഗ്ഗങ്ങളുടെയും ഉറവിടങ്ങളുടേയും വിശ്വസനീയതയുടെ പുറത്താണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. അതെല്ലാം വളരെ അടിസ്ഥാനപരമായിരിക്കുന്നതിനാല്‍, നാം അതിന്‍റെയെല്ലാം വിശ്വാസത്തിന്‍റെ തലം കാണാതെ പോകുന്നു എന്നതാണ് സത്യം.

കേവലവിശ്വാസമില്ലാതെ അറിവില്ല. അറിവിന്‍റെ ദൃഢത എന്നത് ഒരു സ്പെക്ട്രമാണ് (Spetcrum). അറിവ് സമ്പാദിക്കുന്ന മാര്‍ഗ്ഗങ്ങളുടെ വിശ്വസനീയതയുടെ തോത് കൂടുന്നതാണ് അറിവിന്‍റെ ആധാരം. ആ തോത് തീരെക്കുറയുമ്പോള്‍ അന്ധവിശ്വാസവും തോത് ഉയരുമ്പോള്‍ അറിവും ആയി നമ്മള്‍ സ്വീകരിക്കുന്നു.

ചുരുക്കത്തില്‍, ദൈവവിശ്വാസം എന്നത് അന്ധവിശ്വാസമായി ചിത്രീകരിക്കാന്‍ പാടില്ല. ദൈവമുണ്ട് എന്നത് ഒരു അറിവായി പരിഗണിക്കാന്‍ ഒരു മതവിശ്വാസിക്ക് കഴിയണം. മറ്റനേകം അറിവുകളെപ്പോലെ, കാര്യകാരണസഹിതം കണ്ടെത്താവുന്ന ഒരു യാഥാര്‍ത്ഥ്യമാണ് അത്. തന്‍റെ വിശ്വാസങ്ങളുടെ ഉറവിടങ്ങളും ജ്ഞാനസമ്പാദനമാര്‍ഗ്ഗങ്ങളും തിരിച്ചറിയുക, അവയുടെ വിശ്വസനീയത ഉറപ്പാക്കുക എന്നതാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.

Leave a Comment

*
*